പൊതു വിഭാഗം

ചേട്ടാ മുണ്ടില്ല…

യൂണിവേഴ്സിറ്റികളിൽ ക്ലാസ് എടുക്കാൻ പോകുന്പോൾ ക്ലാസ് തുടങ്ങുന്നതിന് മുൻപ് ഒരു ഐസ് ബ്രേക്കർ ആയും, കുട്ടികളെ ഒന്ന് അളന്നു നോക്കുവാനായും ഞാൻ ഉപയോഗിക്കുന്ന ഒരു ടെക്നിക്ക് ഉണ്ട്.
 
നമ്മുടെ ചുറ്റുമുള്ള, സർവ്വ സാധാരണമായ ഒരു വസ്തുവിന്റെ പടം പ്രോജക്റ്റ് ചെയ്യും. ഒരു മൊബൈൽ ഫോണോ, പുസ്തകമോ, പേപ്പർ വെയിറ്റൊ എന്തുമാകാം. എന്നിട്ട് അടുത്ത അഞ്ചു മിനുട്ടിനുള്ളിൽ ആ വസ്തുകൊണ്ടുള്ള പരമാവധി ഉപയോഗങ്ങൾ എഴുതാൻ പറയും.
ഒരിക്കൽ ഞാൻ ഉദാഹരണമായി കൊടുത്തത് ഒരു ലുങ്കിയുടെ ചിത്രമായിരുന്നു. സാരോങ് എന്നാണ് ഇന്തോനേഷ്യയിലും മലേഷ്യയിലും ഒക്കെ അതിന് പറയുന്നത്.
 
സാധാരണഗതിയിൽ അഞ്ചു മിനുട്ടിൽ അഞ്ച് ഉപയോഗങ്ങൾ ആർക്കും കിട്ടും, ചിലർക്ക് പത്തു കിട്ടും, പതിനഞ്ചു വരെ ഉപയോഗങ്ങൾ ആളുകൾ എഴുതി കണ്ടിട്ടുണ്ട്.
ഒരിക്കൽ ഒരു ഇൻഡോനേഷ്യൻ പെൺകുട്ടി മുപ്പതിലേറെ ഉപയോഗങ്ങൾ ഒരു ലുങ്കിക്ക് കണ്ടുപിടിച്ചു.
 
ഉടുക്കാം എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
പുതക്കാം എന്നത് ബാച്ചിലേഴ്സിന് അറിയാവുന്ന കാര്യമാണ്.
ബെഡ്ഷീറ്റ് ആയി ഉപയോഗിക്കാമല്ലോ.
തലയിൽ കെട്ടാം.
മീൻ പിടിക്കാം.
എന്തെങ്കിലും വസ്തുക്കൾ ഒരിടത്തു നിന്നും മറ്റൊരിടത്ത് എത്തിക്കാൻ ബാഗ്‌ ആക്കാം.
വെള്ളത്തിൽ മുക്കി നനച്ചാൽ വടിപോലെ ആയുധമാക്കാം.
വെള്ളത്തിൽ നനച്ചതിന് ശേഷം അതിനുള്ളിൽ വായു നിറച്ചാൽ ലൈഫ് ബോയ് ആയി ഉപയോഗിക്കാം.
മതില് ചാടാം.
തല മൂടാം (ആരെയെങ്കിലും അടിക്കുന്നതിന് മുൻപും അടിച്ചിട്ട് ഓടുന്പോഴും).
രണ്ടോ മൂന്നോ എണ്ണം കൂട്ടിക്കെട്ടിയാൽ ജയിൽ ചാടാം.
കുട്ടികൾക്ക് തൊട്ടിലുണ്ടാക്കാം.
തലയിൽ ഭാരം കയറ്റുന്നതിന് മുൻപ് ചുമ്മാട് ആക്കി ഉപയോഗിക്കാം.
 
ഞാൻ എല്ലാം എഴുതുന്നില്ല, നിങ്ങൾ തന്നെ ആലോചിച്ചാൽ മതി.
കേരളത്തിൽ ഇപ്പോൾ എല്ലാവർക്കും ലുങ്കി അറിയാമെങ്കിലും ലുങ്കി കേരളത്തിൽ എത്തിയിട്ട് അധികം നാളുകൾ ഒന്നുമായിട്ടില്ല. ആ അർത്ഥത്തിൽ ലുങ്കി ഒരു കേരളീയ വസ്ത്രമല്ല.
 
ബർമ്മയിൽ നിന്നാണ് ലുങ്കി കേരളത്തിൽ എത്തുന്നത്.
ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നല്ലോ ബർമ്മയും. അക്കാലത്ത് ഏറെ മലയാളികൾ ബർമ്മയിൽ ജോലിക്ക് പോയിട്ടുണ്ട് (മലേഷ്യയിലും സിംഗപ്പൂരിലും പോയതു പോലെ).
ഒരു കാലത്ത് നമ്മളെക്കാളും ഏറെ സാന്പത്തികമായി മുന്നിൽ നിന്ന സ്ഥലമാണ്. ഫാഷന്റെ കേന്ദ്രമായിരുന്നു. ആദ്യമായി കേരളത്തിൽ ഫോറിൻ ഗുഡ്‌സ് വരുന്നത് ബർമ്മയിലും മലേഷ്യയിലും സിംഗപ്പൂരിലും ഒക്കെപ്പോയ മലയാളികളിൽക്കൂടിയാണ്.
 
1962 ൽ ബർമ്മയിൽ പട്ടാള വിപ്ലവം വന്നു. ഏറെ ഇന്ത്യക്കാർ ബർമ്മ വിട്ട് അഭയാർഥികളായി ഇന്ത്യയിൽ എത്തി. ഇവർക്ക് ജീവിതമാർഗ്ഗമായി തമിഴ്‌നാട് സർക്കാർ മദ്രാസിൽ ഒരു ചന്ത ഉണ്ടാക്കി, ബർമ്മ ബസാർ എന്നായിരുന്നു അതിന്റെ പേര്. വിദേശത്ത് നിന്നും കൊണ്ടുവരുന്ന വസ്തുക്കൾ, സിഗാർ ലൈറ്റർ തൊട്ട് ലക്സ് സോപ്പ് വരെ അവിടെ കിട്ടുമായിരുന്നു. ബർമ്മ ബസാർ ഒരു കാലത്ത് ഫാഷന്റെ സ്ഥലമായി. ബർമ്മക്കാർ ചെയ്യുന്നത് ഫാഷൻ ആയി. അങ്ങനെയാണ് അവരുടെ ലുങ്കി തമിഴ് നാട്ടിലും പിന്നീട് കേരളത്തിലും എത്തുന്നത്.
 
ഇന്ത്യയിൽ എത്തിയ ലുങ്കിക്ക് പക്ഷെ സ്റ്റാറ്റസിൽ വലിയ ഇടിവ് സംഭവിച്ചു. ബർമ്മയിൽ (ഇപ്പോഴത്തെ മ്യാൻമറിലെ) വലിയ ആദരവുള്ള വേഷമാണ് ലുങ്കി. മന്ത്രിമാരൊക്കെ ലുങ്കിയുടുത്താണ് ഓഫീസിൽ വരുന്നത്. നമ്മൾ പക്ഷെ ലുങ്കിയെ കച്ചറയാക്കി. ലുങ്കിയുടുത്ത് മന്ത്രിയാഫീസിൽ പോകുന്നത് പോയിട്ട് പോസ്റ്റ് ഓഫീസിൽ പോലും പോകുന്നത് മോശമായി കരുതുന്നു.
ഇന്ന് അല്പം തിരക്ക് കൂടുതലുള്ള ദിവസമാണ്, അതുകൊണ്ട് കഥ ഇവിടെ നിറുത്തുകയാണ്. പക്ഷെ നിങ്ങൾക്ക് ഒരു ചലഞ്ച് തരാം.
വീട്ടിൽ ചുമ്മാതെ ഇരിക്കുകയല്ലേ, സമയം കിട്ടുന്പോൾ ഒരു മുണ്ടുകൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് ആലോചിക്കുക. എന്നിട്ട് എത്ര ഉപയോഗങ്ങൾ നിങ്ങൾ കണ്ടെത്തി എന്ന് കമന്റ് ബോക്സിൽ എഴുതുക. ഇവിടെ എത്ര ക്രിയേറ്റിവ് ആയ ആളുകൾ ആണുള്ളത്, ഇൻഡോനേഷ്യയിലെ പെൺകുട്ടിയുടെ അത്രയും ക്രിയേറ്റിവ് ആയവർ ഉണ്ടോ എന്നറിയാമല്ലോ.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment