പൊതു വിഭാഗം

കേരളത്തിന്റെ വിദേശ നിക്ഷേപം…

മസാല ബോണ്ടിലും നിസ്സാൻ ഹബ്ബിലും ഒക്കെയായി വിദേശികൾ കേരളത്തിൽ നിക്ഷേപിക്കുന്നത് മാത്രമേ നമ്മൾ സാധാരണ വായിക്കാറുള്ളൂ. പക്ഷെ ലോകത്തെന്പാടുമായി കേരളം വൻ നിക്ഷേപം നടത്തിയിരിക്കുന്ന കാര്യം മലയാളികൾ ഓർക്കാറില്ല.
ഞാൻ പറയുന്നത് നമ്മുടെ പ്രവാസി മലയാളികളെക്കുറിച്ചാണ്. പാചകം മുതൽ പ്ലംബിങ്, നാനോ ടെക്‌നോളജി, ന്യൂറോ സയൻസ് തുടങ്ങി ഏതൊരു വിഷയമെടുത്താലും അതിൽ ലോക നിലവാരത്തിൽ അറിവും പരിചയവുമുള്ള മലയാളികൾ വിദേശത്ത് എവിടെയുമുണ്ട്. ഇത് യാദൃശ്ചികമല്ല. ഇരുപത് വർഷം മുൻപ് കേരളത്തിലെ ഏതു യൂണിവേഴ്സിറ്റിയിലെയും ഏത് വിഷയത്തിലും ആദ്യത്തെ അഞ്ചു റാങ്കുകാരെ എടുത്താൽ അവരിൽ ബഹുഭൂരിപക്ഷവും വിദേശത്തായിരിക്കും.
 
കാര്യം കേരളത്തിൽ നിന്നും പുറത്തു പോയവർ ‘നാട്ടിൽ ഒന്നും നടക്കില്ല’ എന്നൊക്കെ പറയുമെങ്കിലും സാന്പത്തികവും സാമൂഹ്യവുമായി പുരോഗമിക്കുന്ന കേരളം, ആരോഗ്യം മുതൽ വിദ്യാഭ്യാസം വരെയുള്ള രംഗത്ത് ലോക നിലവാരത്തിൽ എത്തുന്ന കേരളം – എല്ലാ പ്രവാസി മലയാളികളുടെയും – അവർ വിദേശ പൗരത്വം സ്വീകരിച്ചു കഴിഞ്ഞാലും – നാട്ടിൽ നിന്നും പോയിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞതായാലും – സ്വപ്നമാണ്. അതിന് വേണ്ടി അറിവും, സമയവും ബന്ധങ്ങളും ഉപയോഗിക്കാൻ അവർ തയ്യാറുമാണ്.
 
ഈ വിദേശ നിക്ഷേപം എങ്ങനെ ഉപയോഗിക്കണം എന്നത് പോയിട്ട് ഉണ്ടെന്ന് തന്നെ നമുക്കറിയില്ല. വിദേശമലയാളികളിൽ നിന്നും പണം മാത്രം പ്രതീക്ഷിക്കുന്ന ഒരു സംസ്കാരമാണ് നമുക്കുള്ളത്. അതുകൊണ്ടു തന്നെ വിജ്ഞാന ശാഖകളിൽ അറിവും കഴിവും ഉള്ളവരെ നമ്മൾ അറിയുന്നില്ല, വിവിധ കർമ്മ മണ്ഡലങ്ങളിൽ അവരുടെ കഴിവുകൾ ഉപയോഗിക്കാൻ നമുക്ക് പറ്റുന്നുമില്ല.
യു കെ യിലുള്ള മലയാളി സുഹൃത്തുക്കൾ ഒരുമിച്ചു കൂടി അവിടെയുള്ള വിദഗ്ദ്ധരുടെ ഒരു സെമിനാർ സംഘടിപ്പിക്കുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. വിദേശ വിദ്യാഭ്യാസം മുതൽ മെസ്സേജ് ഫോട്ടോൺ വരെ എത്രയെത്ര വിഷയങ്ങൾ! കൾച്ചറൽ കോൺഫ്ലിക്റ്റിനെപ്പറ്റി സംസാരിക്കുന്നത് എൻറെ സുഹൃത്തായ Priya Kiran ആണ്.
 
യു കെയിലുള്ള സുഹൃത്തുക്കൾ ഈ അവസരം വിട്ടു കളയരുത്. നാട്ടിലുള്ളവർക്ക് കൂടി ഈ വിഷയങ്ങളേയും അതവതരിപ്പിക്കുന്ന വിദഗ്ദ്ധരെയും അറിയാൻ വേണ്ടി ഇതെല്ലാം ലൈവ് ആയി കൊടുത്താൽ നന്നായിരുന്നു.
 
പരിപാടിക്ക് എല്ലാവിധ ആശംസകളും..!
 
മുരളി തുമ്മാരുകുടി
 
https://l.facebook.com/l.php?u=http%3A%2F%2Fwww.ukvartha.com%2Findex.php%3Fcategory%3DASSOCIATION%26id%3D8181%26fbclid%3DIwAR0a7cURSJjbbZZ7t1hfZhgPinPt0WkWyE_TcRGBMF8NADte3HI4o0Sux5k&h=AT1jvcQ9V7WJVi5IivfLcU18azKVztgQyEz06j4Ef68u_Dw1zxq0D1GMpqquHGu7QU5n694hnzpb80kPwHb4GGyYp8W7ak2RfC61zlCUOlGnVJku9_XmoVn26FQj1LMV0fA

Leave a Comment