പൊതു വിഭാഗം

ഒറീസ്സ – ശാസ്ത്രവും സാമൂഹ്യ പാഠവും.

ഒരു വന്പൻ കൊടുങ്കാറ്റ് വന്നുപോയിട്ടും ആളപായമില്ലാതെ അത് മാനേജ് ചെയ്ത ഒറീസ്സ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്നു. ഏറെ ആശ്വാസം, അഭിമാനവും.
 
1999 ൽ ഒറീസ്സയിലുണ്ടായ സൂപ്പർ സൈക്ലോണിൽ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. അനൗദ്യോഗിക കണക്കുകൾ ഇത് പതിനായിരക്കണക്കിന് ആണെന്നും പറയുന്നു.
ആ പാഠങ്ങൾ ഒറീസ്സ പഠിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കിട്ടിയാൽ അത് ആളുകളെ അറിയിക്കാനുള്ള സംവിധാനം, ആളുകളെ ഒഴിപ്പിക്കാനും ഒരുമിച്ചു സുരക്ഷിതമായി താമസിപ്പിക്കാനുള്ള സംവിധാനം എല്ലാം പുതിയതായി സജ്ജമാക്കി.
 
2013 ൽ സൈക്ലോൺ ഫാലിൻ വന്നപ്പോൾ മരണസംഖ്യ നൂറിൽ താഴെയായി. ഇപ്പോൾ ഫോനിയിൽ പത്തിലും താഴേക്ക് മരണസംഖ്യ എത്തിച്ചു.
 
ദുരന്തങ്ങളുണ്ടാക്കുന്നത് പ്രകൃതി അല്ല, പ്രകൃതി പ്രതിഭാസങ്ങളെ മനുഷ്യൻ അറിഞ്ഞു പ്രവർത്തിക്കാത്തതാണെന്ന തത്വശാസ്ത്രത്തിന്റെ പ്രയോഗമാണ് ഒറീസ്സയിൽ കാണുന്നത്.
ആളുകളെ ഒഴിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ എടുത്ത നടപടികൾ മാത്രമല്ല നാം ശ്രദ്ധിക്കേണ്ടത്. കൊടുങ്കാറ്റുകൾ മുൻകൂട്ടി പ്രവചിക്കാനും അതിൻറെ പാത കൃത്യമായി നിർണ്ണയിക്കാനും നമ്മുടെ കാലാവസ്ഥ വകുപ്പിനുണ്ടായ കഴിവ് കൂടിയാണ്. ശാസ്ത്രത്തിന്റെ വളർച്ച കൂടിയാണിത് സൂചിപ്പിക്കുന്നത്. ഐ എം ഡി ക്കും ഏറെ അഭിമാനിക്കാനുണ്ട്.
 
ഇനിയിപ്പോൾ ഒറീസ്സക്ക് സഹായം എത്തിക്കേണ്ട സമയമാണ്. പൊതുവെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ഥലമാണ് ഒറീസ. ആളുകളുടെ മരണം അധികം ഉണ്ടായിട്ടില്ലെങ്കിലും വസ്‌തുവകകളുടെ നാശം ഏറെ ഉണ്ടാവും. സഹായം വേണം.
 
വെള്ളവും വസ്ത്രവും ഭക്ഷണവും അങ്ങോട്ട് അയച്ചു കൊടുക്കാനുള്ള നോട്ടീസുകൾ പലതും കണ്ടു. ദുരന്തത്തിൽ അകപ്പെട്ടവർക്ക് എന്തെങ്കിലും വസ്തുക്കൾ കൊടുക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ കേരളത്തിൽ നിന്നും രണ്ടായിരം കിലോമീറ്റർ അകലേക്ക് കുപ്പിവെള്ളം കയറ്റിവിടേണ്ട ഒരു കാര്യവുമില്ല. സഹായം പരമാവധി പണമായി കൊടുക്കുക. ദുരിതബാധിത പ്രദേശത്തിന് ഏറ്റവും അടുത്ത് എവിടെ വെള്ളവും വസ്ത്രവും ഭക്ഷണവുമെല്ലാം ലഭ്യമാണോ അവിടെ നിന്നും സന്നദ്ധ സംഘടനകൾ അത് വാങ്ങി വിതരണം ചെയ്യട്ടെ. ഇവയൊക്കെ ട്രാൻസ്‌പോർട്ട് ചെയ്യാനുള്ള പണലാഭം മാത്രമല്ല, അവിടുത്തെ സന്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന ചെറിയ ഉണർവിനുകൂടി നമ്മുടെ പണം കാരണമാകും. അതാണ് ശരിയായ രീതി.
 
കേരളത്തിൽ ലക്ഷക്കണക്കിന് ഒറീസ്സക്കാരുണ്ട്. നിങ്ങളുടെ ചുറ്റിലും തന്നെ ആരെങ്കിലുമൊക്കെ കാണും. അവരോട് നാട്ടിലെ കാര്യങ്ങൾ ചോദിക്കുക, അവരുടെ ആരെങ്കിലും ദുരിതത്തിൽ പെട്ടോ എന്നും. അവർക്ക് നിങ്ങളുടെ കഴിവ് പോലെ പണം നൽകുക. ലോകത്തെവിടെ ദുരന്തമുണ്ടായാലും ആ നാട്ടിലെ ആളുകൾ ജനീവയിൽ ദുരിത ബാധിതർക്ക് വേണ്ടി പണം സംഭരിക്കും. അതുപോലെ ഒറീസ്സക്കാർ കേരളത്തിൽ പണം സംഭരിക്കുന്നുണ്ടെങ്കിൽ അതിലേക്ക് പരമാവധി സംഭാവന ചെയ്യുക. നമ്മുടെ കരുതലും കരുണയും അവരെ അറിയിക്കാനുള്ള സമയം കൂടി ആണിത്. നമുക്ക് കൂടുതൽ സന്തോഷം തരും എന്ന് കരുതി കുപ്പിവെള്ളവുമായി അടുത്ത കളക്ഷൻ പോയന്റിലേക്ക് പോവരുത്, പ്ലീസ്…
 
മുരളി തുമ്മാരുകുടി
 

Leave a Comment