പൊതു വിഭാഗം

കൊച്ചി പഴയ കൊച്ചിയല്ല, എഞ്ചിനീയർമാരോ?

സിവിൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തതിന്റെ ഒരു പ്രയോജനം ആവശ്യം വരുന്പോഴെല്ലാം സിവിൽ എൻജിനീയർമാരെ ധൈര്യമായി വിമർശിക്കാം എന്നതാണ്. ‘പഠിച്ചിട്ടു വിമർശിക്കൂ സുഹൃത്തേ’ എന്നാരും പറയില്ലല്ലോ.

അതുകൊണ്ടു തന്നെയാണ് കേരളത്തിൽ മണൽ മാഫിയ ഉണ്ടായതിന്റെ ഉത്തരവാദിത്തം, നിർമ്മാണരീതികളിൽ കാലാകാലമായി മാറ്റം കൊണ്ടുവരാത്ത സിവിൽ എൻജിനീയർമാരുടെ കൂടിയാണെന്ന് ഞാൻ പറഞ്ഞത്. ക്വാറിയുടെ, ഖരമാലിന്യത്തിന്റെ, ഇളകുന്ന പാലങ്ങളുടെ, ആസൂത്രണമില്ലാത്ത നഗരങ്ങളുടെ, മലയിടിച്ച് മണ്ണിടിച്ചിലുണ്ടാക്കുന്ന റോഡിന്റെ എല്ലാം കാര്യത്തിൽ നമുക്കുമുണ്ട് ഉത്തരവാദിത്തം. വേണ്ട സമയത്ത് വേണ്ടത് ചെയ്യാത്തത് ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്.

“എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാം, വേണ്ട സമയത്ത് അത് ഞങ്ങൾ പറഞ്ഞതുമാണ്, പക്ഷെ തീരുമാനമെടുക്കുന്നത് ഞങ്ങളല്ലല്ലോ” എന്നതാണ് പൊതുവെ ഇതിന് കിട്ടുന്ന ഉത്തരം. വാസ്തവമാണ്. സമൂഹത്തിൽ പണ്ടത്തെയത്ര സ്ഥാനവും, പിടിപ്പും, ബഹുമാനവും എൻജിനീയർമാർക്കിന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെയും, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെയും വളരെ താഴെയാണ് ഇപ്പോൾ എൻജിനീയർമാരുടെ സ്ഥാനം. 

ഇത് നമ്മൾ തന്നെ വരുത്തിവെച്ച വിനയാണ്. കാരണം, സമൂഹത്തിൽ നമുക്ക് മാത്രം ചെയ്യാവുന്ന കാര്യങ്ങളുണ്ട്. കാരണം, ഒഴുകുന്ന നദിയെ കളക്ടറോ മന്ത്രിയോ വിചാരിച്ചാൽ അണകെട്ടി തടയാൻ സാധിക്കില്ല. എത്ര ശക്തനായ പ്രധാനമന്ത്രി വിചാരിച്ചാലും ഒരു പട്ടിയെ പോലും ബഹിരാകാശത്ത് അയക്കാൻ പറ്റില്ല. എത്ര രാജാക്കന്മാരും ഷേക്കുമാരും ഉണ്ടെങ്കിലും മണലാരണ്യത്തിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കുഴിച്ചെടുക്കാൻ ആവില്ല. ഏത് മന്ത്രവാദി വിചാരിച്ചാലും ക്രൂഡ് ഓയിലിനെ പ്ലാസ്റ്റിക്കാക്കാൻ സാധിക്കില്ല. അതിനെല്ലാം എൻജിനീയർമാർ തന്നെ വേണം.  

എന്നാൽ എന്ത് ചെയ്യണം എന്നറിഞ്ഞാൽ മാത്രം പോരാ, അത് ചെയ്യിച്ചെടുക്കാനുള്ള കഴിവും കൂടി എൻജിനീയർമാർ ആർജ്ജിച്ചേ തീരൂ. അല്ലെങ്കിൽ പാതിരാത്രിയിൽ വെള്ളം വറ്റിക്കാൻ മോട്ടോർ അന്വേഷിച്ചു നടക്കേണ്ടി വരും.

കൊച്ചിയിലെ വെള്ളക്കെട്ടാണ് വിഷയം. കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ആയിരക്കണക്കിന് സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി, നൂറുകണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായി, രാഷ്ട്രീയമായി പഴിചാരലായി. ‘കാന വൃത്തിയാക്കാഞ്ഞിട്ടല്ലേ, കനാൽ കെട്ടിയടച്ചിട്ടല്ലേ, മുറ്റത്തു ടൈൽ ഇട്ടിട്ടല്ലേ” എന്ന തരത്തിൽ ഒറ്റമൂലി പ്രയോഗങ്ങളുമായി ‘വിദഗ്ദ്ധർ’ ചാനലിലും ഫേസ്ബുക്കിലും നിരന്നു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാക്കി ജനജീവിതം സാധാരണഗതിയിലാക്കണമെങ്കിൽ ഇനി എൻജിനീയർമാർ തന്നെ വിചാരിക്കണം.

എഞ്ചിനീയർമാർക്ക് മുന്നിൽ രണ്ടു സാദ്ധ്യതകളാണുള്ളത്.

 

  1. ഓടകളെല്ലാം വൃത്തിയാക്കി കനാലുകൾ തുറന്നു കൊടുത്ത്, ഭൂമിക്കടിയിൽ വലിയ പ്രളയജല സംഭരണികളുണ്ടാക്കി, കടലിലും കായലിലും ആവശ്യമുള്ളിടത്ത് ഭിത്തികെട്ടി, അതിശക്തിയുള്ള പന്പുകൾ കൊണ്ടുവന്ന് നഗരത്തിൽ എത്ര മഴപെയ്ത്താലും വെള്ളക്കെട്ടുണ്ടാക്കാതെ നോക്കാം. വെനീസ് മുതൽ കുലാലംപുർ വരെ, ടോക്കിയോ മുതൽ ലണ്ടൻ വരെയുള്ള നഗരങ്ങൾ ഇവയിൽ ഒന്നിൽ കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം കൂടുതൽ സാന്ദ്രതയുള്ള മഴ കൊണ്ടുവരും, കടലിലെ ജലനിരപ്പ് ഉയരും. അപ്പോൾ ഭിത്തിയുടെ ഉയരം കൂട്ടിയും പന്പിന്റെ കപ്പാസിറ്റി കൂട്ടിയും നഗരത്തെ എന്നും വെള്ളക്കെട്ടിൽ നിന്നും സംരക്ഷിക്കാം. ചിലവ് അല്പം കൂടുതലായേക്കാം. വെനീസിനെ കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനായി ഉണ്ടാക്കുന്നത് കടലിനു താഴെ കിടക്കുന്ന ഒരു ഭിത്തിയാണ്, ആവശ്യം വരുന്പോൾ അതുയർത്തി കടലിനെ തടഞ്ഞു നിർത്താം. നാല്പത്തിനായിരം കോടി രൂപയാണ് ഇതിന്റെ ചിലവ്. സാധാരണ സമയത്ത് റോഡും, മഴയുണ്ടാകുന്പോൾ പ്രളയജലസംഭരണിയുമായി മാറുന്ന മലേഷ്യയിലെ സ്മാർട്ട് ടണലിന്റെ ചിലവ് അയ്യായിരം കോടി രൂപയാണ്. ഭൂമിക്കടിയിലേക്ക് വെള്ളത്തെ ഒഴുക്കിവിട്ട് അവിടെ നിന്നും കടലിലേക്ക് പന്പ് ചെയ്യുന്ന പദ്ധതി ടോക്യോവിൽ ഉണ്ട്, ചിലവ് പതിനയ്യായിരം കോടി രൂപ. ഞാൻ പറഞ്ഞു വരുന്നത് കയ്യിൽ കാശുണ്ടെങ്കിൽ ഞങ്ങൾ എഞ്ചിനീയർമാർക്ക് ഇതൊക്കെ പൂ പറിക്കുന്നത് പോലെ നിസ്സാരമായ കാര്യമാണ് എന്നാണ്.
  1. മാറുന്ന കാലാവസ്ഥയുടെ ലോകത്ത് ഇത്തരം ഓട്ടയടക്കൽ പദ്ധതികൾ കൊണ്ടൊന്നും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് ചിന്തിക്കുന്ന എൻജിനീയർമാരുമുണ്ട്. ഞാൻ അവരിൽ പെട്ട ആളാണ്. പ്രകൃതിയും കാലാവസ്ഥയും തമ്മിലുള്ള ഈ യുദ്ധത്തിൽ ഇപ്പോഴേ പരാജയം സമ്മതിക്കുകയാണ് ബുദ്ധി. എന്നിട്ട് അടുത്ത നൂറു വർഷത്തിൽ കാലാവസ്ഥ വ്യതിയാനം പ്രകൃതിയോട് എന്താണ് ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞമാർ പറയുന്നത് കേൾക്കുക. അതനുസരിച്ച് പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയോടൊപ്പം നിർമ്മിക്കുക. പ്രായോഗികമായി പറഞ്ഞാൽ അടുത്ത നൂറുവർഷത്തിനകം സമുദ്രനിരപ്പ് ഒരു മീറ്ററെങ്കിലും ഉയരുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്, മഴയുടെ സാന്ദ്രത കൂടുമെന്നും. (എത്രത്തോളം കൂടുമെന്നത് സംബന്ധിച്ചും ശാസ്ത്രീയമായ കണക്കുണ്ട്). അപ്പോൾ ഈ രണ്ടു സാഹചര്യങ്ങളും ഉൾപ്പെടുത്തി കൊച്ചി പോലുള്ള നഗരത്തിൽ ഏതൊക്കെ സ്ഥലമാണ് സ്ഥിരമായി വെള്ളത്തിനടിയിലാകാൻ പോകുന്നത്, ഏതൊക്കെ സ്ഥലമാണ് വർഷത്തിൽ പലപ്രാവശ്യം വെള്ളക്കെട്ടിൽ ആകാൻ പോകുന്നതെന്ന് മോഡൽ ചെയ്യുക (ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല, ലോകത്ത് പലപ്രാവശ്യം ചെയ്തിട്ടുണ്ട്). ഇങ്ങനെ മാറുന്ന നാളത്തെ കൊച്ചിയിൽ ഏതൊക്കെ സ്ഥലങ്ങൾ പ്രകൃതിക്ക് വിട്ടുകൊടുക്കണം, ഏതൊക്കെ സ്ഥലങ്ങൾ ഇരട്ട ഉപയോഗമുള്ള സ്ഥലങ്ങളായി നിലനിർത്താം, ഏതൊക്കെ സ്ഥലമാണ് മനുഷ്യന് ഉപയോഗിക്കാൻ ബാക്കിയുള്ളത് എന്നെല്ലാം കണ്ടുപിടിക്കണം. (ഇടക്കിടക്ക് വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലം ആളുകൾ സ്ഥിരമായി താമസിക്കാത്ത, വലിയ നിക്ഷേപമില്ലാതെ മനുഷ്യന് ഉപകരിക്കുന്ന ഫുടബോൾ ഗ്രൗണ്ടോ, പബ്ലിക്ക് പാർക്കോ ആക്കി മാറ്റുന്നതിനെയാണ് ഇരട്ട ഉപയോഗം എന്ന് പറയുന്നത്. മഴ വരുന്പോൾ വെള്ളം അവിടെ കയറിക്കിടന്നോളും, അല്ലാത്തപ്പോൾ മനുഷ്യന് ഉപയോഗിക്കാം). ഇത്തരം ഒരു ബേസ് പ്ലാനിൽ നിന്നാണ് എഞ്ചിനീയറിങ്ങ് തുടങ്ങേണ്ടത്. ഇപ്പോൾ നിക്ഷേപിച്ചിരിക്കുന്ന പലതും എടുത്തുമാറ്റേണ്ടി വരും, ആളുകളെ മാറ്റി താമസിപ്പിക്കേണ്ടി വരും, ആശുപത്രികൾ സ്ഥലം മാറ്റേണ്ടി വരും. ഇതൊക്കെ ഇന്ന് ചെയ്താൽ നമ്മുടെ അടുത്ത തലമുറക്ക് സമാധാനമായി ജീവിക്കാൻ പറ്റും, ആത്യന്തികമായി സാന്പത്തിക ലാഭവും ഉണ്ടാകും. വെള്ളവുമായി അത്യാവശ്യം പരിചയമുള്ള  ഡച്ചുകാരാണ് ഈ പദ്ധതി തുടങ്ങിവച്ചതെങ്കിലും, വെള്ളപ്പൊക്കങ്ങൾക്ക് ശേഷം അമേരിക്കയും ഇംഗ്ലണ്ടും ജർമ്മനിയും ഇന്തോനേഷ്യയും ഈ ചിന്താഗതിയിലെ സാധ്യത മനസ്സിലാക്കിയിട്ടുണ്ട്.

പൊതുവിൽ പറഞ്ഞാൽ ലോകത്തെ എൻജിനീയർമാരുടെ സിലബസ്സിൽ ഇപ്പോഴും ഈ നിർമ്മാണ പദ്ധതി പഠിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ മതിൽ കെട്ടിയും കാന താഴ്‌ത്തിയും പന്പിങ്ങ് നടത്തിയും കാലാവസ്ഥ വ്യതിയാനത്തെ തടയാനുള്ള പദ്ധതികളാണ് ഇപ്പോഴും കൂടുതൽ ചിന്തിക്കപ്പെടുന്നത്. ഇത് മാറിയേ തീരൂ. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ കാലാവസ്ഥ വ്യതിയാണെത്തിനെ നേരിടാനുള്ള കർമ്മപദ്ധതി തയ്യാറാക്കിയപ്പോൾ ‘നേച്ചർ ബേസ്‌ഡ്‌ സൊല്യൂഷൻസ്’ അതിൽ ഒരു മുഖ്യവിഷയമായിരുന്നു. ഇത്തരത്തിലുള്ള ചിന്താഗതികൾ നമ്മുടെ നാട്ടിലും വരണം.

ഇതുകൊണ്ടാണ് 2019 ൽ തയ്യാറാക്കിയ പുതിയ കുട്ടനാട് പാക്കേജിൽ പോലും കാലാവസ്ഥ വ്യതിയാനം ഒരു ഫുട്ട് നോട്ട് മാത്രമാകുന്പോൾ എനിക്ക് വിഷമം വരുന്നത്. ഇതുകൊണ്ടാണ് കൊച്ചിയിലെ വെള്ളക്കെട്ടിനെ നേരിടാൻ കാനകൾ വൃത്തിയാക്കുന്നതും കനാലുകൾ വീതികൂട്ടുന്നതുമാണ് പരിഹാരമെന്ന് എൻജിനീയർമാർ ഉൾപ്പടെ പറയുന്പോൾ എനിക്ക് ബുദ്ധിമുട്ടാകുന്നത്. കൊച്ചി പഴയ കൊച്ചിയല്ല, കുട്ടനാട് പഴയ കുട്ടനാടും…  കാലാവസ്ഥ വ്യതിയാനം അടുത്ത നൂറു വർഷങ്ങളിൽ ഈ പ്രദേശത്തോട് എന്ത് ചെയ്യുമെന്ന് പഠിക്കാതെ നടത്തുന്ന ഏത് പരിഹാര പ്രവർത്തനവും ഹൃസ്വദൃഷ്ടിയോടെ ഉള്ളതാണ്, പരാജയപ്പെടാൻ പോകുന്നതും..!

കുറച്ചു കാര്യങ്ങൾ നമ്മൾ ഇന്നേ ചെയ്തു തുടങ്ങണം.

  1. കാലാവസ്ഥ വ്യതിയാനം കേരളത്തോട് എന്ത് ചെയ്യുമെന്നതിന് നല്ല ഒരു മോഡൽ ഉണ്ടാക്കണം.
  1. ദുരന്ത സാധ്യതയും കാലാവസ്ഥ വ്യതിയാനവും അടിസ്ഥാനമാക്കിയുള്ള ഭൂവിനിയോഗ മാപ്പ് കേരള വികസനത്തിന്റെ അടിസ്ഥാന രേഖ ആക്കണം.

3. കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ മറ്റു രാജ്യങ്ങൾ പ്രകൃതിയോടൊത്ത് ചെയ്യുന്നതെന്താണെന്ന് നമ്മൾ പഠിക്കണം.

 4. പ്രകൃതിയെ അറിഞ്ഞും പ്രകൃതിയോടൊത്തും നിർമ്മിക്കുക എന്നത് നമ്മുടെ എഞ്ചിനീയറിങ്ങ് കരിക്കുലത്തിന്റെ ഭാഗമാക്കണം.

ഇക്കാര്യങ്ങളിൽ ലോകത്ത് അനവധി പ്രദേശങ്ങളിൽ ഞങ്ങൾ  പ്രോജക്ടുകൾ ചെയ്യുന്നുണ്ട്. കേരളത്തിലും അധികാരികളുമായി സഹകരിച്ച് കാര്യങ്ങൾ ചെയ്തുതുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ പ്രളയം ഇത്തരം പ്രവർത്തനങ്ങളുടെ വേഗത കൂട്ടാനുള്ള ഒരവസരമാണ്. 

ഇക്കാര്യം എൻജിനീയർമാർ അറിയണം, അതനുസരിച്ചു മാത്രം വേണം നാളത്തെ കേരളത്തെ – കൊച്ചി ഉൾപ്പടെ, നിർമ്മിക്കാൻ. അല്ലെങ്കിൽ അടുത്ത തലമുറ നമ്മുടെ പ്രിതൃസ്മരണ നടത്തും. അത് വേണോ..?

ഇക്കാര്യത്തിൽ സർക്കാരിലോ പുറത്തോ ഉള്ള എഞ്ചിനീർമാർ താല്പര്യം കാണിച്ചാൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ തയ്യാറാണ്. (thummarukudy@gmail.com). 

മുരളി തുമ്മാരുകുടി  

 

Leave a Comment