പൊതു വിഭാഗം

ജനപ്രതിനിധികൾക്ക് ദുരന്ത ലഘൂകരണ പരിശീലനം

2018 ലെ പ്രളയത്തിന് ശേഷം ഞാനും, ആർകിടെക്ട് ശങ്കറും, സന്തോഷ് ജോണും കൂടി കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളും സന്ദർശിച്ചു. എല്ലായിടത്തും എന്നെ അതിശയിപ്പിച്ചതും സന്തോഷിപ്പിച്ചതും അവിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ജനങ്ങളോടൊപ്പം ദുരന്ത നിവാരണത്തിനും ദുരിതാശ്വാസത്തിനും മുൻ നിരയിൽത്തന്നെ ഉണ്ടായിരുന്നു എന്നതാണ്.
 
അതുകൊണ്ട് തന്നെ കേരളത്തിൽ പരിസ്ഥിതി സൗഹൃദവും പരിസ്ഥിതിയെ അടിസ്ഥാനപ്പെടുത്തിയുമുള്ള ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്തപ്പോൾ അതിലൊന്ന് നമ്മുടെ ജനപ്രതിനിധികൾക്ക് വേണ്ടി പ്രത്യേകം നടത്തണമെന്ന് ഞാൻ മനസ്സിൽ കണ്ടിരുന്നു. ഇപ്പോൾ അത് യാഥാർഥ്യമാവുകയാണ്.
 
കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ദുരന്ത സാധ്യതകൾ, അത് വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ, പാറമടകളോ, കടലാക്രമണമോ ആകട്ടെ – എങ്ങനെയാണ് പ്രകൃതി സൗഹൃദമായി, ജൈവ വ്യവസ്ഥയെ തന്നെ ഉപയോഗിച്ച് കുറക്കാൻ സാധിക്കുന്നത്, എങ്ങനെയാണ് ശരിയായ രീതിയിൽ കുളങ്ങൾ ശുദ്ധീകരിച്ചും, നദീതടങ്ങൾ സംരക്ഷിച്ചും കാലാവസ്ഥ വ്യതിയാനത്തെയും വരൾച്ചയെയും തടയാൻ സാധിക്കുന്നത്? എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പരിശീലനത്തിലുള്ളത്. ലോകത്തെ അനവധി രാജ്യങ്ങളിൽ നിന്നുള്ള അനുഭവ പാഠങ്ങൾ കേരളത്തിലെ ദുരന്ത സാധ്യതകളെയും ജൈവ വ്യവസ്ഥകളെയും അടിസ്ഥാനമാക്കി കേരളത്തിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന പരിശീലന പരിപാടിയാണ്.
 
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), കേരള ദുരന്ത നിവാരണ അതോറിറ്റി, മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം ഇവരെല്ലാം ചേർന്ന്, ഹരിത കേരള മിഷന്റെയും മറ്റനവധി വിദഗ്ദ്ധരുടെയും സഹകരണത്തോടെയാണ് ഈ പരിശീലന പരിപാടി വികസിപ്പിച്ചിട്ടുള്ളത്. ഞാനും ക്ലാസ് എടുക്കുന്നുണ്ട്. കിലയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും സംയുക്തമായിട്ടാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
 
കോവിഡ് കാലമായതിനാൽ ഓൺലൈൻ ആയി പഠിക്കാം. രജിസ്റ്റർ ചെയ്യണമെങ്കിൽ കോ-ഓർഡിനേറ്റർ ആയ നേഹ കുര്യനെ ബന്ധപ്പെട്ടാൽ മതി (nehakuriyan@kila.ac.in, phone 88919 46654).
കേരളത്തിൽ മുപ്പതിനായിരത്തോളം ജനപ്രതിനിധികൾ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഉണ്ട്. അതിൽ പത്തു ശതമാനം ഈ കോഴ്സ് ചെയ്താൽ പോലും തീർച്ചയായും അത് ദുരന്ത നിവാരണത്തെപ്പറ്റി പുതിയൊരു കാഴ്ചപ്പാട് പഞ്ചായത്ത് / മുനിസിപ്പാലിറ്റി /കോർപ്പറേഷൻ തലത്തിൽ ഉണ്ടാകും. കേരളത്തിലെ ആയിരത്തി ഒരുന്നൂറിൽ അധികമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ചുരുങ്ങിയത് ഒരാളെങ്കിലും ഈ കോഴ്സ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ ചെയ്താൽ, അത് ഇന്ത്യക്കും ലോകത്തിനും മാതൃകയായി എനിക്ക് എവിടെയും പറയാം.
 
അതുകൊണ്ട് നിങ്ങൾ ഒന്ന് സഹായിക്കണം. നിങ്ങളുടെ വാർഡിലെ ജനപ്രതിനിധികളെ ഈ പോസ്റ്റിൽ ഒന്ന് ടാഗ് ചെയ്യുകയോ ഈ പോസ്റ്റ് അവർക്ക് അയച്ചു കൊടുക്കുകയോ ചെയ്യണം, പ്ലീസ്… നിങ്ങളുടെ സുഹൃത്തുക്കളായവർക്കും. Cibi Boney Manoj Kumar ഉൾപ്പടെ ജനപ്രതിനിധികളായ കുറച്ചു വായനക്കാരും എനിക്കുണ്ട്, അവർ തീർച്ചയായും ഈ കോഴ്സ് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.
(nehakuriyan@kila.ac.in, phone 88919 46654).
 
മുരളി തുമ്മാരുകുടി

1 Comment

  • ജന പ്രതിനിധികൾ ഒന്നും നമ്മൾ വിചാരിക്കുന്നത് പോലെ എല്ലാവരുടെയും പ്രതിനിധികൾ അല്ല ചേട്ടാ, അവരൊക്കെ പ്രതിനിധീകരിക്കുന്നത് വേറെ എന്തിനെ ഒക്കെയോ ആണ്. ചേട്ടന് പറ്റുമെങ്കിൽ നല്ല കാലിബർ ഉള്ള പിള്ളേരെ കണ്ടുപിടിച്ച് അവരെക്കൊണ്ട് വല്ല വിപ്ലവവും നടത്ത്, നാട് രക്ഷപെടും.

Leave a Comment