പൊതു വിഭാഗം

കുട്ടി മാമാ… ഞാൻ ഞെട്ടി മാമാ..!

കോതമംഗലത്ത് എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലത്ത് ഞാൻ വേണ്ടുവഴിയിൽ അമ്മായിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കോളേജിരിക്കുന്ന കുന്നിറങ്ങി താഴെ സബ് സ്റ്റേഷൻ ജംക്ഷനിൽ നിന്നും ഒന്നര കിലോമീറ്ററുണ്ട് അമ്മയിയുടെ വീട്ടിലേക്ക്. അന്നും ഇന്നും ഒരു ബസാണ് ഉള്ളത്, അതുകൊണ്ട് മിക്കവാറും നടപ്പാണ് പതിവ്.
 
സബ് സ്റ്റേഷൻ എന്ന് പറയുന്നത് ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ ആണ്. അന്ന് അവിടെ ചീഫ് എൻജിനീയറുടെ ഓഫീസ് ഉണ്ട്. ഗവേഷണ വിഭാഗം ആണെന്നാണ് എന്റെ ഓർമ്മ. ആ ചീഫ് എൻജിനീയറുടെ ഓഫീസിനു മുന്നിൽ പച്ച പാന്റും ഷർട്ടും ഇട്ട് ഒരു സെക്യൂരിട്ടി നിൽക്കുന്നുണ്ട്. റോഡിൽ കൂടെ പോകുന്പോൾ എനിക്ക് അയാളെ കാണാം. തേച്ചു വടിപോലെ ആക്കിയ യൂണിഫോം, ഒട്ടും പുഞ്ചിരിയില്ലാത്ത കർക്കശമായ മുഖഭാവം, രാവിലെയാണെങ്കിലും വൈകീട്ടാണെങ്കിലും ഒട്ടും ക്ഷീണം തോന്നാതെ നെഞ്ചുവിരിച്ച് മുഖമുയർത്തിയുള്ള നിൽപ്പ്. അതൊരു കാഴ്ച തന്നെയായിരുന്നു.
 
അതാണ് ഞാൻ എന്റെ ജീവിതത്തിൽ ആദ്യം കാണുന്ന ഗൂർഖ.
കേരളത്തിൽ പലയിടത്തും ഇത്തരത്തിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന നേപ്പാളികൾ ഉണ്ടായിരുന്നു, അവരെ മൊത്തമായി ആളുകൾ ഗൂർഖ എന്നാണ് പറഞ്ഞിരുന്നത്. നൂറു ശതമാനം വിശ്വസിക്കാവുന്നവർ എന്നാണ് അവരെപ്പറ്റി കേരളത്തിലുണ്ടായിരുന്ന വിശ്വാസം. കേരളത്തിലെ അപ്പർ മിഡിൽ ക്‌ളാസ് കോളനികളിൽ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ മോഹൻലാൽ അനശ്വരമാക്കിയ പോലുള്ള ഒരു ഗൂർഖ ഉണ്ടായിരുന്നു. ഇന്നിപ്പോൾ കേരളത്തിൽ അധികം ഗൂർഖകൾ ബാക്കിയില്ല, സ്നേഹവും ബഹുമാനവും മാത്രമാണ് അന്നും ഇന്നും മലയാളിക്ക് ഗൂർഖകളോട് ഉള്ളത്.
 
എന്റെ അച്ഛൻ പക്ഷെ ഒരു കാര്യം പറഞ്ഞു.
ഗൂർഖകളുടെ അരയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു കത്തിയുണ്ട്, ഖുക്രി എന്നാണതിന്റെ പേര്. ഗൂർഖകൾ സാധാരണ അത് പുറത്തെടുക്കാറില്ല, പുറത്തെടുത്താൽ ചോര കാണാതെ അത് തിരിച്ചിടുകയുമില്ല. പൊതുനിരത്തിലിറങ്ങി കച്ചറ ഉണ്ടാക്കുമെങ്കിലും മലയാളികൾക്ക് പൊതുവെ പേടിയുടെ അസുഖമുണ്ട്. അതുകൊണ്ട് ഗൂർഖകളുടെ കത്തി പുറത്തെടുത്തു കാണാനുള്ള ഭാഗ്യം മലായാളികൾക്കോ മലയാളികളുടെ ചോര കാണാനുള്ള ഭാഗ്യം ഖുക്രിക്കോ ഉണ്ടായിട്ടില്ല.
 
വാസ്തവത്തിൽ മലയാളികളുടെ വീട്ടുകാവലുമായി അവസാനിക്കേണ്ടതല്ല ഒരു ശരാശരി ഗൂർഖയുടെ ജീവിതം. തലമുറകളായി ലോകരാജ്യങ്ങളിലെ സൈന്യങ്ങളിൽ അവർ സേവനം അനുഷ്ഠിക്കുന്നു, 1815 ലാണ് ആദ്യമായി ഗൂർഖകളുടെ ധീരതയും വിശ്വസ്തതയും ബ്രിട്ടീഷുകാർ തിരിച്ചറിയുന്നതും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ സേവനത്തിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും തിരഞ്ഞെടുത്ത അയ്യായിരം പേരിൽ അവരെ ഉൾപ്പെടുത്തുന്നതും. പിന്നീടവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1857 ൽ അവർ ബ്രിട്ടീഷ് സൈന്യത്തിന്റെ നേരിട്ടുള്ള ഭാഗമായി. അഫ്ഘാനിസ്ഥാൻ, മ്യാന്മാർ, തുർക്കി, ചൈന ടിബറ്റ് ഇവിടെയൊക്കെ ബ്രിട്ടീഷ് ആർമിയുടെ ഭാഗമായി യുദ്ധം ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു ലക്ഷത്തോളം ഗൂർഖകൾ പങ്കെടുത്തു, ഇരുപതിനായിരത്തോളം പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിൽ രണ്ടര ലക്ഷം ഗുർഖകൾ ബ്രിട്ടന് വേണ്ടി യുദ്ധം ചെയ്തു. സിറിയയിലും, എത്യോപ്യയിലും, ഗ്രീസിലും, ബർമ്മയിലും, സിംഗപ്പൂരിലും അവർ മുൻ നിരയിലുണ്ടായിരുന്നു. ധീരതയ്കുള്ള ധാരാളം അവാർഡുകൾ വാങ്ങിക്കൂട്ടുകയും ചെയ്തു.
 
ഇന്ത്യ സ്വാതന്ത്രമായപ്പോൾ ഇന്ത്യൻ ആർമ്മിയിലും ബ്രിട്ടീഷ് ആർമ്മിയിലും അവർ തുടർന്നു. ബ്രൂണെയിലും ഹോങ്കോങ്ങിലും അവരുണ്ടായിരുന്നു. അഫ്‌ഗാനിസ്ഥാനിൽ ഐക്യ രാഷ്ട്ര സഭയുടെ ക്യാന്പിന്റെ സുരക്ഷയുടെ കാതൽ ഇപ്പോളും ഗൂർഖകൾ തന്നെയാണ്. അവരുടെയൊക്കെ പിൻഗാമികളും നാട്ടുകാരുമായിരുന്നു നമ്മുടെ നാട്ടിലെത്തുന്ന റാം സിങ്ങും ബഹദൂറും.
 
നേപ്പാളാണ് ഗൂർഖകളുടെ ജന്മ ദേശം. അവിടെ ഗോർഖ എന്നൊരു രാജ്യമുണ്ടായിരുന്നു. അത് വളർന്നാണ് പിൽക്കാലത്ത് നേപ്പാൾ രാജവംശമായത്. ഗോർഖ എന്ന ജില്ല ഇപ്പോഴും ഹിമാലയത്തിന്റെ താഴെയുള്ള മലകളിൽ ഉണ്ട്. പണ്ടൊക്കെ ദിവസങ്ങളോളം നടന്നാൽ മാത്രമേ ആ പ്രദേശത്ത് എത്താച്ചേരാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ടു കൂടിയാകണം ഗൂർഖകൾ ഇത്രയും ശാരീരിക ക്ഷമതയുള്ളവരായത്.
 
1994 ലാണ് ഞാൻ ആദ്യമായി നേപ്പാളിൽ പോകുന്നത്. ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച പരിസ്ഥിതിയുടെ സാന്പത്തിക ശാസ്ത്രം എന്ന പരിശീലനത്തിൽ പങ്കെടുക്കാനാണ് അവിടെ എത്തിയത്. ഏഷ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുണ്ടായിരുന്നു.
 
അന്ന് നേപ്പാളിൽ ദീപേന്ദ്ര രാജാവിന്റെ ഭരണമാണ്. പരിശീലനത്തിനിടക്ക് ഒരു ദിവസം രാജാവിനെ സന്ദർശിക്കാനുള്ള അവസരമുണ്ടായി. രാജാവിനെ കാണാനായി സന്ദർശക മുറിയിൽ ഇരുന്ന ഞങ്ങളുടെ അടുത്തേക്ക് അന്ന് കിരീടാവകാശിയായിരുന്ന രാജകുമാരൻ (ദീപേന്ദ്ര) വന്നു. ഞങ്ങളോട് കാര്യമായി പലതും സംസാരിച്ചു. സെൽഫി ഒന്നുമില്ലാത്ത കാലമാണെങ്കിലും കുറച്ചു ഫോട്ടോ സംഘടിപ്പിച്ചു.
 
2001 ജൂൺ ഒന്നിന് നേപ്പാൾ ചരിത്രത്തിൽ രക്തം കൊണ്ടെഴുതിയ ദിവസമാണ്. അന്ന് വൈകീട്ട് കൊട്ടാരത്തിൽ ഒരു പാർട്ടി നടക്കുന്നതിനിടയിലേക്ക് രാജകുമാരൻ തോക്കുമായി എത്തി, രാജാവിനെയും രാജ്ഞിയേയും (സ്വന്തം അച്ഛനെയും അമ്മയെയും) സഹോദരങ്ങളെയും വെടിവച്ചു കൊന്നു. അവസാനം തോക്ക് സ്വന്തം തലയിലേക്ക് തിരിച്ചു വെടിവച്ചുവെങ്കിലും മരിച്ചില്ല.
സ്വന്തം കുടുംബത്തിന്റെ മൊത്തം ഘാതകൻ ആണെങ്കിലും കിരീടാവകാശിയായി അദ്ദേഹമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അബോധാവസ്ഥയിൽ കിടന്ന രാജകുമാരനെ നേപ്പാളിലെ രാജാവായി വാഴിച്ചു. പക്ഷെ മൂന്നു ദിവസത്തിനകം അദ്ദേഹവും മരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ വല്യച്ഛനും ബീരേന്ദ്ര രാജാവിന്റെ സഹോദരനുമായിരുന്ന ഗ്യാനേന്ദ്ര രാജാവായി.
നേപ്പാളിൽ ജനാധിപത്യം വന്നതോടെ രാജാവിന്റെ സ്ഥാനം ഒഴിവാക്കി.
 
രാജാക്കന്മാരുടെയും സുൽത്താന്റെയും കൂടെ നിൽക്കുന്ന ചിത്രങ്ങൾ എന്റെയടുത്ത് പലതുണ്ട്. പക്ഷെ എടുത്തുനോക്കുന്പോൾ എന്നെ ഞെട്ടിക്കുന്ന ചിത്രം ഇത് തന്നെയാണ്.
 
2014 ലെ ഭൂകന്പത്തിന് ശേഷം ഞാൻ വീണ്ടും പലവട്ടം നേപ്പാളിലെത്തി. നേപ്പാൾ ആകെ മാറി, രാജാവിന്റെ കൊട്ടാരം ഇപ്പോൾ ഒരു മ്യൂസിയമാണ്. പതുക്കെയാണെങ്കിലും നേപ്പാൾ ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും പാതയിലാണ്. ധാരാളം ഗൂർഖകളും മറ്റു നേപ്പാളികളും ഇപ്പോൾ മലയാളികളെ പോലെതന്നെ ഗൾഫ് രാജ്യങ്ങളിലാണ് ജോലിക്ക് പോകുന്നത്. അവിടെ സുരക്ഷാ ജോലികളല്ല, മറ്റു ജോലികളാണ് അവർ കൂടുതൽ ചെയ്യുന്നത്. അതുകൊണ്ടു തന്ന ഗൾഫ് നാടുകളിൽ ഗൂർഖകളുടെ മഹത്തായ മിലിട്ടറി പാരന്പര്യം ആളുകൾ അധികം അറിയുന്നില്ല.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment