പൊതു വിഭാഗം

കൊറോണക്കാലത്തെ നിക്ഷേപങ്ങൾ…

എങ്ങനെയാണ് നിക്ഷേപങ്ങൾ നടത്തേണ്ടത് എന്ന് ഒരിക്കൽ ഒരു ലേഖനം എഴുതിയിരുന്നു. സാധാരണഗതിയിൽ പണം ഉള്ളവരാണല്ലോ നിക്ഷേപത്തെപ്പറ്റി ചിന്തിക്കുന്നത്. എന്നാൽ പണം മാത്രമല്ല സമയവും നമുക്ക് നിക്ഷേപിക്കാൻ പറ്റുമെന്നും നിക്ഷേപം എന്നത് ബാങ്കിലും ഭൂമിയിലും മാത്രമല്ല സ്വന്തം ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ബന്ധുക്കളിലും സുഹൃത്തുക്കളിലും ഒക്കെ ചെയ്യാൻ പറ്റുന്നതാണെന്നും ആയിരുന്നു അന്ന് പറഞ്ഞതിന്റെ ചുരുക്കം.
 
ഈ കൊറോണക്കാലം നമ്മുടെ നിക്ഷേപ സങ്കല്പങ്ങളെ മൊത്തം മാറ്റാൻ പോവുകയാണ്. ഷെയർ മാർക്കറ്റുകൾ ഇപ്പോൾത്തന്നെ കൂപ്പു കുത്തി, സ്ഥലവും ഫ്ലാറ്റും വാങ്ങുന്നതിനെക്കുറിച്ച് ആളുകൾ ചിന്തിക്കുന്നുപോലുമില്ല. എത്ര പണം കയ്യിലുണ്ടെങ്കിലും നാട്ടിലെത്താൻ പോലും കഴിയാതെ ആളുകൾ ബുദ്ധിമുട്ടുന്നു. പത്തുരൂപ വിലയില്ലാതിരുന്ന ഒരു മാസ്ക് പതിനായിരം കൊടുത്താലും കിട്ടാനില്ലാത്ത സ്ഥിതി വരുന്നു.
 
പക്ഷെ ഏതൊരു മഹാമാരിയുടെ കാലത്തും നമ്മുടെ കൂടെ നിൽക്കുന്ന ചിലതുണ്ട്. നമ്മുടെ ആരോഗ്യം അത്തരത്തിൽ ഒന്നാണ്. കൊറോണയുൾപ്പെടെയുള്ള എല്ലാ മാരികളെയും നേരിടാൻ ആദ്യം നമുക്ക് വേണ്ടത് ശാരീരികവും മാനസികവുമായ നല്ല ആരോഗ്യമാണ്. ഇത്രയും നാൾ ഇതിൽ ഇൻവെസ്റ്റ് ചെയ്തതെല്ലാം നമുക്ക് ഉപയോഗിക്കേണ്ടി വരുന്നതിനാൽ ഇവിടെ നിക്ഷേപിച്ചതിൽ നമ്മൾ സന്തുഷ്ടരാകും, ചെയ്യാത്തതിൽ വിഷമവും വരും. പോയതിനെ പറ്റി പറഞ്ഞിട്ടുകാര്യമില്ല, അടച്ചിരുപ്പു കാലത്ത് ആരോഗ്യം വർദ്ധിപ്പിക്കാനുള്ള പണി നോക്കിത്തുടങ്ങൂ. ഡയറ്റിംഗ് നടത്തിയും എക്സർസൈസ് ചെയ്തും ഒരു മാസം കൊണ്ട് അഞ്ചുകിലോ കുറക്കുക എന്നത് തന്നെയാണ് എന്റെ ഉദ്ദേശം.
 
ബന്ധങ്ങളിൽ നിക്ഷേപിച്ചിരിക്കുന്നതും ഇതുപോലെ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ചയായി ലോകത്തെന്പാടുനിന്നും പല തരത്തിലുള്ള ആവശ്യങ്ങളുമായി ആളുകൾ എന്നെ വിളിക്കുന്നു. എല്ലാ സ്ഥലങ്ങളിലും ഔദ്യോഗിക സംവിധാനങ്ങൾ അപ്രതീക്ഷിതമായ സംഭവങ്ങളാൽ അവരുടെ കഴിവിന്റെ പരിധി വിട്ടു നിൽക്കുകയാണ്. ഈ സമയത്ത് നമുക്ക് വിശ്വസിക്കാനുള്ളത് നമ്മുടെ സുഹൃത്തുക്കളാണ്. ഈ സുഹൃത്തുക്കൾ നമ്മുടെ നല്ല കാലത്ത് നമ്മുടെ സമയം നിക്ഷേപിച്ച് നമ്മൾ വളർത്തിയെടുത്തതാണ്. ഏതൊരാവശ്യം വരുന്പോഴും ഞാനത് സുഹൃത്തുക്കൾക്ക് കൈമാറുകയാണ്, അവർ അത് ആകും പോലെ കൈകാര്യം ചെയ്യുന്നു. ഒന്നുമില്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കുഴപ്പത്തിൽപ്പെട്ടവരെ ഫോൺ വിളിക്കുകയെങ്കിലും ചെയ്യുന്നു. അത് പോലും ആശ്വാസമാണ്. ലോകത്തെവിടെയും ഉള്ള എന്റെ സുഹൃത്തുക്കൾക്ക് നന്ദി!
 
2018 ലെ വെള്ളപ്പൊക്കം ഒരു 20/20 മത്സരമായിരുന്നുവെങ്കിൽ കൊറോണക്കാലം ഒരു ടെസ്റ്റ് മാച്ചാണ്. ഒരു ഇന്നിംഗ്‌സിൽ കൂടുതൽ ഉണ്ടാകാം, സമയം ഏറെയെടുക്കാം. ക്ഷമയും തന്ത്രവും കൊണ്ടേ ഇതിനെ നേരിടാൻ പറ്റൂ.
 
നിങ്ങൾ എത്ര വിദ്യാഭ്യാസമുള്ളയാളോ ധനമുള്ള ആളോ അധികാരമുള്ള ആളോ ആയിക്കൊള്ളട്ടെ. ഈ കൊറോണക്കാലം അതിജീവിക്കണമെങ്കിൽ നിങ്ങൾക്ക് ബന്ധങ്ങളുടെ നിക്ഷേപം ഉണ്ടായേ പറ്റൂ. പണ്ടൊക്കെ പണം കൊണ്ട് നിസ്സാരമായി കൈക്കലാക്കാമായിരുന്ന വസ്തുക്കളും കാര്യങ്ങളും ഒക്കെ ഇനി എത്ര പണമുണ്ടെങ്കിലും നിങ്ങൾക്ക് നേടിയെടുക്കാനോ ചെയ്തു തീർക്കാനോ പറ്റാതെ വരും. നിങ്ങളുടെ ബന്ധങ്ങളിൽ കൂടുതൽ സമയം നിക്ഷേപിക്കാൻ ഇതിലും പറ്റിയ സമയമില്ല.
അപ്പൊ എല്ലാം പറഞ്ഞത് പോലെ.
 
#weshallovercome
 
മുരളി തുമ്മാരുകുടി

Leave a Comment