പൊതു വിഭാഗം

കണ്ണാടിയിൽ കാണാത്തത്…

ജസ്റ്റീസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് നമ്മുടെ സമൂഹത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയാണ്. നമ്മുടെ അധികാര സംവിധാനങ്ങൾ എത്ര ദുഷിച്ചതാണെന്നും, അഴിമതി, അധികാര ദുർവിനിയോഗം, ലൈംഗിക ചൂഷണം ഇതൊക്കെ എത്ര വ്യാപകമാണെന്നുമാണ് ഇത് നമ്മെ കാണിച്ചുതരുന്നത്.

സാധാരണഗതിയിൽ ഇത്തരം കാഴ്ചകൾ കാണുന്നവർക്ക് നടുക്കമുണ്ടാകേണ്ടതാണ്. എന്നാൽ മലയാളികളെ ഇത് അത്ഭുതപ്പെടുത്തുന്നില്ല, കാരണം നമ്മുടെ ചുറ്റും നമ്മൾ കാണുന്നതും അറിയുന്നതും പ്രതീക്ഷിക്കുന്നതുമായ കാഴ്ചകൾ മാത്രമേ അതിലുള്ളൂ. ഇത്തരം ഒരു കണ്ണാടി സമൂഹത്തിൽ എങ്ങോട്ട് തിരിച്ചാലും (അത് രാഷ്ട്രീയം, മതം, മാധ്യമങ്ങൾ, കോർപ്പറേറ്റ് സംവിധാനങ്ങൾ ആയാലും) കാഴ്ചകൾ സമാനമായിരിക്കും. എന്തിന്, സത്യം കാട്ടിത്തരുന്ന ഒരു കണ്ണാടിയുമായി ആരെങ്കിലും നമ്മുടെ നേരെ വന്നാൽ കുറച്ചൊക്കെ എസ് എം എസും ചാറ്റും കാഴ്ചകളും അതിലും കണ്ടേക്കാം. ആ അർത്ഥത്തിൽ നമ്മുടെ ഭരണസംവിധാനം നമ്മെ പ്രതിനിധീകരിക്കുന്നത് തന്നെയാണ്.

പൊതു പണം കൈകാര്യം ചെയ്യുന്നവരും മറ്റുള്ളവരുടെ ജീവിതം മാറ്റാൻ പാകത്തിനുള്ള തീരുമാനങ്ങൾ എടുക്കേണ്ടവരുമാണ് അധികാരത്തിലുള്ളവർ എന്നതിനാൽ അവർക്ക് അവരെ തിരഞ്ഞെടുക്കുന്നവരേക്കാൾ ഉന്നതമായ മൂല്യങ്ങൾ ഉണ്ടായിരിക്കണമെന്നാണ് ഒരു ചിന്ത. എന്നാൽ നമ്മുടേത് ഒരു ജനാധിപത്യ വ്യവസ്ഥയായതിനാൽ നമ്മുടെ നേതാക്കന്മാർ പൊതു സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളെ പ്രതിനിധാനം ചെയ്യുന്നവരായിരിക്കണോ, അതോ നമ്മളെ പോലെയല്ലാത്ത ആദർശവാന്മാർ ആയിരിക്കണോ എന്നതൊക്കെ ഭൂരിപക്ഷത്തിന്റെ തീരുമാനമാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രം നോക്കിയാൽ നമുക്ക് ഇക്കാര്യത്തിൽ വലിയ ലിബറൽ മെന്റാലിറ്റിയാണ് ഉള്ളതെന്ന് കാണാൻ കഴിയും. അഴിമതി, സ്വജനപക്ഷപാതം സ്ത്രീപീഡനം എന്നിങ്ങനെ ഏതൊക്കെ തെറ്റുകൾ കാണിച്ചാലും ജാതി മത സമവാക്യങ്ങളുടെ പുറത്ത് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാഷ്ട്രീയനഷ്ടങ്ങൾ ഉണ്ടാവാറില്ല. രാഷ്ട്രീയം കൊണ്ടുമാത്രം നിൽക്കുന്നവരെ ചിലപ്പോൾ ഒരു തവണ രാഷ്ട്രീയമായി പരാജയപ്പെടുത്തി എന്ന് വരാം, പക്ഷെ അഞ്ചു കൊല്ലത്തേക്ക് ലാസ്റ്റിംഗ് പവർ ഉള്ളവർക്ക് ഇതൊരു വിഷയമല്ല. അപ്പോഴേക്കും രാഷ്ട്രീയ കാലാവസ്ഥ മാറും, സമവാക്യങ്ങളും. ജനങ്ങളുടെ കോടതിയിൽ വിജയിച്ച് അവർ വീണ്ടും ഭരണ സംവിധാനങ്ങളിലെത്തും. ആ അർത്ഥത്തിൽ സോളാറിന്റെ രാഷ്ട്രീയ ശിക്ഷ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് ഇപ്പോഴത്തെ ഭരണകക്ഷിയുടെ പെരുമാറ്റത്തേയും തീരുമാനങ്ങളെയും അടിസ്ഥാനപ്പെടുത്തി ആയിരിക്കും.

കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിൽ ഇനി രണ്ടു സാധ്യതകലാണുള്ളത്.

1. ഇക്കാര്യത്തിൽ തെറ്റ് ചെയ്തു എന്ന് കമ്മീഷൻ കണ്ടെത്തിയവർ സ്വയം പൊതു പ്രവർത്തനം നിറുത്തി സ്ഥലം വിടണം. (ഒവ്വ, നടന്നത് തന്നെ)

2. കമ്മീഷൻ നടത്തിയിരിക്കുന്ന കണ്ടെത്തലുകൾ നിയമപരമായി പിന്തുർടർന്ന് നിയമം അനുശാസിക്കുന്ന ശിക്ഷകൾ കുറ്റവാളികൾക്ക് കൊടുക്കുക. സ്വയം തെളിവുകൾ ഹാജരാക്കി കുറ്റവിമുക്തരാക്കാനുള്ള അവസരവും ആകും അത്. (ഉം, കണ്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്)…

ഇതിൽ രണ്ടിലും എനിക്ക് ഒരു പ്രതീക്ഷയുമില്ല. ഇനിയും ഇത്തരം വിവാദങ്ങളും കമ്മീഷനുകളും ഒക്കെ ഉണ്ടാകും. വിഷു വരും, വർഷം വരും, തിരഞ്ഞെടുപ്പ് വരും, കാലമിനിയുമുരുളും. സോളാറിൽ പേരുകേട്ട നേതാക്കൾ ഇനിയും നമ്മെ ‘ധീരതയോടെ’ നയിക്കും, ‘ലക്ഷം ലക്ഷം പിന്നാലെ’ യും ചെല്ലും.
എന്തെങ്കിലും പ്രത്യാഘാതങ്ങളുണ്ടെങ്കിൽ അത് സ്വകാര്യമാകാനാണ് വഴി. മോണിക്കയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്ന് വാർത്ത വന്ന അന്ന് “എന്റെ വീട്ടിലെ പട്ടിയല്ലാതെ ആരും എന്നെ മൈൻഡ് ചെയ്തില്ല” എന്നും “ദിവസങ്ങളോളം കിടപ്പു മുറിയിലേക്ക് പ്രവേശനം ഇല്ലായിരുന്നു” എന്നും പ്രസിഡണ്ട് ക്ലിന്റൺ എഴുതിയിട്ടുണ്ട്. നമ്മുടെ നേതാക്കളുടെ വീട്ടിലെ കാര്യം എന്താകുമോ എന്തോ!!?

Leave a Comment