പൊതു വിഭാഗം

കേരളം ചുവക്കുന്പോൾ…

തിരഞ്ഞെടുപ്പ് ഫലങ്ങൾ ഏതാണ്ട് വന്നു കഴിഞ്ഞു.
 
എൽ ഡി എഫ് തുടർഭരണം ആണെന്നുള്ളത് ഉറപ്പാണ്.
 
നൂറു സീറ്റിൽ കൂടുതൽ കിട്ടുമോ എന്ന് മാത്രമേ കാണാനുള്ളൂ.
 
വിജയമാണ്.
 
ജനാധിപത്യത്തിന്റെ വിജയമാണ്
 
ഭരിച്ചുകൊണ്ടിരിക്കുന്ന മുന്നണിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ വിജയമാണ്
 
ഇത് ജനങ്ങളുടെ വിജയം കൂടിയാണ്
 
കേരളത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഏറെ ആളുകൾ വിജയിക്കണം എന്ന് ആഗ്രഹിച്ച ചിലർ വിജയിച്ചിട്ടുണ്ട്
 
കേരളത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പരാജയപ്പെടണം എന്ന് ഏറെ ആളുകൾ ആഗ്രഹിച്ച ചിലർ തോറ്റിട്ടുമുണ്ട്.
 
വിജയിച്ച എല്ലാവർക്കും ആശംസകൾ!
 
ഭരണ തുടർച്ച ആണെങ്കിലും പുതിയ മന്ത്രിസഭയും മന്ത്രിമാരും ഉണ്ടാകും.
 
അതിൽ കൂടുതൽ വനിതകൾ മന്ത്രിമാർ ആയി ഉണ്ടാകണമെന്നാണ് എൻറെ ആഗ്രഹം.
 
മന്ത്രിസഭയുടെ ശരാശരി പ്രായം പത്തുവയസ്സെങ്കിലും കുറയണമെന്നൊരാഗ്രഹം കൂടിയുണ്ട്.
 
ഭരണ തുടർച്ചയും കൂടുതൽ ജനപിന്തുണയും ഉള്ളതിനാൽ കൂടുതൽ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കാൻ പുതിയ ഭരണത്തിന് സാധിക്കുമെന്നതാണ് എൻറെ പ്രതീക്ഷ.
 
തുടർഭരണമുള്ള സാഹചര്യത്തിൽ ഏറ്റവും ജാഗ്രതയുള്ള ഒരു പ്രതിപക്ഷം ഉണ്ടാകണം.
 
പക്ഷെ അതിനൊക്കെ മുൻപ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മറ്റൊന്നുണ്ട്.
 
ശക്തമായ ലോക്ക് ഡൌൺ
 
ഈ തിരഞ്ഞെടുപ്പിനും കോലാഹലത്തിനും ഇടയിൽ കൊറോണക്കേസുകൾ കുതിക്കുകയാണ്.
 
ഇപ്പോൾ കേരളത്തിലെ കൊറോണയുടെ റീപ്രൊഡക്ഷൻ നന്പർ രണ്ടിന് മുകളിലാണ്.
 
അതായത് ഒരു രോഗിയിൽ നിന്നും രോഗം ശരാശരി രണ്ടു പേരിലേക്ക് പകരുന്നു.
 
മുപ്പതിനായിരം അറുപതിനായിരം ആകും. അപ്പോഴും റീപ്രൊഡക്ഷൻ നന്പർ രണ്ടിൽ നിന്നാൽ അറുപതിനായിരം ഒരു ലക്ഷത്തിന് മുകളിൽ ആകും.
 
ഇപ്പോൾ നമ്മുടെ ശരാശരി മരണനിരക്ക് 0.33 ശതമാനം ആണ്. ഇത് വളരെ കുറവാണെങ്കിലും അന്പതിനായിരത്തിലേക്ക് കേസുകൾ നീങ്ങിയാൽ മരണം നൂറ്റി അന്പതിൽ എത്തും. കേസുകൾ ഒരു ലക്ഷം കടന്നാൽ പ്രതിദിന മരണം മുന്നൂറിലേക്കും !!
 
അത് ഒഴിവാക്കണം.
 
റീപ്രൊഡക്ഷൻ നന്പർ ഒന്നിന് താഴെ എത്തുന്നത് വരെ ശക്തമായ നിയന്ത്രണങ്ങൾ നിലനിർത്തിയേ പറ്റൂ.
 
അതായിരിക്കട്ടെ മന്ത്രിസഭയുടെ ഒന്നാമത്തെ തീരുമാനം.
 
വിജയവും രാഷ്ട്രീയവും പ്രധാനമാണ്. എന്നാൽ അതിനപ്പുറമാണ് മനുഷ്യന്റെ ജീവൻ. #സുരക്ഷിതരായിരിക്കുക മുരളി തുമ്മാരുകുടി

Leave a Comment