പൊതു വിഭാഗം

കാനഡയിലെ പത്രവിതരണം

യൂറോപ്പിലും അമേരിക്കയിലും ഉള്ളവരുടേതുൾപ്പെടെ വാഗ്‌ദത്ത ഭൂമിയാണിപ്പോൾ കാനഡ. ചെറുപ്പക്കാരനായ പ്രധാനമന്ത്രി, പൂർണ്ണമായും ലിംഗസമത്വമുള്ള മന്ത്രിസഭ, പുരോഗമനപരമായ നയങ്ങൾ, പ്രകൃതിവിഭവങ്ങൾ ഏറെയുള്ളതിനാൽ സാധാരണ ഉയർച്ചതാഴ്ചകൾ അധികം ബാധിക്കാത്ത സമ്പദ്‌വ്യവസ്ഥ, ഏറെ ചെലവു കുറഞ്ഞതും മികച്ചതുമായ വിദ്യാഭ്യാസം എന്നിങ്ങനെ കാനഡയെപ്പറ്റി പറയാൻ നല്ലത് ഏറെയുണ്ട്. ആരുമായും ശത്രുതയില്ല, തീവ്രവാദവും ഏറെയില്ല.

ജനസംഖ്യ കുറവായതിനാൽ കൃത്യമായ മാനദണ്ഡങ്ങളോടെ പുറത്തുനിന്നും ആളുകളെ സ്വീകരിക്കുന്ന രാജ്യമാണ് കാനഡ. അർഹതയുള്ള ആർക്കും അപേക്ഷിക്കാം. അതെല്ലാം വേണ്ട തരത്തിൽ പരിഗണിച്ച് സ്ഥിരതാമസത്തിനുള്ള അനുമതി തരും. അതിലൊന്നും ഇടനിലക്കാരും അഴിമതിയുമില്ല.

എന്നാൽ ഒന്നു ട്രൈ ചെയ്തു നോക്കട്ടെ ചേട്ടാ?

തീർച്ചയായും ട്രൈ ചെയ്യണം. പക്ഷെ, അതിനു മുൻപ് കുറച്ചു കാര്യങ്ങൾ കൂടി പറയാം.

ഞാൻ ബ്രൂണെയിലായിരുന്ന കാലത്താണ് എന്റെ സുഹൃത്ത് ഷംസേർ സിംഗ് ബച്ചു കാനഡക്ക് പോകാൻ തീരുമാനിക്കുന്നത്. പ്രശസ്തമായ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു. ഇന്ത്യയിൽ എൽ ആൻഡ് ടി യിലും സൗദിയിൽ അറാംകോയിലും ഒമാനിൽ പി സി ഓ യിലും ജോലി ചെയ്തതിനു ശേഷമാണ് ബ്രൂണെയിലെത്തുന്നത്. എല്ലാം ഒന്നാം കിട കമ്പനികൾ. വൻകിട കംപ്രസ്സറുകളുടെ മെയിന്റനൻസിൽ ഏറെ വൈദഗ്ദ്ധ്യം, പതിനഞ്ചു വർഷത്തെ തൊഴിൽ പരിചയം, വിദേശത്ത് പത്തുവർഷം ജോലി ചെയ്തതിന്റെ സമ്പാദ്യം ഇത്രയുമൊക്കെയായിട്ടാണ് ബച്ചു കാനഡക്ക് വിമാനം കയറുന്നത്.

എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെയല്ല നടന്നത്. കാനഡയിൽ പോയി വീടുവാങ്ങി, കാറു വാങ്ങി, കുട്ടികളെ സ്കൂളിൽ ചേർത്തു. ഇതൊക്കെ അവിടെ എളുപ്പത്തിൽ ചെയ്യാവുന്ന സംഗതികളാണ്. അതിനു ശേഷമാണ് തൊഴിലന്വേഷണം ആരംഭിച്ചത്. ധാരാളം എണ്ണ പര്യവേഷണവും, ഖനനവും, റിഫൈനറിയും ഉള്ള രാജ്യമാണ് കാനഡ. ലോകത്ത് മറ്റുള്ളിടത്തു പോലും പ്രവർത്തിക്കുന്ന കനേഡിയൻ കമ്പനികൾ ഈ രംഗത്തുണ്ട്. എന്നിട്ടും പതിനഞ്ചു വർഷത്തെ അന്താരാഷ്ട്ര പരിചയമുള്ള ബച്ചുവിന് ജോലിയൊന്നും കിട്ടിയില്ല.
കാരണം?
കനേഡിയൻ എക്സ്‌പീരിയൻസിന്റെ അഭാവം.

ഇത് ബച്ചുവിന്റെ മാത്രം കഥയല്ല. കാനഡയിലെത്തുന്ന മറുനാട്ടുകാരെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ്. മറ്റുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കറ്റുകൾ പലതും കാനഡയിൽ അംഗീകൃതമല്ല. ഉദാഹരണത്തിന് ഡോക്ടറോ ഡെന്റിസ്റ്റോ ആയി ഇന്ത്യയിൽ നിന്നും ചെല്ലുന്നവർക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യാൻ അനുമതിയില്ല. എഞ്ചിനീയറിംഗ് പോലെ അംഗീകൃതമായ ബിരുദമുണ്ടെങ്കിലും കാനഡയിലെ ജോലിപരിചയമില്ലെങ്കിൽ തൊഴിൽ കമ്പോളത്തിൽ ഇടിച്ചുകയറാൻ ബുദ്ധിമുട്ടാണ്.

ബച്ചു സർദാർജിയാണ്. സ്വാതന്ത്ര്യത്തിന്റെ സമയത്ത് സ്വന്തം സ്ഥലവും നാടുമുപേക്ഷിച്ച് പാക്കിസ്ഥനിൽ നിന്നും ഓടിയെത്തിയവരുടെ പിൻഗാമി. കാനഡയാണെങ്കിലോ പതിനായിരക്കണക്കിന് സർദാർജികളുള്ള സ്ഥലവും. അദ്ദേഹവും ഭാര്യയും ഒരു തൊഴിൽ കണ്ടുപിടിച്ചു. ചെറിയ സൂപ്പർ മാർക്കെറ്റുകളുടെ പരസ്യം ഓരോ വീട്ടിലും കൊണ്ടുചെന്നിടുക, നമ്മുടെ പത്രവിതരണം പോലെ തന്നെ. നൂറു വീടുകളിൽ പരസ്യം ചെന്നുകഴിഞ്ഞാൽ ഏഴു ഡോളർ കിട്ടും. കിട്ടുന്നത് ലാഭം.

എന്തായാലും പത്രവിതരണത്തിലൂടെ മാത്രം കാനഡയിലെ ചെലവിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബച്ചുവിന് മനസ്സിലായി. ആറുമാസമായതോടെ സമ്പാദ്യമൊക്കെ തീരാറായതോടെ വീട്ടുകാരെ കാനഡയിൽ വിട്ട് ബിച്ചു തിരിച്ച് സൗദിയിലേക്ക് വണ്ടി കയറി. പിന്നീട് പത്തുവർഷത്തോളം ബച്ചുവിനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. അദ്ദേഹത്തെ പിന്നീട് ഗൂഗിളിൽ കണ്ടുപിടിക്കുമ്പോഴേക്കും അദ്ദേഹത്തിന് കാനഡയിൽ ജോലിയായി, കുട്ടികൾ യൂണിവേഴ്സിറ്റികളിലായി, ഭാര്യ അവിടെത്തന്നെ ഫിസിയോതെറാപ്പിസ്റ്റായി. ജീവിതം സുഖം, സമ്പന്നം.

പറഞ്ഞുവരുന്നത് ഇതാണ്. കാനഡയിലേക്ക് വരുന്നത് പത്രവാർത്തകളും മുന്നേ വന്നവരുടെ പത്രാസും കണ്ടവരുത്. സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക, മാനസിക, കുടുംബപരമായി നല്ല തയ്യാറെടുപ്പ് വേണം. ഏതെങ്കിലും കനേഡിയൻ കമ്പനിയിൽ ജോലി കിട്ടി എത്തുന്നതാണ് ഏറ്റവും സുരക്ഷിതം. അല്ലെങ്കിൽ പഠനകാലത്ത് തന്നെ കനേഡിയൻ യൂണിവേഴ്സിറ്റിയിൽ എത്തുന്നത്.

അല്ലാതെ സ്ഥിരതാമസത്തിന് അപേക്ഷിച്ച് വരുന്നവർ സ്വന്തം ഡിഗ്രിയെപ്പറ്റിയും സ്വന്തം തൊഴിലിന്റെ കാനഡയിലെ സാധ്യതകളെപ്പറ്റിയുമൊക്കെ മുൻകൂട്ടി നന്നായി മനസ്സിലാക്കണം. സഹായിക്കാൻ സന്നദ്ധരായ ഒരു കുടുംബമെങ്കിലും കാനഡയിലുണ്ടെന്ന് ഉറപ്പു വരുത്തണം. ചുരുങ്ങിയത് മൂന്നു വർഷത്തേക്ക് വരുമാനമില്ലെങ്കിലും പിടിച്ചുനിൽക്കാനുള്ള പണം കൈയിലുണ്ടാകണം. എത്ര ഉന്നത വിദ്യാഭ്യാസമുള്ള ആളാണെങ്കിലും ഹോട്ടലിൽ പത്രം കഴുകുന്നതുൾപ്പെടെ എന്തു പണിയും ചെയ്യാനുള്ള മാനസിക തയ്യാറെടുപ്പും വേണം.

Leave a Comment