പൊതു വിഭാഗം

കൊറോണക്കാലത്തെ ലോക സഞ്ചാരം.

കൊറോണയും പ്രവാസികളും എന്നൊരു ലേഖനം ഇന്നലെ എഴുതിയിരുന്നെങ്കിലും അതിൽ കുറച്ചു ലിങ്കുകൾ ഉണ്ടായിരുന്നത് കൊണ്ട് ഒട്ടും റീച്ച് കിട്ടിയില്ല. അതിലെ വിവരങ്ങൾ ഉൾപ്പെടുത്തി, ലോകത്തെ 122 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ കോൺടാക്ട് ലിസ്റ്റുകളും ഉൾപ്പെടുത്തിയ പുതിയൊരു ലേഖനം ആണിത്. യാത്ര ചെയ്യുന്നതിന് മുൻപോ യാത്രക്കിടയിലോ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അതാത് രാജ്യത്തെ വേൾഡ് മലയാളി ഫെഡറേഷനുമായി ബന്ധപ്പെടൂ. അവർ കൊറോണ കൈകാര്യം ചെയ്യാനായി മാത്രം ഒരു ആഗോള ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ കോൺടാക്ട് ഒന്നാമത്തെ കമന്റിൽ ഉണ്ട്.
——-
കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോവുകയും നൂറിലേറെ രാജ്യങ്ങളിൽ കൊറോണ പടരുകയും ചെയ്തതോടെ ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു.
 
ലോകം സമീപകാലത്തൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു സാഹചര്യമാണ്. കർശന നിയന്ത്രണം ഏർപ്പെടുത്തിയ ചൈന ഈ സാഹചര്യത്തെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ലോകരാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങൾ പല തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്.
 
ഇന്ത്യയും ഏറെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
 
OCI കാർഡ് ഉള്ളവർക്കുൾപ്പെടെ വിസകൾ ഏപ്രിൽ പതിനഞ്ചു വരെ സസ്‌പെൻഡ് ചെയ്തു.
 
അത്യാവശ്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കാൻ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടു.
 
ഇന്ത്യയിലേക്കുള്ള യാത്രകൾ, ഇൻഡ്യാക്കാരുടേത് ഉൾപ്പടെ, അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.
 
ചൈന, ഇറ്റലി, ഇറാൻ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഫ്രാൻസ്, സ്‌പെയിൻ, ജർമനി, എന്നീ രാജ്യങ്ങളിൽ ഫെബ്രുവരി പതിനഞ്ചിന് ശേഷം യാത്ര ചെയ്തിട്ടുള്ള എല്ലാവരെയും ഇന്ത്യയിൽ എത്തുന്പോൾ പതിനാലു ദിവസം ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.
 
കരമാർഗ്ഗം ഇന്ത്യയിലേക്കുള്ള യാത്ര ശരിയായ പരിശോധനാ സംവിധാനങ്ങൾ ഉള്ള ചെക്ക് പോയിന്റുകളിൽ കൂടി മാത്രമാക്കി ചുരുക്കുന്നു.
 
ലോകത്ത് മിക്കവാറും രാജ്യങ്ങളിലുള്ള മലയാളികൾ ഓരോരുത്തർക്കും കൊറോണ ആശങ്കകൾ ഉണ്ട്. രോഗം വരുമോ എന്നുള്ള പൊതുവായ ആശങ്ക ഒഴിച്ചാൽ വിവിധ രാജ്യങ്ങളിലുള്ളവരുടെ ആശങ്കകൾ വ്യത്യസ്തമാണ്.
രോഗം വന്നാൽ ആവശ്യത്തിനുള്ള ചികിത്സ ലഭിക്കുമോ?
ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാകുമോ?
വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ തിരിച്ച് നാട്ടിലേക്ക് എത്താൻ സാധിക്കുമോ?
 
നാട്ടിലേക്ക് പോകുന്നതിന് ഇപ്പോൾ ഇറ്റലിയിൽ ഉള്ളതു പോലെ രോഗബാധയുടെ ടെസ്റ്റുകൾ നിർബന്ധമാക്കുമോ?
നാട്ടിലെത്തിയാൽ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയേണ്ടി വരുമോ?
 
നാട്ടിലേക്ക് പോയാൽ പഠനം, തൊഴിൽ ഇവ മുടങ്ങുമോ? തിരിച്ചു വരാൻ സാധിക്കുമോ?
 
ഓരോ ചോദ്യങ്ങളും പ്രധാനമാണെങ്കിലും അവയ്‌ക്ക് എളുപ്പത്തിൽ ഉത്തരങ്ങളില്ല. ഓരോ രാജ്യത്തും സാഹചര്യം വ്യത്യസ്തമാണ്. നിങ്ങൾ ആ രാജ്യത്തെ പൗരനാണോ, സന്ദർശകനാണോ എന്നുള്ളതും, നിങ്ങൾ ഒറ്റയ്‌ക്കാണോ അതോ ധാരാളം സുഹൃത്തുക്കളും സഹപാഠികളും ഉണ്ടോ എന്നതിനെയും ഒക്കെ അനുസരിച്ചിരിക്കും ഇതിന്റെ ഉത്തരങ്ങൾ. എങ്ങനെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതെന്ന കുറച്ചു നിർദ്ദേശങ്ങൾ തരാം.
 
1. കൊറോണ വൈറസ് ലോകവ്യാപകം ആണെങ്കിലും ബാധിച്ചവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. ഏറ്റവും കൂടുതൽ കൊറോണ ബാധയുണ്ടായിട്ടുള്ള ചൈനയിലും ഇറ്റലിയിലും ദക്ഷിണകൊറിയയിലും ഒരു ലക്ഷത്തിൽ ഇരുപത് പേർക്ക് താഴെയാണ് രോഗബാധ ഉള്ളത്. മരിച്ചവരുടെ എണ്ണമാകട്ടെ രോഗം ബാധിച്ചവരിൽ നാലു ശതമാനവും.
 
2. കൊറോണ ബാധ ഒരു ഫ്ലുവിലപ്പുറം കൂടുതൽ സങ്കീർണ്ണതയിലേയ്‌ക്ക് പോകാനുള്ള സാധ്യത പ്രായമായവരിലും മറ്റു രോഗങ്ങൾ ഉള്ളവർക്കും (ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, കാൻസർ) ആണ് കൂടുതൽ.
 
3. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശരിയായ ആരോഗ്യ സംവിധാനങ്ങൾ ഉണ്ടാവുകയും നിങ്ങൾക്ക് വേണ്ടത്ര ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ ഈ രോഗത്തെ മറ്റേതൊരു രോഗത്തെയും പോലെ നേരിടാം. അതുകൊണ്ട് തന്നെ അവിടെ നിന്നും നാട്ടിലേക്ക് എത്രയും വേഗം തിരിച്ചു പോകേണ്ട കാര്യമില്ല.
 
4. നിങ്ങൾ താമസിക്കുന്ന രാജ്യത്തെ മുനിസിപ്പാലിറ്റിയും, ആരോഗ്യ വകുപ്പുമെല്ലാം കൊറോണയെ നേരിടാനുള്ള അനവധി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടാകും, അവ ശ്രദ്ധിക്കണം. നിങ്ങൾ താമസിക്കുന്ന നാട്ടിലെ ഭാഷ പരിചയമില്ലെങ്കിൽ ആ നാട്ടുകാരോട് ചോദിച്ചു കാര്യങ്ങൾ മനസിലാക്കുക.
 
5. മുൻകരുതലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലോകാരോഗ്യ സംഘടനയാണ് ഏറ്റവും ആധികാരികമായ വിവരങ്ങൾ നൽകുന്നത്. രോഗമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുക.
 
5. കുടുംബവുമായും സുഹൃത്തുക്കളുമായും കൊറോണ വിഷയം ചർച്ച ചെയ്യുക. പ്രത്യേകിച്ചും കുടുംബത്തിലോ കൂട്ടുകാരിലോ ഒരാൾക്ക് രോഗബാധ ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, എങ്ങനെയാണ് പരസ്പരം സഹായിക്കാൻ പറ്റുന്നത് എന്നുള്ളതായിരിക്കണം ചർച്ചകൾ. ഇക്കാര്യത്തിന് മാത്രമായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ഇതിൽ അനാവശ്യമായ ആശങ്കകൾ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക.
 
6. വേണ്ടത്ര ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത പല രാജ്യങ്ങളിലും മലയാളികൾ ജീവിക്കുന്നുണ്ട്. ഈ പ്രദേശത്തുള്ളവർ രോഗബാധ ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് ചിന്തിക്കുക, സുഹൃത്തുക്കളുമായി സംസാരിക്കുക. നിങ്ങളുടെ ഇൻഷുറൻസ് കന്പനിയോട് ചർച്ച ചെയ്യുക. നിങ്ങളുടെ തൊഴിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശവും തേടിയതിന് ശേഷം നാട്ടിലേക്ക് പോകണോ എന്ന കാര്യം തീരുമാനിക്കുക.
 
7. പൊതു സുരക്ഷയും ഭക്ഷ്യസുരക്ഷയും പ്രശ്നമായ പ്രദേശങ്ങളിൽ ജീവിക്കുന്ന മലയാളികൾ കൊറോണക്കാലത്ത് കൂടുതൽ സുരക്ഷാ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നിങ്ങൾ വ്യക്തിപരമായും നിങ്ങളുടെ കമ്മ്യൂണിറ്റി അല്ലെങ്കിൽ ക്യാംപ് വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും, മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും വാങ്ങി ശേഖരിക്കുന്നത് ശരിയായ നടപടിയാണ്.
 
8. നിങ്ങൾ താമസിക്കുന്ന നാടുകളിലെ ഹോസ്പിറ്റൽ, പോലീസ് എന്നിവയുടെ എമർജൻസി നന്പർ കണ്ടുപിടിച്ച് ഫോണിൽ സേവ് ചെയ്യുക. എല്ലാ കുടുംബങ്ങൾക്കും ഇക്കാര്യം അറിയാം എന്ന് ഉറപ്പു വരുത്തുക. അവിടെ നിന്നും അലെർട്ടുകൾ കിട്ടാൻ സൗകര്യമുണ്ടെങ്കിൽ പേരുകൾ രെജിസ്റ്റർ ചെയ്യുക.
 
9. നിങ്ങൾ എവിടെയാണെങ്കിലും ഏറ്റവും അടുത്ത മലയാളി അസോസിയേഷൻ, ഇന്ത്യൻ എംബസ്സി, ഇവയുടെ നന്പറുകൾ കയ്യിൽ കരുതുക. ഗ്രൂപ്പിലുള്ളവരുമായി ഷെയർ ചെയ്യുക.
 
10. കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളുമായി ദിവസത്തിൽ ഒരിക്കലെങ്കിലും സംസാരിക്കുക. നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ യഥാർത്ഥമായ സ്ഥിതിഗതികൾ അവരോട് പങ്കുവെക്കുക. അവർക്ക് നിങ്ങളെ കുറിച്ചുള്ള പേടി മനസ്സിലാക്കാവുന്നതാണെങ്കിലും എന്ത് ചെയ്യണം എന്നുള്ള തീരുമാനം അവരുടെ ആശങ്കകളെ അനുസരിച്ചല്ല, നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ പറ്റിയുള്ള നിങ്ങളുടെ അറിവിനെ അനുസരിച്ചാണ് എടുക്കേണ്ടത്.
 
11. നിങ്ങൾ ഇപ്പോൾ നാട്ടിൽ ആണെങ്കിൽ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് ആ യാത്ര ഒഴിവാക്കാവുന്നതാണോ എന്ന് ചിന്തിക്കുക. നിങ്ങൾ വിദേശത്ത് ജോലി ചെയ്യുകയോ പഠിക്കുകയോ ആണെങ്കിൽ അവരെ വിളിച്ച് ആ സ്ഥാപനങ്ങളിൽ എന്ത് നിർദ്ദേശമാണ് നൽകിയിരിക്കുന്നതെന്ന് അറിയുക. പല സ്ഥാപനങ്ങളും “remote working/teaching” തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയും കൊറോണബാധിത പ്രദേശമായതിനാൽ പല നാടുകളിലേക്കും നിങ്ങൾ ചെല്ലുന്നതിന് വിലക്കുണ്ടെന്നും, ചിലയിടത്തെല്ലാം ക്വാറന്റൈനിൽ ആയേക്കാമെന്നുമുള്ള കാര്യം ശ്രദ്ധിക്കുക. കൂടുതൽ യാത്ര വിലക്കുകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ടൂറിസത്തിനായുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ബുദ്ധി. ക്രൂയിസ് ഷിപ്പുകളിലൂടെ ഉള്ള ടൂറിസത്തിൽ ഉൾപ്പെട്ട ആളുകൾ ഏറെ ബുദ്ധി മുട്ടുന്ന കഥകളും വായിക്കുന്നുണ്ടാകുമല്ലോ.
 
വേൾഡ് മലയാളി ഫെഡറേഷൻ
ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനായ വേൾഡ് മലയാളി ഫെഡറേഷന് ഇപ്പോൾ ലോകത്തെ 122 രാജ്യങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ട്. അവയുടെ ഭാരവാഹികൾ ഈ സാഹചര്യത്തിൽ മലയാളികൾക്ക് വേണ്ടത്ര നിർദ്ദേശം നല്കാൻ തയ്യാറാണ്. ഓരോ രാജ്യത്തെയും ഭാരവാഹികളുടെയും കോൺടാക്ട് ഒന്നാമത്തെ കമന്റിൽ ഉണ്ട്.
 
സുരക്ഷിതരായിരിക്കുക!
 
മുരളി തുമ്മാരുകുടി

Leave a Comment