പൊതു വിഭാഗം

കാംപസ് സുരക്ഷക്കായി ഒരു സഹായം…

നമ്മുടെ കാംപസുകളിലെ സുരക്ഷ വേണ്ടത്ര നന്നായി കൈകാര്യം ചെയ്യപ്പെടുന്നില്ല എന്ന് ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ടല്ലോ. കഴിഞ്ഞ വർഷം തന്നെ സ്‌കൂൾ കാംപസിനകത്ത് പാന്പ് കടിച്ചും ക്രിക്കറ്റ് കളിക്കിടയിലും സ്പോർട്സ് മേളക്കിടക്കും കുട്ടികളുടെ മരണമുണ്ടായി. കോളേജിലെ രണ്ടാം നിലയിൽ നിന്നും താഴെ വീണ് ഒരു അധ്യാപകൻ മരിച്ചതും പണ്ടല്ല. സ്‌കൂളിലേക്കുള്ള യാത്രകളിലും വിനോദയാത്രകളിലും റോഡിലും വെള്ളത്തിലും മരിക്കുന്നവരുടെ എണ്ണം കൂടി എടുത്താൽ ഇതിന്റെ പലമടങ്ങ് വരും.
കാംപസുകളിൽ നല്ല ഒരു സുരക്ഷാ ഓഡിറ്റ് നടത്തുക, വിദ്യാർത്ഥികൾക്ക് സുരക്ഷയിൽ അടിസ്ഥാന പരിശീലനം നൽകുക ഇതൊക്കെയാണ് ഇത്തരം ദുരന്തം ഒഴിവാക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്നത്.
ഈ അവധിക്കാലത്ത് വയനാട്ടിലെ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ വയനാട് ജില്ലയിലെ തിരഞ്ഞെടുത്ത മുന്നൂറോളം അധ്യാപകർക്ക് സുരക്ഷാ ഓഡിറ്റിങ്ങിൽ പരിശീലനം നൽകി. ഇനി അവർ സ്വന്തം കാംപസുകളിൽ ഓഡിറ്റ് നടത്താം എന്ന് സമ്മതിച്ചിട്ടുണ്ട്. അത്തരം റിപ്പോർട്ടുകൾ റിവ്യൂ ചെയ്യണം, സ്‌കൂളിന് ഒരു സുരക്ഷാ പ്ലാൻ ഉണ്ടാക്കാൻ അവരെ സഹായിക്കണം.
ഇതിനൊക്കെ താല്പര്യമുള്ളവരുടെ സഹായം തേടുകയാണ്. കേരളത്തിനകത്തും പുറത്തും സുരക്ഷാ പരിശീലനം നേടിയവരും സുരക്ഷാ രംഗത്ത് ജോലി ചെയ്യുന്നവരുമായി ആയിരക്കണക്കിന് മലയാളികളുണ്ട്. ഇവർ എല്ലാവരും തന്നെ നമ്മുടെ കാംപസുകളിലെ സുരക്ഷക്ക് വേണ്ടി അല്പം സമയം ചിലവിടാൻ തയ്യാറാവുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. കാംപസുകൾ സന്ദർശിക്കുക, ഓഡിറ്റിന് അധ്യാപകരെ സഹായിക്കുക, അധ്യാപകർ ഉണ്ടാക്കുന്ന റിപ്പോർട്ടുകൾ റിവ്യൂ ചെയ്യുക, പറ്റിയാൽ കുട്ടികളോട് സംവദിക്കുക എന്നിങ്ങനെ പല തരത്തിൽ നിങ്ങൾക്ക് ഈ ഉദ്യമത്തിൽ പങ്കുചേരാം. നാട്ടിൽ കാംപസുകളിൽ പോയും, നിങ്ങൾ ലോകത്തെവിടെയാണെങ്കിലും അവിടെ ഇരുന്നും ഈ കാര്യത്തിൽ സഹായിക്കാൻ പറ്റും.
ഇത്തരത്തിൽ കേരളത്തിലെ കാംപസുകളുടെ സുരക്ഷ ഉറപ്പു വരുത്താൻ വോളണ്ടിയർ ആയി കുറച്ചു സമയമെങ്കിലും ചിലവാക്കാൻ തയ്യാറുള്ളവർ ഈ ഫോം ഒന്ന് ഫിൽ ചെയ്യണം. നിങ്ങളുടെ ലൊക്കേഷനും സമയവും സൗകര്യവും അനുസരിച്ച് എന്താണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുക എന്നറിയാൻ ഞാൻ നേരിട്ട് ബന്ധപ്പെടാം.
സുരക്ഷാ വിദഗ്‌ദ്ധർ അല്ലാത്തവർക്കും സഹായിക്കാം. ഫേസ്ബുക്കിൽ ഗൂഗിൾ ലിങ്ക് പോസ്റ്റിലിട്ടാൽ സക്കറിന്റെ അൽഗോരിതം ആ പോസ്റ്റ് പ്രമോട്ട് ചെയ്യില്ല എന്നറിയാമല്ലോ. അതിനെ മറികടക്കണമെങ്കിൽ ഈ പോസ്റ്റ് കാണുന്നവരെല്ലാം ഒന്ന് ഷെയർ ചെയ്യണം. പ്ലീസ്…
മുരളി തുമ്മാരുകുടി
https://docs.google.com/forms/d/e/1FAIpQLSd1adUu7mQgQ3fUGuGD6WF1kvW1D8aib0L6L08MN4HNee9sFA/viewform

Leave a Comment