പൊതു വിഭാഗം

കോറോണക്കാലം: കുട്ടികളോട് സംസാരിക്കുന്നത് കുട്ടിക്കളിയല്ല

എന്റെ ചെറുപ്പകാലത്ത് ഒരിക്കൽ അച്ഛൻ വീട്ടിൽ ഒരു കഥ പറഞ്ഞു. ആ ആഴ്ചത്തെ മനോരമയിൽ ഒരു വർത്തയുണ്ടായിരുന്നുവത്രെ. മുല്ലപ്പെരിയാർ എന്നൊരു അണക്കെട്ട് കേരള – തമിഴ്‌നാട് അതിർത്തിയിൽ ഉണ്ട്. ചുണ്ണാന്പും കല്ലുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. ഇപ്പോൾത്തന്നെ ഏറെ പഴക്കമുള്ളതിനാൽ അത് പൊട്ടാൻ സാധ്യതയുണ്ട്. പൊട്ടിയാൽ ഭയങ്കരമായ നാശനഷ്ടങ്ങൾ ഉണ്ടാകും.
“മുല്ലപ്പെരിയാർ പൊട്ടിയാൽ ആലുവയിൽ യു സി കോളേജിന്റെ മുകളിലൂടെ കപ്പലോടിക്കാം” എന്ന ഈ ഉപമ അച്ഛൻ ഉണ്ടാക്കി പറഞ്ഞതാണോ അതോ മനോരമയുടെ റൂട്ട് മാപ്പിൽ ഉണ്ടായിരുന്നതാണോ എന്നെനിക്കറിയില്ല. കാര്യങ്ങൾ ഊതിപ്പെരുപ്പിക്കാൻ രണ്ടുപേരും മോശമായിരുന്നില്ല.
പുഴയുടെ അടുത്തുള്ള പ്രദേശമൊന്നുമല്ല വെങ്ങോല. തുമ്മാരുകുടി കുന്നുകളാൽ ചുറ്റപ്പെട്ട അത്യാവശ്യം ഉയരമുള്ള സ്ഥലത്താണ്. അതുകൊണ്ട് മുല്ലപ്പെരിയാറിലെ വെള്ളം വെങ്ങോലയിൽ എത്തുമെന്നുള്ള പേടി അന്നെനിക്കില്ല. പക്ഷെ അച്ഛൻ ജോലി ചെയ്യുന്നത് ഏലൂരിലാണ്, അത് പെരിയാറിന്റെ മറുകരയിലാണ്. അപ്പോൾ മുല്ലപ്പെരിയാർ പൊട്ടി പുഴയിൽ വെള്ളം ഉയർന്നാൽ അച്ഛന് വീട്ടിൽ വരാൻ കപ്പലിൽ കയറേണ്ടി വരുമോ, അങ്ങനെ കപ്പൽ സർവീസ് ഉണ്ടാകുമോ എന്നൊക്കെ ഓർത്ത് ഞാൻ ഏറെ വിഷമിച്ചിട്ടുണ്ട്.
കൊറോണയുടെ കാലം എല്ലാവർക്കും മാനസിക പിരിമുറുക്കത്തിന്റെ കൂടി കാലമാണ്. ഈ കാലത്ത് കുട്ടികൾക്കും പലവിധ ആശങ്കകൾ ഉണ്ടാകും. മുതിർന്നവർ അതിനെ കാര്യമായി എടുത്തു എന്ന് വരില്ല. എങ്ങനെയാണ് സ്വന്തം ചെറുപ്പകാലത്ത് മുതിർന്നവർ പറഞ്ഞു കേട്ട ഒരു സംഭവം മാസങ്ങളോളം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയതെന്ന് Neeraja Janaki എഴുതുന്നു. ഇപ്പോൾ സൈക്കോളജിസ്റ്റ് ആയ നീരജ, എങ്ങനെയാണ് കുട്ടികളെ ഈ കൊറോണക്കാലത്ത് ആശ്വസിപ്പിക്കേണ്ടത് എന്നുള്ള നിർദ്ദേശങ്ങളും പങ്കുവെക്കുന്നു. വായിച്ചിരിക്കേണ്ടതാണ്.
രണ്ടായിരത്തിലെ ലോകാവസാനം !
ലോക്ക്-ഡൌൺ ആയതുകൊണ്ട് വീട്ടിലിരുന്ന് ജോലിചെയ്യാമെന്നത് മാത്രമല്ല, ചിന്തിക്കാനുള്ള അവസരവുമുണ്ട്. ചിന്തകളിലേക്ക് ഭൂതവും ഭാവിയും കടന്നുവരും. ലോക്ക്-ഡൌൺ എന്നു തീരും, അതുകഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം, എനിക്ക് തന്നെ പനി പിടിക്കുമോ, ഇനിയൽപം ലോകയാത്ര ഉറപ്പായിട്ടും ചെയ്യണം എന്നൊക്കെ ആലോചിച്ചങ്ങനിരിക്കുന്പോഴാണ് എന്റെ ബാല്യത്തിലെ ഒരു സംഭവം ഓർമ്മ വന്നത്.
എന്റെ ചെറുപ്പത്തിൽ വീട്ടിൽ സ്ഥിരമായി വന്നുകൊണ്ടിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. നമുക്കവരെ സുന്ദരി എന്ന് വിളിക്കാം. അതിസുന്ദരിയായിരുന്നതുകൊണ്ട് വേറൊരു പേരും അവർക്ക് ചേരില്ല. ഒറ്റക്കളർ ബ്ലൗസും ചുവപ്പ് – മജന്ത നിറങ്ങളിലുള്ള കൈലിയും തോളിലൂടെ മുന്നിലേക്കു നീട്ടിയൊരു തോർത്തും. ആള് വളരെ സിംപിളാണ്, പക്ഷെ കളർഫുൾ. നീണ്ടമുടി തിരുപ്പൻ ചേർത്ത് അമ്മക്കെട്ടു കെട്ടിവെക്കും. പുരികത്തിൽനിന്നു കുറച്ചു കൂടുതൽ ഉയരത്തിൽ നെറ്റിക്ക് നടുവിലായി ഒരു വട്ടപ്പൊട്ട്. സ്വർണത്താലി കറുത്ത ചരടിൽ കോർത്തത് കൊഴുത്തുരുണ്ട കഴുത്തിൽ പറ്റെ ചേർന്നങ്ങനെ കിടക്കും. ഒരൽപ്പം ക്യൂട്ടിക്യൂറ പൌഡർ, ഒരു കുഞ്ഞുകണ്ണാടി, ചീപ്പ്, തുണികൾ എന്നിവയടങ്ങിയ ചെറിയൊരു കെട്ട് കക്ഷത്തിലും. രാവിലെ മുതൽ റോന്തുചുറ്റി മിക്കവാറും ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും പോകും. ഏതോ വീട്ടിലെ ചായ്പ്പിൽ ഉറങ്ങും. എവിടുന്നെങ്കിലും ഭക്ഷണം കഴിക്കും. ഇടയ്ക്ക് മറ്റുള്ളവരുമായി വഴക്കുണ്ടാക്കും.
ഞങ്ങളുടെ ബന്ധുവൊന്നും അല്ലായിരുന്നെങ്കിലും വല്ലപ്പോഴുമൊരിക്കൽ വീട്ടിൽ വരും. വീടിന്റെ മുറ്റത്തിരുന്നു കണ്ണാടി നോക്കി മുടി ചീകി പൗഡറിട്ട് ഒന്ന് മിനുങ്ങും. എന്നിട്ട് എന്നോട് പറയും,
“എന്റെ പൊന്നു കുഞ്ഞേ, പണ്ടൊണ്ടല്ലോ, എന്നെയൊന്നു കാണണമാരുന്നു! എന്തൊരു സുന്ദരിയാരുന്നെന്നറിയാവോ?.”
ഞാൻ അത് കേട്ട് കണ്ണുമിഴിച്ചു തറയിൽ കുന്തിച്ചിരിക്കും. അപ്പോൾ ബാക്കി പലതും പറയും. ഇതുവരെ കണ്ടിട്ടുള്ള സ്ത്രീകളിൽവെച്ച്, ഏറ്റവും സുന്ദരിയും സ്വതന്ത്രയുമായ സ്ത്രീകളിലൊരാളായിരുന്നു അവർ. ഒറ്റവാക്കിൽ പറഞ്ഞാൽ ‘ലിബറേറ്റഡ്’.
സുന്ദരിയുടെ കടുത്ത ആരാധികയായി ഞാനിങ്ങനെ ജീവിച്ചുവരുന്ന കാലഘട്ടത്തിലാണ് ഒരു ബോംബ് പൊട്ടുന്നത്. പൊട്ടിയതല്ല, സുന്ദരി പൊട്ടിച്ചതാണ്. ഞങ്ങളുടെ സ്ഥിരം കഥ പറച്ചിലിനിടയിൽ.
വർഷം 1999. എനിക്കന്ന് പ്രായം പത്തു വയസ്സിൽ താഴെ !
“മക്കളേ, രണ്ടായിരാമാണ്ടിൽ ലോകം അവസാനിക്കും. കന്നാലികളും മനുഷ്യന്മാരും എല്ലാം തീരും. കടലിങ്ങ് കരക്കു കേറിവരും. നമ്മളെല്ലാം ചത്തുപോകും.”
സുന്ദരിയെ ഒരു വീര കഥാപാത്രമായി കണ്ടിരുന്ന എന്റെ പാതിജീവൻ അപ്പൊത്തന്നെ പോയി.
“ശരിയാ.. എല്ലാമെല്ലാരും തീരും”, കൂട്ടത്തിലിരുന്ന വല്യമ്മച്ചിയും സമ്മതിച്ചു.
അതോടെ ഞാനും അത് ഉറപ്പിച്ചു…
കൂടുതൽ വിശദാംശങ്ങൾ ചോദിക്കാനുള്ള മൂഡുണ്ടായില്ല. എല്ലാം തീരാൻ പോകുന്പോ കൂടുതൽ കേട്ട് പേടിക്കണ്ടല്ലോ. അതോടെ ഉറക്കമില്ലാതായി. കുളിക്കുന്പോഴും വെള്ളം കാണുന്പോഴും പേടി. വെള്ളത്തിൽ മുങ്ങിച്ചാകാൻ പോകുവല്ലേ! കുറച്ചു ദിവസം ഉറക്കമില്ലാതാവുകയും പേടി കൂടുകയും ചെയ്തപ്പോൾ സംഗതി സത്യമാണോന്നറിയാൻ അമ്മയോട് ചോദിച്ചു.
“നീയെന്താ ഇത്ര മണ്ടിയാണോ?”
അതായിരുന്നു അമ്മയുടെ ഉത്തരം.
ഞാൻ രണ്ടായിരത്തിൽ ലോകമവസാനിക്കും എന്നറിയാത്ത ‘മണ്ടി’യാണെന്നാണോ, അതോ രണ്ടായിരത്തിൽ ലോകമവസാനിക്കും എന്ന് വിശ്വസിച്ചുനടക്കുന്ന ‘മണ്ടി’യാണെന്നാണോ, അമ്മ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ലോകം അവസാനിക്കില്ല എന്ന ഒരുറപ്പും അമ്മ തന്നതുമില്ല. എന്റെ ആശങ്കക്ക് ഒരു കുറവും ഉണ്ടായില്ല. രണ്ടായിരത്തിൽ വർഷം മുഴുവൻ ഞാൻ ജീവനും കൈയിൽ പിടിച്ചു നടന്നു. കുളിക്കുന്പോൾ പോലും വെള്ളം തലയിൽ വീഴുന്നത് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഇന്നും എനിക്ക് വെള്ളത്തിനോട് അകാരണമായ ഭയമാണ്. ഇപ്പോൾ ഓർക്കുന്പോൾ ചിരിയാണ്, പക്ഷെ അന്നത് എനിക്ക് ജീവൻ – മരണ പ്രശ്നമായിരുന്നു.
ഇതിപ്പോൾ ഓർത്തത് വെറുതെയല്ല. ലോകത്തെന്പാടും ഒരു വൈറസ് പടർന്നുപിടിക്കുന്നു. വീട്ടിലും നാട്ടിലും എല്ലാ ചർച്ചകളിലും കൊറോണ, പാൻഡെമിക്, ഉയരുന്ന മരണസംഖ്യ, വാട്സ് ആപ്പ് ‘സത്യങ്ങൾ’! എല്ലാം മുൻപെങ്ങും ഇല്ലാത്തതു പോലെ തകൃതിയായി നടക്കുന്നു. പുറത്തുപോയി ജോലിചെയ്തിരുന്നവർ പലരും വീട്ടിലിരുന്ന് പണിയെടുക്കുന്നു, വിദേശത്തുനിന്നും പലരും രായ്‌ക്കുരാമാനം നാട്ടിലെത്തുന്നു, പരീക്ഷകൾ മാറ്റിവെക്കുന്നു, മാതാപിതാക്കളുടെ ജോലി നഷ്ടപ്പെടുന്നു. എന്തിനേറെ, അദൃശ്യനായ ശത്രുവിനെപ്പേടിച്ച് ജനങ്ങൾക്ക് പുറത്തുപോലും ഇറങ്ങാൻ പറ്റുന്നില്ല.
ഞാനിപ്പോൾ ചിന്തിക്കുന്നത്, ഈ ലോകത്തുള്ള കുഞ്ഞുങ്ങളെക്കുറിച്ചാണ്. അവരുടെ (പലരുടെയും) ഭയങ്ങളെക്കുറിച്ചാണ്. നമ്മൾ ഈ അവസരത്തിൽ വീട്ടിലെ കുട്ടികളോട് കാര്യങ്ങൾ എത്രത്തോളം വിശദമാക്കിയിട്ടുണ്ട്?
സ്ഥിതിഗതികൾ സ്വയം വിലയിരുത്താനുള്ള കഴിവ് (നമ്മളിൽ പലർക്കും ഇപ്പോഴും ഇല്ലാത്തത്) അവർക്കുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്നെപ്പോലെ, പല കുഞ്ഞുങ്ങൾക്കും പുറത്തു പറയാത്ത നീറ്റലുണ്ടാവില്ലേ? അച്ഛന്റെ/അമ്മയുടെ ജോലി നഷ്ടപ്പെട്ടാൽ പട്ടിണിയായി മരിച്ചുപോകുമോ, എന്ന് ചിന്തിക്കുന്നവരുണ്ടാകില്ലേ?
ചെറിയകാര്യമെന്നുതോന്നുമെങ്കിലും കുട്ടികളുടെ ചിന്തകളും ജഡ്‌ജുമെന്റുകളും മുതിർന്നവരിൽനിന്നും വ്യത്യസ്തമാണ്. ഉദാഹരണമായി പത്തുവയസ്സുള്ളൊരു കുട്ടിയുടെ കോഗ്നിറ്റീവ് ഡെവലപ്മെന്റ് എത്രത്തോളമെന്ന് നോക്കാം. ദൈനംദിനകാര്യങ്ങളിൽ, ഭൗതികമായി കാണുന്ന/അറിയുന്ന വസ്തുക്കളെ/സാഹചര്യങ്ങളെക്കുറിച്ച് (Concrete situations) യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവ് (Logical thinking)
പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത് പൂർണമല്ല. നേരിട്ട് പരിചിതമല്ലാത്ത ഒരു
പ്രതിഭാസത്തെക്കുറിച്ച്, അതിന്റെ എല്ലാ വശങ്ങളെയും ചിന്തിച്ച് (Hypothetically),
ആശയ സംഗ്രഹണം നടത്താനുള്ള (Abstract thinking) കഴിവ് കുറവായിരിക്കും.
സിന്പിളായി പറഞ്ഞാൽ, ഒരുകാര്യത്തെ/സാഹചര്യത്തെ അതിന്റെ
എല്ലാവശങ്ങളും നോക്കി, യുക്തിസഹമായി വിലയിരുത്താൻ അവരുടെ
തലച്ചോർ പൂർണമായി തയ്യാറെടുത്തിട്ടില്ല. അതിങ്ങനെ
വളർന്നു കൊണ്ടിരിക്കുന്നതേയുള്ളു. അതുകൊണ്ടാണല്ലോ അവരെ കുട്ടികളെന്നു വിളിക്കുന്നത്.
കുട്ടികളെല്ലാം വീട്ടിലുള്ളതുകൊണ്ട് അവരെ എങ്ങനെ മാനേജ് ചെയ്യണമെന്ന് ധാരാളം പേർ ചോദിച്ചു. ഓൺലൈൻ ക്ലാസുകൾ മുതൽ ബ്രെയിൻ ഡെവലപ്മെന്റിനെ സഹായിക്കുന്ന കളികൾ വരെ മിക്ക മാതാപിതാക്കളും തിരയുന്നുണ്ട്. എന്നാൽ മറ്റു കാര്യങ്ങൾക്കൊപ്പം കുട്ടികളുടെ മാനസികാരോഗ്യവും ഉറപ്പു വരുത്തേണ്ടതായുണ്ട്.
എങ്ങനെ?
ആദ്യമായി വീട്ടിലെ മുതിർന്നവർ അമിത ഉത്‌ക്കണ്‌ഠ പ്രകടിപ്പിക്കാതെ ശാന്തരായിരിക്കുക. സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നുള്ളത് വസ്തുതാപരമായി കുട്ടികളെ പറഞ്ഞു മനസിലാക്കുക. സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, ആരോഗ്യമേഖലയും മറ്റ് അനുബന്ധ സംവിധാനങ്ങളും അതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പറയാം. ഇതിൽ വിജയം കൈവരിച്ച രാജ്യങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നതു വഴി കുട്ടികളിൽ ആത്മവിശ്വാസവും പ്രതീക്ഷയും വളർത്താൻ സാധിക്കും.
അവരുടെ എല്ലാ ചോദ്യങ്ങളും ക്ഷമയോടെ കേട്ട്, ചിന്തിച്ച്, സാവധാനം വ്യക്തമായ മറുപടി നൽകുക. ഇങ്ങോട്ടൊന്നും ചോദിച്ചില്ലെങ്കിലും അവരോട് ചോദിച്ച് ഉൽക്കണ്ഠകൾ അറിയാം.
കോവിഡ് -19 എന്താണ്? എങ്ങനെയാണ് മനുഷ്യരിലേക്കെത്തിയത്? വൈറസ് എന്നാലെന്താണ്? അത് നമ്മളിലേക്ക് പകരാതിരിക്കാൻ എന്തുചെയ്യണം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നന്നായി മനസിലാക്കിയിട്ടു വേണം കുട്ടികളോട് സംസാരിക്കാൻ. അതിനായി നിങ്ങൾ അൽപ്പം മുന്നൊരുക്കം നടത്തേണ്ടതുണ്ട്.
പാരന്റിങ് അത്ര ഈസിയല്ല എന്ന സത്യം ആദ്യം മനസിലാക്കുക. ചോദ്യങ്ങൾക്കു മറുപടിയായി സത്യസന്ധമായ വിവരങ്ങൾ മാത്രം കൊടുക്കുക. എന്നുകരുതി തീവ്രത കൂടിയ വാർത്തകൾ (പേടിപ്പിക്കുന്ന കഥകൾ, ഉയരുന്ന മരണസംഖ്യ etc ) കുട്ടികളുടെ മുന്നിൽവച്ച് അധികം ചർച്ചചെയ്യണ്ട. അവരുടെ ചോദ്യങ്ങളിലെ കഥയില്ലായ്മയും നിഷ്കളങ്കതയും, നിങ്ങൾക്കും കുടുംബത്തിലുള്ളവർക്കും തമ്മിൽ പറഞ്ഞു ചിരിക്കാനുള്ള തമാശയാക്കി മാറ്റരുത്. അത് ഈ അവസരത്തിൽ കുട്ടികളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാകും.
തൽക്കാലം മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കാം. ശരീരവും വസ്ത്രങ്ങളും ശുചിയാക്കി വെക്കാൻ പഠിപ്പിക്കാം. വീടു വൃത്തിയാക്കുന്നതു മുതൽ പാചകം വരെ ചെയ്യിപ്പിക്കാം. എല്ലാ കുട്ടികളും പഠിച്ചിരിക്കേണ്ട ലൈഫ് സ്കില്ലുകളാണിവ. ഇതൊരു അവസരമായെടുക്കാം. ഈ അവസരത്തിൽ കുട്ടികളോട് നല്ല ക്ഷമയും ആവശ്യമാണ്. കുട്ടികൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഹോബികളെപ്പറ്റി പഠിക്കാം. ഉദാഹരണത്തിന് ഗാർഡനിങ്. അതേപ്പറ്റി ഇന്റർനെറ്റിലോ ബുക്കുകളിലോ തിരഞ്ഞ് മാതാപിതാക്കളും കുട്ടികളുമൊന്നിച്ചു ചെയ്യാവുന്നതേയുള്ളൂ.
സുന്ദരി പണ്ടെന്നോടു പറഞ്ഞത് അവർ ഉറച്ചുവിശ്വസിച്ചിരുന്ന കാര്യമാണ്. ഈ ലോകത്തിനൊന്നും സംഭവിക്കാതെ ഇരുപത്തൊന്നാം നൂറ്റാണ്ടു പിറന്നപ്പോഴാവും, എന്നെപ്പോലെ അവരും സത്യം മനസിലാക്കിയിട്ടുണ്ടാകുക. ഇപ്പോൾ കുഞ്ഞുങ്ങൾക്കുണ്ടാകേണ്ടത് അരക്ഷിതാവസ്ഥയോ ഭയമോ അല്ല, സുരക്ഷിതത്വമാണ്. അവർ തങ്ങളുടെ വിശ്വാസമർപ്പിച്ചിരിക്കുന്നത് മുതിർന്നവരിലായതു കൊണ്ടുതന്നെ സുരക്ഷിതത്വബോധം നൽകേണ്ടത് നമ്മുടെ കടമയാണ്. കുട്ടികൾ സുരക്ഷിതരും സന്തോഷമുള്ളവരുമായിരിക്കട്ടെ..!
നീരജ ജാനകി
(ഇത്തരം പേടികൾ നിങ്ങളുടെ ബാല്യത്തിലും ഉണ്ടായിരുന്നെങ്കിൽ അവ കമന്റുകളായി എഴുതുക. കൂടുതൽ വിശദമായി എഴുതാമെങ്കിൽ നമുക്ക് കൊറോണപ്പേടി എന്നൊരു പുസ്തകമാക്കാം. താല്പര്യമുളളവർ sindhukub@hotmail.com ൽ അയക്കുക, അറിയിക്കുക)

Leave a Comment