പൊതു വിഭാഗം

ഗുരു ഒന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും, നടുക്ക് യതി, എന്നല്ലേ പ്രമാണം.

എന്നാൽ ഞാനിനി ഒരു സത്യം പറയട്ടെ,

സുരക്ഷാവിഷയത്തിൽ പരിശീലനമൊക്കെ ഉണ്ടെങ്കിലും എന്റെ പ്രധാന തൊഴിൽ ‘സുരക്ഷ’ (safety) അല്ല. ദുരന്തനിവാരണവും ലഘൂകരണവും (disaster management and risk reduction) ആണ് ഞാൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. ഈ രംഗത്ത് പ്രവർത്തിക്കാത്തവർക്ക് ഇവ തമ്മിൽ വലിയ മാറ്റം തോന്നിയില്ലെങ്കിലും യഥാർത്ഥത്തിൽ ഇത് തമ്മിൽ വലിയ മാറ്റം ഉണ്ട്. പ്രകൃതിയിൽ നിന്നുണ്ടാകുന്നതോ മനുഷ്യർ ഉണ്ടാക്കുന്നതോ ആയ ഭൂകമ്പമോ ഓയിൽ സ്പില്ലോ ഒക്കെ പോലെ ഉള്ള ദുരന്തസാധ്യതകളെ പ്രതിരോധിക്കാൻ സമൂഹങ്ങളെ സന്നദ്ധമാക്കുക, അഥവാ അങ്ങനെ സംഭവിച്ചാൽ അതിൽ നിന്നും പുറത്തു വരാൻ അവരെ സഹായിക്കുക ഇതാണ് ദുരന്തനിവാരണ രംഗത്തെ ജോലി. കോടിക്കണക്കിന് ആളുകളെ ഒരേ സമയം ബാധിക്കുന്നതും ചിലപ്പോൾ ഒറ്റയടിക്ക് ഒരു ലക്ഷം പേരെ പോലും കൊല്ലുന്നതുമാണ് ദുരന്തങ്ങൾ. സുരക്ഷ പക്ഷെ അങ്ങനെ അല്ല. വീട്ടിലും റോഡിലും വെള്ളത്തിലും ഫാക്ടറിയിലും ഒറ്റക്കോ കൂട്ടമായോ സംഭവിക്കുന്ന ചെറിയ പിഴവുകളിൽ നിന്ന് ഒന്നൊന്നായോ ചെറിയ കൂട്ടമായിട്ടോ ഒക്കെയാണ് ആളുകൾ അപകടം നേരിടുന്നത്. അതിനെ നേരിടാൻ വേണ്ട പരിശീലനവും സജ്ജീകരണങ്ങളും വ്യത്യസ്തമാണ്. ഔദ്യോഗിക രംഗത്ത് ഞാൻ ഇക്കാര്യത്തിൽ ഇടപെടാറില്ല.

കേരളത്തിലെ പ്രധാന പ്രശ്നം പക്ഷെ ദുരന്തങ്ങൾ അല്ല. നമ്മുടെ എഴുതപ്പെട്ട ചരിത്രത്തിൽ ഒന്നിലും ഒരായിരം പേരിൽ കൂടുതൽ ഒറ്റയടിക്ക് മരിച്ച ദുരന്തങ്ങൾ ഉണ്ടായിട്ടില്ല. അതേ സമയം ഓരോ വർഷവും ചെറിയ അപകടങ്ങളിൽ ഒറ്റക്കൊറ്റക്കായി മരിക്കുന്നവരുടെ എണ്ണം കൂടി വരുന്നു, എല്ലാം കൂടി കൂട്ടിയാൽ വർഷത്തിൽ അത് പതിനായിരത്തിന് അടുത്തെത്താറായി. പക്ഷെ ഈ സുരക്ഷാ വിഷയത്തിൽ ആർക്കും വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല, താൽപര്യവും. അതുകൊണ്ടാണ് ഞാൻ സുരക്ഷയെ പറ്റി എഴുതി തുടങ്ങിയത്, രണ്ടായിരത്തി ഒമ്പതിൽ. ഒട്ടും താമസിയാതെ ഞാൻ കേരളത്തിലെ സുരക്ഷാഗുരുവായി മാറി. മൊത്തം കേരളത്തിലെ മരണനിരക്ക് കാര്യമായി കുറഞ്ഞില്ലെങ്കിലും ഏതെങ്കിലും അപകടം ഉണ്ടായെന്നു കേൾക്കുമ്പോൾ ‘ആ മുരളി തുമ്മാരുകുടി ഇതിനെപ്പറ്റി പറഞ്ഞിരുന്നതാണ്’ എന്നെങ്കിലും ജനം പറഞ്ഞുതുടങ്ങി. മുങ്ങിമരണങ്ങൾ രണ്ടായിരത്തി പന്ത്രണ്ടിൽ ആയിരത്തി എണ്ണൂറിനു മുകളിൽ വന്നത് അതിനു ശേഷം താഴേക്ക് വരാൻ തുടങ്ങിയതിന്റെ ക്രെഡിറ്റ് മുഴുവൻ മറ്റാരും തന്നില്ലെങ്കിലും ഞാൻ സ്വയം ഏറ്റെടുത്തു (ഞാൻ ഒരു നാർസിസിസ്റ്റ് ആണെന്ന് അറിയാമല്ലോ). പക്ഷെ എനിക്ക് ഏറ്റവും സന്തോഷം നൽകിയത് എന്നെ വായിക്കുന്ന അനവധി ആളുകൾ വ്യക്തിജീവിതത്തിലെ സുരക്ഷയെപ്പറ്റി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി എന്ന് എന്നോട് പറഞ്ഞതാണ്.

പക്ഷെ സംഭവിക്കേണ്ടത് അതല്ല. എന്റെ വ്യക്‌തിപരമായ ഈഗോ സാസ്റ്റിഫാക്ഷൻ ഒന്നും പ്രധാനമല്ല. അഞ്ചു വർഷത്തിനകം കേരളത്തിൽ അപകടമരണങ്ങൾ കേരളത്തിൽ ഇപ്പോഴുള്ളതിന്റെ പകുതി എങ്കിലും ആക്കാനുള്ള കർമ്മ പദ്ധതികൾ വേണം. ലോകത്ത് പലയിടത്തും വിജയിച്ചിട്ടുള്ളതും കേരളത്തിൽ വിജയിക്കാൻ ഒട്ടും ബുദ്ധിമുട്ടില്ലാത്തതും ആണ് ഇത്തരം പദ്ധതികൾ. അങ്ങനെ ചെയ്‌താൽ ഒരു വർഷം അയ്യായിരത്തോളം ജീവൻ ആണ് രക്ഷ പെടുന്നത്, കേരളത്തിൽ മാത്രം. അത് ഇന്ത്യക്ക് ഒരു മാതൃകയാവാം. ഇന്ത്യയിലെ മൊത്തം അപകടമരണം ഏതാണ്ട് നാല് ലക്ഷത്തോളം വരും, അതിൽ ഒരു ലക്ഷം ജീവൻ രക്ഷപെടുത്തിയാൽ തന്നെ വലിയ കാര്യം അല്ലേ ?

പക്ഷെ അതൊന്നും ഞാൻ മാത്രം വിചാരിച്ചാൽ സാധിക്കുന്ന കാര്യമല്ല. മൂന്നുകോടി ജനങ്ങളുള്ള കേരളത്തിൽ വെറും അൻപതിനായിരം ഫോളോവേഴ്‌സുള്ള ഒരു ഫേസ്‌ബുക്ക് എഴുത്തുകാരന് കുറച്ചാളുകളുടെ ചിന്തയിൽ മാറ്റം ഉണ്ടാക്കാം എന്നല്ലാതെ സമൂഹത്തിൽ മാറ്റം ഉണ്ടാക്കാം എന്ന് പ്രതീക്ഷിക്കാൻ പറ്റില്ല. മനുഷ്യജീവൻ വിലപ്പെട്ടതാണെന്ന് തോന്നുന്ന ഒരു സമൂഹവും സുരക്ഷ ഒരു പ്രധാന വിഷയമാണെന്ന് ചിന്തിക്കുന്ന ഒരു ഭരണസംവിധാനവും എന്നെങ്കിലും കേരളത്തിലുണ്ടായാൽ അവർക്ക് നടപ്പിലാക്കാൻ പറ്റിയ പല നിർദേശങ്ങളും എന്റെ ‘സുരക്ഷയുടെ പാഠങ്ങൾ’ എന്ന പുസ്തകത്തിൽ ഉണ്ട്. അത് ഞാൻ കേരളത്തിലെ എല്ലാ എം എൽ എ മാർക്കും ഫ്രീ ആയി അയച്ചു കൊടുത്തിട്ടുണ്ട്. അതിനു ശേഷം സുരക്ഷ എന്ന വിഷയത്തിലുള്ള എഴുത്തുനിർത്തി, വല്ലപ്പോഴും ഒക്കെ എഴുതിയാലായി.

അത് കഴിഞ്ഞു വീണ്ടും ലോകത്തുള്ള സകല വിഷയങ്ങളെ പറ്റിയും പുളുവും എന്നെ പറ്റി പൊങ്ങച്ചവും പറഞ്ഞിരിക്കെയാണ് കരിയർ വിഷയത്തെ പറ്റി കഴിഞ്ഞ നവംബറിൽ ഒരു ലേഖനം എഴുതിയത്. ഇന്റർനെറ്റും ഗൂഗിളും ഉള്ള ലോകത്ത് നമ്മുടെ കുട്ടികൾക്ക് പഠിക്കേണ്ടതിനെ പറ്റിയും ജോലി തേടേണ്ടതിനെ പറ്റിയും പുറത്താരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല എന്നതായിരുന്നു എന്റെ ചിന്ത. പോരാത്തതിന് സുരക്ഷ പോലെയല്ല, കരിയറിനെപ്പറ്റി എഴുതാൻ കേരളത്തിൽ കാലാകാലമായി ആളുകൾ ഉണ്ട്. പക്ഷെ ആ ഒറ്റ ലേഖനത്തിന് കിട്ടിയ പ്രതികരണത്തിൽ നിന്നും മനസ്സിലായി ലക്ഷക്കണക്കിന് കുട്ടികൾ ഇപ്പോഴും വേണ്ടത്ര നിർദേശം ലഭിക്കാതെ ആണ് പഠിക്കാൻ പോകുന്നതെന്ന്. അവരെ നയിക്കുന്നവർ ആകട്ടെ കൂടുതലും കഴിഞ്ഞ നൂറ്റാണ്ടിലെ കരിയർ ചിന്തയും ആയി ഇരിക്കുന്നവർ ആണ്. “കുട്ടികളെ അവരുടെ അഭിരുചി അനുസരിച്ചു പഠിപ്പിക്കണം” എന്നൊക്കെ ഉള്ള ചിന്താഗതിയാണ് കുട്ടികളിലേക്ക് പകരുന്നത്. ഇനിയുള്ള കാലത്ത് ഒരു തൊഴിൽ മാത്രം ചെയ്ത് കരിയർ ജീവിതം കഴിക്കാൻ പറ്റില്ലെന്നും എന്ത് അറിയാം എന്നതിലും ആരെ അറിയാം എന്നതാണ് പ്രധാനം എന്നതുമൊന്നും കരിയർ ചർച്ചയുടെ ഭാഗമായിരുന്നില്ല. ഇതാണ് ഞാൻ കരിയർ സീരീസിലൂടെ മാറ്റിയെടുക്കാൻ നോക്കിയത്.
ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണം ആയിരുന്നു അതിനുണ്ടായത്. വളരെ പെട്ടെന്ന് ഞാൻ സുരക്ഷാഗുരു ആണെന്നത് മറന്ന് ആളുകൾ എന്നെ കരിയർ ഗുരുവാക്കി. ഇപ്പോൾ കൂട്ടുകാരും നാട്ടുകാരും കരിയറിനെ പറ്റി മാത്രമേ ചോദിക്കുന്നുള്ളൂ. ആദ്യകാലത്തോക്കെ കുറച്ചു എതിർപ്പുകൾ ഉണ്ടായെങ്കിലും കേരളത്തിന് പുറത്ത് കുട്ടികളെ വിട്ട് പഠിപ്പിക്കണം എന്നൊക്കെയുള്ള നിർദേശങ്ങൾ ഏറെ പേർ ചിന്തിച്ചു തുടങ്ങി. മാതൃഭൂമിയിലും മനോരമയിലും വനിതയിലും ഒക്കെ ലേഖനങ്ങൾ വന്നതോടെ സുരക്ഷയെപ്പറ്റി എഴുതിയതിനേക്കാൾ ആയിരം ഇരട്ടി പ്രതികരണങ്ങളാണ് കരിയറിനെപ്പറ്റി എഴുതിയപ്പോൾ കിട്ടിയത്. ആറു മാസത്തിനകം അത് പുസ്തകമായി പ്രസിദ്ധീകരിച്ചു, അതിനും വൻ ഡിമാൻഡ് ആണ്.

ഞാനൊരു ബിസിനസുകാരൻ ആയിരുന്നെങ്കിൽ ഈ രംഗത്തുതന്നെ പിടിച്ചുനിന്നേനെ!. കുട്ടികളുടെ ഭാവിയിൽ നമ്മുടെ സമൂഹത്തിനുള്ള താല്പര്യവും അതിനു വേണ്ടി കാശ് മുടക്കാനുള്ള സന്നദ്ധതയും ഒക്കെ ഉപയോഗിക്കാൻ നല്ല സാധ്യത ഉണ്ട്. പക്ഷെ ബിസിനസ്സ് ചെയ്യുന്നതും കാശുണ്ടാക്കുന്നതും ഒന്നും രണ്ടാമന് പറ്റിയ പണിയല്ല. എന്റെ ആഗ്രഹം കേരളത്തിൽ ഓരോ സ്‌കൂളിലും പ്രൊഫഷണൽ ആയി പരിശീലിക്കപ്പെട്ട ഒരു കരിയർ കൗൺസലർ ഉണ്ടാകണം എന്നാണ്. തല്ക്കാലം ഒരു അധ്യാപകനെയോ അധ്യാപികയെയോ ഈ വിഷയത്തിൽ ഉത്തരവാദപ്പെടുത്തി അവർക്ക് പ്രത്യേക പരിശീലനം നൽകിയാൽ ഒരു നല്ല തുടക്കം ആയിരിക്കും. അടുത്ത തവണ വിദ്യാഭ്യാസമന്ത്രിയെ കാണുമ്പോൾ പറഞ്ഞു നോക്കണം.

എന്റെ സ്ഥിരം വായനക്കാർക്ക് ഞാൻ ഈ കരിയർ രംഗത്തേക്ക് പോയതൊന്നും അത്ര ഇഷ്ടപ്പെട്ടില്ല എന്നെനിക്കറിയാം. ചിലർ നേരിട്ട് പറയുകയും ചെയ്തു. അത് കൊണ്ട് കരിയർ സീരീസും നിറുത്തുകയാണ്. ഇനി കുറച്ചു നാൾ ഫുൾ ടൈം പുളു ആയിരിക്കും. യാത്രയെ പറ്റി പുതിയ ഒരു സീരീസ് പ്ലാനിൽ ഉണ്ട്, അതിന് മുൻപ് ഫോളോവേഴ്‌സിന്റെ എണ്ണം ഒരു ലക്ഷം ആക്കണം, അതിന് നിങ്ങളുടെ സഹായം വേണം. ജനുവരിയിലെ പോലെ ഫേസ്ബുക്ക് ഇളക്കി മറിച്ച് ബുദ്ധിജീവികളെയും കുശുമ്പുള്ളവരെയും ഇറിറ്റേറ്റ് ചെയ്യാം. സ്വന്തം ജീവിതം നന്നാക്കാൻ മറ്റുള്ളവരിൽ നിന്നും എന്തെങ്കിലും പഠിക്കണം എന്ന് വിശ്വസിക്കുന്നവരെ കൂടെ കൂട്ടാം. അവരിൽ നിന്നും നമുക്കും പഠിക്കാം.

തല്ക്കാലം നിങ്ങൾ ഒന്നും ചെയ്യേണ്ട, ചില പ്ലാനുകളും തന്ത്രങ്ങളും ഒക്കെ മനസ്സിൽ ഉണ്ട്, വരും ദിവസങ്ങളിൽ പറയാം. ജൂണിൽ തുടങ്ങണം എന്ന് കരുതിയതാണ്, ഔദ്യോഗിക രംഗത്ത് അല്പം തിരക്ക് വന്നു കൂടിയതിനാൽ വൈകിയതാണ്. അടുത്ത മാസം ശരിയാവുമായിരിക്കും, ഞാൻ പറയാം. അതിനു ശേഷം ആളെ പിടിക്കാൻ ഇറങ്ങിയാൽ മതി.

തൽക്കാലം ഗുരു രണ്ടായതിനാൽ സുരക്ഷക്കും കരിയർ ഗൈഡൻസിനും യതി….
(എന്റെ ഫ്രെണ്ട്സിനും ഫോളോവേഴ്‌സിനും കരിയറിനെ പറ്റിയുള്ള എന്ത് സംശയവും പതിവ് പോലെ ചോദിക്കാം കേട്ടോ, അതിന് മാറ്റം ഒന്നുമില്ല)

Leave a Comment