പൊതു വിഭാഗം

കണ്ണിൽപ്പെടാത്ത രൂപങ്ങൾ …

Hidden Figures എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ജനീവയിൽ വച്ച് പല പ്രാവശ്യം കണ്ടിരുന്നു. കമ്പ്യൂട്ടറുകൾ വരുന്നതിന് മുൻപേ നാസയിൽ സങ്കീർണ്ണമായ കണക്കു കൂട്ടലുകൾ ഒക്കെ ആഫ്രിക്കൻ അമേരിക്കക്കാരായുള്ള സ്ത്രീകളുടെ കഥയാണ്. അന്നേ കാണണമെന്ന് കരുതിയെങ്കിലും യാത്രയുടെ തിരക്ക് കാരണം പടം വന്നപ്പോൾ കാണാൻ പറ്റിയില്ല.
 
ഇന്നലെ രാത്രി ജനീവയിൽ നിന്നും ദോഹയിലേക്കുള്ള യാത്രയിൽ ഈ പടം കണ്ടു. അതിശയിപ്പിക്കുന്ന, കണ്ണ് നനയിപ്പിക്കുന്ന, കോരിത്തരിപ്പിക്കുന്ന ചിത്രമാണിത്. ദോഹയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയിൽ വീണ്ടും കണ്ടു. ഇനിയും കാണും, ഉറപ്പ്.
 
ആഫ്രിക്കൻ അമേരിക്കക്കാർ പോയിട്ട് സ്ത്രീകൾ പോലും നാസയിൽ തീരെ ഇല്ലാത്ത കാലത്താണ് മിടുക്കികളായ ഈ കുട്ടികൾ അവിടെ ജോലിക്ക് ചെല്ലുന്നത്. തൊഴിൽ രംഗത്ത് വലിയ അവഗണയാണ്. പോരാത്തതിന് അക്കാലത്ത് നാസയിൽ പോലും കറുത്തവർക്കും വെളുത്തവർക്കും വെവ്വേറെ ടോയ്‌ലറ്റുകളും ചായപ്പാത്രങ്ങളും ഉണ്ടായിരുന്നു എന്നത് എന്നെ അതിശയിപ്പിച്ചു. ബസുകളിലും ലൈബ്രറികളും സ്‌കൂളുകളിലും വെവ്വേറെ സീറ്റുകൾ ഉണ്ടായിരുന്ന കാലം അമേരിക്കയിൽ മാറിയിട്ട് അര നൂറ്റാണ്ട് ആകുന്നതേയുള്ളൂ. ഇന്നത്തെ ലോകത്തിരുന്നു നോക്കുമ്പോൾ വെറും അൻപത് കൊല്ലം മുൻപ് ഇത്തരം വേർതിരിവുകളെ ആളുകൾ തികച്ചും ‘സ്വാഭാവികം’മായി എടുത്തിരുന്നു എന്ന അറിവ് നമ്മളെ സങ്കടപ്പെടുത്തേണ്ടതാണ്.
 
എൻറെ മനസ്സിലെ ചിന്ത ഇതായിരുന്നു. ഇന്ന് നമ്മൾ സ്വാഭാവികമെന്ന് കരുതുന്ന എന്തൊക്കെ കാര്യങ്ങളാണ് അടുത്ത അൻപത് വർഷത്തിനുള്ളിൽ ഇല്ലാതാകാൻ പോകുന്നത്? കേരളത്തിലേതു പോലെ ബസുകളിൽ സ്ത്രീകൾക്ക് പ്രത്യേക സീറ്റുകൾ, ആൺകുട്ടികൾക്ക് മാത്രമായി ബോയ്സ് സ്‌കൂളുകൾ, പെൺകുട്ടികൾക്ക് മാത്രമായി ഗേൾസ് സ്‌കൂളുകൾ, ബസ് ഓടിക്കാൻ സ്ത്രീകളെ നിയമിക്കാത്തത് എല്ലാം ലോകത്ത് മിക്കവാറും സ്ഥലങ്ങളിൽ ഇപ്പോഴേ അപ്രത്യക്ഷമായിക്കഴിഞ്ഞു. അപ്പോൾ അത് നാട്ടിലും വരുമെന്ന് ഉറപ്പല്ലേ. ഇന്ത്യയിലെ പോലെ അച്ഛനമ്മമാർ മക്കളുടെ പങ്കാളികളെ തിരഞ്ഞെടുക്കുന്നത്, വിവാഹത്തിന് മുൻപ് ജാതകം നോക്കുന്നത്, അസുഖം മാറാൻ ദൈവത്തിന് കൈക്കൂലി കൊടുക്കുന്നത് എല്ലാം മാറുമെന്നാണ് എന്റെ പ്രതീക്ഷ.
രാജ്യാതിർത്തി കടക്കുമ്പോൾ വിസ ചോദിക്കുന്നത്, അച്ഛനമ്മമാർ മക്കൾക്ക് സ്വത്ത് സമ്പാദിച്ച് കൊടുക്കുന്നത്, പണം ഇല്ലാത്തവർക്ക് വിദ്യാഭ്യാസം ലഭിക്കാത്തത് ഇതൊക്കെയും ലോകത്ത് നിന്ന് മാറിയേക്കാം.
 
ലോകത്ത് ഇപ്പോഴേ മാറിയ കാര്യങ്ങൾ കേരളത്തിലേക്ക് എത്തിക്കാൻ ഇനിയും അൻപത് വർഷം നോക്കിയിരിക്കേണ്ട വല്ല കാര്യവും ഉണ്ടോ ?
 
ഈ ചിത്രം കണ്ടിട്ടില്ലാത്തവർ തീർച്ചയായും കാണണം. ചിന്തിക്കുന്നവർക്ക് എവിടേയും ദൃഷ്ടാന്തങ്ങൾ ഉണ്ട്..
 
മുരളി തുമ്മാരുകുടി
 

1 Comment

  • “ചിന്തിക്കുന്നവർക്ക് എവിടേയും ദൃഷ്ടാന്തങ്ങൾ ഉണ്ട്..”
    great thinking sir, hats off to you

Leave a Comment