പൊതു വിഭാഗം

ഓട്ടോറിക്ഷ ഓടിക്കുന്ന പരിസ്ഥിതി

ഫേസ്‌ബുക്ക് ഉണ്ടാകുന്നതിനു മുൻപും എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബിനോയ് Binoy A. Mattamana. കോതമംഗലത്ത് എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ വിഭാഗത്തിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ സൗഹൃദമാണ്. ഇപ്പോൾ അവൻ അവിടെ സിവിൽ വിഭാഗത്തിന്റെ തലവനാണ്. ഇപ്പോൾ കാണുന്പോഴും അന്നത്തെ കുട്ടികൾ തന്നെയാണ് ഞങ്ങൾ. എന്നെ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെങ്കിലും കുത്തിയാൽ അവന് നോവും. മറിച്ചും.

പഠനം കഴിഞ്ഞയുടൻ തന്നെ ഞാൻ ഐ ഐ ടി യിൽ എം ടെക്കിനു ചേർന്നു. ബിനോയ് അതേ കോളേജിൽ തന്നെ അധ്യാപകനായി. അതിനുശേഷം എപ്പോൾ അവധിക്കു വന്നാലും ഞാൻ അവന്റെയടുത്തു പോയി വർത്തമാനവും കൊച്ചുവാർത്തമാനവും പറയും. 1993 ൽ പി എച്ച് ഡി തീസിസ് സമർപ്പിച്ച ശേഷം ഞാനവനെ കാണാനെത്തി. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും തിരിച്ച് ഒരു ഓട്ടോറിക്ഷയിലാണ് വരുന്നത്. പി എച്ച് ഡി കഴിഞ്ഞാൽ ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും അതിനെപ്പറ്റിയുള്ള ആശങ്കകളുമായിരുന്നു ഞങ്ങൾ യാത്രയിൽ സംസാരിച്ചത്.

കോതമംഗലത്ത് സ്റ്റാൻഡിൽ ഞങ്ങളെ ഇറക്കിവിട്ട ഓട്ടോച്ചേട്ടൻ പറഞ്ഞു, “മോൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു. ജോലിയുടെ കാര്യത്തിൽ ഒട്ടും പേടിക്കേണ്ട. ഒരു ഓട്ടോ വാങ്ങിയാൽ മതി. ദിവസം നൂറുരൂപ എങ്ങനെയും കിട്ടും. ഇപ്പോഴാണെങ്കിൽ ലോൺ കിട്ടാനുമെളുപ്പമാണ്.”

ബിനോയ് അല്പം വല്ലാതായി. ഐ ഐ ടി, പി എച്ച് ഡി, അമേരിക്ക എന്നൊക്കെ ചിന്തിച്ചിരുന്ന എന്റെ ഗ്യാസും (യോഗ ചെയ്യാതെ തന്നെ) പോയി.

ഐ ഐ ടിയിൽ പി എച്ച് ഡി ഡിഫൻസ് കഴിഞ്ഞ് എനിക്ക് യാത്രയയപ്പ് തന്ന ദിവസം ഞാനീ കഥ എന്റെ മറുപടിയിൽ പറഞ്ഞു. അക്കാലത്ത് ഐ ഐ ടി യിൽ ബി ടെക്കുകാർക്കും എം ടെക്ക് കാർക്കും മാത്രമേ പ്ലേസ്‌മെന്റ് സപ്പോർട്ടുള്ളു. പി എച്ച് ഡിക്കാർ സ്വയം കാര്യം നോക്കണം.

“ഒരു സ്ഥാപനം കുട്ടികളെ പഠിപ്പിച്ചു പുറത്തേക്കു വിടുന്പോൾ അവർക്ക് ലോകത്ത് തൊഴിൽ സാധ്യതയുണ്ടോ എന്ന് ചിന്തിക്കാനുള്ള ധാർമ്മിക ബാധ്യത ആ സ്ഥാപനത്തിനും അധ്യാപകർക്കുമുണ്ട്.” ഞാൻ അല്പം വികാരഭരിതനായി പറഞ്ഞു.

എന്റെ പ്രസംഗം ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ‘വൈറൽ’ ആയി. പി എച്ച് ഡിക്കാർക്കും പ്ലേസ്‌മെന്റ് സപ്പോർട്ട് കൊടുക്കാൻ ഐ ഐ ടി തീരുമാനിച്ചു.

ഞാനിതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം ഇത്തവണ നാട്ടിൽ പോയപ്പോൾ കുറച്ചു കുട്ടികൾ എന്നെ കാണാൻ വന്നു. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിൽ (Environmental Sciences) ബിരുദാനന്തര ബിരുദമെടുത്ത കുട്ടികളാണ്. റാങ്ക് കിട്ടിയവരും ഉണ്ട്.

“സർ, ഞങ്ങളുടെ കാര്യം കഷ്ടമാണ്. പരിസ്ഥിതി ശാസ്ത്രം പഠിക്കുന്നവർക്ക് കേരളത്തിൽ ഒരു ജോലി സാധ്യതയുമില്ല. പൊലുഷൻ കൺട്രോൾ ബോർഡിൽ വേണ്ടത് ഒന്നുകിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ രസതന്ത്രം ഡിഗ്രി. കോളേജുകളിൽ പഠിപ്പിക്കാൻ സുവോളജിയോ ബോട്ടണിയോ ഉള്ളവരെയാണ് വേണ്ടത്. കോളേജിൽ പരിസ്ഥിതിശാസ്ത്രം പഠിപ്പിക്കുന്നത് രസതന്ത്രത്തിലോ സാമൂഹ്യശാസ്ത്രത്തിലോ ഒക്കെ ബിരുദമുള്ളവരാണ്. ഇനി ഞങ്ങൾ പി എച്ച് ഡി എടുക്കാമെന്ന് വെച്ചാൽ സ്‌കൂൾ അധ്യാപകരാകാനുള്ള ലിസ്റ്റിൽ നിന്ന് ഞങ്ങൾ പുറത്താകും. (അതൊരു അമിത യോഗ്യതയാണത്രെ). ഒരിക്കൽ മാത്രം കേരളത്തിലെ പരിസ്ഥിതി വകുപ്പ് കുറച്ചു പരിസ്ഥിതി ശാസ്ത്രക്കാരെ എടുക്കാൻ പി എസ് സി പരീക്ഷ നടത്തി, പക്ഷെ ഇനിയും റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തിയിട്ടില്ല. ഞങ്ങളുടെ മുൻപിലുള്ള ബാച്ചുകാരൊക്കെ പരാതി പറഞ്ഞു തളർന്നു. ഞങ്ങൾ ഇപ്പോഴും പ്രതീക്ഷയോടെ ഓടി നടക്കുകയാണ്.”

എനിക്ക് ശരിക്കും സങ്കടവും ദേഷ്യവും വന്നു. കാരണം, കേരളത്തിലെ പ്രധാനമായ അഞ്ചു പ്രശ്നങ്ങളെക്കുറിച്ചു പറയാൻ ഏതൊരാളോട് ചോദിച്ചാലും അതിൽ രണ്ടെണ്ണം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായിരിക്കും. ഖരമാലിന്യനിർമ്മാർജ്ജനം, ജലമലിനീകരണം, തണ്ണീർത്തട നശീകരണം, മണൽ വാരൽ, കുന്നിടിക്കൽ തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ പഞ്ചായത്തുകളോ മുനിസിപ്പാലിറ്റികളോ കേരളത്തിലില്ല. എന്നിട്ടും കേരളത്തിലെ ആയിരം പഞ്ചായത്തുകളിൽ ഒന്നിൽ പോലും പരിസ്ഥിതി ശാസ്ത്രത്തിൽ അറിവുള്ളവർക്കു വേണ്ടിയുള്ള ഒരു തസ്തികയുമില്ല.

അമേരിക്കയിൽ ഉപരിപഠനത്തിനു പോയ എന്റെ അനവധി സുഹൃത്തുക്കൾ ജോലിചെയ്യുന്നത് അവിടുത്തെ സിറ്റി കൗൺസിലിന് വേണ്ടിയാണ്. ജപ്പാനിലെ സെണ്ടായ് മുനിസിപ്പാലിറ്റിയിലെ ഖരമാലിന്യ വകുപ്പിന്റെ തലവൻ പരിസ്ഥിതി സംരക്ഷണത്തിൽ പി എച്ച് ഡിയുള്ള ആളാണ്. സെണ്ടായ് മുനിസിപ്പാലിറ്റിയിൽ പരിസ്ഥിതി വിഭാഗത്തിൽ എത്രയോ വിദഗ്ദ്ധരുണ്ട്. എന്റെ സുഹൃത്ത് സന്തോഷ് ഐ ഐ ടി യിൽ നിന്ന് പി എച്ച് ഡി എടുത്ത ആളാണ്. നമ്മൾ ദുബായും സിംഗപ്പൂരും ജനീവയും ടോക്കിയോയും സന്ദർശിക്കുന്പോൾ അവിടെ കാണുന്ന പരിസ്ഥിതി സംരക്ഷണം പണമുള്ളതു കൊണ്ട് മാത്രമല്ല, പരിസ്ഥിതി വിഷയത്തിൽ അറിവുള്ളവർ അവിടെ ജോലി ചെയ്യുന്നത് കൊണ്ടുകൂടിയാണ്.

കേരളത്തിലെ ഓരോ പഞ്ചായത്തിലും ഒരു പരിസ്ഥിതി വിദഗ്ദ്ധനെ / വിദഗ്ദ്ധയെ നിയമിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവിടുത്തെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠിക്കാൻ, കാലാവസ്ഥാ വ്യതിയാനം ആ പഞ്ചായത്തിനെ എങ്ങനെ ബാധിക്കുമെന്ന് പഠിപ്പിക്കാൻ, ഖരമാലിന്യങ്ങൾ സംസ്ക്കരിക്കാൻ പദ്ധതികൾ ഉണ്ടാക്കാൻ, ഭൂഗർഭ ജലത്തിന്റെ ഗുണവും ഉപയോഗവും പരിശോധിക്കാൻ, ജലമലിനീകരണം ഒഴിവാക്കാൻ എന്നിങ്ങനെ ഒരാൾക്ക് ചെയ്താൽ തീരാത്തത്രയും ജോലിയുണ്ട്. ഓരോ പഞ്ചായത്തിലെയും വിഭവങ്ങൾ ഉപയോഗിക്കുന്നതിലും മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിലും ചെറിയ ടാക്സ് ഏർപ്പെടുത്തിയാൽ തന്നെ ഈ തസ്തികക്കുള്ള പണം കണ്ടെത്താൻ സാധിക്കും. (പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചും നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്‌തും ഇപ്പോൾ ഉള്ള സ്റ്റാഫിന്റെ എണ്ണം കുറക്കാമെന്നത് വേറെ കാര്യം).

ഇത് മാത്രമല്ല, ഇന്ത്യയിലെ പരിസ്ഥിതി നാശം പരിഹരിക്കാനായി ഇന്ത്യയിലെ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലും ഏതൊരു ബിരുദവും ചെയ്യുന്ന എല്ലാ കുട്ടികളും പരിസ്ഥിതി ശാസ്ത്രം പഠിച്ചിരിക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. അതിന്റെ സിലബസും കോടതി തന്നെ തീരുമാനിച്ചിട്ടുണ്ട്. യു ജി സി ഇതൊരു ഓർഡറായി ഇറക്കിയിട്ടുണ്ട്. കേരളത്തിൽ ഈ ഓർഡർ ബാധകമായ ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിലും അതിൽ ഒരു ശതമാനത്തിൽ പോലും പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ആ കോഴ്സ് പഠിപ്പിക്കുന്നില്ല. എഞ്ചിനീയറിംഗ് തൊട്ട് ശാസ്ത്രം വരെ പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു ടീച്ചറെ ഈ ഉത്തരവാദിത്തം ഏൽപ്പിക്കും. അവർ ഒരു വഴിപാട് പോലെ അത് പഠിപ്പിച്ചു വിടുകയും ചെയ്യും. ചുമ്മാതാണോ ബിരുദവും, ബിരുദാനന്തര ബിരുദവുമുള്ളവർ മാലിന്യങ്ങൾ വഴിയിൽ വലിച്ചെറിയുന്നത് !

ഇതാണെന്നെ ദേഷ്യം പിടിപ്പിക്കുന്നത്. കേരളത്തിൽ എവിടെ നോക്കിയാലും പരിസ്ഥിതി ശാസ്ത്രം പഠിച്ചവരുടെ ആവശ്യമുണ്ട്. കുറഞ്ഞത് രണ്ടായിരം തൊഴിൽ അവസരങ്ങൾ എങ്കിലും ഉണ്ട്. കഴിഞ്ഞ ഇരുപത് വർഷമായി സർവ്വകലാശാലകൾ നൂറുകണക്കിന് കുട്ടികളെ പഠിപ്പിച്ചു വിട്ടിട്ടുമുണ്ട്. പക്ഷെ, ഒരു വശത്ത് ഖരമാലിന്യം തെരുവിൽ നിറഞ്ഞ് പട്ടികളും പന്നിയും പെരുകുന്പോൾ മറുഭാഗത്ത് മിടുക്കരായ കുട്ടികൾ പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവുമായി തെരുവിലൂടെ അലയുന്നു.

ഇക്കാര്യത്തിൽ സർക്കാർ തീർച്ചയായും ശ്രദ്ധ കാണിക്കണം. കുട്ടികൾക്ക് തൊഴിൽ നല്കാനല്ല, നമ്മുടെ പരിസ്ഥിതിയെ ശരിയാക്കിയെടുക്കാൻ പരിശീലനം നേടിയവരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിയമിക്കണം. യു ജി സി ഉത്തരവനുസരിച്ചു പരിസ്ഥിതി ശാസ്ത്രം പഠിപ്പിക്കാൻ ആ വിഷയത്തിൽ ബിരുദാനന്തര ബിരുദം എങ്കിലും ഉള്ളവരെ നിയമിക്കണമെന്നത് നിർബന്ധമാക്കണം.

ഈ കുട്ടികളെയെല്ലാം പഠിപ്പിച്ചു വിട്ട യുണിവേഴ്സിറ്റികളും കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ലോകത്ത് ഓരോ പുതിയ സംഗതികൾ വരുമ്പോൾ, environmental science, biotechnolgy, nanotechnology എന്നൊക്കെ പറഞ്ഞു ഓരോ കോഴ്‌സുകൾ തുടങ്ങിയാൽ മാത്രം പോരാ, അത് പാസാകുന്ന കുട്ടികൾ ഓട്ടോറിക്ഷ ഓടിക്കാൻ പോകേണ്ടിവരുന്ന സ്ഥിതി കണ്ടാൽ അധ്യാപകർക്ക് ധാർമ്മികരോഷമുണ്ടാകണം. ഒന്നുകിൽ കുട്ടികളെ സഹായിക്കാൻ അവർ എന്തെങ്കിലും ചെയ്യണം. ഒരു കോഴ്സ് പഠിക്കുന്ന 50 ശതമാനം കുട്ടികൾക്കും അടുത്ത മൂന്ന് വർഷത്തിനകം ജോലി ആകുന്നില്ല എന്ന് കണ്ടാൽ എടുക്കുന്ന കുട്ടികളുടെ എണ്ണം കുറക്കണം, അല്ലെങ്കിൽ തൊഴിൽ കമ്പോളത്തിന് വേണ്ട എന്താണ് കോഴ്സിൽ ഇല്ലാത്തതെന്ന് പരിശോധിക്കണം, ഇതൊന്നും പറ്റില്ലെങ്കിൽ ആ കോഴ്സ് നിർത്തിക്കളയുകയെങ്കിലും ചെയ്യണം. ഇപ്പോഴത്തെ പോലെ വർഷാവർഷം കുട്ടികളെ ബിരുദാനന്തര ബിരുദം കൊടുത്തു പുറത്തു വിടുകയും അവരുടെ ജോലി സാധ്യതയിലുള്ള പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുകയും ചെയുന്നത് കഷ്ടമാണ്. സാധാരണ വിഷയങ്ങളിൽ കൂടുതൽ മാർക്ക് കിട്ടുന്നവരും പരിസ്ഥിതിയുടെ കാര്യത്തിൽ കുറേ താല്പര്യം ഉള്ളവരുമായ കുട്ടികളാണ് ഈ ട്രാപ്പിൽ വീഴുന്നതെന്നത് എന്നെ കൂടുതൽ വിഷമിപ്പിക്കുന്നു.

മുരളി തുമ്മാരുകുടി.

Leave a Comment