പൊതു വിഭാഗം

ഒരു ഹെൽമെറ്റിന്റെ കഥ

ഇന്നലെ നല്ല തിരക്കായിരുന്നു. യാത്രയിലായിരുന്നതിന്റെ മൂന്നു റിപ്പോർട്ടുകൾ എഴുതിത്തീർക്കാനുണ്ടായിരുന്നു. അതുകൊണ്ട് മന്ത്രിയുടെ രാജി കോലാഹലത്തെപ്പറ്റി അറിയാനോ അഭിപ്രായം പറയാനോ പറ്റിയില്ല.

മന്ത്രിമാരും പ്രസിഡന്റുമാരും ലൈംഗിക അപവാദത്തിൽ പെടുന്നത് ലോകത്തിൽ ആദ്യമായിട്ടൊന്നുമല്ല. ‘Minister Resigns Sex Scandal’ എന്ന് ഗൂഗിൾ ചെയ്‌താൽ ഡസൻ കണക്കിന് രാജ്യങ്ങളിൽ നിന്നും നൂറുകണക്കിന് കേസുകൾ ചാടിവരും. ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിൽ നിന്നും. കേരളത്തിലും ഇതാദ്യത്തെ കേസ് ഒന്നുമല്ലല്ലോ.

കാര്യം പറഞ്ഞാൽ പ്രായപൂർത്തിയായ രണ്ടു പേർ തമ്മിൽ ഉഭയ സമ്മത പ്രകാരം നടക്കുന്ന ലൈംഗിക ബന്ധത്തിലേക്ക് സമൂഹം തലയിട്ടു നോക്കേണ്ട കാര്യമില്ല. ലോകത്ത് മിക്കവാറുമിടങ്ങളിൽ അങ്ങനെ നോക്കാറുമില്ല. പക്ഷെ മന്ത്രിമാരുടെ കാര്യത്തിൽ സമൂഹത്തിന് അല്പം വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ലോകത്ത് ലൈംഗിക അപവാദത്തിൽ പെട്ട് രാജിവെച്ച മന്ത്രിമാരുടെ കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്തു നോക്കിയാൽ രാജി ആവശ്യം പൊതുവേ മൂന്നു കാരണങ്ങളാലാണെന്ന് കാണാം.

1. അധികാരത്തിന്റെ ഉപയോഗം: ലോകത്ത് എല്ലായിടത്തും തന്നെ ഏറെ അധികാരമുള്ളവരാണ് മന്ത്രിമാർ. രാജ്യത്തിന്റെ വലിപ്പവും മന്ത്രിയുടെ അധികാര വിഭാഗവും ഭരണകൂടത്തിന്റെ സ്വഭാവവും അനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. എന്നാലും ഭരിക്കപ്പെടുന്നവരെ അപേക്ഷിച്ച് എല്ലായിടത്തും മന്ത്രിമാർ അധികാരമുള്ളവർ തന്നെ. അപ്പോൾ ഒരു മന്ത്രി, അയാൾ ഭരിക്കുന്ന നാട്ടിലെ ഏതെങ്കിലും സ്ത്രീയോടോ പുരുഷനോടോ ലൈംഗിക താല്പര്യം കാട്ടിയാൽ അതിനെതിര്‌ നിൽക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാകാം. മന്ത്രിയുമായി നേരിട്ട് ബന്ധപ്പെടേണ്ടവർക്ക് (ജോലിക്കാർ, കരാർ ബന്ധം ഉള്ളവർ, സ്വന്തം രാഷ്ട്രീയ പാർട്ടിയിലെ മറ്റുള്ളവർ) പ്രത്യേകിച്ചും. അപ്പോൾ ‘consenting adults’ എന്ന സാമാന്യ നീതി മന്ത്രിമാർക്ക് സാധാരണ കിട്ടാറില്ല, കാരണം തുല്യരായ ആളുകൾ തമ്മിലുള്ള ഒരു ബന്ധമല്ലിത്.

2. മറ്റുള്ളവർക്ക് ബ്ലാക്‌മെയിൽ ചെയ്യാനുള്ള അവസരം ഉണ്ടാക്കുന്നു: അധികാരസ്ഥാനത്തുള്ളവരെ അവരുടെ ലൈംഗിക ദൗർബല്യങ്ങൾ മുതലെടുത്ത് കെണിയിൽപ്പെടുത്തി പിന്നീട് അതു പറഞ്ഞ് ഭീഷണിപ്പെടുത്തി ഓരോ കാര്യങ്ങൾ സാധിച്ചെടുക്കുന്നത് ചാരവൃത്തിയുടെ ഒന്നാം പാഠം തന്നെയാണ്. അറുപത് വർഷം മുൻപ് വരെ ബ്രിട്ടനിൽ സ്വവർഗാനുരാഗം കുറ്റകരമായിരുന്നു. അതുകൊണ്ട് ആരെങ്കിലും സ്വവർഗാനുരാഗിയാണെന്ന് മനസ്സിലാക്കിയാൽ അതുവെച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്യന്നത് പതിവായിരുന്നു. ഇപ്പോഴും യാഥാസ്ഥിതികമായ സ്ഥലങ്ങളിൽ മന്ത്രിമാർ (അല്ലെങ്കിൽ മറ്റ് അധികാര സ്ഥാനത്തുള്ളവർ) സ്വവർഗാനുരാഗികളോ വിവാഹേതര ബന്ധമുള്ളവരോ ആണെന്ന് പുറത്തറിഞ്ഞാൽ മന്ത്രിപ്പണി പോകും. (കേരളത്തിൽ എത്രയോ കാലമായി നാമിതു കാണുന്നു). അപ്പോൾ അങ്ങനെയെന്തെങ്കിലും ബന്ധമുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലായാൽ പിന്നെ മന്ത്രിയെ ബ്ളാക്മെയിൽ ചെയ്യാൻ പറ്റും. സമൂഹത്തിന്റെ കോടിക്കണക്കിനുള്ള പൊതുസ്വത്ത് ‘without fear or favour, affection or illwill’ കൈകാര്യം ചെയ്യാം എന്ന് പ്രതിജ്ഞയെടുത്തിട്ടാണ് മന്ത്രിമാർ സ്ഥാനമേല്ക്കുന്നത്. അതിനിടയിൽ അവർ ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ടാൽ പിന്നെ ‘fear’ മാത്രമാവും തീരുമാനങ്ങൾക്ക് പിന്നിൽ. അത് പലപ്പോഴും രാജ്യതാല്പര്യത്തെ ബാധിക്കും, ചിലപ്പോൾ രാജ്യരക്ഷയെ തന്നെയും.

3. ഇനി ഈ പറഞ്ഞ രണ്ടു പ്രശ്നവും ഇല്ല എന്ന് കരുതുക. അതായത് യാതൊരു തരത്തിലുള്ള സമ്മർദ്ദത്തിനോ ബ്ലാക്ക്മെയിലിംഗിനോ വിധേയമായിട്ടില്ലെങ്കിലും പ്രശ്നം തീരുന്നില്ല. ഉന്നത പദവിയിലേക്ക് നാം തിരഞ്ഞെടുക്കുന്ന ആളുകൾക്ക് നല്ല ‘ജഡ്ജ്മെന്റ്’ ഉണ്ടാകണം എന്നതാണ് പ്രധാനം. ഒരു തേങ്ങാ വെട്ടുകാരെന്റെ ജഡ്ജ്മെന്റ് മോശമായാൽ പരമാവധി നാല് തേങ്ങാക്കുലയുടെ നഷ്ടമേ നമുക്കുണ്ടാകുന്നുള്ളൂ, എന്നാൽ കൃഷിമന്ത്രിയുടെ ജഡ്ജ്‌മെന്റ് മോശമായാൽ നമ്മുടെ ഭക്ഷ്യ സുരക്ഷ തന്നെ അവതാളത്തിലാകും. എല്ലാ കാര്യത്തിലും നല്ല ജഡ്ജ്‌മെന്റ് മന്ത്രിമാർ കാണിക്കണം എന്നാണ് ഭരിക്കപ്പെടുന്നവർ ആഗ്രഹിക്കുന്നത്. അപ്പോൾ പണി പോകും എന്നറിഞ്ഞിട്ടും ഇതുപോലുള്ള പണിക്ക് പോകുന്നത് ജഡ്ജമെന്റിന്റെ കുറവ് തന്നെയാണ്. അങ്ങനെയുള്ളവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല എന്നതാണ് ന്യായം. ഇതേ ജഡ്ജ്‌മെന്റിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് സ്വന്തം കുഞ്ഞിന് നാപ്പി മേടിക്കാൻ നൂറു ഡോളറിൽ താഴെയുള്ള തുകക്ക് സർക്കാരിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച സ്വീഡനിലെ മന്ത്രിക്ക് പണി പോയത്.

എന്നാൽ ഇതും ഇതിലപ്പുറവും ചെയ്തിട്ടും പണി പോവാത്ത ഒരാളുടെ കഥ പറയാം.

ഫ്രാൻസിന്റെ ഇപ്പോഴത്തെ പ്രസിണ്ടന്റാണ് അറുപത്തി മൂന്നു വയസ്സായ ഫ്രാൻസ്വ ഒലാൻഡ്. ഏറെ മതവിശ്വാസം ഒക്കെ നിലനിൽക്കുന്ന ഫ്രാൻസിൽ സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയ പുരോഗമനവാദി കൂടിയാണ് അദ്ദേഹം.

മുപ്പത് വർഷത്തോളം ഫ്രാൻസിലെ മറ്റൊരു നേതാവായിരുന്ന സെഗാലീൻ റോയാൽ ആയിരുന്നു ആദ്ദേഹത്തിന്റെ പങ്കാളി, നാല് കുട്ടികളും ഉണ്ടായി. രണ്ടായിരത്തി ഏഴിൽ അവർ ഫ്രാൻസിന്റെ പ്രസിഡന്റ് ആവാനുള്ള തിരഞ്ഞെടുപ്പിൽ വരെ എത്തി, പക്ഷെ വിജയിച്ചില്ല. ഏറെ താമസിയാതെ അവർ പിരിയുകയും ചെയ്തു.

പിന്നീട് ഒരു പത്രപ്രവർത്തകയായ വലേറിയും ആയി അദ്ദേഹം ബന്ധത്തിലായി. പ്രസിഡന്റായപ്പോൾ കൊട്ടാരത്തിലേക്ക് വന്നത് വലേറി ആയിരുന്നു, ഔദ്യോഗിക യാത്രകളിൽ കൂട്ട് പോയിരുന്നതും.

രണ്ടായിരത്തി പതിമൂന്നിലെ ക്രിസ്തുമസ് അവധിക്കാലത്ത് രാത്രിയിൽ ഒരു ഹെൽമെറ്റും വച്ച് പ്രസിഡന്റ്റ് കൊട്ടാരത്തിനു പുറത്തുള്ള ഒരു അപ്പാർട്മെന്റിൽ അർദ്ധരാത്രികഴിഞ്ഞു പതുങ്ങി ചെല്ലുന്നത് ഫ്രാൻസിലെ ഒരു പത്രക്കാരൻ കണ്ടു പിടിച്ചു. ഫോട്ടോയെടുത്തു പേപ്പറിലുമിട്ടു.

എന്നിട്ടെന്തുണ്ടായി ?

1. ജൂലിയറ്റ് ഗയെ എന്ന നടി തന്റെ കാമുകിയാണെന്നും അവരെ കാണാനാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.

2. അദ്ദേഹം ഉപയോഗിച്ച Dexter എന്ന ഹെൽമെറ്റിന് ഒടുക്കത്തെ ഡിമാൻഡ് ആയി. സാധാരണഗതിയിൽ വർഷത്തിൽ ഇരുപതിനായിരം ഹെൽമെറ്റ് വിൽക്കുന്നിടത്ത് ദിവസം ആയിരം ഹെൽമെറ്റ് വിൽക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങൾ.

3. ഹെൽമെറ്റ് കമ്പനിയുടെ മുതലാളി പ്രസിഡന്റിന് നന്ദി പറഞ്ഞ് പ്രത്യേക പരസ്യമിട്ടു. “പ്രിയപ്പെട്ട പ്രസിഡന്റ്, താങ്കളുടെ തല രക്ഷിക്കാൻ ഫ്രാൻസിൽ ഉണ്ടാക്കിയ ഞങ്ങളുടെ ഹെൽമെറ്റ് തിരഞ്ഞെടുത്തതിന് ഞങ്ങളുടെ നന്ദി. ഇനി ഭാവിയിലും ഇതുപോലെ ആവശ്യം വന്നാൽ വേറെ മോഡൽ ഹെൽമെറ്റുകൾ ഞങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ബൈക്ക് ഉപയോഗിക്കുന്ന സ്ത്രീകൾക്കുള്ള ജാക്കറ്റുകളും ഞങ്ങൾ വിൽക്കുന്നുണ്ട്, അടുത്ത വാലന്റൈൻസ് ഡേക്ക് അതൊരുഗ്രൻ സമ്മാനമായിരിക്കും” എന്നതായിരുന്നു പരസ്യം.

ഇത്രയേയുള്ളൂ കാര്യം. ഈ ലൈംഗികത എന്നു പറയുന്നത് രാജാവിനും മന്ത്രിക്കും പോലീസുകാരനും അലക്കുകാരനും എല്ലാം ഒരു പോലെ തന്നെയാണ്. മനുഷ്യൻ എന്ന ജീവി ജീവശാസ്ത്രപരമായി മോണോഗാമസ് (ഒരു ഇണയോടൊപ്പം മാത്രം ജീവിക്കുന്ന) ഇനത്തിൽ പെടുന്നതല്ല. അത് സോഷ്യോളജിക്കൽ ആയി നാം ഉണ്ടാക്കിയതാണ്, അതിനു പരിധിയുണ്ട്. ചിലപ്പോഴൊക്കെ സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ച് മനുഷ്യൻ തന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കും.

അപ്പോൾ പണി കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ഒരു കാര്യമുണ്ട്. സമൂഹത്തിന്റെ ഇത്തരം പ്രകൃതി വിരുദ്ധ ‘കപട സദാചാര’ ചിന്തകൾ മാറ്റാൻ ശ്രമിക്കണം. സ്വന്തം അധികാരവും സ്ഥാനവും ഉപയോഗിച്ച് സെക്സിന്റെ കാര്യത്തിലൊക്കെ സമൂഹത്തെ അല്പം സ്വതന്ത്രമാക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ സദാചാര പോലീസ് നാളെ നമ്മുടെ കിടപ്പറയിലും എത്തും എന്ന് ഓർക്കണം.

മതവിശ്വാസം ഏറെയുള്ള ഫ്രാൻസിൽ സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കാൻ ശ്രമിച്ച പ്രസിഡന്റ് പരസ്ത്രീ ഗമനത്തിനു പോയി കൈയ്യോടെ പിടിക്കപ്പെട്ടിട്ടും സുഖമായി അധികാരത്തിൽ തുടരുന്നതും, നാടാകെ സാദാചാര പൊലീസിംഗിനെതിരെ സമരവും വിമർശനവും ഉണ്ടാകുമ്പോൾ ‘ഇതൊന്നും എന്നെ ബാധിക്കുന്നതല്ല’ എന്ന് കരുതി മാറിയിരിക്കുന്നവർക്ക് പണി കിട്ടുന്നതും ‘സ്വാഭാവിക നീതി’ തന്നെ ആണ്.

Leave a Comment