പൊതു വിഭാഗം

കാലം കഴിയുന്ന ചക്രങ്ങൾ…

എൻറെ അമ്മയുടെ ചെറുപ്പ കാലത്തൊക്കെ തറവാട്ടിൽ ഏതെങ്കിലും വലിയ സദ്യകൾ നടത്തേണ്ടി വരുമ്പോൾ (പുടവ കൊട, പതിനാറടിയന്തിരം, കെട്ടു കല്യാണം) അതിനുവേണ്ട പലവക സാധനങ്ങളും പച്ചക്കറികളും വാങ്ങുന്നത് എറണാകുളം ചന്തയിൽ നിന്നായിരുന്നുവെന്ന് അമ്മാവൻ പറഞ്ഞു കേട്ടിട്ടുണ്ട്. രാത്രി അത്താഴം കഴിഞ്ഞാൽ ഊറായി മാപ്പിളയുടെ കാളവണ്ടിയിൽ കയറി കിടക്കും. ചന്തയിൽ വിൽക്കാനുള്ള പല സാധനങ്ങളും പലയിടത്തു നിന്നായി ആളുകൾ കയറ്റും. അവയൊക്കെ രാവിലെ അഞ്ചു മണിയാകുമ്പോൾ ചന്തയിൽ ഇറക്കും. കാളയും വണ്ടിയും ‘വണ്ടിപ്പേട്ട’യിൽ കൊണ്ടു പോയി നിർത്തും (അന്നത്തെ പാർക്കിങ്ങ് ലോട്ട്). പിന്നെ ചെന്നിട്ടാണ് വാങ്ങലും വിൽക്കലും എല്ലാം. ചന്തയിൽ നിന്നും വാങ്ങേണ്ട അനവധി സാധനങ്ങളുടെ ലിസ്റ്റും ഊറായി മാപ്പിളയുടെ കയ്യിൽ കാണും. വൈകീട്ടാകുമ്പോഴേക്കും ഒരു വണ്ടി സാധനവുമായി ഇടപ്പള്ളി ടോൾ കടക്കണം (എറണാകുളം അന്ന് കൊച്ചി രാജ്യവും വെങ്ങോല തിരുവിതാംകൂറും ആയിരുന്നു, ഇടപ്പള്ളിയിൽ ആണ് അതിർത്തി കടന്ന് തിരുവിതാംകൂറിൽ എത്തുന്നത്, അതിന്റെ കസ്റ്റംസ് കടമ്പയാണ് ടോൾ). ടോൾ കടന്നാൽ പിന്നെ അമ്മാവനും ഊറായി മാപ്പിളയും വണ്ടിയിൽ കിടന്നുറങ്ങും, വണ്ടിയുടെ താഴെ ഒരു റാന്തൽ വിളക്ക് ഉണ്ടാകും. കാളകൾക്ക് തിരിച്ചുള്ള വഴി നല്ല നിശ്ചയമാണ്. രാവിലെ അഞ്ചുമണി ആകുമ്പോൾ വെങ്ങോല കവലയിൽ ഹാജർ. അവിടെ ശങ്കരപ്പിള്ളയുടെ ചായക്കടയിൽ നിന്നും ഒരു കട്ടനും കുടിച്ചിട്ടാണ് വണ്ടി ചുണ്ടമല കയറി തുമ്മാരുകുടിയിൽ എത്തുന്നത്.
 
ഇന്ന് ജനീവയിലെ ഓട്ടോ ഷോ കണ്ടപ്പോൾ ഊറായി മാപ്പിളയുടെ കാളവണ്ടി വീണ്ടും ഓർത്തു. കാരണം ബി എം ഡബ്ലൂ തൊട്ട് ടൊയോട്ട വരെയുള്ള കമ്പനികൾ സ്വയം ഓടുന്ന കാറുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഗൂഗിൾ എല്ലാം ഓടി തുടങ്ങിയല്ലോ, മറ്റുള്ള കാറുകളും ചെറുതായി ഓട്ടോമേഷൻ വരുന്നു. ലൈൻ തെറ്റാതെ ഓടുന്ന കാറുകൾ, സ്വന്തമായി പാർക്ക് ചെയ്യുന്ന കാറുകൾ, മുപ്പത് സെക്കൻഡ് വരെ സ്റ്റിയറിങ്ങിൽ കൈ വച്ചില്ലെങ്കിലും തനിയെ ഓടുന്ന കാറുകൾ തുടങ്ങി പുതിയ മോഡലിൽ പലതും കണ്ടു.
 
സ്വയം ഓടുന്ന കാറുകൾ ഒരു സയൻസ് ഫിക്ഷൻ ഒന്നുമല്ല. ഗൂഗിൾ ഇപ്പോൾ തന്നെ പലയിടത്തും ട്രയൽ ഓട്ടം നടത്തുന്നുണ്ട്. ജനീവക്കടുത്ത് സിയോൺ എന്ന നഗരത്തിൽ ഒരു മിനിബസ് നഗരം ചുറ്റുന്നത് തനിയെ ആണ്, സ്റ്റോപ്പിൽ നിറുത്തി ആളെ കയറ്റി പതുക്കെ അങ്ങനെ പോകും. അടുത്ത വർഷം ആകുമ്പോഴേക്കും ലണ്ടനിൽ തന്നെ ഓടുന്ന ടാക്സികൾ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. ഇപ്പോഴത്തെ നിലയിൽ പോയാൽ അഞ്ചു വർഷത്തിനകം വാഹനങ്ങൾക്ക് സ്റ്റിയറിങ്ങ് വീൽ ഉണ്ടാകില്ല (ചിത്രം നോക്കുക, വണ്ടിക്ക് സ്റ്റീയറിങ് ഇല്ല, രണ്ടാമത്തെ സീറ്റ് പുറകോട്ടാണ് ഫേസ് ചെയ്യുന്നത്).
 
എല്ലാ വാഹനങ്ങളും സ്വയം ഓടാനുള്ള പരിമിതി സാങ്കേതിക വിദ്യയുടേതാകില്ല, നിയമത്തിന്റേതാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉദാഹരണത്തിന് സ്വയം ഓടുന്ന വണ്ടിയിടിച്ച് ഒരാൾ മരിച്ചാൽ ആരാണ് ഉത്തരവാദി? വണ്ടിയിലെ യാത്രക്കാരൻ?, ഉടമസ്ഥൻ ?, വണ്ടി ഉണ്ടാക്കിയ കമ്പനി ?, വണ്ടിയിലെ സെൻസർ ഉണ്ടാക്കിയവർ ?, സോഫ്റ്റ്‌വെയർ ഉണ്ടാക്കിയവർ ?, ആ പ്രദേശത്ത് ജി പി എസ് സൗകര്യം ഒരുക്കുന്നവർ ?, ടെലികോം കമ്പനികൾ ? ഈവക പ്രശ്നങ്ങൾക്കൊന്നും തൽക്കാലം നിയമം ഇല്ല, ഉണ്ടാക്കി വരുന്നതേയുള്ളൂ.
 
അതേ സമയം സുരക്ഷാ രംഗത്ത് സ്വയം ഓടുന്ന കാറുകൾ (ഓട്ടോണമസ് വെഹിക്കിൾസ്) വലിയ മാറ്റം ഉണ്ടാക്കും. ഇപ്പോൾ ലോകത്തെ തൊണ്ണൂറ്റി അഞ്ചു ശതമാനം അപകടങ്ങളും ഡ്രൈവർ മൂലം ഉണ്ടാകുന്നതാണ് എന്നാണ് പറയപ്പെടുന്നത്. അപ്പോൾ കമ്പ്യൂട്ടർ കാറോടിക്കുന്ന കാലത്ത് അപകടം ഇപ്പോഴത്തേതിന്റെ അഞ്ചു ശതമാനം ആകും. ഒരു വർഷം മൂന്ന് ലക്ഷം പേർ റോഡപകടത്തിൽ മരിക്കുന്ന ഇന്ത്യയിൽ കമ്പ്യൂട്ടർ കാറോടിച്ചു തുടങ്ങിയാൽ മരണം പതിനയ്യായിരം ആയി കുറയും. അതായത് രണ്ടുലക്ഷത്തി എൺപത്തയ്യായിരം ഇന്ത്യക്കാർ വർഷം തോറും രക്ഷപെടും. അപകടത്തിൽ പെട്ട് നരകിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യും.
 
ഇതൊന്നും ഇന്ത്യ പോലെ നിയമം അനുസരിക്കാത്ത നാട്ടിൽ നടക്കില്ല എന്ന് ചിന്തിക്കുന്നവർ ഉണ്ട്. സത്യം നേരെ തിരിച്ചാണ്. ഒന്നാമത് ഒരു കാലത്തും നമ്മുടെ ട്രാൻസ്പോട്ട് വകുപ്പ് അഴിമതി വിമുക്തം ആകുമെന്നോ നമ്മുടെ ഡ്രൈവർമാർ നിയമം അനുസരിക്കും എന്നോ പ്രതീക്ഷിക്കാൻ വകയില്ല. അപ്പോൾ മരണം കൂടിക്കൊണ്ടേ ഇരിക്കും. അപ്പോൾ മരണം കുറക്കണം എങ്കിൽ ഡ്രൈവർമാരെ ഒഴിവാക്കുന്നതാണ് ബുദ്ധി.
 
ഇന്ത്യയിൽ വണ്ടി ഓടിക്കണമെങ്കിൽ മുൻപിലും പിന്നിലും ഇടതും വലതും ഒരു കണ്ണ് വേണം, പോരാത്തതിന് ഹോൺ അടിച്ച് ശബ്ദത്തിലൂടെ സിഗ്നൽ തരുന്നത് വേറെ. പക്ഷെ ഒരു മനുഷ്യന് തലയുടെ മുന്നിൽ രണ്ടു കണ്ണും വശത്ത് രണ്ടു ചെവിയും മാത്രമേയുള്ളൂ. മറ്റു ഡ്രൈവർമാരുടെ കാര്യം ശ്രദ്ധിക്കാനും പുറം റോഡിലെ കാര്യം അറിയാനും. മുന്നിലെ കാർ ബ്രേക്ക് ചെയ്തു എന്നറിയാനും നമ്മുടെ കാർ ബ്രെക്ക് ചെയ്യാനും രണ്ടു സെക്കൻഡ് എങ്കിലും വേണം റിയാക്ഷൻ ടൈം). എതിരെ നിന്നും വരുന്ന കാർ ഫുൾ ബീം ഇട്ടു നമ്മുടെ കാഴ്ച കളയുന്നത് വേറെ. കമ്പ്യൂട്ടർ ആകുമ്പോൾ ഈ കുഴപ്പം ഒന്നുമില്ല. കാറിന് ചുറ്റും സെൻസർ ആകാം, റിയാക്ഷൻ ടൈം എന്നത് സെക്കന്റിന്റെ ആയിരത്തിൽ ഒന്ന് മതി. അപ്പോൾ നമ്മുടെ നാട്ടിലാണ് ഇതിന്റെ കൂടുതൽ ആവശ്യവും പ്രായോഗികതയും.
 
പത്തു വർഷത്തിലധികം ഡ്രൈവർ എന്നൊരു ജോലിക്ക് ഭാവി ഉണ്ടാവില്ല എന്നാണ് എൻറെ വിശ്വാസം. ഇത് കാറിന്റെ കാര്യത്തിൽ മാത്രമല്ല, ട്രക്ക്, ട്രെയിൻ, കപ്പൽ, വിമാനം തുടങ്ങി എല്ലാ വാഹനങ്ങൾക്കും ബാധകമാണ്.
 
പൈലറ്റുമാരുടെ ഇടയിൽ ഇപ്പോഴേ ഒരു തമാശ ഉണ്ട്.
 
“നാളത്തെ വിമാനം പറത്താൻ എത്ര പൈലറ്റുമാർ വേണം ?”
 
ഒരു പൈലറ്റ് മതി, പക്ഷെ ഒരു കമ്പ്യൂട്ടറും, കൂടെ ഒരു പട്ടിയും വേണം.
 
അതെന്തിനാണ് ?
 
“വിമാനം കമ്പ്യൂട്ടർ പറത്തിക്കൊള്ളും. പക്ഷെ പൈലറ്റിനെ കണ്ടില്ലെങ്കിൽ യാത്രക്കാർ പേടിക്കും”.
 
“അപ്പോൾ പൈലറ്റിന് പണി ഒന്നും ഇല്ലേ?”
 
“പൈലറ്റിന് പട്ടിക്ക് തീറ്റ കൊടുക്കാമല്ലോ”
 
“അപ്പോൾ പട്ടിയുടെ പണി ?”
 
“ഇനി പൈലറ്റ് അഥവാ ആ കമ്പ്യൂട്ടറിൽ എങ്ങാനും തൊടാൻ പോയാൽ അയാളുടെ കൈക്കിട്ട് ഒരു കടി കൊടുക്കാൻ.”
 
ഇനി പൈലറ്റാവാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഒരു പട്ടിയെ വളർത്തി ശീലിക്കുന്നത് നല്ലതാണ്.
 
മുരളി തുമ്മാരുകുടി

Leave a Comment