പൊതു വിഭാഗം

കെട്ടിപ്പിടിക്കാത്ത സ്നേഹം.

അമ്മ ദിവസമാണ്.
 
അമ്മമാർക്ക് പ്രത്യേകം ഒരു ദിവസത്തിന്റെ ആവശ്യമില്ല, അമ്മമാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം അമ്മയുണ്ട്, അമ്മയില്ലെങ്കിലും നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം അമ്മയുടെ ഓർമ്മകളും.
എന്നാലും ഒരു ‘അമ്മ ദിവസം’ ഉണ്ടാകുന്നത് നല്ലതാണ്, അമ്മമാരെ പതിവിലും കൂടുതൽ ഓർക്കാമല്ലോ.
 
ഈ തവണത്തെ അമ്മ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ അമ്മ ദിവസത്തിൽ അമ്മമാരെ ഒന്ന് കെട്ടിപ്പിടിക്കാനാണ് നാം ആഗ്രഹിക്കുന്നത് എങ്കിൽ, ഈ കൊറോണക്കാലത്ത് അമ്മമാരിൽ നിന്നും മാറിനിന്ന് സ്‌നേഹം പ്രകടിപ്പിക്കാനാണ് നാം ശീലിക്കേണ്ടത്.
 
ആദ്യ കണക്കനുസരിച്ച് കൊറോണ ബാധിച്ച് മരിച്ചവരിൽ പകുതിയും 75 ൽ കൂടുതൽ പ്രായമുള്ളവരാണ്. സ്ത്രീകൾക്ക് പൊതുവെ പുരുഷന്മാരെക്കാൾ അപായ സാധ്യത കുറവാണ്. എന്നിട്ടും മരിക്കുന്നവരിൽ പത്തിൽ നാലും സ്ത്രീകളാണ്. എൺപത് വയസ്സ് കഴിഞ്ഞവർക്ക് രോഗം ബാധിച്ചാൽ അവർ മരിക്കാനുള്ള സാധ്യത അഞ്ചിലൊന്നാണ് !!, പത്തിനും നാല്പതിനും ഇടക്കുള്ളവരിൽ രോഗം ബാധിച്ചാൽ മരിക്കാനുള്ള സാധ്യത ആയിരത്തിൽ രണ്ടാണ് എന്നോർക്കണം, അതായത് പ്രായമുള്ളവരുടെ റിസ്കിന്റെ നൂറിലൊന്ന് !!.
 
ഈ കണക്കുകൾ ലോകത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിക്കാണുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ജീവിതം ആസ്വദിക്കുന്ന പ്രായത്തിലുള്ള ചെറുപ്പക്കാർക്ക് കൊറോണ വെറും ഒരു ഫ്ലൂ മാത്രമാണ്. അതുകൊണ്ടു തന്നെ സർക്കാർ നിർബന്ധം പിടിക്കുന്നത് വരെ അവർ ഉത്തരവാദിത്തത്തോടെ സാമൂഹിക അകലം പാലിക്കുന്നതിൽ ശ്രദ്ധിച്ചില്ല. സർക്കാർ നിർബന്ധിച്ചിടത്ത് പോലും അവസരം കിട്ടിയപ്പോൾ നിരുത്തരവാദപരമായി പെരുമാറുകയും ചെയ്തു. അങ്ങനെ ഈ രോഗം പതുക്കെ വീട്ടിലുള്ള അച്ഛനും അമ്മക്കും അമ്മൂമ്മക്കും അപ്പൂപ്പനും കൊണ്ടെത്തിച്ചു. മരണത്തിന്റെ ചുംബനം എന്നൊക്കെ പറയുന്നത് ഇതിനാണ്.
 
എന്നാൽ പ്രായമായവർക്ക് പണികൊടുക്കുന്നത് അവിടെ തീർന്നില്ല. ഒരു ആശുപത്രിയിൽ ലഭ്യമായ വെന്റിലേറ്ററുകളിൽ കൂടുതൽ രോഗികൾ വന്നാൽ പ്രായമായവരെ ഒഴിവാക്കി കൂടുതൽ ജീവിക്കാൻ സമയമുള്ളവർക്ക് മുൻഗണന നൽകാം എന്ന് പ്രോട്ടോക്കോളുകൾ ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ വന്നു.
എട്ടിന്റെ പണിയാണ് നമ്മൾ മുകളിലെ തലമുറയോട് ചെയ്തതെന്ന് വരും കാല ചരിത്രം വിലയിരുത്തും. പ്രായമായവരുടെ അവകാശങ്ങൾക്ക് വേണ്ടി പുതിയ നിയമങ്ങളും നയങ്ങളും ഉണ്ടാകും. പക്ഷെ തൽക്കാലമെങ്കിലും അവരുടെ ജീവൻ നമ്മുടെ ജീവനേക്കാൾ അപകടത്തിലാണെന്ന് മാത്രമല്ല, നമ്മുടേതിനേക്കാൾ വിലകുറഞ്ഞതാണെന്ന് ചിന്തിക്കാനുള്ള മനസികാവസ്ഥയിലാണ് ലോകം.
 
അമ്മമാർക്ക് ഇതൊന്നും വിഷയമായി എന്ന് വരില്ല. അമ്മയാകാൻ തീരുമാനിക്കുന്പോൾ തന്നെ സ്വന്തം കുഞ്ഞിന് വേണ്ടി ജീവൻ പോലും പോയേക്കാം എന്ന് മിക്ക അമ്മമാർക്കും അറിയാം, പ്രസവത്തോടനുബന്ധിച്ചുള്ള മരണങ്ങൾ പൊതുവെ കുറഞ്ഞു വരികയാണെങ്കിലും. എന്റെ അമ്മയൊക്കെ അമ്മയായ കാലത്ത് പ്രസവത്തോടൊപ്പം മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ നൂറിൽ ഒന്ന് എന്ന നിലയിലായിരുന്നു. (ഇപ്പോഴത് കേരളത്തിൽ പതിനായിരത്തിൽ നാലാണ്). പ്രസവത്തോടനുബന്ധിച്ച് മരിക്കാനുള്ള സാധ്യത ഇപ്പോഴും നൂറിലൊന്നുള്ള രാജ്യങ്ങളുണ്ട്. ഏറ്റവും വികസിതമായ രാജ്യങ്ങളിൽ പോലും പ്രസവത്തോടനുബന്ധിച്ചു മരിക്കാനുള്ള സാധ്യത ഇപ്പോഴും പൂജ്യമല്ല !
 
അങ്ങനെ സ്വന്തം ജീവിതത്തിനുണ്ടായേക്കാവുന്ന റിസ്ക്, അതെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും, എടുത്തിട്ടാണ് സ്ത്രീകൾ അമ്മമാരാകുന്നത്. അവർക്ക് അവരുടെ മക്കൾക്ക് വേണ്ടി, അല്ലെങ്കിൽ മക്കളുടെ തലമുറക്ക് വേണ്ടി വെന്റിലേറ്റർ വിട്ടുകൊടുക്കാൻ വൈമനസ്യം ഉണ്ടായേക്കില്ല.
 
പക്ഷെ അമ്മമാർക്ക് വെന്റിലേറ്റർ വേണ്ടിവരുന്ന ഒരു സാഹചര്യത്തിലേക്ക് നമ്മൾ അവരെ എത്തിക്കരുത്, ഉള്ള വെന്റിലേറ്റർ അമ്മക്ക് കൊടുക്കണോ കൊച്ചുമകനു കൊടുക്കണോ എന്നുള്ള തീരുമാനം എടുക്കേണ്ട സാഹചര്യത്തിലേക്ക് നമ്മുടെ ആരോഗ്യ സംവിധാനത്തേയും.
 
അതുകൊണ്ട് തന്നെ ഈ കൊറോണക്കാലത്ത് അമ്മ ദിനത്തിൽ നമ്മൾ നമ്മുടെ അമ്മയുടെയും എല്ലാ അമ്മമാരുടേയും ആരോഗ്യത്തെപ്പറ്റി ചിന്തിക്കുക. നിങ്ങളുടെ അപകട സാധ്യത കുറവായതിനാൽ ഉത്തരവാദിത്തബോധമില്ലാതെ പെരുമാറാതിരിക്കുക, അമ്മമാരിൽ നിന്നും സാമൂഹിക അകലം പാലിക്കുക. ഒരുമിച്ചു താമസിക്കാത്തവർ ഓടിപ്പോയി കെട്ടിപ്പിടിക്കാതെ വാട്ട്സ്ആപ്പ് കോളിൽ അമ്മമാരെ കണ്ടു വർത്തമാനം പറയുക. അടുത്ത അമ്മദിനത്തിലും ലോകത്തിലെ എല്ലാ അമ്മമാരും ആരോഗ്യത്തോടെ ഉണ്ടാകട്ടെ.
അതാണെന്റെ അമ്മ ദിന ആശ.
 
അമ്മദിനത്തിന്റെ ആശംസകൾ! അമ്മക്കും എല്ലാ അമ്മമാർക്കും.
 
മുരളി തുമ്മാരുകുടി
 
(വാട്ട്സാപ്പിൽ വീഡിയോ കോൾ കണ്ടുപിടിച്ചതിൽ പിന്നെ “ഈ പിള്ളേർ എല്ലാ സമയവും ഫോണിൽ കുത്തി ഇരിക്കുകയാണെന്നുള്ള” ശകാരം ഇല്ലെന്ന് അമ്മയുടെ കൊച്ചുമക്കൾ തുമ്മാരുകുടിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. കാരണം അമ്മക്ക് മൊബൈലിൽ നിന്നും കണ്ണെടുക്കാൻ സമയം വേണ്ടേ. മക്കൾക്ക് വീഡിയോവിൽ ഗുഡ് നൈറ്റ് പറയുന്ന അമ്മയുടെ ചിത്രമാണ്. ആരോഗ്യത്തോടെ സന്തോഷമായി ഇരിക്കുന്നു (കിടക്കുന്നു !) !)

Leave a Comment