പൊതു വിഭാഗം

കൊറോണ കണക്കുകൾ…

ഓരോ ദിവസവും പല കൊറോണ കണക്കുകൾ വരുന്നു. കേസുകളുടെ എണ്ണം, സന്പർക്കം മൂലം രോഗം ഉണ്ടായവരുടെ എണ്ണം, മരണങ്ങളുടെ എണ്ണം, മരണ നിരക്ക്, രോഗം ഭേദമായവരുടെ എണ്ണം, റിക്കവറി റേറ്റ് എന്നിങ്ങനെ. ഓരോരുത്തരും അവർക്ക് ഇഷ്ടപ്പെട്ട ഡേറ്റ എടുത്തു പ്രയോഗിക്കുകയാണ്.
 
ഈ സാഹചര്യത്തിൽ ലോകത്തെവിടെയുമുള്ള കേസുകളിൽ ഞാൻ ശ്രദ്ധിക്കുന്നത് രണ്ടു കാര്യമാണ്.
 
ഒന്ന്; കേസുകളുടെ ഏഴു ദിവസത്തെ മൂവിങ്ങ് ആവറേജ്. സ്റ്റാസ്റ്റിസ്റ്റിക്സ് പഠിച്ചവർക്ക് അറിയാം എന്താണ് മൂവിങ്ങ് ആവറേജ് എന്ന്. ജൂലൈ ഒന്നിലെ ഏഴു ദിവസത്തെ മൂവിങ്ങ് ആവറേജ് എന്നാൽ ജൂൺ 24 മുതൽ ജൂലൈ ഒന്നു വരെയുള്ള ഏഴു ദിവസങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം കൂട്ടി അതിനെ ഏഴുകൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യയാണ്. ജൂലൈ രണ്ടിലെ മൂവിങ്ങ് ആവറേജ് ജൂൺ 25 മുതൽ ജൂലൈ രണ്ടു വരെയുള്ള ദിവസങ്ങളിലെ കേസുകൾ കൂട്ടി അതിനെ ഏഴുകൊണ്ട് ഹരിക്കുന്നതാണ്. ഇങ്ങനെ വരുന്പോൾ പ്രതിദിനം വരുന്ന ഏറ്റക്കുറച്ചിലുകൾ മാറ്റിവെച്ചിട്ട് ശരിയായ ട്രെൻഡ് കാണാൻ സാധിക്കും. ഇത് തൽക്കാലം നമ്മുടെ ഡാഷ്ബോർഡിൽ ഇല്ലാത്തതുകൊണ്ട് ഞാൻ കണക്കു കൂട്ടി എടുക്കുകയാണ്.
 
രണ്ടാമത് ഞാൻ ശ്രദ്ധിക്കുന്നത് സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ഉറവിടം അറിയാത്ത എത്ര കേസുകൾ ഉണ്ടെന്നതാണ്. ഈ കണക്ക് കേരളത്തിൽ ചില ദിവസങ്ങളിൽ ലഭിക്കാറുണ്ട്, ചിലപ്പോൾ ഇല്ല. തൽക്കാലം സന്പർക്കത്തിലൂടെ രോഗം പരന്നവരുടെ എണ്ണം ഉറവിടം അറിയാത്തവരുടെ എണ്ണത്തിന്റെ ഒരു പ്രോക്സി ആയി എടുക്കുകയേ വഴിയുള്ളൂ. പക്ഷെ കേരളത്തിലെ പ്രതിദിന കേസുകൾ ഇനിയും വർധിക്കുന്ന സാഹചര്യമുണ്ടായാൽ ഏറ്റവും വേഗത്തിൽ ഉയരാൻ പോകുന്നത് ഉറവിടം അറിയാത്ത സന്പർക്ക രോഗികളുടെ എണ്ണമാണ്. ആ എണ്ണത്തിന്റെ മൂവിങ്ങ് ആവറേജ് ലോഗരിതമിക് ആയി വളരുന്പോൾ ആണ് കാര്യങ്ങൾ നിയന്ത്രണത്തിനപ്പുറത്താണെന്ന് മനസിലാക്കുന്നത്. തൽക്കാലം നമ്മൾ അവിടെ അല്ല.
 
കൊറോണയുടെ സാഹചര്യത്തിൽ ഈ രണ്ടു ഗ്രാഫുകളും വീണ്ടും വീണ്ടും കയറുകയും ഇറങ്ങുകയും ചെയ്യാം, അതുകൊണ്ട് തന്നെ അനവധി ഡേറ്റ ദിവസവും വരുന്പോൾ ഈ ഡേറ്റയെ ഒക്കെ ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.
 
മുരളി തുമ്മാരുകുടി
No photo description available.

Leave a Comment