പൊതു വിഭാഗം

കൊച്ചിൻ മെട്രോയിലെ പവനായി..

ജനീവയിൽ ബസ്, ട്രാം, ബോട്ട് എന്നിങ്ങനെ മൂന്ന് സംവിധാനങ്ങൾ ഉൾപ്പെട്ടതാണ് പൊതുഗതാഗതം. മൂന്നിനും കൂടി ഒറ്റ ടിക്കറ്റാണ്. ടിക്കറ്റിന്റെ ചാർജ്ജ് ദൂരം അനുസരിച്ചല്ല, സമയത്തിനാണ്. ഒരു മണിക്കൂറിന്റെ ടിക്കറ്റിന് മൂന്നു ഫ്രാങ്ക്, ഒരു ദിവസത്തേക്ക് പത്തു ഫ്രാങ്ക്. സീസൺ ടിക്കറ്റ് വേറെയും. ബസിലും ട്രാമിലും കണ്ടക്ടർമാരില്ല. ബസ് സ്റ്റോപ്പുകളിലും ട്രാം സ്റ്റോപ്പിലും ഉള്ള ടിക്കറ്റ് മെഷീനിൽ നിന്നും ടിക്കറ്റ് എടുക്കുക, യാത്ര ചെയ്യുക. ചെക്കർമാർ ഏത് സമയവും കയറാം, ടിക്കറ്റില്ലെങ്കിൽ ഫൈൻ ഉറപ്പ്. ഉടൻ കൊടുത്താൽ അറുപത് ഫ്രാങ്ക്, കൈയിൽ കാശില്ലെങ്കിൽ തൊണ്ണൂറു ഫ്രാങ്ക്. തട്ടിപ്പ് കാണിച്ച ആളുടെ പേരും വിവരവും അവർ ശേഖരിച്ചു വെക്കുന്നതിനാൽ ഫൈൻ കൊടുക്കാതെ നാടുവിടാം എന്ന് കരുതിയാൽ വിമാനത്താവളത്തിൽ പണികിട്ടും.
 
ജനീവ വിമാനത്താവളത്തിനുള്ളിൽ ഒരു പബ്ലിക്ക് ട്രാൻസ്‌പോർട്ട് ടിക്കറ്റ് മെഷീനുണ്ട്. അവിടെ പണം കൊടുക്കേണ്ട. ജനീവയിൽ വിമാനം ഇറങ്ങുന്ന എല്ലാവർക്കും അടുത്ത എൺപത് മിനിറ്റിലേക്ക് ജനീവയിലെ ബസും ട്രാമും ബോട്ടും ഫ്രീയാണ്. സ്റ്റേഷന്റെ തൊട്ടു മുന്നിലുള്ള ബസ് സ്റ്റോപ്പിൽ നിന്നും അറുപത് മിനിറ്റിനകം എത്താൻ പറ്റാത്ത സ്ഥലങ്ങൾ ജനീവയിൽ ഇല്ല. ജനീവയിൽ വിമാനം ഇറങ്ങിയാൽ ഓസിന് ബസുകയറിയാണ് ഞാൻ വീട്ടിലെത്തുന്നത്. ടാക്സി എടുത്താൽ ഇരുപത്തിയഞ്ചു ഫ്രാങ്ക് ആകും. എന്തിനാ ചുമ്മാ…
 
ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. കൊച്ചിയിൽ മെട്രോ തുടങ്ങുന്പോൾ കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും എന്ന് ചിന്തിച്ച – ആഗ്രഹിച്ച ഒരാളായിരുന്നു ഞാൻ. പൊതുഗതാഗതത്തിൽ ആളുകൾ കൂടും, സ്വകാര്യ വാഹനങ്ങൾ കുറയും, സിറ്റി ബസുകളുടെ എണ്ണം കുറയും, മത്സര ഓട്ടം അവസാനിക്കും, അപകടം കുറയും… സാധ്യതകൾ പലതായിരുന്നു.
 
മെട്രോ കൂടുതൽ ഫലപ്രദമാകണമെങ്കിൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശരിയാക്കണം. അതിനായി മെട്രോയുടെ സമീപത്ത് ആവശ്യമായ പാർക്കിങ്ങ് ഉണ്ടാകണം. സ്വന്തം വാഹനം ഇല്ലാത്തവർക്ക് മെട്രോ ഇറങ്ങിയാൽ വീട്ടിലെത്താൻ മെട്രോ സ്റ്റേഷന്റെ പരിസരത്ത് ഓടുന്ന മിനി ബസോ മറ്റെന്തെങ്കിലും വാഹനങ്ങളോ വേണം എന്നൊക്കെയുള്ള ആശയങ്ങൾ പലപ്പോഴും പങ്കുവെച്ചിരുന്നു. മെട്രോ അങ്ങനെയുള്ള സംവിധാനങ്ങൾ ഉണ്ടാക്കുന്നു എന്നും ഓട്ടോറിക്ഷ യൂണിയനുമായുള്ള എഗ്രിമെന്റ് പ്രകാരം ഓട്ടോയിറങ്ങിയാൽ രണ്ടു കിലോമീറ്റർ ചുറ്റളവിൽ പത്തുരൂപ ഫിക്സഡ് റേറ്റിന് ഷെയേർഡ് ഓട്ടോ ഉണ്ടാകും എന്നും കേട്ടിരുന്നു.
 
ഇത്തരം ലാസ്റ്റ് മൈൽ കണക്ടിവിറ്റി കണ്ടില്ല എന്ന് മാത്രമല്ല മെട്രോ തുടങ്ങിയത് തന്നെ ബസ് ചാർജിനെക്കാളും ഇരട്ടിയോളം ചാർജ്ജിലാണ്. പുതിയ സംവിധാനത്തിൽ കയറാനുള്ള ആളുകളുടെ താല്പര്യം മുതലെടുക്കാനും, മെട്രോയിലെ സ്റ്റാഫിനെ സംവിധാനങ്ങൾ പരിചയമാക്കാനും കുറച്ചു നാളത്തേക്ക് മാത്രമുള്ള പ്രീമിയം റേറ്റ് ആണെന്നാണ് വിചാരിച്ചത്.
 
മെട്രോ തുടങ്ങി വർഷം ഒന്നു കഴിഞ്ഞിട്ടും റേറ്റ് കുറയുന്നില്ല, ആളുകൾ മൊത്തമായി മെട്രോയിലേക്ക് മാറുന്നില്ല, മാറ്റാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നില്ല, ഫിക്സഡ് റേറ്റ് ഓട്ടോയും മെട്രോക്ക് ചുറ്റും ഓടുന്ന മിനിബസും ഒന്നും ഞാൻ കണ്ടിട്ടില്ല, മത്സര ഓട്ടം തുടരുന്നു.
 
മെട്രോയുടെ ചാർജ്ജ് കുറക്കുകയും ആളുകൾ കൂടുകയും ചെയ്‌താൽ മെട്രോയുടെ വരുമാനം കൂടുമോ കുറയുമോ എന്നെനിക്ക് അറിയില്ല. പക്ഷെ ഇത് എളുപ്പത്തിൽ പരീക്ഷിച്ച് അറിയാവുന്ന കാര്യമാണ്. പൊതുഗതാഗതം ലോകത്ത് അപൂർവ്വം സ്ഥലങ്ങളിലേ ലാഭമുള്ളതുള്ളൂ, പൊതുഗതാഗതം മൊത്തമായി ഫ്രീ ആക്കിയാലോ എന്നാണ് ചില രാജ്യങ്ങളിലെ ചിന്ത. ഒരു പൊതുഗതാഗത സംവിധാനവും ലാഭമുണ്ടാക്കണം എന്നൊരു നിർബന്ധവും എനിക്കില്ല. പക്ഷെ പൊതുഗതാഗതത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കണം എന്നുണ്ട്. ചാർജ്ജ് കുറച്ചും, വിദ്യാർത്ഥികൾക്ക് ന്യായമായ സൗജന്യങ്ങൾ നൽകിയും, ലാഭമുള്ള സീസൺ ടിക്കറ്റ് കൊടുത്തും, വീക്കെൻഡിൽ സീസൺ ടിക്കറ്റ് ഉള്ള ഒരാൾക്ക് ഫ്രീ ആയി സഞ്ചരിക്കാം എന്നൊക്കെ സൗജന്യങ്ങൾ കൊടുത്തും മെട്രോയിലെ ട്രാഫിക്ക് ഇരട്ടിയാക്കാൻ തീർച്ചയായും ശ്രമിക്കണം. മെട്രോ വന്നതിന്റെ മാറ്റം മെട്രോ സ്റ്റേഷനിൽ മാത്രമല്ല, താഴെ റോഡുകളിലും കാണണം.
കൊച്ചിയെ ഒരു മെട്രോ നഗരമാക്കാൻ കൊച്ചി മെട്രോക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതിൽ എനിക്ക് ശരിക്ക് വിഷമമുണ്ട്. എന്തൊക്കെ മോഹങ്ങൾ ആയിരുന്നു. അവസാനം പവനായി…
 
മുരളി തുമ്മാരുകുടി.
 

Leave a Comment