പൊതു വിഭാഗം

ജീവിതവിജയത്തിന് കുറുക്കുവഴികൾ ഇല്ല

പത്തു ദിവസമായല്ലോ ഓൺലൈൻ കരിയർ കൗൺസലിംഗ് തുടങ്ങിയിട്ട്. ദിവസം അഞ്ചുപേരെങ്കിലും എഴുതുന്നുണ്ട്. മിക്കവാറും പേർക്ക് മറുപടി അയക്കുന്നുമുണ്ട്. സ്ഥിരമായി വരുന്ന ചോദ്യങ്ങൾ ചിലത് ഇവിടെ എഴുതാം, അപ്പോൾ ഇതേ ചോദ്യം മനസിലുള്ളവർ പിന്നെ ചോദിക്കേണ്ടല്ലോ?
 
1. എനിക്ക്/ എന്റെ മകന് /മകൾക്ക് വിദേശത്ത് നല്ല ശമ്പളമുള്ള, യാത്ര ചെയ്യാൻ ധാരാളം അവസരങ്ങളുള്ള ജോലിയാണ് താല്പര്യം. അതെങ്ങനെ കിട്ടും? എന്ത് പഠിക്കണം?
 
ഇതിനൊരു ‘ഒറ്റ വഴി’ ഇല്ല. പാചകം തൊട്ട് റോക്കറ്റ് സയൻസ് വരെ പഠിച്ചവർക്ക് വിദേശത്ത് ജോലി സാധ്യതയുണ്ട്. പോകുന്ന രാജ്യമനുസരിച്ച് ശമ്പളം മാറും, ചിലവും. യാത്ര എന്നുള്ളത് മിക്കവാറും സ്വയം തെരഞ്ഞെടുക്കേണ്ട കാര്യമാണ്. മുപ്പത് കൊല്ലം ദുബായിൽ ജോലി ചെയ്തിട്ട് ഒമാൻ വരെ പോയി നോക്കാത്ത അനവധി മലയാളികളെ എനിക്കറിയാം. അപ്പോൾ യാത്രയും ജോലിയും തമ്മിൽ കൂട്ടിക്കെട്ടേണ്ട.
വിദേശത്ത് ജോലി സമ്പാദിക്കുന്നതിനെക്കുറിച്ച് മാത്രം ഞാനൊരു ലേഖനം എഴുതിയിട്ടുണ്ട്. ഇതിലപ്പുറം ഒന്നും പ്രത്യേകം പറയാനില്ല.
http://www.mathrubhumi.com/…/muralee-thummarukudy-foreign-j…
 
2. എനിക്ക് ഇപ്പോഴത്തെ ജോലി ഒട്ടും ഇഷ്ടമല്ല. എങ്ങനെയാണ് കൂടുതൽ നല്ല ജോലി കിട്ടുന്നത്?
പണ്ടൊക്കെ ഒരു ജോലി കിട്ടുക എന്നതായിരുന്നു സ്വപ്നം. ജോലി കിട്ടിയാൽ പിന്നെയത് മാറുക പതിവില്ല. പക്ഷെ പുതിയ നൂറ്റാണ്ട് അങ്ങനെയല്ലല്ലോ. നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തൊഴിൽ മാറേണ്ടി വരും. എങ്ങനെയാണ് ഒരു തൊഴിലിൽ നിന്നും മറ്റൊരു തൊഴിലിലേക്ക് മാറേണ്ടത് എന്നതിനെപ്പറ്റി ഞാൻ വിശദമായി സംസാരിക്കുന്ന വീഡിയോ ശ്രദ്ധിക്കുക.
http://www.mathrubhumi.com/…/career-change-muralee-thummaru…
 
3. എന്റെ മകന്/ മകൾക്ക് നല്ല മാർക്കുണ്ട്, പക്ഷെ അവന്/ അവൾക്ക് എഞ്ചിനീയറിങ്ങോ മെഡിസിനോ ചെയ്യാൻ ഇഷ്ടമല്ല. പിന്നെ എന്താണ് പഠിക്കേണ്ടത് ?
കേരളത്തിൽ പൊതുവെ കുട്ടികളെ എഞ്ചിനീയറിങ്ങിലേക്കും മെഡിസിനിലേക്കും മാതാപിതാക്കൾ നിർബന്ധിച്ചു തള്ളി വിട്ട് ഇപ്പോൾ അതിനൊരു ചീത്തപ്പേരായി. എങ്കിലും സത്യത്തിൽ നല്ല കരിയർ തീരുമാനങ്ങളാണ് ഇവ രണ്ടും. ഒരിക്കൽ മെഡിസിൻ പഠിക്കാൻ കഴിവും അവസരവും ഉണ്ടായിട്ട് കുട്ടിയുടെ ഇഷ്ടപ്രകാരം സയൻസോ ലിറ്ററേച്ചറോ എടുത്ത പല കുട്ടികളും മാതാപിതാക്കളും ആ തീരുമാനത്തെയോർത്ത് പിന്നീട് ഖേദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ത്യക്ക് പുറത്തുള്ള കുട്ടികൾക്ക് എന്ത് തീരുമാനവും എടുക്കാം. ഇന്ത്യക്ക് പുറത്ത് കുട്ടികളെ അയക്കാൻ കഴിവുള്ളവർക്കും കുട്ടികൾ പഠിച്ച് ഉടൻ ജോലി കിട്ടിയില്ലെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവർക്കും ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കാം. പക്ഷെ കേരളത്തിൽ പഠിക്കുന്ന കുട്ടികൾക്കും, കുട്ടികളെ ഇന്ത്യയിലെ ആർട്സ് സയൻസ് വിഭാഗങ്ങളിൽ ഒന്നാം നിരയിൽ നിൽക്കുന്ന കോളേജുകളിൽ അയക്കാൻ സൗകര്യമില്ലാത്തവർക്കും ബിരുദം കഴിഞ്ഞ ഉടൻ കുട്ടികൾക്ക് ജോലി വേണം എന്ന സാഹചര്യമുള്ളവർക്കും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി മെഡിസിനും എഞ്ചിനീയറിങ്ങും പഠിപ്പിക്കുന്നത് തന്നെയാണ് നല്ലത്.
 
4. എനിക്ക് “ഇന്ന രാജ്യത്തെ ഇന്ന കോഴ്സിന് അഡ്മിഷൻ കിട്ടിയിട്ടുണ്ട്, അതിനെപ്പറ്റി എന്താണ് സാറിന്റെ അഭിപ്രായം?”
ലോകത്തെ എല്ലാ രാജ്യത്തേയും എല്ലാ കോളേജുകളിലെയും എല്ലാ കോഴ്സിനെയും പറ്റി ആർക്കും അറിവ് ഉണ്ടാകില്ലല്ലോ. നിങ്ങൾക്ക് എവിടെയാണ് പഠിക്കേണ്ടതെന്നു വച്ചാൽ അതിനെക്കുറിച്ച് ഓൺലൈനിൽ കിട്ടാവുന്ന വിവരങ്ങൾ എല്ലാം വായിക്കുക, പിന്നെ ആ കോളേജിനെപ്പറ്റി മോശമായ എന്തെങ്കിലും വാർത്തകളുണ്ടോ എന്ന് ഗൂഗിൾ ചെയ്ത് നോക്കുക. ആ കോളേജിൽ പഠിക്കുന്നവരാരെങ്കിലും നിങ്ങളുടെ അലുംനി അസോസിയേഷനിലോ, മലയാളികളോ ഉണ്ടോ എന്ന് ലിങ്ക്ഡ് ഇൻ സെർച്ച് ചെയ്ത് നോക്കി അവരോട് ബന്ധപ്പെടുക. ഇങ്ങനെയാണ് വ്യക്തമായ അറിവുകൾ കിട്ടുന്നത്.
 
5. “ഇന്ന രാജ്യത്ത് പോയാൽ നല്ല തൊഴിൽ സാധ്യതയുണ്ടെന്ന് ഒരു ഏജന്റ് പറഞ്ഞു പണം മുടക്കട്ടെ സാർ?”
വിദ്യാഭ്യാസത്തിനായാലും തൊഴിലിനായാലും ഏജന്റുമാരെ സമീപിക്കുമ്പോൾ അവർ സ്വയം പണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നത് എപ്പോഴും മനസ്സിൽ വേണം. അവർ മുൻപ് സഹായിച്ച അഞ്ചു പേരുടെ ഇമെയിൽ ഐഡി വാങ്ങി, അവരോട് ചോദിച്ച് കാര്യങ്ങൾ മനസിലാക്കുക. ഇമെയിൽ തരാത്ത ഏജന്റിന് പത്തുരൂപ കൂടുതൽ കൊടുത്തിട്ട്, ഒരു തേങ്ങാമുറി പോയാലും പട്ടിയുടെ സ്വഭാവം മനസ്സിലായല്ലോ എന്ന് ഉറപ്പിക്കുക.
 
6. എന്റെ വ്യക്തിജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ട് സാർ, അതുകൊണ്ട് എനിക്ക് അത്യാവശ്യമായി വിദേശത്ത് ഒരു ജോലി സംഘടിപ്പിക്കാൻ സഹായിക്കണം. (ഇതിന്റെ തിരിച്ചുള്ള ചോദ്യവും ഉണ്ട് “ഞാൻ നാട്ടിൽ നിന്നും ലോണെടുത്ത് വിദേശത്ത് പഠിക്കാൻ വന്നതാണ്, ഇപ്പോൾ ജോലിയില്ല, നാട്ടിൽ പോകാനും പറ്റില്ല, സഹായിക്കണം”).
വ്യക്തിജീവിതത്തിൽ പ്രശ്നങ്ങളില്ലാത്തവരില്ല. വ്യക്തിജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞു ജോലിക്ക് ശ്രമിച്ചാൽ അത് പാളിപ്പോകും, ഉറപ്പാണ് (അനുഭവസ്ഥൻ ആണ്). കുഴപ്പമുള്ള കേസുകെട്ടുകൾ ആരാണ് തലയിലെടുത്തു വക്കാൻ ആഗ്രഹിക്കുന്നത് ? പകരം വ്യക്തിജീവിതത്തിൽ എന്ത് പ്രശ്നമുണ്ടെങ്കിലും അതിനെ തൊഴിലുമായോ തൊഴിൽ അന്വേഷണവുമായോ കൂട്ടിക്കുഴക്കരുത്. എന്നോട് പറഞ്ഞത് പറഞ്ഞു.
 
7. “എനിക്ക് ഇംഗ്ലണ്ടിൽ നിന്നും നല്ലൊരു ഓഫർ വന്നിട്ടുണ്ട്. പക്ഷെ ഞാൻ അതിന് അപേക്ഷിച്ചതായി ഓർക്കുന്നില്ല. അവർ പണമൊന്നും ചോദിക്കുന്നില്ല, ജോയിൻ ചെയ്യട്ടെ സാർ?”
 
ഒരു പത്തു വർഷത്തിനകം നമ്മളീ നുണ പറഞ്ഞുണ്ടാക്കുന്ന ബയോഡേറ്റ ഒക്കെ ആരും നോക്കാതാകുമെന്നും നമ്മുടെ സമൂഹമാധ്യമത്തിലെ പ്രൊഫൈലിൽ നിന്നും ഓൺലൈൻ കോഴ്‌സുകളിലെ പ്രകടനത്തിൽ നിന്നും കൃത്രിമബുദ്ധി വഴി വിവരം ശേഖരിച്ച് നമ്മെ നേരിട്ട് ജോലിക്ക് വിളിക്കുകയാണ് സംഭവിക്കാൻ പോകുന്നതെന്നും ചിലർ ചിന്തിക്കുന്നുണ്ട്. കുറച്ചൊക്കെ അങ്ങനെ ആവുകയും ചെയ്യും.
പക്ഷെ തൽക്കാലം അപ്ലൈ ചെയ്യാതെ തന്നെ നിങ്ങൾക്ക് ജോലി നൽകുന്നത് കൃത്രിമബുദ്ധി അല്ല, വക്രബുദ്ധി ഉള്ളവർ ആണ്. നിങ്ങൾ ഒരു മണ്ടനോ മണ്ടിയോ ആണെങ്കിൽ അതിൽ വീഴും, കാശുപോവുകയും ചെയ്യും.
 
8. “സാർ ഞാൻ എൻജിനീയറിങ്ങ് കുറേ നാൾ പഠിച്ചു സപ്ലി ആയി നിൽക്കുകയാണ്. എന്ത് ചെയ്യണം.”
ഒരു കോഴ്സ് നമ്മൾ പഠിച്ചു ശ്രമിച്ചിട്ട് നടക്കില്ല എന്ന് കണ്ടാൽ പിന്നെ അധികകാലം അവിടെ നിൽക്കരുത്. അവിടെ പഠിച്ച കാര്യങ്ങൾ പരമാവധി ഉപയോഗിക്കാൻ പറ്റുന്ന എന്തെങ്കിലും വിഷയം പഠിച്ചു മാറിപ്പോവുക തന്നെ.
http://www.manoramaonline.com/…/career-guidance-article-by-…
 
9. എന്റെ മകളെ കേരളത്തിന് പുറത്ത് പഠിക്കാൻ വിടുന്നത് സുരക്ഷിതമാണോ ?
കേരളത്തിലെ പെൺകുട്ടികൾ എവിടെ പോയാലും അവിടെ ജീവിക്കാനും പഠിച്ചു വളരാനും മിടുക്കരാണ്. എങ്ങനെയും അവരെ പഠിക്കാൻ കേരളത്തിനോ ഇന്ത്യക്കോ പുറത്ത് പോകാൻ അനുവദിക്കണം. സംശയം വേണ്ട.
http://www.manoramaonline.com/…/why-girls-lag-behind-boys-i…
 
10. പിന്നെ പതിവ് പോലെ “എങ്ങനെയാണ് ചേട്ടാ യു എന്നിൽ ജോലി കിട്ടുന്നത്” എന്ന ചോദ്യം. ഇതിന്റെ ഉത്തരം പലപ്രാവശ്യം പറഞ്ഞു കഴിഞ്ഞു. ഇവിടെ ഉണ്ട്.
http://www.mathrubhumi.com/…/job-in-united-nations-muralee-…
തൊഴിൽ ജീവിതം മാത്രമല്ല ജീവിതം എന്ന് തൊഴിൽ അന്വേഷകർ പൊതുവെ ശ്രദ്ധിക്കാറില്ല. എന്റെ തൊഴിൽ ലേഖനങ്ങളിൽ ഏറ്റവും ശ്രദ്ധിച്ചു വായിക്കേണ്ടത് അതാണ്.
http://www.mathrubhumi.com/…/muralee-thummarukudy-career-gu…
 
മുരളി തുമ്മാരുകുടി.

Leave a Comment