പൊതു വിഭാഗം

കുട്ടികളുടെ സ്റ്റാർട്ട് അപ്പ്…

ഡൽഹി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർത്ഥിയും, അന്താരാഷ്ട്ര രംഗത്ത് ചെസ്സ് കളിക്കാരനും (എൻറെ മരുമകനും) ആയ അഭിജിത് ഓൺലൈൻ ആയി ചെസ്സ് പഠിപ്പിക്കാൻ താല്പര്യപ്പെടുന്നുവെന്നും താല്പര്യമുള്ള സുഹൃത്തുക്കൾ ബന്ധപ്പെടണമെന്നും ഞാൻ മൂന്നു മാസം മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു.
 
പതിവുപോലെ ആവേശകരമായ പ്രതികരണമാണ് വായനക്കാരിൽ നിന്നും ഉണ്ടായത്. പലരും അവർക്കോ കുട്ടികൾക്കോ വേണ്ടി അഭിജിത്തിനെ കോൺടാക്ട് ചെയ്തു, ഏറെപ്പേർ ഷെയർ ചെയ്തു, ധാരാളം പേർ അഭിനന്ദിച്ചു. ഇതെല്ലാം ചെറുപ്രായത്തിൽ അഭിജിത്തിനുണ്ടാക്കുന്ന സന്തോഷവും നൽകുന്ന ആത്മവിശ്വാസവും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
 
ചെസ്സ് പഠിക്കാനുള്ള ആളുകളുടെ താല്പര്യവും കൊറോണക്കാലത്ത് ലോകത്തെന്പാടും നിന്നും ഓൺലൈനായി പഠിക്കാനുള്ള അവസരവും കണ്ടക്കിലെടുത്ത് ഇത് അഭിജിത്തും സഹോദരൻ അരിജിത്തും (അവനും നാഷണൽ ലെവലിൽ ചെസ്സ് കളിക്കുന്ന ആളാണ്), കുറച്ചു സുഹൃത്തുക്കളും (ആദേശ്, അതുൽ, മനു, ചന്ദർ) ചേർന്ന് ചെസ്സ് പഠിപ്പിക്കാനായി ഒരു ഓൺലൈൻ ചെസ്സ് അക്കാദമി തുടങ്ങുകയാണ്.
വ്യക്തിപരമായും ഗ്രൂപ്പുകളായും ചെസ്സ് കോച്ചിങ്ങ് കൊടുക്കുന്നത് കൂടാതെ ചെസ്സ് വർക്ക്ഷോപ്പുകൾ, സ്‌കൂളുകൾക്കായി പ്രത്യേകം ചെസ്സ് മത്സരങ്ങൾ, ഏറെ മിടുക്കരായവരും ആവശ്യമുള്ളവർക്കും വേണ്ടി സൗജന്യമായി ചെസ്സ് കോച്ചിങ്ങ് ഇതൊക്കെ അവരുടെ സേവനങ്ങളിൽ ഉൾപ്പെടും.
 
ഇപ്പോൾ സ്ഥാപനം നയിക്കുന്ന സംഘത്തിൽ പെൺകുട്ടികളില്ല. ഇത് മാറണമെന്നും നന്നായി ചെസ്സ് കളിക്കുന്ന പെൺകുട്ടികളെ കോച്ചായും മെന്റേർസ് ആയും ഉൾപ്പെടുത്തണമെന്ന് ഞാൻ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്, അത് അവർ അംഗീകരിച്ചിട്ടും ഉണ്ട്. കൂടുതൽ പെൺകുട്ടികൾ തീർച്ചയായും ചെസ്സ് കോച്ചിങ്ങിന് ചേരണമെന്നും എനിക്ക് ആവശ്യപ്പെടാനുണ്ട്.
 
ഓൺലൈൻ അക്കാദമി ആയത് കൊണ്ട് ഓൺലൈൻ ആയിത്തന്നെയാണ് ഉൽഘാടനം. അതുകൊണ്ട് തന്നെ ഇത് www.eighttimeseight.com എന്ന പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ഉൽഘാടനവും ആണ്.
 
കൊറോണക്കാലത്തും അതിനപ്പുറവും ലോകം മുഴുവൻ സേവനങ്ങൾ നൽകുന്ന കൂടുതൽ സ്റ്റാർട്ട് അപ്പുകൾ നമ്മുടെ വിദ്യാർത്ഥിനികളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉണ്ടാകട്ടെ.
 
കുട്ടികൾക്ക് എല്ലാ വിജയാശംസകളും.
 
മുരളി തുമ്മാരുകുടി

Leave a Comment