പൊതു വിഭാഗം

കൊറോണക്കാലത്തെ വീട്

നിങ്ങൾ ഓർക്കുന്നുണ്ടോ എന്നറിയില്ല

2020 മാർച്ച് അവസാന വാരം കേരളത്തിൽ ലോക്ക് ഡൌൺ തുടങ്ങുന്നു

യൂറോപ്പിലും അമേരിക്കയിലും കോവിഡിന്റെ സംഹാര താണ്ഡവം ആണ്.

കേരളത്തിൽ ജനുവരി മുതൽ പിടിച്ചു കെട്ടിയിരുന്ന കോവിഡ് എണ്ണം പതുക്കെ മുകളിലേക്ക് കയറുന്നു.

മൂന്നിൽ നിന്നും പത്തും പത്തിൽ നിന്നും നൂറുമാകുന്നു.

സ്‌കൂളുകൾ അടക്കുന്നു

റോഡിലിറങ്ങുന്നവർക്ക് അടി കിട്ടുന്ന കാലം എത്തുന്നു

എല്ലാവരും ആശങ്കയിലാണ്

എല്ലാ ചർച്ചകളും കോവിഡിനെപ്പറ്റിയാണ്.

യാത്ര, തൊഴിൽ, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വിഷയം ഏതെടുത്താലും സീൻ ഡാർക്ക് ആണ്.

ആ സമയത്താണ് “നമുക്കൊരു പുസ്തകം പുറത്തിറക്കാം” എന്ന ആശയം ഞാൻ മുന്നോട്ട് വക്കുന്നത്.

ആളുകളുടെ ചിന്തകൾ കൊറോണപ്പേടിയിൽ നിന്നും പോസിറ്റീവ് ആയ എന്തെങ്കിലും വിഷയത്തിലേക്ക് തിരിച്ചു വിടുക എന്നതായിരുന്നു ഒന്നാമത്തെ ലക്‌ഷ്യം.

ഈ കൊറോണക്കാലം കഴിഞ്ഞു പോകുന്പോൾ അക്കാലത്തെ അടയാളപ്പെടുത്തിയ എന്തെങ്കിലും ബാക്കി വക്കുക എന്നത് രണ്ടാമത്തെ ലക്‌ഷ്യം.

ഇത് വരെ പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഒരു പുസ്തകം ആക്കാൻ സാധിക്കാത്തവർക്ക് അതിനൊരു അവസരം കൊടുക്കുക എന്നത് മൂന്നാമത്തെ ലക്‌ഷ്യം.

പുതിയ ആളുകളുടെ പുസ്തകം ആയതിനാൽ പേരുകേട്ട പബ്ലിഷർമാർ ഒന്നും പുസ്തകം പ്രസിദ്ധീകരിക്കാൻ സമ്മതിക്കില്ല എന്നും സ്വന്തമായി ലേ ഔട്ട് ചെയ്ത് സ്വയം പ്രിന്റ് ചെയ്തു ബുക്ക് ഷോപ്പിൽ കൊടുക്കാം എന്നുമായിരുന്നു പ്ലാൻ.

പക്ഷെ പോസ്റ്റിട്ട് മണിക്കൂറിനകം നൂറുകണക്കിന് ആളുകൾ നന്നായി പ്രതികരിച്ചു. ഒരു ദിവസത്തിനകം പുസ്തകം പബ്ലിഷ് ചെയ്യാമെന്ന് ഡി സി ബുക്സ് സമ്മതിച്ചു.

നാനൂറോളം എഴുത്തുകാർ രചനകൾ എഴുതി. കഥ, കവിത, ലേഖനം, യാത്ര വിവരണം. ഒന്നും മടക്കിയില്ല. പരമാവധി രചനകൾ പ്രസിദ്ധീകരിക്കണം എന്നത് തന്നെയായിരുന്നു ലക്‌ഷ്യം.  കാരണം മുൻ പറഞ്ഞത് തന്നെ.  ഇതൊരു സാധാരണ കാലമല്ല, അതുകൊണ്ട് തന്നെ സാധാരണ അളവ് കോൽ കൊണ്ടല്ല രചനകളെ അളന്നത്.

ഈ സീരിസിലെ ആദ്യത്തെ പുസ്തകം ഈ ആഴ്ച ഡി സി ബുക്സ് പുറത്തിറക്കി. രണ്ടായിരത്തി ഇരുപതിൽ തന്നെ ഇറക്കണം എന്നായിരുന്നു ആഗ്രഹം, പക്ഷെ ഒരു പുസ്തകം ഇറക്കുന്നതിന് ഒരുപാട് സാങ്കേതികത്വങ്ങളും നിയമ വശങ്ങളും ഉണ്ട്. കൂടുതൽ ആളുകൾ ഉൾപ്പെട്ട രചനയാകുന്പോൾ അതിന് കൂടുതൽ സമയം എടുക്കും.

പുസ്തകം പ്രകാശനം ചെയ്യണം, എല്ലാ എഴുത്തുകാരെയും വിളിക്കണം എന്നൊക്കെ പ്ലാൻ ഇട്ടിരുന്നു. പക്ഷെ കൊറോണക്കാലം ആയതിനാൽ അത് നടന്നില്ല.  അതിന് നോക്കിയിരുന്നാൽ വീണ്ടും വൈകും. വിഷമിക്കേണ്ട, കൊറോണക്കാലം കഴിയട്ടെ, നമുക്ക് ഒത്തു ചേരാം.

പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രചനകൾ എഴുതിയവരെ ഒന്നിലധികം പ്രാവശ്യം ഡി സി നേരിട്ട് ബന്ധപ്പെട്ടു കാണും. ഈ പുസ്തകത്തിന്റെ ഓരോ കോപ്പി അവർക്ക് അയക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കകം കിട്ടിയില്ലെങ്കിൽ ഡി സി യിൽ ബന്ധപ്പെടുക. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നെ അറിയിക്കുക.

കൂടുതൽ കോപ്പികൾ വേണ്ട എഴുത്തുകാർക്കും മറ്റുള്ളവർക്കും പുസ്തകം വാങ്ങാനുള്ള ലിങ്ക് ഒന്നാമത്തെ കമന്റിൽ ഉണ്ട്.

രചനകൾ അയക്കുകയും എന്നാൽ ഇതുവരെ ഞങ്ങൾ ബന്ധപ്പെടുകയും ചെയ്യാത്തവർ  വിഷമിക്കേണ്ട. ഒന്നാമത്തെ പുസ്തകം പുറത്തിറങ്ങിയാൽ ഉടൻ ബാക്കിയുള്ള രചനകൾ ഇ – ബുക്ക് ആക്കാനുള്ള പണി തുടങ്ങുകയാണ്. നിങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പുസ്തകം ഇറക്കുന്പോൾ നിങ്ങളെ തീർച്ചയായും അറിയിക്കും.

ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും നന്ദി. എഴുതിയവർക്ക്, എഡിറ്റ് ചെയ്ത സിന്ധുവിന്, ഡി സിയിലെ സുനൂപിന്, ഡി സി ബുക്സിന്, എൻറെ വായനക്കാർക്ക്.

ഇനി വായനക്കാരുടെ ഊഴമാണ്, വാങ്ങുക, വായിക്കുക, കമന്റുകൾ അറിയിക്കുക.

മുരളി തുമ്മാരുകുടി

May be an image of text

1 Comment

Leave a Comment