പൊതു വിഭാഗം

കേരളം: ഭാവിയില്ലാത്ത നെൽകൃഷിയും നെൽകൃഷിയില്ലാത്ത ഭാവിയും…

കേരളത്തിൽ ഇപ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന നെൽകൃഷി ഉൾപ്പടെയുള്ള ഭൂരിഭാഗം കൃഷിക്കും യാതൊരു ഭാവിയും ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നെൽകൃഷി സംരക്ഷിക്കുന്നത് സാന്പത്തിക കാരണങ്ങളാൽ ന്യായീകരിക്കാൻ പറ്റാത്തപ്പോൾ അത് പരിസ്ഥിതി സംരക്ഷണത്തിന് നല്ലതാണ്, ജല സംഭരണിയാണ്‌ എന്നൊക്കെയുള്ള കാരണങ്ങളും ആളുകൾ പറയാറുണ്ട്. അതിൽ കുറച്ചൊക്കെ സത്യവും ആണ്. പക്ഷെ പരിസ്ഥിതി സംരക്ഷിക്കാനും തണ്ണീർത്തടങ്ങളിൽ ജലം സംഭരിച്ചുവെക്കാനും ഏറ്റവും നല്ലതും ചിലവ് കുറഞ്ഞതുമായ മാർഗ്ഗം അവിടെ നെൽകൃഷി ചെയ്യുന്നതാണോ എന്നതാണ് ചോദിക്കേണ്ട ചോദ്യം.
 
കീടനാശിനികൾ അടിക്കാതെയും രാസവളങ്ങൾ വിതറാതെയും വെറുതെ കിടക്കുന്ന ലക്ഷക്കണക്കിന് ഏക്കർ തണ്ണീർത്തടങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്, ഇത് പരിസ്ഥിതിയെ നന്നാക്കുകയല്ലേ ചെയ്യുന്നത്? അത് ആ വിധത്തിൽ സംരക്ഷിക്കാൻ ശ്രമിച്ചാൽ പോരേ, എന്തിനാണ് നമ്മുടെ പുതിയ തലമുറയെ നിർബന്ധിച്ച് പാടത്തിറക്കുന്നത്?
 
താൽക്കാലമെങ്കിലും ഇക്കാര്യത്തിൽ ഞാൻ മിക്കവാറും ഒറ്റക്കാണ്.
ഏഷ്യാനെറ്റിൽ സുഹൃത്ത് Mg Radhakrishnan എം ജി രാധാകൃഷ്ണൻ നടത്തുന്ന ‘കേരളം ഇനി എങ്ങോട്ട്?’ എന്ന പ്രോഗ്രാമിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും നെൽകൃഷി സംരക്ഷിക്കണം എന്ന അഭിപ്രായക്കാരാണ്. അതിന് സൈക്കിൾ അഗർബത്തിയുടെ പരസ്യം പോലെ ഓരോരുത്തർക്ക് ഓരോ കാരണങ്ങൾ ആണ് എന്ന് മാത്രം. ചിലർക്ക് ഭക്ഷ്യ സുരക്ഷയാണെങ്കിൽ ചിലർക്ക് സംസ്കരണത്തിന്റെ സംരക്ഷണം, ചിലർക്ക് ജല സംരക്ഷണം, ചിലർക്ക് തൊഴിൽ സംരക്ഷണം. നിലവിൽ അവരാണ് കേരളത്തിലെ നയങ്ങൾ തീരുമാനിക്കുന്നത്, പൊതുബോധവും അവിടെ തന്നെയാണ്. ഒരു വരവ് കൂടി വരേണ്ടി വരും (ഒന്നിൽ നിൽക്കുമെന്ന് തോന്നുന്നില്ലെങ്കിലും).
 
ഇപ്പോഴത്തെ കൃഷികൾക്കും കൃഷിരീതികൾക്കും ഭാവിയില്ലെങ്കിലും ആധുനിക കൃഷിരീതികൾ ഉപയോഗിച്ച് കൂടുതൽ മൂല്യമുള്ള കാർഷികോല്പന്നങ്ങൾ ഉണ്ടാക്കിയാൽ കേരളത്തിൽ കൃഷിക്ക് ഭാവിയുണ്ടാകും എന്ന് മാത്രമല്ല കേരളത്തിന് സാന്പത്തികമായ ഉന്നമനവും ഉണ്ടാകും എന്നു ഞാൻ വിശ്വസിക്കുന്നു. കൃഷി എന്നത് ധർമ്മവും കർമ്മവും സംസ്കാരവും ഒന്നുമായി ചെയ്യേണ്ട കാര്യമല്ല, ശാസ്ത്രവും സാന്പത്തിക തത്വങ്ങളും അനുസരിച്ച് ചെയ്യേണ്ട ഒന്നാണ്. അങ്ങനെ ചെയ്യുന്ന കാലത്ത് വിദ്യാഭ്യാസമുള്ള പുതിയ തലമുറ കൃഷിയെ മറ്റെല്ലാം പോലെ ഒരു ജോലിയായി കാണും. അതോടെ കൃഷിയെ ‘സംരക്ഷിക്കാൻ’ ആരുടേയും സഹായം വേണ്ടിവരികയുമില്ല.
 
കേരളത്തിന്റെ അത്രയും ഭൂവിസ്തൃതിയും കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്ത കാലാവസ്ഥയും ആയിട്ടും ലോകത്തെ രണ്ടാമത്തെ കൃഷിയുൽപ്പന്ന കയറ്റുമതി രാജ്യമായി വളർന്ന നെതർലാൻഡിൽ നിന്നും നാം അല്പം കാർഷിക ശാസ്ത്രം പഠിക്കുന്നത് നല്ലതാണ്.
 
എന്റെ വീക്ഷണങ്ങളോട് എതിർപ്പുള്ളവരും ഈ വീഡിയോ കണ്ടു നോക്കണം. ഇങ്ങേര് എന്തൊക്കെയാണ് പറഞ്ഞുവെച്ചിരിക്കുന്നത്, മറ്റുളളവരുടെ അഭിപ്രായമെന്താണ്, നമ്മുടെ കഞ്ഞികുടി മുട്ടുമോ എന്നൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ?
 
മുരളി തുമ്മാരുകുടി
 
https://www.youtube.com/playlist?list=PLZ47UtqJR_EHV7ZVPIFgbgZUdNoS8ZHZP

Leave a Comment