പൊതു വിഭാഗം

കരിയർ ക്ലാസ്സുകളുടെ പ്രസക്തി…

ഇത്തവണ നാട്ടിൽ വന്നപ്പോൾ ഏറ്റവും സമയം ചിലവാക്കിയത് വിദ്യാർത്ഥികളോട് ‘മാറുന്ന തൊഴിൽ ജീവിതത്തെ’ പറ്റി സംസാരിക്കാനായിരുന്നു. അരുവിക്കര മുതൽ പേരാന്പ്ര വരെ നന്നായി സംഘടിപ്പിച്ച, നൂറുകണക്കിന് ആളുകൾ സംബന്ധിച്ച, പരിപാടികൾ മുതൽ വെങ്ങോലയിലും പെരുന്പാവൂരിലും പത്തിൽ താഴെ ആളുകളോട്, ബസിലും ട്രെയിനിലും ഒറ്റക്ക് കാണുന്ന പലരോടും കരിയർ വിഷയങ്ങൾ ഏറെ സംസാരിച്ചു. മൊത്തത്തിൽ രണ്ടായിരം പേരോട് എങ്കിലും സംസാരിച്ചു കാണും.
 
ഒരു വർഷം കേരളത്തിൽ മൂന്നര ലക്ഷം വിദ്യാർത്ഥികളാണ് സ്‌കൂളിൽ നിന്നും പുറത്തു വരുന്നത്. ഇവർക്ക് ഓരോരുത്തർക്കും കരിയർ പ്രതീക്ഷകൾ ഉണ്ട്. ഇവർക്ക് ഓരോരുരത്തർക്കും കൃത്യമായ കരിയർ ഗൈഡൻസ് നടത്താനുള്ള സംവിധാനം നമുക്ക് വേണം. പക്ഷെ സർക്കാർ സംവിധാനവും സ്വകാര്യ സംവിധാനങ്ങളും ഒക്കെ കൂട്ടിയാലും ഇതിൽ പത്തിലൊന്ന് ആളുകൾക്ക് പോലും വേണ്ടത്ര കരിയർ ഗൈഡൻസ് കിട്ടുന്നില്ല എന്നതാണ് സത്യം.
 
ഇതിനിടക്ക് ദേശാടനപ്പക്ഷികളെ പോലെ വല്ലപ്പോഴും വന്നു പോകുന്നവർ ഒന്നോ രണ്ടോ ക്ലാസ് നടത്തിയത് കൊണ്ട് വല്ല കാര്യവും ഉണ്ടോ എന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. പക്ഷെ ഇന്ന് ദാവോസിൽ വേൾഡ് എക്കണോമിക് ഫോറത്തിൽ പ്രസിദ്ധീകരിച്ച ‘Dream Jobs: Teenagers Career Aspirations and future of Work’ എന്ന OCED പ്രസിദ്ധീകരണം വായിച്ചപ്പോൾ അക്കാര്യത്തിൽ വലിയ ആശ്വാസമായി.
 
ഇംഗ്ലണ്ടിൽ 1970 കൾ മുതൽ സ്‌കൂളുകളിൽ പഠിച്ച കുട്ടികളിൽ നടത്തിയ ഒരു പഠനത്തെ പറ്റി റിപ്പോർട്ട് പറയുന്നു. പഠിച്ച സ്‌കൂളിന് പുറത്തു നിന്നുള്ള വിദഗ്ദ്ധരുടെ കരിയർ ക്ലാസ്സ് ശ്രവിക്കാൻ അവസരം കിട്ടിയിട്ടുള്ളവരുടെ ശരാശരി വരുമാനം അങ്ങനെ കരിയർ ക്ലാസ്സിന് അവസരം കിട്ടാത്തവരെക്കാൾ കൂടുതലാണ് എന്നാണ് പഠനം പറയുന്നത് (വിദ്യാഭ്യാസം, സമൂഹത്തിലെ ബാക്ക്ഗ്രൗണ്ട് എല്ലാം പരിഗണിച്ചതിന് ശേഷവും ശന്പളത്തിലെ ഈ മാറ്റം വ്യക്തമാണത്രെ). അത്തരം ക്ലാസ്സുകൾ 14-15 വയസ്സിൽ എടുക്കുന്നതാണ് ഉത്തമം എന്നും ഒന്നിൽ കൂടുതൽ ക്ലാസ്സുകൾ പുറത്തുനിന്നുള്ളവരെ കൊണ്ട് നടത്തിക്കുന്നത് കുട്ടികൾക്ക് പിൽക്കാലത്ത് സാന്പത്തികമായി കൂടുതൽ ഗുണകരമാണെന്നും പഠനം പറയുന്നു.
 
മൂന്നു കാര്യങ്ങൾ അതുകൊണ്ട് ഉറപ്പിച്ച് പറയാം.
 
1. ഒന്പതാം ക്ലാസിൽ തന്നെ കരിയർ ക്ലാസ്സുകൾ നൽകി തുടങ്ങാം.
 
2. ഈ വിഷയത്തിൽ അറിവുള്ള എൻറെ സുഹൃത്തുക്കൾ സാധ്യമാകുന്പോളെല്ലാം നിങ്ങളുടെ അടുത്തുള്ള സ്‌കൂളുകളിൽ പോയി ക്ലാസ്സുകൾ എടുക്കണം.
 
3. സ്‌കൂളുകൾ ഇക്കാര്യത്തിൽ കൂടുതൽ താല്പര്യം എടുക്കണം .
ഇത്തവണ ക്ലാസ്സ് സംഘടിപ്പിച്ചവർക്ക് നന്ദി. ഏപ്രിൽ സീസണിലെ ബുക്കിങ് ഉടൻ ആരംഭിക്കും.
 
മുരളി തുമ്മാരുകുടി
 

2 Comments

  • പതിമൂന്നാം വയസ്സിൽ കരിയർ കൗൺസിലിംഗ് എടുക്കുന്നത് നല്ലതാണ്. സിവിൽ സർവീസ്, ഉന്നത പഠന ഗവേഷണം ഒക്കെ താല്പര്യം ഉള്ള കുട്ടികൾ നേരത്തെ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കണം. ആദ്യം അഭിരുചി കണ്ടു പിടിക്കുക (തിരിച്ചറിയുക)

Leave a Comment