പൊതു വിഭാഗം

ഒൻപത് യൂറോ ടിക്കറ്റ് നമ്മോട് പറയുന്നത്

ഏപ്രിൽ മാസത്തിലാണ് ജനീവയിൽ നിന്നും ബോണിൽ എത്തുന്നത്. സ്വിറ്റ്‌സർലൻഡിൽ പൊതുഗതാഗതം വളരെ മികച്ചതായതിനാൽ സ്വന്തം കാർ വാങ്ങാൻ സാന്പത്തിക സാഹചര്യം ഉള്ളവർ പോലും പൊതുഗതാഗതമാണ് ഉപയോഗിക്കുന്നത്. അവിടുത്തെ പ്രസിഡന്റ് വരെ പൊതു ഗതാഗതത്തെ ആശ്രയിക്കുന്നത് മറ്റു രാജ്യങ്ങളിൽ വാർത്തയാണ്.

ജർമ്മനി പക്ഷെ, കുറച്ചുകൂടി വലിയ രാജ്യമാണ്. കാർ നിർമ്മാണം അവിടുത്തെ പ്രധാന വ്യവസായമാണ്. ആളുകൾ കൂടുതൽ കാറുകൾ ഉപയോഗിക്കാറുണ്ട്. പൊതു ഗതാഗതമായി ട്രെയിനും ട്രാമും ബസും എല്ലാമുണ്ടെങ്കിലും അൽപം ചിലവുള്ള കാര്യമാണ്.

മിനിമം ടിക്കറ്റ് രണ്ട് യൂറോ ആണ്. (ഏകദേശം 160 രൂപ). ബോണിലെ സീസൺ ടിക്കറ്റ് മാസം 79 യൂറോയാണ്. (ഏകദേശം ആറായിരം രൂപ). ബോണിൽ നിന്നും അൻപത് കിലോമീറ്റർ ദൂരമുള്ള കൊളോണിൽ പോയിവരാൻ പതിനാല് യൂറോ ആകും. (1200 രൂപ).

ഈ വർഷം ജൂണിൽ ജർമൻ ഗവണ്മെന്റ് അത്ഭുതകരമായ ഒരു സാന്പത്തിക സാമൂഹ്യ പരീക്ഷണം നടത്തി. ജർമനിയിലെന്പാടും പൊതുഗതാഗതത്തിൽ (എക്സ്പ്രസ് ട്രെയിനുകൾ ഒഴിച്ച്) യാത്ര ചെയ്യുന്നതിന് ഒരു മാസം വെറും ഒൻപത് യൂറോ (700 രൂപ) മാത്രം. ഒരു പ്രാവശ്യം അൻപത് കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് പോയിവരുന്ന ചിലവിൽ അഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് പോയിവരാം, എത്ര പ്രാവശ്യം വേണമെങ്കിലും. ലോകത്ത് ഇത്രയും ചിലവ് കുറഞ്ഞ ഒരു പൊതുഗതാഗതം വേറെയില്ല.

ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിരാൻ സർക്കാരിന് പല കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ കാരണം യുക്രെയിൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറക്കുക എന്നതായിരുന്നു. കാർ ഉപയോഗിക്കുന്നവരെ ബസിലേക്കും ട്രെയിനിലേക്കും എത്തിച്ചാൽ ഇക്കാര്യം സാധ്യമാകുമല്ലോ.

കൊറോണക്കാലത്തുണ്ടായ സാന്പത്തികമാന്ദ്യം കുറക്കാനായി ആളുകളെ വീട്ടിൽ നിന്നും പുറത്തെത്തിക്കുക. യാത്രാച്ചെലവ് കുറയുന്നതോടെ ആളുകൾ കൂടുതൽ യാത്ര ചെയ്യുമല്ലോ. അങ്ങനെ യാത്രക്ക് പണം ചിലവായില്ലെങ്കിലും ആളുകൾ മറ്റു കാര്യങ്ങൾക്ക് പണം ചിലവാക്കുന്നതു വഴി സാന്പത്തിക ഉണർവുണ്ടാകുന്നു.

സർക്കാരിന്റെ ഈ പദ്ധതിയെ ആളുകൾ ചെറിയ ആശങ്കയോടെയാണ് കണ്ടത്. പൊതുഗതാഗതത്തിൽ അമിത തിരക്കുണ്ടാകുമോ എന്നതായിരുന്നു ഒരു പേടി. കൊറോണക്കാലത്ത് നഷ്ടം സംഭവിച്ച ട്രാൻസ്‌പോർട്ട് കന്പനികൾക്ക് കൂടുതൽ നഷ്ടമുണ്ടാകുമോ എന്നതായിരുന്നു അടുത്ത പേടി. ഇത് പേപ്പറിലും ടി. വി. യിലും ഒക്കെ വലിയ ചർച്ചകൾ ആയിരുന്നു.

ജൂൺ, ജൂലൈ മാസങ്ങളിൽ ഈ പദ്ധതി സർക്കാർ നടപ്പിലാക്കി. അത് ആളുകളുടെ യാത്രയെയും സാന്പത്തിക സാഹചര്യത്തെയും ട്രെയിനിലെ തിരക്കിനെയും ഒക്കെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നു.

1. സാധാരണഗതിയിൽ ചിലവാകുന്ന സീസൺ ടിക്കറ്റിന്റെ പത്തിരട്ടി ടിക്കറ്റാണ് ഈ മാസങ്ങളിൽ വിറ്റുപോയത്. ഏകദേശം മുപ്പത് മില്യൺ (മൂന്ന് കോടി).

2. ജർമനിയിൽ കാർയാത്രകൾ ഈ കാലയളവിൽ പത്ത് ശതമാനം കുറഞ്ഞു.

3. ലോകമെന്പാടും പണപ്പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുന്ന ഇക്കാലത്ത് മറ്റു വികസിത രാജ്യങ്ങളെയും അയൽരാജ്യങ്ങളെയും അപേക്ഷിച്ച് പണപ്പെരുപ്പം കുറച്ചുനിർത്താൻ ജർമനിക്ക് സാധിച്ചു.

4. അവധിദിവസങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങി. ഇത് ട്രെയിനിൽ മാത്രമല്ല, മറ്റു വ്യാപാരസ്ഥാപനങ്ങളിലും തിരക്കുണ്ടാക്കി. ഇതിന്റെ സാമ്പത്തിക മൂല്യം ഇപ്പോഴും കണക്കുകൂട്ടപ്പെടുന്നതേ ഉള്ളു.

5. ഒരു യാത്രക്ക് ഇത്ര യൂറോ എന്നതിൽ നിന്നും ഒരു മാസത്തേക്ക് ഇത്ര യൂറോ എന്ന നിലയിലേക്ക് ടിക്കറ്റ് മാറിയത് ആളുകൾക്ക് ഏറെ സന്തോഷമുണ്ടാക്കി. 9 എന്നത് 90 യൂറോ ആയാലും ഇനി ദിവസവും ഓരോ യാത്രക്കും ടിക്കറ്റ് എടുക്കുന്ന ഏർപ്പാട് വേണ്ട എന്നാണ് ആളുകളുടെ അഭിപ്രായം.

വീക്കെന്റുകളിൽ തിരക്കുണ്ടായതും ട്രെയിനുകൾ താമസിച്ചു വന്നതുമൊക്കെ ആളുകളിൽ അല്പം അലോസരമുണ്ടാക്കിയെങ്കിലും പൊതുവെ ഒരു വിജയമായിട്ടാണ് ഈ പരീക്ഷണത്തെ കാണുന്നത്. വളരെ കാര്യക്ഷമമായിട്ടുള്ള ചിലവ് കുറഞ്ഞ പൊതു ഗതാഗത സംവിധാനമുള്ള നാടാണ് കേരളം. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തത്ര, ബസ് സംവിധാനവുമായി യോജിച്ച് കിടക്കുന്ന ഓട്ടോറിക്ഷകൾ മിക്കവാറും ഗ്രാമങ്ങളിലുണ്ട്. അപ്പോൾ പൊതുഗതാഗതത്തിന്റെ ഒരു പോരായ്മയായ ‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ യുടെ അഭാവം കേരളത്തിലില്ല.

പക്ഷെ, കഴിഞ്ഞ ഇരുപത് വർഷത്തെ കാര്യമെടുത്താൽ പൊതുഗതാഗതത്തിൽ നിന്നും ആളുകൾ മാറിപ്പോകുന്നതും സാധിക്കുന്നവരെല്ലാം ഇരുചക്രവാഹനങ്ങൾ എങ്കിലും വാങ്ങുന്നതുമായിട്ടാണ് കാണുന്നത്. അതോടെ റോഡിലെ തിരക്ക് കൂടുന്നു, ട്രാഫിക് ജാമിൽ പെട്ട് മണിക്കൂറുകൾ കളയുന്നു, പെട്രോൾ വിലയിലുണ്ടാകുന്ന മാറ്റം കുടുംബബജറ്റിനെ വലിയ തോതിൽ ബാധിക്കുന്നു എന്നതൊക്കെ കൂടാതെ വർഷത്തിൽ ആയിരക്കണക്കിന് ആളുകൾ വാഹനാപകടത്തിൽ, അതും ഇരുചക്രവാഹനങ്ങളുടെ അപകടത്തിൽ മരിക്കുന്നു എന്ന ഗുരുതരപ്രശ്നം കൂടിയുണ്ട്.

പൊതു ഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ മലയാളികളെ എങ്ങനെയാണ് തിരിച്ചെത്തിക്കുന്നത് എന്ന് ചിന്തിക്കേണ്ട സമയമാണ്. കേന്ദ്ര സർക്കാരിന്റെ ട്രെയിൻ മുതൽ സ്വകാര്യബസുകളും ഓട്ടോറിക്ഷകളും വരെ ഉൾപ്പെടുന്ന പൊതു ഗതാഗത സംവിധാനത്തെ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഇപ്പോൾ തുമ്മാരുകുടിയിൽ നിന്നും തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ എത്തണമെങ്കിൽ തുമ്മാരുകുടിയിൽ നിന്നും വെങ്ങോലക്ക് ഓട്ടോറിക്ഷ, അവിടെ നിന്നും പെരുന്പാവൂർക്ക് പ്രൈവറ്റ് ബസ്, പെരുന്പാവൂരിൽ നിന്നും ആലുവക്ക് കെ. എസ്. ആർ. ടി. സി., ആലുവയിൽ നിന്നും തന്പാനൂർക്ക് ട്രെയിൻ, തന്പാനൂര് നിന്ന് സെക്രട്ടറിയേറ്റിലേക്ക് ഓട്ടോറിക്ഷ, എന്നിങ്ങനെ മൂന്ന് ടിക്കറ്റുകളും മിനിമം രണ്ട് വിലപേശലും നടത്തണം. ഇത് മാറ്റി കേരളത്തിലെ എല്ലാ പൊതുഗതാഗത സംവിധാനത്തിലും ഉപയോഗിക്കാവുന്ന സ്മാർട്ട് കാർഡുകൾ ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ പടിയായി ചെയ്യേണ്ടത്. ഓരോ ട്രെയിൻ / ബസ് സ്റ്റോപ്പുകൾക്കും ചുറ്റിലുള്ള രണ്ട് കിലോമീറ്റർ ദൂരത്തേക്കുള്ള ഓട്ടോ റേറ്റ് ഒരു നിശ്ചിതതുകയായി പരിമിതപ്പെടുത്തിയാൽ വിലപേശൽ ഒഴിവാക്കാം. കേരളത്തെ മൂന്ന് സോണുകളായി തിരിച്ച് ഓരോ സോണിലും എവിടെ പോകുന്നതിനും ഒരു ദിവസത്തിൽ ഇത്ര രൂപ, ഒരു മാസത്തിൽ ഇത്ര രൂപ എന്ന തരത്തിൽ സ്കീമുകൾ ഉണ്ടാക്കാം. കേരളത്തിൽ സ്ഥിരമായി ദൂരയാത്ര ചെയ്യുന്നവരെ ലക്ഷ്യമാക്കി ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പാസുകൾ ഉണ്ടാക്കാം. ഇത്തരത്തിൽ ഇഷ്യൂ ചെയ്യുന്ന ഓരോ പാസുകളിൽനിന്നും അവരുടെ യാത്രാ രീതികളിൽ നിന്നും കിട്ടുന്ന ഡേറ്റ കൂടി ആയാൽ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനും ലാഭകരമാക്കാനുമുള്ള ധാരാളം സാധ്യതകളുണ്ട്.

# ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി

മുരളി തുമ്മാരുകുടി

May be an image of text that says "DB CIV 1080 Deutschlandtarif Gültig vom 01 06.22 22 Gültig bis 30 06.22 9-Euro-Ticket Person KI:2 Gilt im angegebenen Geltungszeitraum bundesweit für beliebig viele Fahrten in allen Nahverkehrszügen Verkehrsver- bünden und teilnehmenden Verkehrs- unternehmen. Es gelten die Tarifbedingungen des Deutschlandtarifs Ihre Fahrkarte gilt nur nach Eintragung Ihres Namens und zusammen mit einem amtlichen Lichtbildausweis (z.B Personalausweis), Nicht übertragbar kein Umtausch, keine Erstattung Bitte vor Reiseantritt ausfüllen. in Druckbuchstaben: Name, Vorname 692236909 70451753-73 11 (inkl. 7% MwS) EUR 9,00 31.05.22 18:05 BARZAHLUNG"

Leave a Comment