പൊതു വിഭാഗം

കഥയില്ലാത്ത ബജറ്റുകൾ…

160 മിനുട്ട് സമയമെടുത്താണ് കേന്ദ്രമന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ ഈ വർഷത്തെ കേന്ദ്ര ബജറ്റ് വായന പൂർത്തിയാക്കിയത്. അവസാനം ആയപ്പോഴേക്കും അവർ ക്ഷീണിച്ചുവെന്നും അതുകൊണ്ട് ബജറ്റ് പ്രസംഗം വെട്ടിച്ചുരുക്കിയെന്നുമാണ് വായിച്ചത്.
 
കേന്ദ്രത്തിലെ ബജറ്റ് തുകയുടെ മുപ്പതിലൊന്നാണ് കേരളത്തിന്റെ ബജറ്റ്, എന്നാലും നമ്മുടെ മന്ത്രിയും ഒട്ടും കുറച്ചില്ല. രണ്ടര മണിക്കൂറായിരുന്നു കേരളത്തിലെ ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം.
 
രണ്ടു സഭകളിലും ഉറക്കം തൂങ്ങാതിരിക്കാൻ ആളുകൾ കഷ്ടപ്പെടുന്ന കാഴ്ച കണ്ടു.
 
സത്യത്തിൽ എന്തിനാണ് ഈ ബജറ്റ് പ്രസംഗം? ബജറ്റ് നിർദ്ദേശങ്ങളെല്ലാം ഇലക്ട്രോണിക്ക് ആയി അംഗങ്ങൾക്ക് അയച്ചു കൊടുക്കുക, അപ്പോൾ തന്നെ മാധ്യമങ്ങൾക്കും കൊടുക്കുക. വേണമെങ്കിൽ ഒരു കോപ്പി എടുത്ത് സഭയുടെ മേശപ്പുറത്ത് വച്ചാൽ പോരെ?
 
ഇങ്ങനെയെല്ലാമാണ് ഇപ്പോൾ ലോകത്ത് കാര്യങ്ങൾ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബജറ്റ് അമേരിക്കയുടേതാണ്. 4.75 ട്രില്യൺ ഡോളറിന്റേതായിരുന്നു 2019-2020 ലെ ബജറ്റ് നിർദ്ദേശങ്ങൾ. ഇന്ത്യൻ രൂപ വച്ച് നോക്കിയാൽ മുപ്പത്തി മൂന്നു കോടി ഇരുപത്തി അഞ്ചു ലക്ഷം കോടി രൂപയുടേത് !!. ഇന്ത്യൻ ബജറ്റിന്റെ നൂറു മടങ്ങ് !!, കേരളത്തിലെ ബജറ്റിന്റെ 3000 മടങ്ങും.
അമേരിക്കൻ പ്രസിഡന്റാണ് അവിടെ ബജറ്റ് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നത്.
 
അതിന് അദ്ദേഹം എത്ര സമയമെടുക്കും?
 
ഒട്ടും സമയമെടുക്കില്ല, ബജറ്റ് നിർദ്ദേശങ്ങൾ സഭയിലേക്ക് അയച്ചു കൊടുക്കും, അത്രേ ഉള്ളൂ കാര്യം. അവിടെ സമയം ചിലവാക്കുന്നത് ബജറ്റ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനാണ്.
 
എന്തിനാണ് നമ്മൾ ഇപ്പോഴും വലിച്ചു നീട്ടി പ്രസംഗിച്ച് സഭയുടെ സമയം കളയുന്നത്? പെട്ടിയും പട്ടും വെച്ചുള്ള ഫോട്ടോ എടുപ്പും വേണമെങ്കിൽ സഭയിൽ അഞ്ചു മിനുട്ട് പ്രസംഗവും ആയിക്കോട്ടെ, ധനമന്ത്രിക്ക് അല്പം ലൈം ലൈറ്റ് കിട്ടുന്നല്ലേ. അത് കഴിഞ്ഞാൽ മറ്റു കാര്യങ്ങളിലേക്ക് കടക്കാമല്ലോ.
 
പണ്ട് ഇന്ത്യയിൽ റയിൽവേ ബജറ്റ് എന്നൊന്ന് വേറെ തന്നെ ഉണ്ടായിരുന്നു. ഇതേ തരം ഫോട്ടോകൾ, പ്രസംഗം, ടി വി ചർച്ചകൾ, പത്ര വെണ്ടക്കകൾ. 2016 ൽ റയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിൽ ലയിപ്പിച്ചു. അതുകൊണ്ട് ഇന്നാരെങ്കിലും റയിൽവേ ബജറ്റ് മിസ് ചെയ്യുന്നുണ്ടോ?
 
കേന്ദ്രത്തിലെ ബജറ്റ് നിർദ്ദേശങ്ങൾ ഇപ്പോൾ ഞാൻ അധികം ശ്രദ്ധിക്കാറില്ല എന്ന് പറഞ്ഞല്ലോ. കേരളത്തിലെ കാര്യത്തിൽ പക്ഷെ അല്പം ശ്രദ്ധ വെക്കാറുണ്ട്, പുതിയ ആശയങ്ങൾ എന്തെങ്കിലും കൊണ്ടുവരുന്നുണ്ടോ എന്നറിയാൻ. ഹരിത ബജറ്റും കൊഴുപ്പു നികുതിയും ഉൾപ്പെടെ പല നല്ല നിർദ്ദേശങ്ങളും കൊണ്ടുവന്നിട്ടുള്ള ആളാണ് ശ്രീ. തോമസ് ഐസക്ക്. അതുകൊണ്ട് ഓരോ ബജറ്റിലും അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കും.
 
വാസ്തവത്തിൽ കേരളത്തിലെ ധനകാര്യമന്ത്രിക്ക് സ്വതന്ത്രമായി ചിലവാക്കാൻ അത്രമാത്രം പണമൊന്നുമില്ലെന്ന് എനിക്കറിയാം. കിട്ടുന്ന വരുമാനത്തിൽ ഭൂരിഭാഗവും ശന്പളവും പെൻഷനും മറ്റു സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുമായി എല്ലാ വർഷവും ചിലവാക്കേണ്ടതാണ്. റോഡും കനാലുമെല്ലാം അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള പണം കൂടി മാറ്റിവെച്ചാൽ പിന്നെ അധികം പണമൊന്നും ബാക്കിയില്ല. നാളത്തെ വരുമാനത്തെ ഇന്നേ ജാമ്യം വെച്ച് കിട്ടുന്ന തുകയൊക്കെ ബോണ്ടാക്കി കിഫ്‌ബി വഴി സംഘടിപ്പിച്ചാണ് എന്തെങ്കിലും പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് തന്നെ. അതിനിടക്ക് പുതിയ ആശയങ്ങൾക്ക് കൊടുക്കാനായി അധികം പണം ഉണ്ടാകാറില്ല.
 
ബജറ്റ് പ്രസംഗം എന്നത് പണം അലോക്കേഷൻ മാത്രമല്ല, സർക്കാരിന്റെ ചിന്തകൾ ആളുകളെ അറിയിക്കാനുള്ള ഒരു മാർഗ്ഗമായും ഉപയോഗിക്കാം. സ്വകാര്യ മേഖല എവിടെയാണ് നാളെ പണമിറക്കേണ്ടത് എന്ന് നേരിട്ടോ അല്ലാതെയോ പറഞ്ഞുവെക്കാം.
2020 കളിൽ ലോകം കൈകാര്യം ചെയ്യേണ്ടി വരുന്ന മൂന്നു വിഷയങ്ങളാണ് കാലാവസ്ഥ വ്യതിയാനം, നിർമ്മിത ബുദ്ധി, നാലാം വ്യവസായ വിപ്ലവം എന്നിവ. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും സംസ്ഥാന ബജറ്റിലും ഈ വിഷയങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അരിച്ചു പെറുക്കി നോക്കി.
 
കേന്ദ്ര ബജറ്റിൽ ‘ഡേറ്റയാണ് പുതിയ എണ്ണ’ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആ എണ്ണ കുഴിച്ചെടുക്കാനുള്ള ഒരു സംരംഭത്തിനും പണം മാറ്റിവെച്ചിട്ടില്ല.
 
വാസ്തവത്തിൽ ഡേറ്റയാണ് പുതിയ എണ്ണ എന്നതിൽ ഒരു സംശയവുമില്ല. ആമസോൺ മുതൽ ആപ്പിൾ വരെ, ഫേസ്ബുക്ക് മുതൽ യൂട്യൂബ് വരെയുള്ള കന്പനികൾ ശതസഹസ്രം കോടികൾക്കപ്പുറം മാർക്കറ്റ് വിലയുമായി നിൽക്കുന്നത് ഈ ഡേറ്റയാകുന്ന എണ്ണപ്പാടത്തിന്റെ മുകളിൽ നിൽക്കുന്നത് കൊണ്ടാണ്. ലോകത്ത് മൂന്നു ബില്യൺ ആളുകളാണ് ഇപ്പോൾ ദിവസവും ഇത്തരം സംരംഭങ്ങളിലേക്ക് ഡേറ്റ പന്പ് ചെയ്തു കൊടുക്കുന്നത്. ഇതിൽ പത്തിലൊന്നു പേർ ഇന്ത്യക്കാരാണ്. അതുകൊണ്ടു തന്നെ ഈ ശതസഹസ്രക്കാരുടെ വരുമാനത്തിന്റെ ഒരു ശതമാനത്തിന് നമുക്കും അർഹതയുണ്ട്. അത്തരത്തിൽ അവരെ പിടിച്ചു നിർത്തി വില പേശിയാൽ നമ്മുടെ വിമാനക്കന്പനി ഒക്കെ വിറ്റുകിട്ടുന്നതിന്റെ പല മടങ്ങ് പണം നമുക്ക് നമ്മുടെ ഡേറ്റ വിറ്റുണ്ടാക്കാൻ പറ്റും. ഇങ്ങനെയാണ് നാളത്തെ ലോകത്ത് രാജ്യങ്ങൾ പണമുണ്ടാക്കാൻ പോകുന്നത്, നമ്മളും ഇപ്പോഴേ തുടങ്ങേണ്ടതാണ്.
 
കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രത്യേക പദ്ധതികൾ ഒന്നുമില്ല.
 
കേരളത്തിലെ ബജറ്റിൽ ഡേറ്റയും എണ്ണയും ഒന്നുമില്ല. വിദേശ കുത്തകകളെ പറഞ്ഞു വിരട്ടി എണ്ണയുടെ റോയൽറ്റി വാങ്ങുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിന് അധികം ചെയ്യാനുമില്ല. എന്നാലും മുപ്പത്തി മൂന്നു ദശലക്ഷം ആളുകൾ, അതിൽ ഭൂരിപക്ഷവും ഇന്റർനെറ്റുമായി ബന്ധപ്പെട്ടവർ, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉപഭോഗ ശേഷി ഉള്ളവർ… ഇതൊന്നും നിസ്സാരമല്ല. ഇത്രയും ആളുകളുടെ ഉപഭോഗത്തിന്റെ ഡേറ്റ സംഭരിക്കുന്ന ഏതൊരു സംവിധാനവും നാളത്തെ അക്ഷയപാത്രം ആകും. ഒന്ന് ശ്രമിച്ചെങ്കിലും നോക്കാമായിരുന്നു.
 
കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യക്ക് വീണ്ടും മാതൃകയാവുകയാണ്. ഓരോ പഞ്ചായത്തിനും വേണ്ടി ദുരന്ത നിവാരണത്തിനും കാലാവസ്ഥ വ്യതിയാനം കൈകാര്യം ചെയ്യാനുമുള്ള പ്ലാനുകൾ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. നല്ലകാര്യം. രണ്ടു ദുരന്തങ്ങളിൽ നിന്നും നാം ഇത്രയെങ്കിലുമൊക്കെ പഠിക്കേണ്ടേ?
 
ഒരു നല്ല കാര്യമെങ്കിലും പറയണമല്ലോ. രണ്ടു ബജറ്റിലും ആവശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്ന ഒന്നുണ്ട്, കവിതകൾ..! അരേ വാ..!
 
കഥ രണ്ടിലും ഉണ്ടായിരുന്നില്ല.
 
മുരളി തുമ്മാരുകുടി
 

Leave a Comment