പൊതു വിഭാഗം

കൊറോണക്കാലം, വിവാദങ്ങളും വിമർശനങ്ങളും

ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇപ്പോൾ കൊറോണ വൈറസ് എത്തിച്ചേർന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. മൊത്തം കേസുകൾ 24 ലക്ഷവും മൊത്തം മരണ സംഖ്യ 17,0000 വും കടന്നു. കൊറോണ വർദ്ധനവിന്റെ ഗ്രാഫ് നോക്കിയാൽ ഉറപ്പായും കാണാവുന്നത് അതിന്റെ ഉച്ചിയിലൊന്നും നാം എത്തിയിട്ടില്ല എന്നാണ്. ആദ്യത്തെ പത്തുലക്ഷം കടക്കാൻ 93 ദിവസം എടുത്തപ്പോൾ അടുത്ത മില്യൺ കടക്കാൻ വെറും പതിമൂന്നു ദിവസമാണ് എടുത്തത്. ഈ കണക്കിന് ഈ മാസം അവസാനിക്കുന്നതിന് മുൻപ് ഒരുപക്ഷെ മൂന്നാമത്തെ പത്തുലക്ഷവും കടക്കും. മരണ സംഖ്യ ഒന്നിൽ നിന്നും രണ്ടു ലക്ഷവും ആകും.
 
ഈ രോഗങ്ങളുടെയും മരണങ്ങളുടേയും നടുക്കും കൊറോണ വിവാദങ്ങൾക്ക് ക്ഷാമമൊന്നുമില്ല. ഇന്നിപ്പോൾ ലോകത്തെ നമുക്ക് നാലായി വിഭജിക്കാം.
 
1. കൊറോണ മരണങ്ങൾ ഇല്ല, വിവാദങ്ങളും ഇല്ല.
2. കൊറോണ മരണങ്ങൾ ഇല്ല, പക്ഷെ വിവാദം ഉണ്ട്.
3. കൊറോണ മരണങ്ങൾ ഉണ്ട്, പക്ഷെ വിവാദം ഇല്ല.
4. കൊറോണ മരണങ്ങൾ ഉണ്ട് , വിവാദങ്ങളും ഉണ്ട്.
 
മരണങ്ങൾ പതിനായിരം കടന്ന ബ്രിട്ടനിൽ രോഗവ്യാപനത്തിന്റെ ആദ്യകാലത്ത് ആ വിഷയത്തെ പറ്റി നടന്നിരുന്ന ക്യാബിനറ്റ് ബ്രീഫിംഗിൽ (COBRA Meeting എന്നാണ് അവിടുത്തെ പത്രക്കാർ ഇതിന് പേരിട്ടിരിക്കുന്നത്) പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല എന്നതാണ് വിവാദം. അമേരിക്കയിൽ, വേണ്ട സമയത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചോ, ലോക്ക് ഡൌൺ പിൻവലിക്കാൻ സമയമായോ തുടങ്ങിയ വിവാദങ്ങൾ നടക്കുന്നു. ഗൂഗിളിൽ Corona Controversy എന്നോ corona criticism എന്നോ ടൈപ്പ് ചെയ്താൽ ശറപറേന്ന് വിവാദങ്ങളുടെയും വിമർശനങ്ങളുടെയും വാർത്ത വരും. നമുക്ക് ഇഷ്ടമുള്ളത് വായിക്കാം, നമ്മുടെ രാഷ്ട്രീയമനുസരിച്ച് ഭാഗം പിടിക്കാം, ചർച്ച ചെയ്യാം, ഫോർവേഡ് ചെയ്യാം.
 
കേരളത്തിലും വിവാദങ്ങൾ ഉണ്ടെങ്കിലും ഭാഗ്യവശാൽ നമ്മൾ ഗ്രൂപ്പ് രണ്ടിൽ ആണ്. അതായത് കൊറോണ മരണങ്ങൾ സംഭവിക്കുന്നില്ല, വിവാദങ്ങൾ മാത്രമേ ഉള്ളൂ. കൊറോണ മരണങ്ങളും ഇല്ല വിവാദങ്ങളും ഇല്ല എന്ന സ്ഥിതിയാണ് ഏറ്റവും നല്ലത്. പക്ഷെ അതൊരു ജനാധിപത്യ സംവിധാനത്തിൽ സാധിക്കുന്നതോ പ്രതീക്ഷിക്കാവുന്നതോ അല്ല. അപ്പോൾപ്പിന്നെ സെക്കൻഡ് ബെസ്റ്റ് രണ്ടാമത്തെ ഗ്രൂപ്പ് തന്നെയാണ്. ഞാൻ കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ പറയുന്നത് പോലെ ഇതൊരു മാരത്തൺ ഓട്ടമായതിനാൽ ഇനിയും വിവാദങ്ങൾ വരും, പോകും. അതിലെ ശരിയും ശരികേടും, രാഷ്ട്രീയവും, അവസരവാദവും എല്ലാം കാലം വിലയിരുത്തട്ടെ. അത് എന്റെ വിഷയമല്ല.
 
പക്ഷെ ഞാൻ ശ്രദ്ധിക്കുന്നതും മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതുമായ ചിലതുണ്ട്. കേരളത്തിലെ കൊറോണക്കാലത്തെ നയരൂപീകരണം എന്നത് താമരശ്ശേരി ചുരത്തിലെ ഡ്രൈവിങ് പോലെയാണ്. കടുകുമണി വ്യത്യാസത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കഴിഞ്ഞാൽ എല്ലാം തവിട് പൊടിയാകും. കൊറോണക്കേസുകൾ നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ വെറും രണ്ടുമാസത്തിനകം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികൾക്കപ്പുറത്തേക്ക് കേസുകളുടെ എണ്ണം വളരും. ലോക്ക് ഡൌൺ അനന്തമായി നീട്ടിക്കൊണ്ടു പോയാൽ സാന്പത്തിക സ്ഥിതി ആകെ അവതാളത്തിലാകും, ജന ജീവിതവും. ഇവ തമ്മിലുള്ള ഒരു ബാലൻസിംഗ് ആണ് ഇപ്പോൾ നടക്കുന്നത്, അവിടെയാണ് ഭരണ സംവിധാനങ്ങളുടെ പരമാവധി ശ്രദ്ധ വേണ്ടത്. ആ കാര്യങ്ങളെ പറ്റിയാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.
 
1. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ കേസുകളുടെ എണ്ണം കൂടുന്നു. പ്രതിദിനം ആയിരം കേസൊക്കെയാണ് കൂടി വരുന്നത്. മെയ് മൂന്നിന് ലോക്ക് ഡൌൺ പൂർണ്ണമായും പിൻവലിക്കാൻ സാധിക്കുമോ, സാധിച്ചു കഴിഞ്ഞാൽ പിന്നീട് സാമൂഹിക അകലം പാലിക്കൽ എത്രമാത്രം സാധ്യമാകും, കേസുകളുടെ വളർച്ച നിരക്ക് കുറഞ്ഞത് നിലനിർത്താൻ സാധിക്കുമോ, കേസുകൾ ലക്ഷങ്ങളിലേക്ക് വളരുമോ, അത് എവിടെ വരെ എത്താം, എത്തും?
 
2. ആഭ്യന്തര യാത്രാ വിലക്കുകൾ കുറഞ്ഞു കഴിഞ്ഞാൽ, സ്വകാര്യ വാഹനങ്ങൾ കൂടി അനുവദിച്ചാൽ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് മലയാളികൾ തീർച്ചയായും തിരിച്ചു വരാൻ ശ്രമിക്കും. അത് തികച്ചും ന്യായവുമാണ്. ഇപ്പോൾ തന്നെ റെയിൽ പാളത്തിലൂടെയും കാട്ടിലൂടെയും നടന്ന് ആളുകൾ കേരളത്തിലെത്താൻ ശ്രമിക്കുന്നു. ഇനി വരുന്ന ദിവസങ്ങളിൽ അത് വർദ്ധിക്കില്ലേ? ഇങ്ങനെ സർക്കാർ നിർദ്ദേശം അനുസരിക്കാതെ ഊടുവഴികളിലൂടെ വരുന്നവർ സർക്കാരിൽ റിപ്പോർട്ട് ചെയ്യുമോ, ക്വാറന്റൈൻ നിയമങ്ങൾ പാലിക്കുമോ, നമ്മുടെ കേസുകൾ വീണ്ടും ഉയരുമോ?
 
3. ഒന്നും രണ്ടുമായി ഇന്ത്യക്കാർ മറുനാടുകളിൽ മരിക്കുന്നുണ്ട്. പോരാത്തതിന് ഗൾഫ് നാടുകളിൽ എണ്ണ വില കുറയുന്നതിന്റെ സാന്പത്തിക പ്രശ്നങ്ങളുമുണ്ട്. അവിടെ നിന്നും ആയിരക്കണക്കിന് മലയാളികളുടെ നാട്ടിൽ എത്തണമെന്ന തികച്ചും ന്യായമായ ആവശ്യം എന്നാണ് സാധിക്കുക? എത്തിക്കഴിഞ്ഞാൽത്തന്നെ നാലാഴ്ചത്തെ ക്വാറന്റൈൻ മതിയാകുമോ? വീട്ടിലിരിക്കാൻ പറഞ്ഞാൽ ആളുകൾ അത് അനുസരിക്കുമോ?
 
4. ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ എത്തിയത് മറ്റിടങ്ങളേക്കാൾ ഒന്നുരണ്ടു മാസം വൈകിയാണ്. ചുരുക്കം ഇന്ത്യക്കാരുള്ള അവിടെയും കേസുകളുടെ എണ്ണം പതുക്കെ കൂടി വരുന്നു. ആഫ്രിക്കയിലെ പലയിടങ്ങളിലും ആരോഗ്യ സംവിധാനം മറ്റിടങ്ങളിലേത് പോലെ വികസിതമല്ല. എങ്ങനെയാണ് ഇവരുടെ കാര്യത്തിൽ സഹായം ചെയ്യാൻ കഴിയുന്നത്?. അവിടെ നിന്നും, അതുപോലെ വളരെ കുറഞ്ഞ എണ്ണം മാത്രം ഇന്ത്യക്കാരുള്ള മറ്റ് നാടുകളിൽ നിന്നും നാട്ടിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരെ എങ്ങനെയാണ് സഹായിക്കാൻ സാധിക്കുന്നത്?
 
5. എസ് എസ് എൽ സി പരീക്ഷ ഇനിയും തീർന്നിട്ടില്ല, അത് തീർത്ത് മാർക്കിട്ട് റിസൾട്ട് പ്രഖ്യാപിച്ച് പുതിയ അധ്യയന വർഷം തുടങ്ങണം. കേസുകളുടെ കാര്യത്തിൽ വീണ്ടും ഉയർച്ച ഉണ്ടായാൽ ഇത് നടക്കില്ല. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക സംഘർഷം ഇനിയും കൂടും. അതെങ്ങനെ കൈകാര്യം ചെയ്യും?
 
6. മെയ് മാസത്തിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായാൽ ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുക സാധ്യമല്ല. ഗൾഫിലും യൂറോപ്പിലും ഉൾപ്പെടെ ധാരാളം സ്‌കൂളുകളിൽ അധ്യയനം ഓൺലൈൻ ആക്കി മാറ്റിയിരിക്കുകയാണ്. എങ്ങനെയാണ് കണക്ടിവിറ്റിയും കന്പ്യൂട്ടറും എല്ലാവർക്കും ലഭ്യമല്ലാത്ത നമ്മുടെ സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത്?
 
7. അടുത്ത വർഷത്തെ പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള എൻട്രൻസ് പരീക്ഷകളും, പ്ലസ് ടു മുതൽ പി ജി വരെയുള്ള അഡ്മിഷനുകളും നടത്തണം. ഇതൊക്കെ സാധ്യമാകുമോ?
8. കേരളത്തിന് പുറത്തും വിദേശത്തും ആയിരക്കണക്കിന് വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിന് പോകുന്നുണ്ട്. ഏറെപ്പേർ ഇപ്പോൾത്തന്നെ അവിടെ ഉണ്ട്? ഇവരുടെ കാര്യങ്ങൾ എന്താകും?
 
9. എണ്ണ വില വളരെ കുറഞ്ഞ സാഹചര്യത്തിൽ കേരളത്തിലെ ധാരാളം ആളുകൾ തൊഴിൽ ചെയ്യുന്ന ഗൾഫ് നാടുകളിൽ ഉണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി നമ്മുടെ തൊഴിലിനെ മാത്രമല്ല അവിടെ ബിസിനസ്സ് ചെയ്യുന്നവർ, അവിടേക്ക് കയറ്റുമതി ചെയ്യേണ്ടവർ തുടങ്ങിയവരെയും ബാധിക്കും. എങ്ങനെയാണ് അത് നമ്മുടെ സന്പദ്‌വ്യവസ്ഥയെ ബാധിക്കുന്നത്? എന്ത് തയ്യാറെടുപ്പാണ് നാം നടത്തേണ്ടത്?
 
10. ഈ കൊറോണക്കാലത്തും പ്രകൃതിയുടെ നിയമങ്ങൾക്ക് മാറ്റമൊന്നുമില്ല. മഴക്കാലം വരികയാണ്, പനിക്കാലവും. വേനൽക്കാല മഴകൾ പതിവിലും കൂടുതലാണ്. ഓടകളും കാനകളും വൃത്തിയാക്കി നാം മഴക്കാലത്തിന് തയ്യാറെടുക്കേണ്ട സമയമാണ്. മഴയുടെ തോത് എന്തായിരിക്കും എന്ന് ശ്രദ്ധിക്കണം, വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഇനിയും ഉണ്ടാകാം, ഇതിനൊക്കെ കരുതിയിരിക്കണം.
 
സാന്പത്തിക വെല്ലുവിളികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും പലതുണ്ട്. അതോരോന്നും ചിന്തിക്കേണ്ടതും കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുമാണ്. തീർച്ചയായും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇക്കാര്യങ്ങളിലെല്ലാം മനസ്സിരുത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയിൽ കേസുകളുടെ എണ്ണം കുതിച്ചു കയറാതെ പിടിച്ചു കെട്ടാനാകുമെന്നും കേരളത്തിൽ ഇനിയും ഒരു പീക്ക് ഉണ്ടാകാതെ നോക്കാൻ കഴിയുമെന്നും തൽക്കാലം പ്രതീക്ഷിക്കാം. അതേസമയം അങ്ങനെ അല്ലാത്ത സാഹചര്യങ്ങൾക്ക് തയ്യാറെടുക്കുകയും ആവാം.
 
വിമർശനങ്ങളും വിവാദങ്ങളും എല്ലാം സമാന്തരമായി നടക്കട്ടെ.
 
മുരളി തുമ്മാരുകുടി

Leave a Comment