പൊതു വിഭാഗം

ജനീവയിൽ സൈറൺ മുഴങ്ങുന്പോൾ…

എൻറെ ചെറുപ്പകാലത്ത് ആളുകൾക്ക് വാച്ചുകൾ സർവ്വസാധാരണം ആയിരുന്നില്ല. എന്തിന് മിക്ക വീടുകളിലും ക്ലോക്കോ ടൈം പീസോ പോലും ഇല്ലായിരുന്നു. അച്ഛനും അമ്മാവനും വാച്ചുണ്ടായിരുന്നെങ്കിലും അവർ വീട്ടിൽ ഇല്ലാത്തപ്പോൾ തുമ്മാരുകുടിയിലും സമയം അറിയാൻ മറ്റു മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല.
 
അക്കാലത്ത് സമയം അറിയാൻ ഏറെ ഉപകാരപ്പെട്ടിരുന്നത് രാവിലെയും വൈകുന്നേരവും മുഴങ്ങുന്ന സൈറൺ ആയിരുന്നു. രാവിലെ ഏഴു മണിക്കും വൈകീട്ട് അഞ്ചു മണിക്കും ആയിരുന്നു സൈറൺ എന്നാണ് ഓർമ്മ. സൈറൺ കേട്ടാലുടൻ തന്നെ പാടത്തെ ജോലികൾ ഒക്കെ നിർത്തി ആളുകൾ വീട്ടിൽ പോകാൻ നോക്കും.
 
എവിടെ നിന്നാണ് സൈറൺ വരുന്നതെന്ന് ഞങ്ങൾക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. പെരുന്പാവൂരിലെ മുനിസിപ്പൽ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ ആവോ.
 
പിൽക്കാലത്ത് വാച്ചുകൾ സർവ്വ സാധാരണമായി, ക്ളോക്കുകളുടെ വില ഏറെ കുറഞ്ഞു. ആരും സൈറൺ കേട്ട് സമയം അറിയാതെയായി. സൈറൺ എന്നോ അങ്ങ് നിന്ന് പോയി, ആരും അന്വേഷിച്ചുമില്ല.
 
ആളുകളെ സമയം അറിയിക്കാനാണോ സൈറൺ ഉണ്ടാക്കിയത്? എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഇതുണ്ടായിരുന്നോ? എന്നൊന്നും എനിക്കറിയില്ല. നിങ്ങളുടെ ചെറുപ്പ കാലത്ത് നിങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒന്ന് പറയണം.
ഞാൻ ഇതൊക്കെ ഇന്ന് ഓർക്കാൻ കാരണമുണ്ട്. നാളെ ഉച്ചക്ക് സ്വിറ്റസർലാണ്ടിലെങ്ങും സൈറൺ മുഴങ്ങും. ഏതാണ്ട് കേരളത്തിന്റെ അത്രയും തന്നെ വിസ്തീർണ്ണമുള്ള സ്വിറ്റ്‌സർലണ്ടിൽ മൊത്തം ഏഴായിരത്തി ഇരുന്നൂറ് സൈറൺ ഉണ്ട്. അതെല്ലാം ഒറ്റയടിക്കാണ് മുഴങ്ങുന്നത്.
 
സ്വിറ്റ്‌സർലൻഡിൽ സൈറൺ മുഴങ്ങുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത് പൊതുവിൽ എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ അത് നാട്ടുകാരെ അറിയിക്കാൻ. ഒച്ച കൂട്ടിയും കുറച്ചും ഒരു മിനുട്ട് നീണ്ടു നിൽക്കുന്ന സൈറൺ ആണിത്. അഞ്ചു മിനുട്ടിനുള്ളിൽ ഇത് ആവർത്തിക്കും. സൈറൺ കേട്ടാൽ ഉടൻ ടി വി യും റേഡിയോയും ശ്രദ്ധിക്കണം. എന്താണ് വിഷയം എന്നും എന്താണ് ചെയ്യേണ്ടതെന്നും അധികാരികൾ പറയും. അതനുസരിച്ചു പ്രവർത്തിക്കണം. അടുത്ത വീട്ടിൽ അന്വേഷിച്ച് വിവരം അറിയിച്ച് അവിടെ പ്രായമായവരോ, രോഗികളോ മറ്റേതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുള്ളവരോ ഉണ്ടെങ്കിൽ അവരെ സഹായിക്കാനുള്ള ഏർപ്പാട് ചെയ്യണം. ഇതാണ് പൗര ധർമ്മം.
രണ്ടാമത് ഒരു തരത്തിൽ കൂടി സൈറൺ മുഴങ്ങാം. ഇരുപത് സെക്കൻഡ് നീണ്ടു നിൽക്കുന്ന ഉച്ചത്തിലുള്ള സൈറൺ ആണിത്. പത്തു സെക്കൻഡ് കഴിയുന്പോൾ ഇത് ആവർത്തിക്കും. ഇത് ജലനിരപ്പ് ഉയരുന്നു അല്ലെങ്കിൽ ഡാമുകൾ തുറന്നു വിടാൻ പോകുന്നു എന്നതിന്റെ സിഗ്നൽ ആണ്. ഇത് കിട്ടിയാൽ ഉടൻ വെള്ളപ്പൊക്ക അപകട സാധ്യതയുണ്ടെന്ന് മുൻ‌കൂർ അധികാരികൾ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലുള്ളവർ സ്ഥലം വിട്ട് ഉയരങ്ങളിലേക്ക് പോകണം. അവിടെ പിന്നെ മുൻ പിൻ നോക്കരുത്.
 
രണ്ടാം ലോകമഹായുദ്ധ കാലത്താണ് സ്വിറ്റസർലണ്ടിൽ ഇങ്ങനെ ഒരു സൈറൺ സംവിധാനം ഉണ്ടാക്കിയത്. യുദ്ധത്തോടനുബന്ധിച്ചുള്ള ബോംബിങ്ങോ മറ്റ് അടിയന്തിരാവസ്ഥയോ ഉണ്ടായാൽ അതിനെ നേരിടാൻ. യുദ്ധം കഴിഞ്ഞപ്പോളും ഒട്ടും യുദ്ധ സാധ്യത ഇല്ലാഞ്ഞിട്ടും സ്വിസ്സ്‌കാർ ഗുണകരമായ ഈ സംവിധാനം അഴിച്ചു മാറ്റിയില്ല.
നാളത്തെ സൈറൺ ഇത് ടെസ്റ്റ് ചെയ്യുന്നതാണ്. സൈറൺ വർക്ക് ചെയ്യുന്നുണ്ടോ എന്നറിയാനും, സൈറൺ മുഴങ്ങിയാൽ എന്ത് ചെയ്യണം എന്ന് കുട്ടികൾ ഉൾപ്പടെയുള്ളവരെ ഓർമ്മിപ്പിക്കാനും. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ട് എഴുപത്തി നാലു വർഷങ്ങൾ ആകുന്നു. എന്നിട്ടും വർഷാവർഷവും ആളുകളെ ഏത് അടിയന്തിരാവസ്ഥക്കും സജ്ജരാക്കി നിർത്തുന്നു.
 
കഴിഞ്ഞ ദുരന്ത കാലത്ത് ഡാമുകളുടെ പ്രവർത്തനത്തെ പറ്റി, അത് എപ്പോൾ ആണ് തുറന്നത്, അതിന് മുൻപ് എന്തെല്ലാം നിർദ്ദേശങ്ങളാണ് ആളുകൾക്ക് ലഭിച്ചത് എന്നതിനെക്കുറിച്ചൊക്കെ ചർച്ച ഉണ്ടായല്ലോ. നിർദേശങ്ങൾ ലഭിച്ചിട്ടും എന്ത് ചെയ്യണം എന്നറിയാത്തവർ ഏറെ ഉണ്ടായിരുന്നു. ദുരന്തം കഴിഞ്ഞ് ആറുമാസം ആയിട്ടും നമുക്ക് പുതിയ സംവിധാനങ്ങൾ ഒന്നും ആയിട്ടില്ല. എങ്ങനെയാണ് ദുരന്തങ്ങൾക്ക് തയ്യാറെടുക്കേണ്ടത് എന്നറിയാൻ ലോക മാതൃകകൾ ഏറെയുണ്ട്. ശ്രദ്ധിക്കാനും ഉപയോഗിക്കാനും നാം തയ്യാറായാൽ മാത്രം മതി.
 
മുരളി തുമ്മാരുകുടി
 

Leave a Comment