പൊതു വിഭാഗം

കാറിൽ കക്കൂസ് വരുന്ന കാലം?

ഒരു മാസം നാട്ടിലുണ്ടായിരുന്നു. പെരുന്പാവൂരിൽ നിന്നും തിരുവനന്തപുരം വരെയും പിന്നീട് വയനാട് വരേയും യാത്ര ചെയ്തു. എറണാകുളം, ആലപ്പുഴ, തൃത്താല, കാലടി, കോട്ടക്കൽ, കൊണ്ടോട്ടി, കോഴിക്കോട്, പേരാന്പ്ര, എല്ലായിടത്തും പ്രോഗ്രാമുകൾ ഉണ്ടായി.
 
നമ്മുടെ റോഡുകൾ സുരക്ഷിതമല്ല എന്ന് ഞാൻ പണ്ടേ പറയാറുണ്ടല്ലോ. ആ സ്ഥിതി തുടരുന്നു. 2019 ൽ കേരളത്തിൽ റോഡിൽ മരിച്ചവരുടെ എണ്ണം 4355 ആണ്, 2018 ലേക്കാളും കൂടുതൽ. പുതിയ നിയമങ്ങളും അതിൻറെ നടപ്പിലാക്കലും ഒന്നും റോഡുകളിലെ കുരുതികളിൽ മാറ്റമുണ്ടാക്കിയിട്ടില്ല എന്ന് വ്യക്തം.
അതവിടെ നിൽക്കട്ടെ, ഇന്ന് ഞാൻ പറയാൻ പോകുന്നത് നമ്മുടെ റോഡുകളിലെ ട്രാഫിക്ക് ജാമുകളെ പറ്റിയാണ്. കേരളത്തിൽ ചെറുതോ വലുതോ ആയ ഏതൊരു യാത്രക്കും എത്ര സമയം എടുക്കുമെന്ന് പറയാൻ പറ്റാത്ത രീതിയിൽ ആയിരിക്കുന്നു കാര്യങ്ങൾ.
 
പെരുന്പാവൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇരുന്നൂറ്റി ഇരുപത് കിലോമീറ്റർ ആണ് ദൂരം. നാഷണൽ ഹൈവേയിൽ എൺപത് കിലോമീറ്റർ വരെ പോകാനും മറ്റിടങ്ങളിൽ അറുപത് കിലോമീറ്റർ വേഗത്തിൽ പോകാനും നമുക്ക് അനുമതിയുണ്ടെന്ന് തോന്നുന്നു.
 
ശരാശരി മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ പോയാലും മൂന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തേണ്ടതാണ്. വേണ്ട, അല്പം ബഫ്ഫർ കൊടുത്താൽ നാലു മണിക്കൂർ.
 
ചിലപ്പോഴെ ഒള്ളൂ.
വീട്ടിൽ നിന്നും പെരുന്പാവൂരിലേക്ക് ഒന്നര കിലോമീറ്റർ. ആലുവ മൂന്നാർ റോഡും മെയിൻ സെൻട്രൽ റോഡും സന്ധിക്കുന്ന സ്ഥലമാണ് പെരുന്പാവൂർ. പെരുന്പാവൂർ പുത്തൻകുരിശ് റോഡ് ഇവിടെ നിന്നും തുടങ്ങുന്നു. ഈ മൂന്നു റോഡിനും ഇരുവശവുമായി പരമാവധി ഒരു കിലോമീറ്ററിലുള്ള ഒരു റിബൺ ഡെവലപ്പ്മെന്റ് ആണ് പെരുന്പാവൂർ.
 
ഈ ഒരു കിലോമീറ്റർ കടന്നുകിട്ടാൻ എത്ര സമയം വേണം ?
ആ ??
അഞ്ചു മിനുട്ട് ?
അര മണിക്കൂർ ?
അതിലധികം ?
“പെരുന്പാവൂരിലെപ്പോലെ മുടിഞ്ഞ ട്രാഫിക്ക് ഒരിടത്തും ഇല്ല” എന്ന് എന്നോട് പലരും പറഞ്ഞു. നെടുന്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് പെരുന്പാവൂർ കടന്നു കിട്ടുക എന്നത് ഇപ്പോൾ ഒരു വെല്ലുവിളിയാണ്. പെരുന്പാവൂരിൽ കുടുങ്ങി വിമാനം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. പണ്ടൊക്കെ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഒരു ചായ കുടിക്കാൻ ഞാൻ സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിക്കാറുണ്ട്. ഇപ്പോൾ അത് നിറുത്തി.
 
പെരുന്പാവൂരിലെ ട്രാഫിക്കിനെ കുറ്റം പറയുന്നവർ കാലടി ഒന്നുപോയി കാണണം. അര കിലോമീറ്റർ നീളമുള്ള നഗരമാണ് കാലടി, പിന്നെ പുഴക്ക് കുറുകെ ഒരു പാലം. പക്ഷെ കാലടിയിലെ ട്രാഫിക്ക് ജാം ഇപ്പോൾ മൂന്നുകിലോമീറ്റർ ഇപ്പുറത്ത് വലത്ത് വരെ എത്തുന്നത് പതിവാണ്, രാത്രികളിൽ പോലും !
 
പെരുന്പാവൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്നതിന് ആലുവയിൽ കൂടിയാണ് ഒരു വഴി. ആലുവ മൊത്തം ട്രാഫിക്ക് ബ്ലോക്കാണ്. മെട്രോ റെയിൽവേ സ്റ്റേഷനിൽ നിന്നും മെട്രോ സ്റ്റേഷനിലേക്ക് നടന്നാൽ പതിനഞ്ചു മിനുട്ട് മതി, സമയം ഉള്ളവർക്ക് ഓട്ടോയിലോ ടാക്സിയിലോ പോകാം, അരമണിക്കൂറെടുത്ത് നഗരം ചുറ്റിക്കണ്ടു പോകാമല്ലോ.
 
“മൂവാറ്റുപുഴ ഇപ്പോൾ നഗരമല്ല, നരകമാണ്”
“കോട്ടക്കലേക്ക് ഞാനിപ്പോൾ പോകലു തന്നെയില്ല, എന്തൊരു ട്രാഫിക്ക് ആണ്”
“എന്നാണ് ആലപ്പുഴ ബൈപാസ് കമ്മീഷൻ ചെയ്യാൻ പോകുന്നത്, മടുത്തു”
“ഇരുന്നൂറ്റി അന്പത് മീറ്റർ നീളത്തിലുള്ള പേരാന്പ്ര ടൌൺ കടന്നു കിട്ടാൻ ഇരുപത്തി അഞ്ചു മിനുട്ടെടുത്തു”
“ഓ, അതാണോ വലിയ സംഭവം, താമരശ്ശേരി ചുരം കടക്കാൻ എത്ര സമയം വേണം എന്ന് പ്രവചിക്കാൻ ബ്രഹ്മാവിന് പോലും പറ്റില്ല”.
“ഹ ഹ ഹ, ഒരു ചുരമില്ലെങ്കിലും പാലിയേക്കര ടോളിൽ ഞങ്ങൾ ട്രാഫിക്ക് ജാം ഉണ്ടാക്കി തരാമല്ലോ.”
 
നഗരത്തിന്റെ പേരൊന്നു മാറ്റിയാൽ മതി, സ്ഥിതിയെല്ലാം ഒന്ന് തന്നെ. കേരളം ഇന്നൊരു വലിയ ട്രാഫിക് ജാമാണ്. എവിടേക്ക് പോകാനും പ്ലാൻ ചെയ്യാനാകാത്ത അവസ്ഥ, യാത്ര സുഖകരമായ അനുഭവമാകുന്നതിന് പകരം മടുപ്പിക്കുന്നു, റോഡുകളിൽ ആളുകൾക്ക് അരിശം വരുന്നു, പകൽ യാത്ര ഒഴിവാക്കി രാത്രി യാത്ര ചെയ്ത് അപകടങ്ങൾ കൂട്ടുന്നു.
 
എന്തൊരു കഷ്ടമാണിത്? നമ്മുടെ നഗരങ്ങൾ ഓരോന്നും ട്രാഫിക്കിൽ കുരുങ്ങി മരിക്കുന്പോൾ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിവുള്ളവർ, ഉത്തരവാദിത്തമുള്ളവർ എന്ത് ചെയ്യുകയാണ്?
 
ബിഗ് ഡേറ്റ അനാലിസിസ് അനുസരിച്ച് ശാസ്ത്രീയമായി നമ്മുടെ റോഡുകളിലെ ട്രാഫിക്കിന്റെ ഒഴുക്ക് പരിശോധിക്കണം. എന്നിട്ട് വേണ്ടത്ര നയങ്ങളും നിയമങ്ങളും സൗകര്യങ്ങളും ഉണ്ടാക്കുന്നതിനെ പറ്റി ചർച്ചയെങ്കിലും വേണം. അധികം ഭൗതിക സൗകര്യങ്ങൾ ഉണ്ടാക്കാൻ നമുക്ക് പണമില്ല, അതിനൊക്കെ ഏറെ സമയവും വേണ്ടി വരും. പക്ഷെ അതിനൊക്കെ മുൻപ് ചെയ്യാവുന്ന എത്രയോ കാര്യങ്ങൾ ഉണ്ട്. ഇതൊന്നും പുതിയതായി കണ്ടുപിടിക്കേണ്ട ഒരു കാര്യവുമില്ല.
 
1997 ലാണ് ഞാൻ ആദ്യമായി ബാങ്കോക്കിൽ എത്തുന്നത്. അന്ന് ലോകത്തിലെ ഏറ്റവും മോശമായ ട്രാഫിക് ആണ് അവിടെയുള്ളത്. ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്നും ഇരുപത് കിലോമീറ്റർ ദൂരെയുള്ള ഹോട്ടലിലെത്താൻ ശരാശരി നാലുമണിക്കൂർ ആണ് എടുത്തിരുന്നത്. രാവിലെ ഒന്പതുമണിക്ക് സ്കൂളിലെത്താൻ കുട്ടികളെ അഞ്ചുമണിക്ക് വിടേണ്ടി വന്നിരുന്നു. ഓഫിസിൽ പോകുന്നവർ കാറിനകത്ത് മൂത്രമൊഴിക്കാനുള്ള സംവിധാനം ഉണ്ടാക്കിവെച്ചിരുന്നു, കാരണം ട്രാഫിക്കിൽ പെട്ടാൽ പിന്നെ എപ്പോൾ പുറത്തു ചാടുമെന്നു പറയാൻ പറ്റില്ല.
 
ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്നും ഇപ്പോൾ പതിനഞ്ചു മിനിറ്റുകൊണ്ട് നഗര ഹൃദയത്തിൽ എത്താം. സ്‌കൂൾ കുട്ടികൾക്ക് ഏഴു വരെ കിടന്നുറങ്ങാം, ട്രാഫിക്കിനു നടുക്ക് മൂത്രമൊഴിക്കേണ്ട ഗതികേട് നാട്ടുകാർക്കില്ല. അപ്പോൾ ഈ ട്രാഫിക്ക് പ്രശ്നങ്ങളെല്ലാം മനുഷ്യർ വിചാരിച്ചാൽ മാറ്റാവുന്ന കാര്യമേയുള്ളൂ.
 
പക്ഷെ വിചാരിക്കണം.
 
മുരളി തുമ്മാരുകുടി

Leave a Comment