പൊതു വിഭാഗം

ചിത്ര പ്രദർശനം ഒന്നാം ദിവസം…

ഇന്നലെ ആയിരുന്നുവല്ലോ സിദ്ധാർത്ഥിന്റെ ചിത്രപ്രദർശനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അത്ഭുതകരമായ പ്രതികരണമാണ് ലഭിക്കുന്നത്. അറിയുന്നതും അറിയാത്തവരും ആയവർ, പ്രശസ്തരും പ്രശസ്തർ അല്ലാത്തവരും, ഞാൻ പറഞ്ഞറിഞ്ഞവരും, കേട്ടറിഞ്ഞവരും എല്ലാം എത്തി. പത്രങ്ങളും ടി വിയും ആയ മാധ്യമങ്ങളും എത്തി. വന്നവർക്കും ഈ ഇവന്റ് പ്രമോട്ട് ചെയ്തവർക്കും വലിയ നന്ദി.

മൂന്നു കാര്യങ്ങളാണ് എന്നെ ഇന്നലെ ഏറ്റവും സന്തോഷിപ്പിച്ചത്.

1. ഒളശ്ശയിലെ അന്ധ വിദ്യാലയത്തിൽ നിന്നുള്ള രണ്ടു കുട്ടികൾ പ്രദർശനത്തിന് വന്നു. അവർ സിദ്ധാർത്ഥിന് അവർ വരച്ച രണ്ടു ചിത്രങ്ങൾ സമ്മാനിച്ചു. സത്യത്തിൽ കരച്ചിൽ വന്നു. ഒന്നാലോചിച്ചു നോക്കൂ, സിദ്ധാർത്ഥിന്റെ ചിത്രങ്ങൾ അവർക്ക് കാണാൻ പറ്റില്ല എന്നത് പോട്ടെ, അവരുടെ ചിത്രങ്ങൾ പോലും അവർക്ക് കാണാൻ കഴിയില്ല, എന്നിട്ടും ചിത്രകലയിൽ അവർക്കുള്ള താല്പര്യം. കുട്ടികൾക്ക് കൊടുക്കാൻ എന്റെ കയ്യിൽ ഒരു ചോക്കലേറ്റ് പോലും ഉണ്ടായിരുന്നില്ല. ഏറ്റവും അടുത്ത അവസരത്തിൽ ഞാൻ ഒളശ്ശയിൽ സിദ്ധാർഥും ആയി പോകും, അവരോട് സംസാരിക്കും. മക്കളേ, സ്നേഹം മാത്രം.

2. തൃപ്പൂണിത്തുറയിൽ ഉള്ള Anjan Sathish വന്നു. ശാരീരികമായി ഏറെ പരിമിതികൾ ഉള്ള കുട്ടിയാണ്. പക്ഷെ വരയോ ഗംഭീരം !!. സിദ്ധാർത്ഥിന് അപ്പോൾ തന്നെ ഒരു ചിത്രം വരച്ചു നൽകി. അഞ്ജന്റെ മാതാപിതാക്കളെ കണ്ടു സംസാരിച്ചു. സമാന പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ കൂടുതൽ പരിചയപ്പെടണം, ഒരുമിക്കണം. ഇങ്ങനെ പല കൂട്ടായ്മകളും കേരളത്തിൽ ഉണ്ട്, അതുമായി വരും മാസങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കും.

3 . ഞാൻ കുറച്ചു നേരം പുറത്തുപോയി വരുമ്പോൾ ഏഷ്യാനെറ്റ് ലേഖിക സിദ്ധാർഥിനോട് സംസാരിക്കുകയാണ്. ക്യാമറയിൽ പകർത്തുന്നും ഉണ്ട്. ചുറ്റും വേറെ ആളുകൾ ഉണ്ട്. ആദ്യമായിട്ടാണ് സിദ്ധാർഥ് ടി വി യിൽ സംസാരിക്കുന്നത്, അതും അവന്റെ അമ്മയോ അച്ഛനോ അടുത്തില്ലാതെ, പറഞ്ഞു കൊടുക്കാതെ. എന്നിട്ടും ‘തോന്നക്കൽ പഞ്ചായത്തിലെ ഒരു അരിയും പെറുക്കിയെടുത്തില്ല’. നമ്മുടെ കുട്ടികളുടെ കഴിവും ധൈര്യവും നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് മനസ്സിലായി. ഇനി എത്രയോ ഇന്റർവ്യൂകൾ വരാനിരിക്കുന്നു. സിദ്ധാർത്ഥിന്റെ ചിത്രങ്ങൾ ആളുകൾ കാണുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിലുള്ള സന്തോഷത്തിലും അധികമാണ് അവൻ സ്വന്തമായും സ്വതന്ത്രമായും ആളുകളോട് ഇടപെടുന്നത് കാണുമ്പോൾ ഉള്ള സന്തോഷം. അവന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്ക അല്പം കുറയുന്നു.

ഇന്ന് രാവിലെ ഞാനും സിദ്ധാർഥും പതിനൊന്നു മുതൽ പന്ത്രണ്ടര വരെയും പിന്നെ രണ്ടു മുതൽ ഏഴു വരെയും ദർബാർ ഹാളിൽ കാണും. വരുന്നവർ തീർച്ചയായും വന്നു പരിചയപ്പെടണം. നമുക്ക് സെൽഫി ഒക്കെ എടുക്കണം. കൂടുതൽ ആളുകൾ ഉള്ളതിനാൽ എല്ലാവരോടും അധികം സമയം സംസാരിക്കാൻ പറ്റുന്നില്ല. നേരിൽ അറിയുന്നവർ വരുമ്പോൾ ഞാൻ അവരെ പ്രത്യേകം ഗൗനിക്കുന്നത് കൊണ്ട് നേരിൽ പരിചയം ഇല്ലാത്ത ഫേസ്ബുക്ക് സുഹൃത്തുക്കളും ഫോളോവേഴ്സും മാറി നിൽക്കരുത്. ഇങ്ങനെയാണ് നേരിൽ പരിചയമാകുന്നത്. അതുകൊണ്ട് ധൈര്യമായി കടന്നു വരൂ, ഇന്നും, നാളെയും ഒക്കെ.

പ്രൊഫഷണൽ പടങ്ങളും വീഡിയോയും ഒക്കെ എടുത്തിട്ടുണ്ട്, ഏറെ സെൽഫിയും. ഇടാൻ സമയത്തിന്റെ കുറവുണ്ട്, ഇന്ന് നോക്കാം. തിരക്ക് കൂട്ടരുത് പ്ലീസ്.

Leave a Comment