പൊതു വിഭാഗം

ഓണക്കാലത്തെ മദ്യപാനം…

ഓണക്കാലത്ത് മലയാളികൾ എത്ര മദ്യം കഴിച്ചു എന്നതാണ് വാർത്ത.
 
എന്താപ്പോ നിങ്ങടെ പ്രശ്നം? പണിയെടുത്തു കാശുണ്ടാക്കി ആളുകൾ അവർക്ക് ഇഷ്ടമുള്ളതു പോലെ ചിലവാക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കാലമായ ഓണക്കാലത്താണ് വസ്ത്രം മുതൽ വാഹനം വരെയുള്ള സാധനങ്ങൾ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.
 
അതുകൊണ്ടു തന്നെ ഈ കാലത്ത് മദ്യവ്യാപാരം കൂടി എന്നത് ഒരു വാർത്തയല്ല. ആഘോഷം വരുന്പോൾ ആഘോഷിക്കണമെന്ന് തോന്നുന്നതിൽ എന്താണ് അപാകത?
 
വാസ്തവത്തിൽ ഓണക്കാലത്തെങ്കിലും രണ്ടു കുപ്പി മദ്യം വാങ്ങാൻ വരുന്നവരെ വെയിലിലും മഴയിലും വഴിയിൽ നിർത്തി ബുദ്ധിമുട്ടിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരിപാടി നിർത്തണമെന്നാണ് എൻറെ അഭിപ്രായം. (ചുമ്മാതാണോ ഞാൻ ഓണക്കാലത്ത് നാട്ടിൽ വരാത്തത്?).
 
മദ്യപാനം ഒരു സമൂഹ വിപത്താണെന്ന് ഞാൻ ചിന്തിക്കുന്നില്ല. അമിതമായി മദ്യപിക്കുന്നവരും മദ്യപിച്ച് കുഴപ്പങ്ങളുണ്ടാക്കുന്നവരുമുണ്ട് മലയാളികളിൽ. അതിനെപ്പറ്റി പഠിക്കേണ്ടതും പരിഹാരം കാണേണ്ടതുമാണ്. മദ്യം ആളുകളെ കുഴപ്പത്തിലേക്ക് നയിക്കുന്നത് പോലെ നമ്മുടെ സമൂഹത്തിലും കുടുംബത്തിലുമുള്ള അനവധി പ്രശ്നങ്ങൾ ആളുകളെ മദ്യത്തിലേക്കും നയിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതിന്റെ അടിസ്ഥാന കാരണമെന്ന് മനസ്സിലാക്കിയാൽ അതിനെ കൈകാര്യം ചെയ്യാം. അല്ലാതെ മദ്യപിക്കുന്നവരെ മഴയിൽ നിർത്തിയാലും മദ്യ വിൽപ്പനയെ വർത്തയാക്കിയാലും മദ്യപാനം കുറയാനും പോകുന്നില്ല, സമൂഹത്തിലെ പ്രശ്നങ്ങൾ ഇല്ലാതാകാനും പോകുന്നില്ല.
 
സർക്കാരിന് കിട്ടുന്ന നൂറുകണക്കിന് കോടി രൂപയിൽ കുറച്ച് ഈ വിഷയം പഠിക്കാനും മലയാളികളെ ആരോഗ്യകരമായ മദ്യപാനം ശീലിപ്പിക്കാനും ചിലവാക്കണം. ഒരു ബ്രാൻഡ് അംബാസഡറെ വേണമെങ്കിൽ പറഞ്ഞാൽ മതി.
 
മുരളി തുമ്മാരുകുടി
 

Leave a Comment