പൊതു വിഭാഗം

കൊച്ചു കൊച്ചു സന്തോഷങ്ങൾ…

പാരീസിലെ ഈഫൽ ഗോപുരം പോലെ, ലണ്ടനിലെ ബിഗ് ബെൻ പോലെ, റോമിലെ കൊളോസിയം പോലെ വർഷത്തിൽ ഏത് സീസണിലും ഉറപ്പായും കാണുന്ന സംഭവങ്ങളൊന്നും ജനീവയിലില്ല. ഏറ്റവും പ്രശസ്തമായത് ജനീവയിലെ ഫൗണ്ടൻ ആണ്. കാറ്റുവന്നാൽ, മഴ വന്നാൽ, തണുപ്പ് കൂടിയാൽ, വെടിക്കെട്ടുള്ളപ്പോൾ എന്നിങ്ങനെ ഫൗണ്ടൻ അടച്ചിടാൻ ഒരു കാരണം നോക്കി ഇരിക്കുകയാണവർ. പിന്നെയുള്ളത് ഫ്‌ളവർക്ളോക്ക് ആണ്. ഓരോ രണ്ടു മാസം കൂടുന്പോഴും അവർ അതിന്റെ പൂക്കളും ഡിസൈനും മാറ്റും. വീണ്ടും ശരിയായി വരാൻ ദിവസങ്ങളെടുക്കും. ഇക്കാരണങ്ങളാൽ സാധാരണയായി സ്വിറ്റ്സർലാൻഡിലെ ടൂറിസ്റ്റ് സർക്യൂട്ടിൽ ജനീവ വരാറില്ല.
 
ഞാൻ ഫേസ്ബുക്കിൽ എഴുതിത്തുടങ്ങിയതിൽ പിന്നെ എൻറെ സുഹൃത്തുക്കളുടെ യൂറോപ്യൻ ടൂറിൽ ജനീവ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വിറ്റ്സർലാൻഡിൽ വരുന്പോൾ എന്നെ കാണാനായി മാത്രം ജനീവക്ക് വരുന്നവരും, എന്നെ കാണാൻ വേണ്ടി മാത്രം സ്വിറ്റ്‌സർലൻഡ് യൂറോപ്യൻ ടൂറിൽ ഉൾപ്പെടുത്തുന്നവരുമുണ്ട്. ആരെങ്കിലും ജനീവയിൽ പോകുന്നുണ്ട് എന്ന് സുഹൃത്തുക്കളോട് പറയുന്പോൾ “അപ്പോൾ രണ്ടാമനെ കാണുന്നില്ലേ” എന്ന് ചോദിക്കുന്ന മട്ടിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
 
ആളുകൾ ഇവിടെ വരുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. ഓഫീസ് ദിവസങ്ങളിൽ പോലും സമയം കണ്ടെത്തി അവരുടെ കൂടെ ചായയോ, ഡിന്നറോ കഴിക്കാൻ ശ്രമിക്കാറുണ്ട്. രണ്ടു ദിവസം ഇവിടെയുള്ളവർക്ക് വേണ്ടി ചായ് പേ ചർച്ച നടത്താറുണ്ട്. എല്ലാവരുടേയും കൂടെ സെൽഫി ഉറപ്പാണ്. ആകെയുള്ള കുഴപ്പം ഫൗണ്ടനും ക്ളോക്കും പോലെ ഞാനും ജനീവയിൽ സ്ഥിരവാസി അല്ല എന്നതാണ്. എന്നാൽ മുൻകൂട്ടി പറഞ്ഞാൽ ഇവിടെ ഉണ്ടാകാൻ പരമാവധി ശ്രമിക്കുന്നതുമാണ്.
 
ജനീവയിൽ തണുപ്പ് മാറി വസന്തം എത്തി. ഇനി സെപ്റ്റംബർ വരെ ഇവിടം സന്ദർശിക്കാൻ അടിപൊളി സമയമാണ്. ധാരാളം ആളുകൾ ഇത്തവണ വരുന്നുണ്ട്. എല്ലാവർക്കും സ്വാഗതം. ഇതുവരെ പ്ലാൻ ചെയ്തിട്ടില്ലാത്തവർക്ക് ഇനിയും സമയമുണ്ട്. ഞാൻ ഇവിടെയുണ്ടെങ്കിലും ഇല്ലെങ്കിലും സുഹൃത്തുക്കൾക്ക് താമസിക്കാൻ ജനീവയിലെ തുമ്മാരുകുടി തുറന്നിട്ടിരിക്കയാണ്. ഞാൻ ഉണ്ടെങ്കിൽ കഞ്ഞിയും കത്തിയും ഉറപ്പായിട്ടും ശരിയാക്കാം.
അപ്പോൾ പ്ലാൻ ചെയ്യുകയല്ലേ?
 
മുരളി തുമ്മാരുകുടി
ജനീവ, ഏപ്രിൽ 22, 2019

Leave a Comment