പൊതു വിഭാഗം

കേരളത്തിന്റെ #metoo മൊമന്റ്..

രണ്ടായിരത്തി പതിനേഴ് ഒക്ടോബറിലാണ് ഇപ്പോൾ ലോകത്ത് പ്രശസ്തമായ #metoo പ്രസ്ഥാനം തുടങ്ങുന്നത്. ഹോളിവുഡിൽ അഭിനയമോഹവുമായെത്തുന്ന താരങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന പുരുഷന്മാരെ തുറന്നു കാട്ടാൻ തുടങ്ങിയ പ്രസ്ഥാനം കാട്ടുതീ പോലെ ലോകത്തെമ്പാടും പരന്നു. തൊഴിൽ സ്ഥലത്ത് മാത്രമല്ല, ആരാധനാലയങ്ങളിൽ, പൊതു ഇടങ്ങളിൽ, സ്‌കൂളുകളിൽ, റെസ്ക്യൂ ഹോമുകളിൽ എല്ലാം സ്ത്രീകളും കുട്ടികളും ലൈംഗികമായി ഉപദ്രവിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നുള്ള തുറന്നുപറച്ചിലുകളുണ്ടായി. സിനിമാ നിർമ്മാതാക്കൾ മുതൽ രാഷ്ട്രത്തലവന്മാർ വരെ അധ്യാപകർ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെ സഹപ്രവർത്തകർ തൊട്ടു സ്വന്തം അച്ഛന്മാർ വരെ ഇത്തരം പീഡകർ ആയിട്ടുണ്ടെന്ന് സ്ത്രീകൾ തുറന്നു പറഞ്ഞു, പലരുടെയും മുഖംമൂടി കീറി, ഏറെപ്പേർ ജയിലിലായി. പീഡനം അനുഭവിച്ചവരിൽ ഒരു ശതമാനം പോലും അത് ഇനിയും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും, പീഢകരിൽ ഒരു ശതമാനത്തിന്റെ ഒരു ശതമാനം പോലും നിയമനത്തിന്റെ മുന്നിൽ എത്തിയില്ലെങ്കിലും ലോകത്തെവിടെയും പീഡകർക്ക് പേടി തട്ടിയിട്ടുണ്ട്. അതൊരു നല്ല തുടക്കമാണ്.
 
#metoo കാമ്പയിൻ കേരളത്തിലെത്തിയ സമയത്ത് അതൊരു ഹാഷ് ടാഗ് കാമ്പയിനിനും അപ്പുറത്തേക്ക് പോയില്ല. വീട്ടിലും പൊതുസ്ഥലത്തും തൊഴിൽ സ്ഥലത്തും സ്‌കൂളിലും പീഡനത്തിന് വിധേയേരായിട്ടുണ്ടെന്ന് പൊതുവിൽ തുറന്നു പറച്ചിലുകൾ ഉണ്ടായെങ്കിലും വ്യക്തികളുടെ നേരെ ആരും കൈചൂണ്ടിയില്ല.
 
അത് മാറുകയാണ്. പള്ളിയിലെ അച്ചന്മാർ മുതൽ വീട്ടിലെ അച്ഛന്മാർ വരെ പീഡിപ്പിച്ച കഥകൾ സ്ത്രീകൾ പേരും വിലാസവും ഉൾപ്പെടെ തുറന്നു പറഞ്ഞു കഴിഞ്ഞു. സഹപ്രവർത്തകർ, ആദർശ ധീരർ ഇവരുടെയൊക്കെ തനിനിറം സ്ത്രീകൾ സമൂഹമാധ്യമത്തിലും സമൂഹത്തിലും തുറന്നിട്ടു. അർദ്ധ രാത്രിയിൽ സൂര്യനുദിച്ചാൽ പൊതുവഴിയിൽ നഗ്നരായി പിടിക്കപ്പെട്ടപോലെ പീഡനാരോപണത്തിന് വിധേയരായവർ ഫേസ്ബുക്ക് പേജ് പൂട്ടി മുങ്ങുന്നു, പോലീസ് അന്വേഷിക്കുമെന്ന് പേടിച്ച് വീട് പൂട്ടി സ്ഥലം വിടുന്നു.
 
ലോകത്തെവിടെയും പോലെ സ്ത്രീകളെയും കുട്ടികളെയും (ആൺകുട്ടികൾ ഉൾപ്പടെ) ലൈംഗികമായി ഉപദ്രവിക്കുന്നവരും ഉപയോഗിക്കുന്നവരും കേരളത്തിലുമുണ്ട്. അത് അവകാശമായി കാണുന്നവർ, അധികാരം കൊണ്ട് പിടിച്ചെടുത്തവർ, അവശതയെ മുതലെടുത്തവർ, സ്വന്തം ചോരയെ പീഡിപ്പിച്ചവർ എന്നിങ്ങനെ പീഡകർ ഏത് ആംഗിളിൽ നിന്നുമുണ്ട്. ഇതിന്റെ ഒരു ലക്ഷത്തിൽ ഒരു ശതമാനം പോലും ഇപ്പോഴും പുറത്തെത്തിയിട്ടില്ല.
 
അതുകൊണ്ടു തന്നെ പുറത്തെത്തുന്ന കേസുകളിൽ സമൂഹം ശ്രദ്ധയോടെ ഇടപെടേണ്ടത് അത്യാവശ്യമാണ്. ഒരു സ്ത്രീ ഒരാളെപ്പറ്റി ആരോപണം ഉന്നയിച്ചാലുടൻ, തെറിപറഞ്ഞ് ആൾക്കൂട്ട നീതി പോലെ ഫേസ്ബുക്കിലോ തെരുവിലോ കൂക്കി വലിച്ചിട്ട് കാര്യമില്ല. ആരോപണം തെറ്റാണെങ്കിൽ അങ്ങനെ ചെയ്യുന്നത് തെറ്റാണ് താനും. ഇക്കാര്യത്തിൽ സമൂഹം ചെയ്യേണ്ട ചിലതുണ്ട്.
 
1. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് “മുൻപ് എന്ത് കൊണ്ട് പറഞ്ഞില്ല?” “പീഡന ശ്രമം ഉണ്ടായപ്പോൾ എന്ത് കൊണ്ട് ചെറുത്തില്ല?”, “നിങ്ങൾ അല്ലെ അവസരം ഉണ്ടാക്കിയത്?” “രക്ഷപെടാൻ അവസരം ഉണ്ടായിരുന്നില്ലേ?” എന്നുള്ള ചോദ്യങ്ങൾ ചോദിക്കരുത്. ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വരിക എന്നത് വലിയൊരു ഷോക്ക് ആണ്. അതിനെ നേരിടാൻ ആരും തന്നെ തയ്യാറല്ല. അപ്പോൾ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ സേഫ് സോണിൽ ഇരുന്ന് മറ്റുള്ളവരുടെ പെരുമാറ്റത്തെ അളക്കരുത്. അങ്ങനെ ചെയ്യുന്നത് തുറന്നു പറയുന്നവരെ വിഷമിപ്പിക്കുമെന്ന് മാത്രമല്ല, പുതിയതായി തുറന്നു പറയാൻ ആഗ്രഹിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും. അങ്ങേയറ്റം സ്നേഹത്തോടെ, കരുതലോടെ, കരുണയോടെ വേണം ഈ കാര്യത്തെ സമൂഹം കൈകാര്യം ചെയ്യാൻ.
 
2. കുറ്റാരോപിതരെ അപമാനിക്കുകയോ തല്ലിക്കൊല്ലാൻ ശ്രമിക്കുകയോ അല്ല വേണ്ടത്, ഏറ്റവും വേഗത്തിൽ നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ്. ഇതിന് കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് ശരിയായ നിയമോപദേശം കൊടുക്കണം. ഇത്തരം കേസുകൾ കരുതലോടെ കൈകാര്യം ചെയ്യാൻ നമ്മുടെ പോലീസിനെ പരിശീലിപ്പിക്കുകയും വേണം. ഓരോ ജില്ലയിലും ഇതിനു വേണ്ടി മാത്രം ഒരു ലീഗൽ ഹെൽപ് ലൈൻ തുടങ്ങണം.
 
3. നമ്മുടെ സമൂഹത്തിൽ ലൈംഗിക ഉപദ്രവത്തിന്റെ – ഉപയോഗത്തിൻറെ – ചൂഷണത്തിന്റെ വ്യാപ്തി എത്രയുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. പീഡകർ സിനിമയിലെ വില്ലന്മാരെ പോലെ കൊമ്പൻ മീശക്കാരും കള്ളുകുടിയന്മാരും ഒന്നുമല്ല, നമ്മുടെ ഇടയിൽ തന്നെ മാന്യനായി നടിച്ച് ജീവിക്കുന്നവരാണെന്ന് നമ്മൾ മനസ്സിലാക്കണം. ഇവരുടെ കൈയിൽ പെടാതെ എങ്ങനെ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാം, കയ്യിൽ പെട്ടവർക്ക് എങ്ങനെ പുറത്തു വരാം, എങ്ങനെ സഹായം തേടാം ഇതൊക്കെ സമൂഹം ചിന്തിച്ച് പദ്ധതികൾ ഉണ്ടാക്കണം.
 
4. നമ്മുടെ കുട്ടികൾക്കും നമ്മുടെ ചുറ്റുമുള്ള സ്ത്രീകൾക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനുള്ള കരുതൽ നമ്മൾ എടുക്കണം. അഥവാ ഉണ്ടായാൽ തുറന്നു പറയാനുള്ള സ്പേസ് നമ്മൾ മുൻ‌കൂർ ഉണ്ടാക്കിയിടണം. ഓരോ കുടുംബത്തിലും സ്ഥാപനത്തിലും ഇതിനുള്ള സംവിധാനം നമ്മൾ ഒരുക്കണം.
 
5. കേരളത്തിൽ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചവരെല്ലാം ജയിലിലെത്തും എന്ന വിശ്വാസമൊന്നും എനിക്കില്ല. എന്നാലും വീടിൻറെ സ്വകാര്യതയിലോ, ആരാധനാലയങ്ങളുടെ സംരക്ഷണയിലോ അധികാരത്തിന്റെ തണലിലോ സ്നേഹത്തിന്റെ മറവിലോ സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളവരൊക്കെ ഒന്ന് പേടിക്കണം. ഇനി അവർ ഇങ്ങനെ ചെയ്യുന്നതിന് മുൻപ്, നാളെ സമൂഹത്തിന്റെ മുന്നിൽ നാണംകെട്ട് നിൽക്കേണ്ടി വരുന്നവർ തങ്ങളാണെങ്കിലോ എന്ന് ചിന്തിക്കണം. അത്രയും വിസിബിലിറ്റി എങ്കിലും ഈ കാമ്പയിനിനു കിട്ടണം. അതുകൊണ്ട് സാധിക്കുന്നവർ ഒക്കെ തുറന്നു പറയണം, തുറന്നു പറയുന്ന വാർത്തകൾ മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ലോകത്തെ അറിയിക്കണം. സാധിക്കുമ്പോൾ ഇത്തരം നരാധമന്മാരെ അറസ്റ്റ് ചെയ്തു കോടതിയുടെ മുന്പിലെങ്കിലും എത്തിക്കണം.
 
ഇപ്പോൾ കേരളത്തിൽ നിന്നും പുറത്തു വരുന്ന #mettoo വാർത്തകൾ എന്നെ ഏറെ വേദനിപ്പിക്കുന്നു. അതേ സമയം പുറത്തു പറയുന്ന സ്ത്രീകളെ ഓർത്ത് അഭിമാനിക്കുന്നു. ഈ വിഷയം ഒരു അന്തിച്ചർച്ചയും നാല് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കലും കുറെ പിതൃസ്മരണകളുമായി അവസാനിക്കരുത്.
 
മുരളി തുമ്മാരുകുടി

Leave a Comment