പൊതു വിഭാഗം

കുപ്പിവെള്ളത്തിന് വില കുറയുമ്പോൾ…

കേരളത്തിൽ കുപ്പിവെള്ളത്തിന് വില കുറക്കാൻ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ചറേർസ് അസോസിയേഷൻ തീരുമാനിച്ചുവെന്ന് കേട്ടു. ഇതൊരു നല്ല അവസരമാണ്.
 
കേരളം പോലെ ജലം സുലഭമായ ഒരു സ്ഥലത്ത് കുടിവെള്ളം കുപ്പിയിൽ കുടിക്കേണ്ടി വരുന്നു എന്നത് തന്നെ അപമാനകരമായ കാര്യമാണ്. വീട്ടിലെ കിണറിൽ നിന്നും കോരിയ വെള്ളം നേരിട്ടാണ് ഞങ്ങൾ ചെറുപ്പത്തിൽ കുടിച്ചിരുന്നത്. ഇപ്പോഴും അത് ചൂടാക്കിയതിന് ശേഷം കുടിക്കുന്നു. നമ്മുടെ കിണറിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് ആരാണ് തീരുമാനിച്ചത് ? ഇനി അഥവാ അതങ്ങനെ ആയെങ്കിൽ ആ മലിനീകരണത്തിനെതിരെ പ്രവർത്തനങ്ങൾ വേണ്ടേ?
 
വികസിത രാജ്യങ്ങളിലെല്ലാം ടാപ്പിൽ നിന്നും നേരിട്ട് വെള്ളം കുടിക്കാം (ജനീവയിൽ ഞാൻ ടാപ്പിലെ വെള്ളമാണ് കുടിക്കുന്നതും വരുന്ന അതിഥികൾക്ക് കൊടുക്കുന്നതും). കേരളത്തിൽ ഒരു തലമുറ കൊണ്ട് സർക്കാർ സംവിധാനം കുടിവെള്ളമെത്തിക്കുന്നത് വർദ്ധിച്ചിട്ടുണ്ട്. ഇങ്ങനെ കൊടുക്കുന്ന വെള്ളം കുടിക്കാൻ യോഗ്യമാക്കുകയല്ലേ യഥാർത്ഥത്തിൽ വേണ്ടത് ?
 
പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളത്തിന്റെ വില കുറയുന്നതോടെ അതിന്റെ ആവശ്യം കൂടും, ഇത് ഇപ്പോൾ കുപ്പിവെള്ളം ഉപയോഗിക്കാത്തവരെ കൂടി ഉപയോഗിക്കാൻ പ്രേരിപ്പിക്കും. പ്ലാസ്റ്റിക് കുപ്പികൾ ഇപ്പോൾത്തന്നെ കരയും തോടും കടലും മലിനമാക്കുകയാണ്, അതിന്റെ അളവ് കൂടും. ഇതിന് ഇങ്ങനൊരു പരിസ്ഥിതി നഷ്ടം കൂടിയുണ്ട്.
 
പത്തുരൂപക്ക് കുപ്പിവെള്ളം വിറ്റാലും ലാഭമാകുമെന്ന് കുപ്പിവെള്ള നിർമ്മാതാക്കൾ തന്നെ ഇപ്പോൾ സമ്മതിച്ചല്ലോ. ഇരുപത് രൂപക്ക് കിട്ടിയാലും ആവശ്യമുള്ളവർ ഉപയോഗിക്കുമെന്ന് മലയാളിയും തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം.
 
1. കുപ്പിവെള്ളത്തിന്റെ വില ഇപ്പോഴത്തേതു തന്നെ തുടരട്ടെ, പക്ഷെ നിർമ്മാതാക്കൾക്ക് അവർ സമ്മതിച്ച തുക മാത്രം കൊടുത്താൽ മതി.
 
2. അധികം വരുന്ന തുക നമ്മുടെ ഹരിത കേരള മിഷന് കൊടുക്കാം. അവർ നമ്മുടെ ജല ശ്രോതസ്സുകൾ വൃത്തിയാക്കുന്നതിനും മാലിന്യ നിർമ്മാർജ്ജനത്തിനും ഒക്കെയായി ആ തുക ചിലവാക്കട്ടെ.
 
കുപ്പിവെള്ളത്തിന്റെ ഉപയോഗം കൂടുന്നതും വില കുറയുന്നതും ഒന്നും പുരോഗതിയുടെ ലക്ഷണമല്ല, മറിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിസ്ഥിതി ബോധത്തിന്റെയും പരാജയമാണ്. അഞ്ചു കൊല്ലത്തിനകം കുപ്പിവെള്ളത്തിന്റെ കച്ചവടം ഇപ്പോഴത്തേതിന്റെ പകുതിയാക്കണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
 
മുരളി തുമ്മാരുകുടി.

Leave a Comment