പൊതു വിഭാഗം

കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങൾ…

ഇന്നിപ്പോൾ രാഷ്ട്രീയത്തിന്റെ ദിവസമാണെന്നറിയാഞ്ഞിട്ടല്ല. എല്ലാവരും രാഷ്ട്രീയം പറയാൻ ഇറങ്ങുന്ന ദിവസം ഞാൻ എന്ത് പറയാൻ. വിജയിച്ചവർക്ക് ആശംസകൾ..! പ്രതീക്ഷ നൽകുന്ന വോട്ടിങ് പാറ്റേൺ ആണെന്ന് മാത്രം പറയാം.
 
ഇന്ന് നിങ്ങളുടെ ഒരു സഹായം വേണം.
 
ലോകത്തെവിടെയും രാജ്യങ്ങൾ പുരോഗതി നേടുന്നത് ശാസ്ത്രവും സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കിയാണ്. കന്പ്യൂട്ടർ രംഗത്തും കൃഷിയിലും സ്ഥിതി ഇത് തന്നെ. ചിലർ അത് രാജ്യത്ത് തന്നെയുള്ള യൂണിവേഴ്സിറ്റികളിലും ഗവേഷണ സ്ഥാപനങ്ങളിലും നിക്ഷേപം നടത്തി അതിൻറെ ഗുണഫലങ്ങൾ അനുഭവിക്കുന്നു. മറ്റു ചിലർ വേറെ രാജ്യങ്ങൾ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ വാങ്ങി ഉപയോഗിക്കുന്നു. മറ്റു ചിലരാകട്ടെ, ഇന്റലക്ച്വൽ പ്രോപ്പർട്ടി അടിച്ചു മാറ്റുന്നു. എന്താണെങ്കിലും അടിസ്ഥാനം ഗവേഷണം തന്നെ.
 
ഈ സാഹചര്യത്തിൽ ഞാൻ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങൾ എങ്ങനെയാണ് സംസ്ഥാനത്തിന്റെ വികസനത്തിനായി ഉപയോഗിക്കാൻ സാധിക്കുന്നത് എന്നൊരു പഠനം നടത്താൻ പോവുകയാണ്. തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണ സ്ഥാപനം, കാസർഗോട്ടെ തോട്ടവിള ഗവേഷണ കേന്ദ്രം, പീച്ചിയിലെ ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്ടെ കണക്കു ഗവേഷണ കേന്ദ്രം തുടങ്ങി കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിയന്ത്രണത്തിലുള്ള അനവധി ഗവേഷണസ്ഥാപനങ്ങൾ കേരളത്തിലുണ്ട്.കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക്ക് പോളിസി റിസർച്ച്, തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവിറോണ്മെന്റൽ സയൻസസ് ആൻഡ് ഡെവലപ്പ്മെന്റ് തുടങ്ങിയ സർക്കാരിതര ഗവേഷണ സ്ഥാപനങ്ങളുമുണ്ട്.
 
ഈ ഗവേഷണ സ്ഥാപനങ്ങളെല്ലാം ഒറ്റക്കും കൂട്ടായും കേരളസമൂഹത്തിനും സന്പദ്‌വ്യവസ്ഥക്കും എന്തെല്ലാം സംഭാവനകളാണ് നൽകിയിട്ടുള്ളത് എന്നതിൽ ആളുകൾക്ക് പല അഭിപ്രായങ്ങളുണ്ടാകാം. പക്ഷെ ആർക്കും അറിയില്ലാത്ത കാര്യം കേരളത്തിൽ ഇത്തരം എത്ര സ്ഥാപനങ്ങളുണ്ട് എന്നതാണ്. പത്ത്?, അന്പത്?, നൂറ്?
 
ഇവിടെയാണ് എനിക്ക് നിങ്ങളുടെ സഹായം വേണ്ടത്. കേരളത്തിൽ നിങ്ങൾക്കറിയാവുന്ന ഗവേഷണ സ്ഥാപനങ്ങളുടെ പേരുകൾ അറിയിച്ചാൽ വളരെ ഉപകാരമാകും. യൂണിവേഴ്സിറ്റികൾ, ഐ സി എ ആർ സ്ഥാപനങ്ങൾ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവിറോണ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങൾ എനിക്കറിയാം. സർക്കാർ സംവിധാനനത്തിലും പുറത്തുമുള്ള സ്ഥാപനങ്ങൾ വേറെയുമുണ്ട്. അത് നിങ്ങൾക്കറിയാമെങ്കിൽ അറിയിക്കണം. ശാസ്ത്രവിഷയത്തിൽ മാത്രമല്ല എക്കണോമിക്സ് സാമൂഹ്യ ശാസ്ത്രങ്ങൾ ഇവയും ഉൾപ്പെടുത്താം.
 
മുരളി തുമ്മാരുകുടി
 

Leave a Comment