പൊതു വിഭാഗം

കളവിനുള്ളിലും ചതി?

വലിയ കുഴപ്പങ്ങളിൽ നിന്നും രക്ഷപെടാൻ ജീവിതത്തിലും, ഒരു ജോലി കിട്ടാൻ ബയോഡേറ്റയിലും ചെറിയ നുണകൾ പറയുന്നത് ഒരു തെറ്റല്ല എന്ന ജീവിതവീക്ഷണമാണ് എനിക്കുള്ളത്. അങ്ങനെ ചിന്തിക്കാതെ എപ്പോഴും സത്യം മാത്രം പറയണമെന്ന് പറയുന്നവരാണ് ഭൂരിഭാഗവും എന്നെനിക്കറിയാം. പക്ഷെ ഭാഗ്യവശാൽ അവരും പ്രവർത്തിയോടടുക്കുന്പോൾ ഞാനുമായി ഒരേ തൂവൽപ്പക്ഷികളായതുകൊണ്ട് സത്യസന്ധന്മാരാണ് എന്ന് വിശ്വസിക്കുന്നവരോട് എനിക്ക് യാതൊരു പരാതിയുമില്ല.
കാലടി ശ്രീ ശങ്കര കോളേജിലാണ് ഞാൻ കോളേജ് വിദ്യാഭ്യാസം ചെയ്തത്. അന്ന് കോളജ് ബസുകളോ അധികം പ്രൈവറ്റ് ബസുകളോ ഇല്ല. പെരുന്പാവൂരിൽ നിന്നും കാലടിവഴി അങ്കമാലിക്കും തൃശൂർക്കും പോകുന്ന അനവധി കെ എസ് ആർ ടി സി ബസുകളുണ്ട്. പക്ഷെ പ്രൈവറ്റ് ബസുകളുള്ള റൂട്ടിൽ ട്രാൻസ്‌പോർട്ട് ബസിൽ കൺസഷൻ ഇല്ല. അതുകൊണ്ട് കാലിയായി ട്രാൻസ്‌പോർട്ട് ബസുകൾ പോകുന്പോൾ ചാളപോലെ വിദ്യാർത്ഥികളെ കുത്തിനിറച്ച് സി എം എസ് ബസ് കോളേജ് സ്റ്റോപ്പായ മറ്റൂരിലെത്തും. ഏത് കാലത്ത് ഏത് സർക്കാരാണ് കുട്ടികളെ സൗജന്യനിരക്കിൽ യാത്ര ചെയ്യിക്കേണ്ട സമൂഹത്തിന്റെ ഉത്തരവാദിത്തം സ്വകാര്യ മേഖലക്ക് മാത്രമായി മാറ്റിവെച്ചത് എന്നെനിക്കറിയില്ല. അതെന്താണെങ്കിലും കെ എസ്‌ ആർ ടി സി യെ പറ്റി ബഹുഭൂരിപക്ഷം മലയാളികളുടെ ഇടയിലും മൃദുലവികാരങ്ങൾ ഇല്ലാതിരിക്കാൻ ആ തീരുമാനവും ഒരു കാരണമാണ് (ബാക്കി കാരണങ്ങൾ പിന്നീടൊരിക്കൽ എഴുതാം).
വെങ്ങോലയിൽ നിന്നും രാവിലെ ഏഴുമണിക്ക് ഇറങ്ങിയാലേ കോളേജിൽ ഒന്പത് മണിക്ക് എത്താൻ പറ്റൂ, ഒരു ബസ് മിസ്സായാൽ തന്നെ സമയം തെറ്റും. ഇതൊക്കെ അധ്യാപകർക്കും അറിയാം. അന്നൊന്നും അവർക്ക് യു ജി ജി സാലറി ഒന്നുമില്ല. സി എം എസ് ബസിൽ തൂങ്ങിപ്പിടിച്ചു വരുന്നവരിൽ പലപ്പോഴും കോളേജ് അധ്യാപകരും ഉണ്ട്. എന്നാലും വൈകി ക്ലാസിലെത്തിയാൽ ചില അധ്യാപകർ വിരട്ടും. കുട്ടികളെ വിരട്ടുന്നത് നല്ല അധ്യാപനത്തിന്റെ ഭാഗമാണെന്ന് നമ്മുടെ വിദ്യാഭ്യാസ മനുവലിൽ ഉണ്ടെന്ന് തോന്നുന്നു.
ഒരിക്കൽ അങ്ങനെ വൈകി ക്ലാസിൽ എത്തി. അല്പം ചൂടനായ അധ്യാപകനാണ് ക്ലാസ് എടുക്കുന്നത്, പേര് ഓർമ്മയുണ്ടെങ്കിലും പറയുന്നില്ല.
“എന്താണ് വൈകിയത്, നിന്റെ നാട്ടിലൊക്കെ ഇപ്പോഴാണോ നേരം വെളുക്കുന്നത് ?”
അധ്യാപകന്റെ ആക്രോശം. ക്ലാസിലെ നൂറു കൂട്ടികളും എന്നെ തുറിച്ചു നോക്കുന്നു, ഞാൻ ദയനീയമായി അധ്യാപകനേയും. ഞാൻ ഒന്നും പറയുന്നില്ല.
“എന്താ വൈകിയത്?” വീണ്ടും ചോദ്യം. വീണ്ടും ദയനീയമായ നോട്ടം
സാർ ക്ലാസ് നിർത്തി അടുത്തേക്ക് വന്നു.
“എന്തുപറ്റി?”
പെട്ടെന്ന് എനിക്ക് ഒരു ബുദ്ധി തോന്നി. എന്റെ മൂത്ത സഹോദരൻ അവിടെ വിദ്യാർത്ഥിയായിരുന്ന കാലത്ത് കൃഷ്ണപിള്ളസാർ എന്നൊരു അദ്ധ്യാപകൻ അവിടെയുണ്ടായിരുന്നു. സാർ അധ്യാപകൻ മാത്രമല്ല നല്ലൊരു കർഷകനും കൂടിയായിരുന്നു. എന്റെ ചേട്ടനാകട്ടെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് പാടത്ത് കാളപൂട്ടി രണ്ടു ചാൽ ഉഴുതതിന് ശേഷമാണ് കോളേജിൽ പോകാറുള്ളത്. ഒരിക്കൽ കൃഷ്ണപിള്ള സാർ ആ വിവരം അറിഞ്ഞു, അതിന് ശേഷം ചേട്ടനോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു.
അപ്പോൾ ആ കാലത്തെ അധ്യാപകർ പുറമെ ചൂടന്മാർ ആണെങ്കിലും മൃദുലഹൃദയരാണെന്ന് എനിക്കറിയാം. എനിക്ക് പക്ഷെ പണ്ടേ വിയർപ്പിന്റെ അസുഖമുളളതിനാൽ പാടത്ത് ഉഴുവാനൊന്നും പോകാറില്ല. വീട്ടിൽ നിന്നും വെങ്ങോലക്ക് പോകാൻ പാടവരന്പിലൂടെ വേണം നടക്കാൻ, അപ്പോൾ എന്നും കാലിൽ പാടത്തെ കുറച്ച് ചെളിയുണ്ടാകും, മുണ്ടുടുത്തിരിക്കുന്നതിനാൽ അത് ശരിക്ക് കാണുകയും ചെയ്യാം.
ഞാൻ ആ കദനകഥ എടുത്ത് വീശി. പതുക്കെ വേറാരും കേൾക്കാതെ സാറിനോട് പറഞ്ഞു, “സാർ, പാടത്ത് അല്പം പണിയുണ്ടായിരുന്നു, അതാണ് വൈകിയത്.”
സാർ എന്നെ അടിമുടി നോക്കി. കണ്ടാലേ അറിയാം കൺട്രി ആണെന്ന്, കാലിൽ വള്ളിച്ചെരുപ്പ്, അതിലാണെങ്കിൽ പാടത്തെ ചെളിയും.
സാർ എന്നെ കെട്ടിപ്പിടിച്ചു നിർത്തിയില്ല, പക്ഷെ ഗൗരവം വിടാതെ പറഞ്ഞു
“ഉം, ക്ലാസിൽ കയറിക്കോ.”
ക്ലാസിന് ശേഷം സാർ എന്നെ വിളിച്ച് “കുട്ടി നന്നായി വരും” എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.
എന്നിട്ട് ഞാൻ നന്നായോ?
നന്നാവാൻ ഞാൻ റെഡിയായിരുന്നു. പക്ഷെ കൂട്ടുകാർ സമ്മതിക്കേണ്ടേ ?
അന്ന് ഏഴു പേരാണ് ഞങ്ങളുടെ ഗ്യാങ്. കണ്ടന്തറയിൽ നിന്നുളള ബഷീർ, ചെറുകുന്നത്ത് നിന്നും അനിൽ കുമാർ, മേതലയിൽ നിന്നും ഞങ്ങൾ മടത്തി എന്ന് വിളിക്കുന്ന ബെന്നി, പെരുന്പാവൂരിൽ നിന്നും ബാബുരാജ്, കാലടിയിൽ നിന്നും റോബ്‌സൺ, അറക്കപ്പടിയിൽ നിന്നുള്ള അനിൽ വർഗീസ്, പിന്നെ ഞാനും. ക്ലാസിൽ ഇരിക്കുന്നതും ക്ലാസ് കട്ട് ചെയ്ത് ഇറങ്ങുന്നതും എല്ലാം ഒരുമിച്ചാണ്.
ക്ലാസ് കഴിഞ്ഞു തിരിച്ചു വരുന്പോൾ മറ്റൂരിൽ ബസിൽ കയറാനുള്ള മെയ്‌വഴക്കം ഞങ്ങൾക്കില്ല, അത് കൊണ്ട് കാലടിക്ക് നടക്കും. അന്നും ഇന്നും അരിക്കച്ചവടത്തിന്റെ കേന്ദ്രമാണ് കാലടി. കേരളത്തിൽ എവിടെ നിന്നും നെല്ല് കൊണ്ടുവന്നു കുത്തി അരിയാക്കുന്ന മില്ലുകൾ അവിടെയുണ്ട്. വെളുത്ത അരിയെ മലയാളികളുടെ പ്രിയപ്പെട്ട ചുവന്ന അരിയാക്കാൻ (മായമായി) ഉപയോഗിക്കുന്ന ‘കാവിപ്പൊടി’ അവിടെ കടകളിലെല്ലാം വിൽക്കാൻ വെച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതെന്തു മാരകവസ്തുവാണെന്ന് അത് വാങ്ങുന്നവർക്കോ വിൽക്കുന്നവർക്കോ അറിയില്ല. അന്നും ഇന്നും കേരളത്തിൽ മായം ചേർക്കുന്നവർ ചെറിയ ലാഭത്തിന് വേണ്ടി മനുഷ്യന്റെ ആരോഗ്യം കളയുന്ന എന്തും എടുത്ത് പ്രയോഗിക്കും.
കാലടിയിൽ എത്തിയാൽ ക്ഷീണം തീർക്കാൻ ഞങ്ങൾ സൺറൈസ് ബേക്കറി ആൻഡ് കൂൾ ബാറിൽ കയറും. എട്ടു പേർക്ക് ഇരുന്നു കൂൾഡ്രിങ്ക്സ് കുടിക്കാനുള്ള സൗകര്യമേ അവിടെ ഉള്ളൂ, ഞങ്ങൾ കയറിയാൽ അതോടെ ബേക്കറി അത് ഫുൾ ആകും. ഞങ്ങൾ കൂൾഡ്രിങ്കും എന്തെങ്കിലും സ്‌നാക്‌സും വാങ്ങി പങ്കിട്ടു കഴിക്കും (എല്ലാവർക്കും ഒന്ന് വീതം വാങ്ങാനുള്ള സാന്പത്തിക നിലയൊന്നും അന്ന് ഞങ്ങൾക്ക് ഇല്ല).
ഇറങ്ങാൻ നേരത്ത് എല്ലാവരും അവരുടെ കഴിവനുസരിച്ചുള്ള പൈസ ടേബിളിൽ വക്കും, ബാക്കി എത്രയാണെങ്കിലും അത് ബഷീർ കൊടുക്കും എന്നാണ് കരാർ. സത്യത്തിൽ പുള്ളിക്ക് സ്വന്തം ഷെയർ കൂടി കൊടുക്കേണ്ടി വരാറില്ല, പക്ഷെ അങ്ങനെ പറയാനുള്ള ഒരു ധൈര്യമുണ്ടല്ലോ, അതാണ് പ്രധാനം. (ഡീസന്റ് ആയ കൂട്ടുകാരുള്ള സംഘത്തിൽ ഞാൻ ഈ വിദ്യ പ്രയോഗിച്ചിട്ടുണ്ട്, നിങ്ങൾ നിങ്ങൾക്ക് കഴിയുന്നത് ഇടൂ, ബാക്കി ഞാൻ നോക്കിക്കോളാം എന്ന്, എപ്പോഴും ലാഭമേ വരൂ !).
പക്ഷെ ഈ ബേക്കറിയിൽ ഞങ്ങൾ ഒരൽപ്പം കളവ് കാണിക്കും. ചില ദിവസം ബേക്കറിയുടെ അകത്ത് വലിയ ട്രേയിൽ ചെറുതായി നുറുക്കിയ ചെറിപ്പഴങ്ങൾ ഉണ്ടായിരിക്കും. ബ്രെഡിനും റസ്കിനും അകത്ത് വെക്കാനുള്ളതാണ്. അന്നൊക്കെ ചെറി സാധാരണഗതിയിൽ വലിയ ഭരണിയിൽ മാത്രം കാണുന്ന ഒന്നാണ്, വിലയേറിയതായതിനാൽ അപൂർവ്വമായി മാത്രം കഴിക്കാൻ കിട്ടുന്നതും. അതുകൊണ്ട് ബേക്കറിയുടെ ഉടമ കാണാത്ത സമയത്ത് ഞങ്ങൾ ഈ ചെറിക്കഷണങ്ങൾ വാരി അടിക്കും. ട്രേ ഫുൾ ആയതിനാലും ഞങ്ങൾ സ്ഥിരം കസ്റ്റമർ ആയതിനാലും പൊതുവെ ഡീസന്റ് ആയതിനാലും അവർ ശ്രദ്ധിക്കാറില്ല.
ഇതങ്ങെനെ ആറേഴ് മാസം പോയി, ഞങ്ങൾ ബേക്കറിക്കാരന് കൂടുതൽ പരിചയക്കാരായി, ഇടക്കൊക്കെ പുള്ളി ഞങ്ങൾക്ക് കൂൾ ഡ്രിങ്ക്സിന്റെ കൂടെ ഒരു പഫ്‌സ് ഫ്രീ ആയി തന്നു തുടങ്ങി, എന്നാലും ചെറി അടിച്ചു മാറ്റുന്ന സ്വഭാവം ഞങ്ങൾ വിട്ടില്ല.
ഒരു ദിവസം ഞങ്ങൾ കൂൾ ഡ്രിങ്കും കുടിച്ചിരിക്കുന്പോൾ ബേക്കറിയിലെ ജോലിക്കാരൻ ട്രേയുമായി വന്നു. ഞങ്ങളുടെ മനസ്സിൽ ലഡ്ഡു പൊട്ടി.
പക്ഷെ അന്നത് ചുവന്ന ചെറി അല്ലായിരുന്നു, മറിച്ച് പച്ച നിറത്തിൽ ചെറി പോലെ തന്നെ അരിഞ്ഞ എന്തോ ഒന്ന്.
“ഇതെന്താണ്” ഞങ്ങൾ അയാളോട് ചോദിച്ചു.
“ഇത് പച്ചക്കപ്പങ്ങ (പപ്പായ) അരിഞ്ഞതാണ്”
“ഇവിടെ എന്തിനാണ് പച്ച കപ്പങ്ങ?”
ഈ ചോദ്യം ചോദിക്കേണ്ടായിരുന്നു എന്ന് അന്നും ഇന്നും എനിക്ക് തോന്നിയിട്ടുണ്ട്. ക്യൂരിയോസിറ്റി പൂച്ചയെ കൊല്ലും എന്നാണല്ലോ, അന്നത്തെ ക്യൂരിയോസിറ്റി ഞങ്ങളിലെ ചെറിക്കള്ളന്മാരെ കൊന്നു.
“ഇതിൽ കുറച്ചു സാക്കറിനും ചുവന്ന ഡൈയും കൂടി ചേർത്താൽ നല്ല ചെറി പോലെ തന്നെ ഇരിക്കും. അതാണ് ബ്രെഡിലും റസ്കിലും ഇടുന്നത്”.
എന്റെ വീട്ടിലൊക്കെ യാതൊരു ബഹുമാനവും ഇല്ലാത്ത പഴമാണ് കപ്പങ്ങ. വീടിന് ചുറ്റും എപ്പോഴും അഞ്ചാറ് ചെടിയെങ്കിലും കാണും, അതിലെല്ലാം കായും പഴവും, വല്ലപ്പോഴും പറിച്ചാലായി.
അതാണ് കഴിഞ്ഞ ആറേഴ് മാസമായി എന്തൊക്കെയോ രാസവസ്തുക്കളും കൂട്ടി ഞങ്ങൾ അടിച്ചു കയറ്റിയിരുന്നത്.
“എന്നാലും ഈ കുട്ടിക്കള്ളന്മാരോട് ഈ ചതി പാടില്ലായിരുന്നു കേട്ടോ” എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല. ഞങ്ങൾ പരസ്പരം നോക്കി.
“ബാ പൂവാം” കാശും കൊടുത്ത് ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ശേഷം ഞങ്ങൾ പരസ്പരം നോക്കി ചമ്മി ചിരിച്ചു.
കഥ കഴിഞ്ഞു.
മുരളി തുമ്മാരുകുടി
(ഈ മോഷണക്കേസിലെ കൂട്ടുപ്രതികളിൽ ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല, ബാക്കിയുളളവരെല്ലാം നല്ലപേരുമായി കഴിയുന്നു, അതിനാൽ ടാഗ് ചെയ്യുന്നില്ല. ബേക്കറിയുടെ പേര് മാറ്റിയിട്ടുണ്ട്. റസ്കിൽ കപ്പങ്ങ വക്കുന്ന സാങ്കേതികവിദ്യ കാലടിയിൽ മാത്രമുണ്ടായിരുന്നതാണോ അതോ കേരളം മൊത്തം ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല).
 
#യാത്രചെയ്തിരുന്നകാലം

Leave a Comment