പൊതു വിഭാഗം

ഓണലൈൻ എന്നാൽ സൗജന്യം എന്നല്ല…

ഓൺലൈനിൽ സേവനങ്ങൾ ഫ്രീ ആയി കിട്ടിയാണ് നമുക്ക് ശീലം. ജിമെയിൽ മുതൽ ഫേസ്ബുക്ക് വരെ, വാട്ട്സ്ആപ്പ് മുതൽ സൂം വരെ ഒന്നിനും പണച്ചിലവില്ല.
 
‘There is no free lunch’ എന്ന് ഇംഗ്ളീഷിലും ‘ഒന്നും കാണാതെ ബാപ്പ പള്ളിയിൽ പോകില്ല’ എന്ന് മലയാളത്തിലും ഒരു പഴഞ്ചൊല്ലുണ്ട്. ആരും ആർക്കും ഒന്നും ഫ്രീയായി കൊടുക്കാറില്ല. അങ്ങനെ കൊടുക്കുന്നുവെങ്കിൽ നിങ്ങളെ അവർ മറച്ചു വിൽക്കുന്നുണ്ടാകും എന്നതാണ് ഇന്റർനെറ്റ് വിസ്‌ഡം, if you get something free on the internet, you are the product!.
ശീലിച്ചു വന്നതിനാലാകാം ഓൺലൈനിൽ കൂടി നൽകുന്ന സേവനങ്ങൾക്ക് പണം നൽകുന്ന കാര്യം ആരും ചിന്തിക്കുന്നു കൂടിയില്ല. ടെലിമെഡിസിൻ ആയാലും സൂം ചാറ്റ് ഷോ ആയാലും ഓസ് ആണ് താരം.
 
എന്നെ ഏതു പരിപാടിക്ക് വിളിച്ചാലും അതിന് പണം വാങ്ങുന്ന ശീലം എനിക്കില്ല. എന്നാൽ ഒരാളുടെ സമയം നമ്മൾ ആവശ്യപ്പെടുന്പോൾ അതിന് ന്യായമായ പണം വാഗ്ദാനം ചെയ്യുന്നതാണ് ശരിയായ രീതി എന്നതാണ് എന്റെ വിശ്വാസം.
കേരളത്തിലിപ്പോൾ വെബ്ബിനാറുകളുടെ പെരുമഴയാണ്. കോളേജുകൾ, ട്രേഡ് യൂണിയൻ, കച്ചവടക്കാർ, എൻജിനീയർമാർ തുടങ്ങി എല്ലാവരും വെബ്ബിനാറുകൾ നടത്തുകയാണ്. ദിവസേന അഞ്ച് ആളുകളെങ്കിലും എന്നോട് വെബ്ബിനാറിന് പങ്കെടുക്കാൻ ആവശ്യപ്പെടും. കേരളത്തിലുള്ള അനവധി ആളുകൾക്ക് ഈ ബുദ്ധിമുട്ട് ഇപ്പോൾ ഉണ്ടാകും.
 
അതുകൊണ്ട് ഞാൻ രണ്ടു നിർദ്ദേശങ്ങൾ വെക്കാം.
 
1. ഓരോ എഞ്ചിനീയറിങ്ങ് കോളേജുകളും ആർട്സ് കോളേജുകളും പ്രത്യേകം വെബ്ബിനാറുകൾ നടത്തുന്നതിന് പകരം എല്ലാവരും ചേർന്ന് നടത്തുക. അൻപത് പേരോട് ഒരു മണിക്കൂർ സംസാരിക്കുന്നതും അയ്യായിരം പേരോട് സംസാരിക്കുന്നതും തമ്മിൽ സംസാരിക്കുന്നവർക്കോ കേൾക്കുന്നവർക്കോ ഒരു മാറ്റവുമില്ല. ഒരു സെമിനാർ ഓൺലൈനിൽ കയറുന്പോൾ അതൊരു ഫോർമാറ്റിലെ മാത്രം മാറ്റമല്ല. പുതിയ ഫോർമാറ്റിന്റെ മുഴുവൻ സാധ്യതയും ഉപയോഗിക്കണം.
 
2. ആരെയെങ്കിലും ഓൺലൈൻ വെബ്ബിനറിന് സംസാരിക്കാൻ ക്ഷണിച്ചാൽ ന്യായമായ കൂലി കൊടുക്കണം. ഒരു മണിക്കൂറിന് ആയിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ, വിളിക്കുന്ന പ്രാസംഗികന്റെ മാർക്കറ്റ് റേറ്റ് അനുസരിച്ചും വിളിക്കുന്ന ഹോസ്റ്റിന്റെ സാന്പത്തിക സ്ഥിതി അനുസരിച്ചും കൊടുക്കാം. ഇഷ്ടമുളളവർ വരട്ടെ.
 
അടുത്ത തവണ ആരെങ്കിലും വിളിച്ചാൽ ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആവശ്യപ്പെടാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. എനിക്ക് നാട്ടിൽ എന്ത് വിലയുണ്ടെന്ന് ഒന്നറിയാമല്ലോ !. വിലയില്ലെങ്കിൽ ആ വഴിക്കു പോയി സമയം കളയാതിരിക്കാമല്ലോ.
 
വെബ്ബിനാർ പ്രാസംഗികരെ, സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. കിട്ടാനുളളത് ‘പൈനായിരം രൂപ’ ആണ്.
 
#വേണോങ്കിമതി
 
മുരളി തുമ്മാരുകുടി

Leave a Comment