പൊതു വിഭാഗം

ജീവന്റെ വില..!

എടവണ്ണയിൽ ബയോഗ്യാസ് പ്ലാന്റിൽ ഇറങ്ങിയ തൊഴിലാളി വിഷ വാതകം ശ്വസിച്ചു ടാങ്കിനകത്തേക്ക് വീഴുന്നു. അയാളെ രക്ഷപ്പെടുത്താൻ ഇറങ്ങിയ രണ്ടാമനും രണ്ടുപേരേയും രക്ഷപെടുത്താൻ ഇറങ്ങിയ മൂന്നാമനും വിഷവാതകം ശ്വസിച്ചു മരിച്ചു വീഴുന്നു.
 
ഒരു വർഷം എത്ര തൊഴിലാളികൾ കേരളത്തിൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ മരിക്കുന്നു എന്നതിന് ഒരു കണക്കുമില്ല. കിണർ നന്നാക്കുന്പോൾ, ടാങ്കുകൾ വൃത്തിയാക്കുന്പോൾ, ഓടകൾ വൃത്തിയാക്കുന്പോൾ എല്ലാം ഇത്തരത്തിൽ ആളുകൾ അപായത്തിൽ പെടാറുണ്ട്. ഒന്നും രണ്ടുമായി സംഭവിക്കുന്നത് കൊണ്ട് ആരും ഇതിന്റെ കണക്ക് നോക്കാറില്ല. വർഷത്തിൽ പത്തോ ഇരുപതോ കണ്ടേക്കാം. മരിച്ചവരുടെ കുടുംബങ്ങൾ മാത്രം ഈ കഥയും കണക്കും ഓർത്തിരിക്കും. മറ്റുള്ളവർക്ക് ഒറ്റ ദിവസത്തെ വാർത്തയാണ്.
 
അഞ്ചു കാരണങ്ങൾ കൊണ്ടാണ് ആളുകൾ ഇടുങ്ങിയ പ്രദേശത്ത് ജോലി ചെയ്യുന്പോൾ (confined space working) മരിക്കുന്നത്.
 
1. കാർബൺ മോണോക്‌സൈഡിന്റെ ആധിക്യം
2. ഹൈഡ്രജൻ സൾഫൈഡിൻറെ സാന്നിധ്യം
3. ഹൈഡ്രോകാർബണോ മറ്റു വിഷവാതകങ്ങളോ ശ്വസിച്ച്
4. ഓക്സിജന്റെ അഭാവം
5. അഗ്നിബാധയും പൊട്ടിത്തെറിയും ഉണ്ടായി
 
കഷ്ടം എന്തെന്ന് വച്ചാൽ ഇടുങ്ങിയ സ്ഥലങ്ങളിലെ ജോലി സുരക്ഷിതമായി ചെയ്യാൻ അനവധി മാർഗ്ഗ നിർദ്ദേശങ്ങൾ ലോകത്ത് ലഭ്യമാണ്. എന്നിട്ടും കേരളത്തിൽ വർഷാവർഷം ആളുകൾ മരിക്കുന്നത് എന്തുകൊണ്ടാണ്?
 
1. കേരളത്തിൽ പല തൊഴിലുകളും ചെയ്യാൻ വേണ്ടത്ര പരിശീലനം നൽകാനുള്ള സംവിധാനം ഇപ്പോൾ ഇല്ല. ഉദാഹരണത്തിന് കേരളത്തിൽ എവിടെ നിന്നാണ് ബയോഗ്യാസ് പ്ലാന്റിൽ ഇറങ്ങി അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള പരിശീലനം ആളുകൾക്ക് കിട്ടുന്നത്?
 
2. സാങ്കേതിക പരിശീലനമുള്ള തൊഴിലുകളിൽ പോലും ആ തൊഴിലുകൾ സുരക്ഷിതമായി ചെയ്യാനുള്ള പരിശീലനം നൽകുന്നില്ല. കെട്ടിടം പണിയാനും റോഡുകൾ നിർമ്മിക്കാനും അണകെട്ടാനും ഒക്കെയായി നാലു ഡസൻ കോഴ്സ് പഠിച്ചിറങ്ങുന്ന സിവിൽ എഞ്ചിനീയർമാക്ക് സുരക്ഷ ഇപ്പോഴും ഒരു നിർബന്ധ പഠനവിഷയമല്ല.
 
3. പരിശീലനം ഇല്ലാത്തത് കൊണ്ടുതന്നെ വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങളോ സംവിധാനങ്ങളോ അവർ ഉപയോഗിക്കാറില്ല. ഇത്തരം സംവിധാനങ്ങളുണ്ടെന്ന് പോലും ഭൂരി പക്ഷത്തിനും അറിവില്ല. ഉദാഹരണത്തിന് ഇടുങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യാനിറങ്ങുന്നവരുടെ ശരീരത്തിൽ വിവിധ വാതകങ്ങളുടെ സാന്നിധ്യം അളക്കുന്ന ചെറിയ മീറ്റർ ഘടിപ്പിക്കും (മൾട്ടിഗാസ് ഡിറ്റക്ടർ). വിഷവാതകങ്ങൾ ഉണ്ടെങ്കിലോ, ഓക്സിജന്റെ അളവ് കുറഞ്ഞാലോ, അഗ്നിബാധ ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിലോ ഈ ചെറിയ യന്ത്രം മുന്നറിയിപ്പ് നൽകി അപകടം ഒഴിവാകും. ഒരു മൊബൈൽ ഫോണിന്റത്ര വലിപ്പമേ ഈ ഉപകരണത്തിനുള്ളൂ. നല്ലൊരു മൊബൈൽ ഫോണിന്റെ വിലക്ക് വാങ്ങുകയും ചെയ്യാം. ഒരാളുടെ ജീവന്റെ വിലയെക്കാൾ എത്ര കുറവാണിത്.
 
4. ഒരാൾ അപകടത്തിൽ പെട്ടാൽ എങ്ങനെയാണ് രക്ഷാപ്രവർത്തനം നൽകേണ്ടതെന്ന് ആരും പഠിക്കുന്നില്ല. ധൈര്യവും ആത്മാർത്ഥതയും കൊണ്ട് ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നു. ചിലപ്പോൾ പണയംവെച്ച ജീവൻ തിരിച്ചെടുക്കാനാകാതെ പത്രവാർത്തകളിൽ ഒരക്കം കൂടി കൂടുന്നു.
ഈ വിഷയത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് പല പ്രാവശ്യം എഴുതിയിട്ടുണ്ട്. ഇടുങ്ങിയ സ്ഥലത്ത് ജോലി ചെയ്യുന്നതിൽ പരിശീലനം നേടിയ ആയിരം മലയാളികൾ എങ്കിലും ഗൾഫിൽ നിന്നും തിരിച്ചു നാട്ടിലെത്തിയിട്ടുണ്ട്. അവരുടെ സഹായം സ്വീകരിച്ചാൽ മൂന്നു മാസം കൊണ്ട് ഓരോ പഞ്ചായത്തിലും നമുക്ക് ഈ പരിശീലനം നടത്താം. പരിശീലനം നേടിയവരെ കൊണ്ട് മാത്രമേ ഇത്തരം പണി ചെയ്യിക്കാവൂ എന്ന് സർക്കാർ നിർദ്ദേശം വച്ചാൽ അതോടെ ഈ ജോലി ഹൈ-സ്‌കിൽഡ് ആകും, ശന്പളം മൂന്നിരട്ടിയാകും.
 
അതൊക്കെ സംഭവിക്കണമെങ്കിൽ നമ്മൾ ഒരു കാര്യം ആദ്യമേ അംഗീകരിക്കണം. മനുഷ്യന്റെ ജീവൻ വിലപ്പെട്ടതാണ് എന്ന്. അത് നമ്മൾ ആലങ്കാരികമായി പറഞ്ഞു കൊണ്ടിരിക്കുക മാത്രം ചെയ്യുന്നിടത്തോളം കാലം ഇനിയും ആളുകൾ മരിച്ചു വീഴുക തന്നെ ചെയ്യും.
 
മുരളി തുമ്മാരുകുടി

Leave a Comment