പൊതു വിഭാഗം

ഒരു ലക്ഷപ്രഭുവിന്റെ ചിന്തകൾ…

എൻറെ ചെറുപ്പകാലത്ത് ധനാഢ്യൻ എന്ന അർത്ഥത്തിൽ ‘ലക്ഷപ്രഭു’ എന്നൊരു വാക്ക് നിലവിലുണ്ടായിരുന്നു. ഇപ്പോൾ കേരളത്തിൽ മിക്കവാറും പ്രദേശങ്ങളിൽ ഒരു സെന്റ് സ്ഥലത്തിന് ഒരു ലക്ഷത്തിൽ കൂടുതൽ വിലയുണ്ട്. വർഷത്തിൽ ഒരു ലക്ഷത്തിൽ കൂടുതൽ വരുമാനം കേരളത്തിൽ ജോലി ചെയ്യുന്ന മറുനാടൻ തൊഴിലാളികൾക്കുണ്ട്. മാസത്തിൽ ഒരു ലക്ഷം രൂപ വരുമാനമുള്ളവർ അപൂർവ്വമല്ല. ഇപ്പോൾ ലക്ഷപ്രഭു എന്ന വാക്കിന് പഴയ അർത്ഥമോ ലക്ഷം കൈയിലുള്ളവന് പഴയ ഗ്ലാമറോ ഇല്ലെങ്കിലും ഫേസ്ബുക്ക് ലോകത്തെ സ്ഥിതി അതല്ല. ഒരു ലക്ഷം ഫോളോവേഴ്സ് ഉണ്ടാവുക എന്നത് അത്ര എളുപ്പമല്ല. രാഷ്ട്രീയക്കാർക്കും സിനിമക്കാർക്കും അത് എളുപ്പമാണെങ്കിലും എഴുത്തു മാത്രം കൈമുതലായി ഫേസ്ബുക്കിലെത്തിയ എനിക്ക് പത്തും നൂറും ആയി പതുക്കപ്പതുക്കെ ഏകദേശം പത്തു വർഷം എടുത്തു ഒരു ലക്ഷം ഫോളോവേഴ്സിനെ നേടാൻ. അതിനിടയിൽ തന്നെ എണ്ണം കൂട്ടാൻ തരികിടയും തറവേലയും എത്ര കാണിച്ചുവെന്ന് നിങ്ങൾക്കറിയാം. നിങ്ങളിൽ അനവധി പേർ ഒന്നിൽ കൂടുതൽ തവണ പിന്തുണച്ചത് കൊണ്ടാണ് ഇപ്പോഴെങ്കിലും ഇവിടെ എത്തിപ്പറ്റിയത്. നന്ദിയുണ്ട് സാർ…
 
നിങ്ങളിൽ ഭൂരിപക്ഷത്തേയും എനിക്ക് നേരിട്ട് അറിയില്ലെങ്കിലും, നിങ്ങൾ എങ്ങനെയാണ് എന്നാണ് എൻറെ പേജിൽ എത്തിയത് എന്നറിയില്ലെങ്കിലും എൻറെ വായനക്കാരായ നിങ്ങളോട് എനിക്ക് വലിയ ഇഷ്ടവും ബഹുമാനവുമാണ്. ആളുകളുടെ എണ്ണം കൂട്ടുന്നത് പോലെ തന്നെ അവരുടെ ഗുണനിലവാരം നിലനിർത്തുന്നതിലും ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്ഥിരമായി പേജിൽ വന്ന് നെഗറ്റീവ് വർത്തമാനങ്ങൾ പറയുന്ന, മറ്റുള്ളവരെ അശ്ലീലം പറയുകയോ വിരട്ടുകയോ ചെയ്യുന്ന ആളുകളെ ഞാൻ കൈയോടെ പിടിച്ച് ബ്ലോക്ക് ഓഫീസിൽ എത്തിക്കാറുണ്ട്. അങ്ങനെ പത്തുപേരെ ഒഴിവാക്കുന്നതോടെ അത്തരത്തിലുള്ള നൂറു പേരെങ്കിലും സ്വയം ഒഴിവായി പോകാറുണ്ട്, അഥവാ ഡീസന്റ് (ഇവിടെ എങ്കിലും) ആകാറുണ്ട്. ഓരോ വിഷയത്തിലും എത്രയോ നല്ല ചർച്ചകൾ എൻറെ പേജിൽ നടക്കുന്നു. ഓരോ ദിവസവും എഴുതാനുള്ള എൻറെ ഊർജ്ജം തന്നെ ഈ നല്ല ചർച്ചകളും കമന്റുകളും ആണ്.
 
ഫേസ്ബുക്കിൽ ഒരു പേജുണ്ടാക്കി അതിൽ ചർച്ചകൾ നടത്തുക എന്നതല്ല എൻറെ ആത്യന്തികമായ ലക്ഷ്യം. അതിൽ കവിഞ്ഞ വലിയ ആഗ്രഹങ്ങളും ചിന്തകളും എനിക്കുണ്ട്. അത് പക്ഷെ ചിലരെങ്കിലും കരുതുന്നതുപോലെ രണ്ടായിരത്തി പത്തൊന്പതിലോ ഇരുപത്തി ഒന്നിലോ ഒരു എം പി സീറ്റോ എം എൽ എ സീറ്റോ സംഘടിപ്പിക്കുക എന്നതല്ല. ഇപ്പോഴത്തെ പ്രൊഫൈൽ വെച്ച് അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ ലക്ഷ്യങ്ങൾ അതിനപ്പുറമാണ്.
 
സാങ്കേതിക വിദ്യകൾ അതിവേഗത്തിൽ തൊഴിൽ രംഗത്തെ, സന്പദ്‌വ്യവസ്ഥയെ, സാമൂഹ്യ ജീവിതത്തെ, എന്തിന് ജനാധിപത്യ രാഷ്ട്രീയത്തെ തന്നെ മാറ്റിമറക്കാൻ പോകുന്ന ഒരു കാലമാണ് വരാൻ പോകുന്നത്. ജനീവയിൽ നിന്നും ലോകത്തെ നോക്കിക്കാണുന്പോൾ എനിക്കതിന്റെ സാധ്യതകളും വെല്ലുവിളികളും മനസ്സിലാകുന്നുണ്ട്. പക്ഷെ ട്രെയിൻ വരുന്നതറിയാതെ വെടിക്കെട്ടും കണ്ടു നിൽക്കുന്ന പൂരപ്പറന്പ് പോലെയാണ് ഇന്നത്തെ കേരളം.
 
ചെറിയ പടക്കവും അമിട്ടും പൊട്ടിച്ച് ഇടക്കൊക്കെ ആകാശത്തേക്ക് ഓരോ മത്താപ്പൂവും എറിഞ്ഞു കൊണ്ട് ഉത്സവക്കമ്മിറ്റിക്കാർ രംഗം കൊഴുപ്പിക്കുന്നുണ്ട്. ചുറ്റും നടക്കുന്ന മറ്റൊന്നും ശ്രദ്ധിക്കാതെ “ഓ എന്തൊരു ചന്തം”എന്നും പറഞ്ഞു നാട്ടുകാർ ആകാശത്തേക്ക് നോക്കി നിൽക്കുന്നു. സാങ്കേതിക വിദ്യയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അതിവേഗതയിൽ കുതിച്ചു വന്ന് പൂരപ്പറന്പിനെ യുദ്ധക്കളം പോലെ ആക്കുമെന്നോ ആരവങ്ങളിൽ നിന്നും ആർത്തനാദങ്ങളിലേക്ക് അന്തരീക്ഷം മാറുമെന്നോ അവർ ഒട്ടും അറിയുന്നില്ല. എങ്ങനെയാണ് ഈ കാര്യങ്ങൾ ഉത്സവക്കമ്മിറ്റയെ ബോധ്യപ്പടുത്തുക, എങ്ങനെയാണ് ട്രെയിനിന്റെ ട്രാക്കിൽ നിന്നും മാറി നിൽക്കണമെന്ന് നാട്ടുകാരെ ബോധിപ്പിക്കുക എന്നതൊക്കെയാണ് എന്നെ ചിന്തിപ്പിക്കുന്നത്.
 
പതുക്കെയാണെങ്കിലും ഇക്കാര്യത്തിൽ ഞാൻ വിജയിക്കുന്നുണ്ടെന്നു തന്നെയാണ് എൻറെ വിശ്വാസം. കേരളത്തിൽ മൂന്നു പേർ ഒരുമിച്ച് മുങ്ങിമരിച്ചാൽ, പുലർച്ചെ നാലുപേർ അപകടത്തിൽ പെട്ടാൽ ഇപ്പോൾ ആളുകൾ ഓർക്കുന്നത് ഞാൻ പറഞ്ഞ കാര്യങ്ങളാണ്. പ്രളയം ഉണ്ടായ കാലത്ത് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ അന്വേഷിച്ചത് ഈ പേജിലാണ്. കേരളത്തിലെ കരിയർ കൗൺസിലിങ്ങിലെ പുതിയ തലമുറ തൊഴിൽ രംഗത്തെ മാറ്റങ്ങൾ അറിയാൻ ശ്രദ്ധിക്കുന്നതും ഇതേ പേജുകളാണ്.
 
ഇതുകൊണ്ടായില്ല. കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റലൈസേഷൻ കൊണ്ടുവരുന്ന മാറ്റങ്ങൾ, മൊബൈൽ ഡേറ്റ ഏതാണ്ട് ഫ്രീ ആയിരിക്കുന്ന ലോകം കൊണ്ടുവരുന്ന പുതിയ സാധ്യതകൾ, കേരളത്തിലേക്ക് ഹൈടെക് വ്യവസായം എത്തിക്കുന്നതിലൂടെ കേരളത്തിൽ നിന്നും പുറത്തേക്കുള്ള മലയാളികളുടെ അപകടകരമായ ഒഴുക്ക് തടയുന്നത്, ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് നമ്മുടെ സന്പദ്‌വ്യവസ്ഥയുടെ പകുതിയിലേറെ സർവീസ് ഇൻഡസ്‌ട്രിയിലേക്ക് മാറ്റി കേരളത്തിന്റെ ആളോഹരി ജി ഡി പി ഇരുപത്തയ്യായിരം ഡോളറിലേക്ക് എത്തിക്കുന്നത്, സ്ത്രീകൾക്കും, യുവാക്കൾക്കും ഭിന്നശേഷി ഉള്ളവർക്കും പങ്കാളിത്തമുള്ള ഒരു സമൂഹം ഉണ്ടാക്കിയെടുക്കുന്നത്, എന്നിങ്ങനെ എത്രയോ വെല്ലുവിളികളും സാധ്യതകളുമാണ് ഞാൻ അടുത്ത പത്തുവർഷം കേരളത്തിൽ കാണുന്നത്. അതൊക്കെ പ്രാവർത്തികം ആക്കണമെങ്കിൽ ആ ചിന്തകൾ പരമാവധി ആളുകളിലേക്ക് എത്തണം.
 
ഈ ഫേസ്ബുക്ക് ഒക്കെ പത്തുവർഷം കഴിയുന്പോൾ ഉണ്ടാകുമോ എന്ന് പറയാൻ പറ്റില്ലെങ്കിലും ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാവുന്ന സമൂഹമാധ്യമത്തിന്റെ കണ്ണികൾ ഇനിയും വളർന്നുകൊണ്ടേ ഇരിക്കും. ആ വളർച്ച ഉപയോഗിച്ച് വേണം നമുക്ക് ലക്ഷത്തിൽ നിന്നും പത്തുലക്ഷത്തിലേക്കും അവിടെ നിന്ന് കോടിയിലേക്കും വളരാൻ. രണ്ടായിരത്തി ഇരുപത്തി അഞ്ചോടെ കേരളത്തിലെ ബഹുഭൂരിപക്ഷവും സമൂഹമാധ്യമത്തിലൂടെ അറിവുകൾ കൈമാറുന്നവർ ആയിരിക്കും. “അരിയെവിടെ, തുണിയെവിടെ” എന്നൊക്കെയുള്ള കഴിഞ്ഞ നൂറ്റാണ്ടിന്റെ മുദ്രാവാക്യവും മുഴക്കി മൈതാനപ്രസംഗവും ആയി നമ്മെ നയിക്കുന്ന ഇന്നത്തെ തലമുറ നേതൃത്വം അന്ന് അപ്രസക്തമാകും. അപ്പോഴാണ് യുവാക്കൾക്കും സ്ത്രീകൾക്കും മുൻതൂക്കമുള്ള, വിദേശത്തും സ്വദേശത്തുമുള്ള മിടുക്കന്മാർക്കും മിടുക്കികൾക്കും പങ്കാളിത്തമുള്ള ഒരു പുതിയ നേതൃത്വം നമുക്ക് ഉണ്ടാകാൻ പോകുന്നത്. അങ്ങനെയൊരു നേതൃത്വത്തിന് കടന്നു വരാനുള്ള വഴിയൊരുക്കുക എന്നൊരു ലക്ഷ്യം മാത്രമേ എനിക്കുള്ളൂ. അങ്ങനെ ഒരു ലക്ഷ്യം എനിക്കുണ്ട് താനും. പറഞ്ഞില്ലെന്ന് വേണ്ട.
 
ലക്ഷപ്രഭു ആക്കിയ സുഹൃത്തുക്കൾക്ക് നന്ദി..!
 
മുരളി തുമ്മാരുകുടി
 

1 Comment

Leave a Comment