പൊതു വിഭാഗം

ഒരു സുവർണ്ണാവസരം..

ഈ മാസം പതിമൂന്നാം തിയതി സൂര്യൻ ഉദിക്കില്ല എന്നൊരു വാർത്ത വാട്ട്സ് ആപ്പിലോ ഫേസ്ബുക്കിലോ കാണാത്ത മലയാളികൾ ഉണ്ടോ? ഞാനിപ്പോൾ അഞ്ചോ ആറോ പ്രാവശ്യം ഇത് കണ്ടു കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഏഷ്യ ഭൂഖണ്ഡം തള്ളിപ്പോകുന്നത്രയും വലിയ ഭൂകമ്പം ആയിരുന്നു പ്രവചിച്ചിരുന്നത്, പത്തുലക്ഷം ഷെയർ ആണ് അതിന് കിട്ടിയത്, ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ?

തീർത്തും അശാസ്ത്രീയം ആയതിനാൽ വെറുതെ സമയം കൊല്ലുന്ന ഒരു സന്ദേശമാണ് ഇതെന്ന് പറഞ്ഞു പുച്ഛിച്ചു തള്ളാൻ വരട്ടെ.

ഇത് സത്യത്തിൽ നമുക്കൊരു സുവർണ്ണാവസരമാണ്. നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലെ ഫ്രണ്ട് ലിസ്റ്റിലും എത്ര ഇഡിയറ്റ്സ് ഉണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരു അവസരം. ഈ സന്ദേശം ആരെങ്കിലും നിങ്ങൾക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ആരെങ്കിലും ഷെയർ ചെയ്ത് നിങ്ങളുടെ ടൈംലൈനിൽ വന്നിട്ടുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട, ആ ഗ്രൂപ്പിൽ നിന്നും പുറത്തു കടക്കുക, ആ ഫേസ്ബുക്ക് പ്രൊഫൈലിനെ Don’t see message from … ആക്കുക, സുഹൃത്താണെങ്കിൽ ബ്ലോക്ക് ചെയ്യുക. നിങ്ങളുടെ സമൂഹ മാധ്യമകണ്ണികളുടെ ശരാശരി ഐ ക്യു ഒറ്റയടിക്ക് കൂടുന്നതു കാണാം.

എൻറെ ഫേസ്ബുക്കിലോ വാട്ട്സാപ്പിലോ വരുന്ന സന്ദേശങ്ങൾ ഫേക് ന്യൂസ് ആണോ എന്നറിയാൻ ഞാൻ ഉപയോഗിക്കുന്ന ചില കീ വേർഡ്‌സ് ഉണ്ട്. ‘NASA’ ആണതിൽ ഒന്നാമത്തേത്. ആരോഗ്യ രംഗം ആണെങ്കിൽ ‘ഡീറ്റോക്സ്’, പരിസ്ഥിതി ആണെങ്കിൽ ‘ഡയോക്സിൻ’, കൃഷി ആണെങ്കിൽ ‘കാൻസർ’, സിനിമ ആണെങ്കിൽ ‘ഹോളിവുഡ് നിലവാരം’ ഇതൊക്കെ എനിക്ക് ‘ഹാൻഡിൽ വിത്ത് കെയർ’ എന്ന മുന്നറിയിപ്പ് നൽകുന്ന മഞ്ഞ ബൾബുകളാണ്. ‘Epistemology’ എന്ന് ഇംഗ്ളീഷിലും ‘നൈതികത’ എന്ന് മലയാളത്തിലും സംസാര ഭാഷയിൽ ആരെങ്കിലും എന്നോട് പറഞ്ഞാലും എനിക്ക് ബൾബ് കത്തും. ഈ സ്ഥാപനങ്ങളോ വാക്കുകളോ തട്ടിപ്പായത് കൊണ്ടല്ല, തട്ടിപ്പുകാരാണ് ഇവ കൂടുതൽ ഉപയോഗിക്കുന്നത് എന്നതുകൊണ്ടാണ്.

അപ്പോൾ എല്ലാം പറഞ്ഞതു പോലെ. ഈ അവസരം കളഞ്ഞു കുളിക്കരുത്…

മുരളി തുമ്മാരുകുടി

 

Leave a Comment