പൊതു വിഭാഗം

കടുവയെ കിടുവ പിടിക്കുന്പോൾ..

തുമ്മാരുകുടിയിൽ വന്നിട്ടുള്ളവർക്ക് എല്ലാം അറിയാവുന്ന ഒരു കാര്യമാണ് തുമ്മാരുകുടി ഇപ്പോഴും വികസനം ഒന്നും എത്തി നോക്കാതെ പച്ചപ്പിൽ മുങ്ങി നിൽക്കുന്ന ഒരു സ്ഥലമാണെന്ന്.
 
മാവും പ്ലാവും തെങ്ങും കവുങ്ങും തുടങ്ങി കൃഷി ചെയ്യുന്നതും ഫലം തരുന്നതുമായ വൃക്ഷങ്ങൾ കൂടാതെ ഏഴിലം പാല മുതൽ ഇഞ്ച വരെയുള്ള കാട്ടുമരങ്ങളും വള്ളികളും ഒക്കെ ഇടതൂർന്ന് അങ്ങനെ നിൽക്കുന്നു. പറന്പിന്റെ ഏറെ ഭാഗത്ത് കഴിഞ്ഞ നൂറു വർഷമായി ഞങ്ങൾ ഒന്നുംതന്നെ കൃഷി ചെയ്തിട്ടില്ലാത്തതുകൊണ്ട് പ്രകൃതി എന്ത് തീരുമാനിക്കുന്നുവോ അതുപോലെ ഇപ്പോഴും നിലനിൽക്കുന്നു.
 
ഇതൊക്കെ വലിയ റൊമാന്റിക്ക് ആണെങ്കിലും അതിൽ കുറച്ചു റിസ്‌ക്കും ഉണ്ട്. പറന്പിനുള്ളിൽ ഇപ്പോൾ മുയലും കീരിയും കൂടുതലായി വരുന്ന കാര്യം ഞാൻ ഒരിക്കൽ പറഞ്ഞല്ലോ. മുയലും കീരിയും ഉണ്ടെങ്കിൽ പാന്പുകളും കാണും. അത് പ്രകൃതി നിയമമാണ്. സൂക്ഷിച്ചേ പുറത്തിറങ്ങാവൂ…
 
ഇത്തവണ കുഴപ്പം ഉണ്ടാക്കിയത് പക്ഷെ കുളവികൾ (wasp) ആണ്. പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന ഏതോ മരത്തിന്റെ ചില്ലയിൽ കുളവികളുടെ കൂട് ഉണ്ടായിരുന്നു. പാടത്തൂടെ ഒഴുകുന്ന തോട് വൃത്തിയാക്കാൻ വന്ന തൊഴിലുറപ്പുകാർക്ക് അത് അസൗകര്യമായി. അതൊന്ന് പുകച്ച് കുളവികളെ ഓടിച്ചേക്കാം എന്നവർ കരുതി. പക്ഷെ തീ, പിടിച്ചിടത്തു നിന്നില്ല. തേക്കിൻ തോട്ടത്തിലെ അടിക്കാടിലൂടെ തീ വേഗം വീടിനടുത്തേക്ക് പടർന്നു.
 
സുരക്ഷക്കാരന്റെ വീടായത് കൊണ്ട് അനിയൻ ഒരു ഫയർ ബ്രേക്ക് വീടിന് ചുറ്റും ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും നിലത്തും മരത്തിന് മുകളിലും കൂടി വളർന്നു കിടക്കുന്ന വള്ളിച്ചെടികളിലൂടെ തീ ഫയർ ബ്രേക്കും കടന്നു. തൊഴിലുറപ്പുകാരും വീട്ടിലുള്ളവരും ഹാന്റിക്രാഫ്റ്റിലെ ജോലിക്കാരും അഗ്നി ശമനത്തിന് ഇറങ്ങി.
 
പെരുന്പാവൂരിൽ നിന്നും പട്ടിമറ്റത്തിൽ നിന്നും വളരെ വേഗത്തിൽ തന്നെ ഫയർ ആൻഡ് റെസ്ക്യുവിന്റെ ട്രക്കുകൾ വന്നു. അരമണിക്കൂറിനകം തീ അണച്ചു. വീടിനോ വീടിനടുത്തുള്ള മറ്റു കെട്ടിടങ്ങൾക്കോ ഒന്നും കുഴപ്പം ഒന്നും സംഭവിച്ചില്ല.
വിളിച്ചു പറഞ്ഞുടൻ തന്നെ പാഞ്ഞെത്തിയ ഫയർ സർവീസിന്റെ സേവനത്തെ പ്രത്യേകിച്ചും എടുത്ത് പറയണം !. നമ്മുടെ അഗ്നിശമന സേനക്ക് ആത്മാർത്ഥതക്ക് ഒരു കുറവുമില്ല. കൂടുതൽ പരിശീലനവും ഉപകരണങ്ങളുമാണ് അവർക്ക് വേണ്ടത്.
 
പറഞ്ഞു വരുന്നത് ഇതാണ്. അപകടം എപ്പോഴും എവിടെയും ഉണ്ടാകാം. നമ്മുടെ വീടിന് ചുറ്റിനു പോലും എപ്പോഴും ഒരു കണ്ണ് വേണം. അത് വളർന്നു വരുന്ന മരമോ വിളഞ്ഞുകിടക്കുന്ന തേങ്ങയോ ബലക്ഷയം വന്ന മതിലോ ആകട്ടെ. ഈ വർഷം എൽ നിനോ വർഷം ആണെന്നാണ് ശാസ്ത്രജ്ഞന്മാർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിലും കാട്ടിലും പതിവിൽ കൂടുതൽ അഗ്നിബാധ പ്രതീക്ഷിക്കണം. ഫയർ സർവീസിന്റെ നന്പർ ഉറപ്പായിട്ടും ഫോണിൽ സേവ് ചെയ്ത് വക്കണം. വേണ്ടി വന്നാൽ മടിച്ചു നിൽക്കാതെ ഉടനെ വിളിക്കുകയും ചെയ്യണം.
 
തുമ്മാരുകുടിയിൽ കൂടുതൽ വീതിയിൽ ഫയർ ബ്രേക്കിന്റെ പണി നടക്കുന്നു. ചൂടുകാലം വരാനിരിക്കുന്നതല്ലേ ഉള്ളൂ.
 
മുരളി തുമ്മാരുകുടി
 

Leave a Comment