പൊതു വിഭാഗം

കർക്കിടകവാവും വെള്ളപ്പൊക്കവും…

കേരളത്തിൽ മഴ നിർത്താതെ പെയ്യുന്നു, അണക്കെട്ടുകൾ തുറക്കേണ്ടി വരുന്നു. വെള്ളം എത്ര പൊങ്ങുമെന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല.
 
ഈ സാഹചര്യത്തിലാണ് നാളത്തെ കർക്കടക വാവ് ആചാരങ്ങൾ വരുന്നത്. പെരിയാറിൽ ചേലാമറ്റത്തും ആലുവയിലും ധാരാളം ആളുകൾ വരാറുണ്ട്. പതിവ് പോലെ എത്ര ആളുകൾ വരുമെന്ന് വരുന്നവർക്കോ അധികാരികൾക്കോ ഒരു രൂപവും ഇല്ല. മറ്റു ജില്ലകളിലും ഇത് കണ്ടേക്കാം.
 
നാളത്തെ മഴ, ജല നിരപ്പ്, റോഡുകളുടെ സ്ഥിതി, ആളുകളുടെ എണ്ണം ഇക്കാര്യത്തിൽ ഒന്നും ഉറപ്പില്ലാത്ത സാഹചര്യത്തിൽ പതിവ് പോലെ പതിവ് കടവുകളിലേക്ക് ആളുകൾ കൂട്ടമായി ചെല്ലുന്നത് ദുരന്ത സാധ്യത വർധിപ്പിക്കുമെന്ന് മാത്രമല്ല ദുരിതാശ്വാസത്തിന് നിയോഗിക്കപ്പെടേണ്ട ദുരന്ത നിവാരണ സേനയും പോലീസും ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതായും വരും. ഇത് ഒഴിവാക്കണം.
 
കർക്കിടകവാവിന്റെ കർമ്മങ്ങൾ വീടുകളിൽ തന്നെ ചെയ്യാനാണ് ആളുകൾ ശ്രമിക്കേണ്ടതും സാമൂഹ്യ നേതാക്കൾ പ്രോത്സാഹിപ്പിക്കേണ്ടതും. ഇക്കാര്യങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടത്, കർമ്മങ്ങൾ എന്ത്, മന്ത്രങ്ങൾ എന്ത് എന്നൊക്കെ ആചാര്യമാർ ഒരു വീഡിയോ ഉണ്ടാക്കി വാട്ട്സ് ആപ്പിൽ ഷെയർ ചെയ്‌താൽ മതിയല്ലോ. ഇക്കാര്യത്തിൽ നമ്മുടെ സാമുദായിക നേതാക്കളും ജ്യോൽസ്യന്മാരും പ്രായോഗിക സമീപനം എടുക്കുന്നവർ ആയിട്ടാണ് ജ്യോൽസ്യനായിരുന്ന എൻറെ വല്യച്ഛന്റെ കൂടെ ഏറെ നാൾ നടന്ന പരിചയത്തിൽ നിന്നും എൻറെ അനുഭവം. വല്യച്ഛൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തീർച്ചയായും ഇത് അനുവദിക്കുമായിരുന്നു, ഞാൻ തന്നെ വീഡിയോ ഉണ്ടാക്കി ഇടുകയും ചെയ്യുമായിരുന്നു.
 
ആരെങ്കിലും ഇക്കാര്യം ഒന്നു ശ്രമിക്കുക
 
മുരളി തുമ്മാരുകുടി

Leave a Comment