പൊതു വിഭാഗം

ഡിങ്കന്റെ ജെട്ടി!

രണ്ടു ദിവസമായി “ടിപ്പു സുൽത്താന്റെ” സിംഹാസനത്തിൽ ഇരുന്നവരെ എയറിൽ കയറ്റുന്ന പരിപാടിയാണല്ലോ ഫേസ്ബുക്കിൽ മുഖ്യം. പേരുകേട്ടവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ഉണ്ട് ഈ ഗ്രൂപ്പിൽ. എന്തോ ഭാഗ്യം കൊണ്ട് ഇവരാരും എന്നെ വിളിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ പോയില്ല. പോയിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സിംഹാസന സെൽഫി ഉണ്ടാകുമായിരുന്നു.
പൊതുവെ മനുഷ്യർ സംശയാലുക്കളാണ്. ഇത് പരിണാമത്തിന്റെ ബാക്കിപത്രമാണ്. ജന്തുലോകത്ത് ശത്രുക്കളാണ് ചുറ്റും. മറ്റു വർഗ്ഗത്തിലും സ്വന്തം വർഗ്ഗത്തിലും. അതുകൊണ്ട് എല്ലാവരേയും സംശയത്തോടെ മാത്രമേ കാണാനാകൂ. അല്ലെങ്കിൽ ജീവൻ പോകും. പരിണാമത്തിന്റെ ബാക്കിയായി ഈ കഴിവ് മനുഷ്യനും അടിസ്ഥാനമായുണ്ട്. സാധാരണ ഗതിയിൽ നട്ടാൽ കുരുക്കാത്ത നുണകൾ ഒന്നും മനുഷ്യന്റെ സംശയബുദ്ധിയുടെ കവചനത്തിനപ്പുറം കടന്നു പോകില്ല. ആകാശത്തിരിക്കുന്ന ദൈവം ഭക്ഷണം കൊണ്ടുവരും എന്നൊക്കെ ആരെങ്കിലും ആദിമ മനുഷ്യരോട് പറഞ്ഞിരുന്നെങ്കിൽ അയാൾ അവരെ പഞ്ഞിക്കിട്ടേനെ !
കാലക്രമത്തിൽ മനുഷ്യൻ സമൂഹ ജീവിയായി മാറി. മറ്റുള്ളവരെ വിശ്വസിക്കുക എന്നത് സമൂഹജീവി ആകുന്നതിന്റെ അടിസ്ഥാനമാണ്.
ഇന്നിപ്പോൾ നമ്മൾ ആരെയൊക്കെ വിശ്വസിക്കുന്നു,
മാതാപിതാക്കളെ
സഹോദരങ്ങളെ
പങ്കാളികളെ
ബന്ധുക്കളെ
മത നേതാക്കളെ
രാഷ്ട്രീയനേതാക്കളെ
വാട്ട്സ് ആപ്പിനെ
ഇവരിൽ ആർക്ക് വേണമെങ്കിലും അവിശ്വസനീയമായ കാര്യങ്ങൾ നമ്മെ വിശ്വസിപ്പിക്കാം. ചിലപ്പോൾ അവർ അറിഞ്ഞാകാം, ചിലപ്പോൾ അറിയാതെയാകാം. രണ്ടാണെങ്കിലും ഫലം ഒന്ന് തന്നെയാണ്.
സംശയത്തിന്റെ കോട്ട കെട്ടി സുരക്ഷിതമായിരിക്കുന്ന നമ്മുടെ ചിന്തയിലേക്കുള്ള വിള്ളലുകളാണ് നമ്മൾ വിശ്വസിക്കുന്നവർ ഒക്കെ. സാധാരണ ഗതിയിൽ നമ്മൾ വിശ്വസിക്കാത്ത എന്തും ഇവർ വഴി നമ്മുടെ ചിന്തയിൽ എത്തിക്കാം.
നമ്മള് കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്ന് നമ്മളെ വിശ്വസിപ്പിക്കാം.
നമ്മൾ ചെയ്യുന്നതൊക്കെ എഴുതി കുറിച്ചിട്ടു കണക്കു കൂട്ടി നമ്മളെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പറഞ്ഞുവിടുന്ന ഒരു ദൈവം ഉണ്ടെന്ന് നമ്മളെ വിശ്വസിപ്പിക്കാം.
മറ്റു ജാതിയിലും മതത്തിലും നാടുകളിലും ഉള്ളവർ നമ്മളെക്കാൾ മോശക്കാരോ, നമ്മുടെ ശത്രുക്കളോ ആന്നെന്ന് വിശ്വസിപ്പിക്കാം.
ഇങ്ങനെയൊക്കെ വിശ്വസിക്കുന്ന ആളുകൾ ബഹുഭൂരിപക്ഷം ഉള്ള നാട്ടിൽ, ആളുകളെ ഇതൊക്കെ വിശ്വസിപ്പിക്കാൻ സംഘടിതമായ സംവിധാനമുള്ള നാട്ടിൽ, ഒരാളെ മാഞ്ചിയമോ, സോളാറോ, പുരാവസ്തുവോ കാണിച്ചും പറഞ്ഞും വിശ്വസിപ്പിക്കാൻ എന്താണ് വിഷമം?
വാസ്തവത്തിൽ എന്നെ അതിശയിപ്പിക്കുന്നത് ഇതല്ല. ടിപ്പുവിന്റെ കസേരയിലിരിക്കുന്നവരെ നോക്കി കളിയാക്കുന്നവരൊക്കെ അതിലും എത്രയോ അബദ്ധമായ വിശ്വാസ ഗോപുരങ്ങളുടെ മുകളിൽ കയറിയിരുന്നാണ് ഈ വിധി പറയുന്നത്.
എന്നാണ് നാരായത്തിന്റെയും അംശവടിയുടേയും ആധികാരികതയെ സംശയിക്കുന്നതിനപ്പുറം നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ അധികാരികതയെ അല്പം സംശയത്തോടെ സമീപിക്കാൻ നമുക്ക് സാധിക്കുന്നത്?
മുരളി തുമ്മാരുകുടി

Leave a Comment