പൊതു വിഭാഗം

ഒരു പാഠം പഠിക്കാൻ എത്ര പേർ മരിക്കണം ?

കേരളത്തിലെ മുൻ ഡി ജി പി യും എൻറെ സുഹൃത്തുമായ ശ്രീ ജേക്കബ് പുന്നൂസിന്റെ പോസ്റ്റ് ആണ്. സൂക്ഷിച്ചു നോക്കണം, വായിക്കണം.
 
ഒരു സ്ഥലത്ത് ക്രമാതീതമായി ആള് കൂടിയാൽ അതിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ പൊലീസിന് കഴിയില്ല എന്ന് ശ്രീ ജേക്കബ് പുന്നൂസ് പറയുമ്പോൾ അതിന് മുകളിൽ ഒരു വാക്കില്ല. ഒരു തിരക്കുണ്ടാകാനോ അപകടം ഉണ്ടാകാനോ ഒരു നിമിഷം പോലും വേണ്ട. തിരക്കിൽ പത്തുപേർ മരിക്കാം, നൂറു പേർ മരിക്കാം, ആയിരം ആകാം, തിരക്കിന് അങ്ങനെ നോട്ടം ഒന്നുമില്ല. ആയിരം പേർ തിരക്കിൽപ്പെട്ട് മരിച്ച സംഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. മരിക്കുന്നത് കാഴ്ചക്കാരൻ ആകാം, മുഖ്യാതിഥി ആകാം, മന്ത്രിയാകാം, സിനിമാ താരം ആകാം.
 
മലയാളി തമിഴനെപ്പോലെ ആയി, താരാധന കൂടി, സണ്ണി ലിയോൺ വന്നപ്പോൾ നമ്മൾ നമ്മളെ തന്നെ മറന്നു എന്നൊക്കെ തമാശ പറയാം, പുച്ഛിക്കാം. അതിലൊന്നും കാര്യമില്ല. സിനിമാതാരങ്ങളെ കാണാൻ മാത്രമല്ല ആള് കൂടുന്നത്, വെടിക്കെട്ട് കാണാൻ, രാഷ്ട്രീയ ജാഥക്ക്, ക്രിക്കറ്റ് കളി കാണാൻ, ആരാധനാലയത്തിൽ എവിടെയും ആൾത്തിരക്ക് ഉണ്ടാകാം, മരണവും.
 
തിരക്ക് ഉണ്ടാക്കുന്നത് ഒഴിവാക്കാൻ ഒറ്റ മാർഗ്ഗമേ ഉള്ളൂ, എത്ര പേർ വരുമെന്ന് മുൻകൂട്ടി കാണുക, അതിനുള്ള സംവിധാനം ഒരുക്കുക.
 
ഒരു പരിപാടി നടക്കുമ്പോൾ എത്ര പേർ വരുമെന്ന് എങ്ങനെ മുൻകൂട്ടി പറയാൻ പറ്റും ?
 
സംഗതി സിമ്പിൾ ആണ്. കഴിഞ്ഞ ദിവസം ജനീവയിൽ പോപ്പിന്റെ സന്ദർശനം ഉണ്ടായി. മതങ്ങൾക്കും മുകളിൽ ആരാധകരുള്ള ആളാണല്ലോ ഇപ്പോഴത്തെ പോപ്പ്, ഇവിടുത്തെ ഒരു പള്ളിക്കും അത്രയും ആരാധകരെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് സംഘാടകർക്ക് മനസ്സിലായി. ജനീവയിലെ ഏറ്റവും വലിയ എക്സിബിഷൻ ഹാളിൽ ആണ് പ്രാർത്ഥന പ്ലാൻ ചെയ്തത്. അൻപതിനായിരം സീറ്റ് ഉണ്ട്. അതിന് ആർക്കും അപേക്ഷിക്കാം, സീറ്റിന്റെ ഇരട്ടിയിലധികം പേർ അപേക്ഷിച്ചു, അതിൽ നിന്നും ലോട്ടറിയിട്ട് അൻപതിനായിരം പേർക്ക് സീറ്റ് കൊടുത്തു. സീറ്റ് ഉള്ളവർക്ക് മൊബൈലിൽ പാസ് കിട്ടി, അത് സ്കാൻ ചെയ്താലേ ഹാളിൽ കയറാൻ പറ്റൂ.
 
“അതൊക്കെ അടച്ചു പൂട്ടിയ ഹാളിൽ നടക്കും, ഇതിപ്പോൾ തുറന്ന പ്രദേശം ആകുമ്പോൾ”.
 
അതൊരു ന്യായമാണ്. സ്വിട്സർലാന്റിലെ ഏറ്റവും വലിയ സംഗീത ഉത്സവം നടക്കുന്നത് തുറന്ന പാടത്താണ്. ഒരു ലക്ഷം ആണ് കപ്പാസിറ്റി, ടിക്കറ്റ് വിറ്റു തുടങ്ങുന്ന അന്ന് തന്നെ തീരുകയും ചെയ്യും. സ്ഥലം സെക്യൂരിറ്റിയുടെ നിയന്ത്രണത്തിൽ. എന്തെങ്കിലും കുഴപ്പമുണ്ടായാൽ കൈകാര്യം ചെയ്യാൻ പോലീസ് ഉണ്ട്.
 
വേണമെങ്കിൽ എല്ലാം ഭംഗിയായി നടക്കും. സർക്കാരും, പരിപാടി നടത്തിപ്പുകാരും, നാട്ടുകാരും സഹകരിച്ചു പ്ലാൻ ചെയ്യണമെന്ന് മാത്രം.
 
ഈ പാഠമാണ് നമ്മൾ പഠിക്കേണ്ടത്. അതിന് എത്ര പേർ മരിക്കണം എന്നതാണ് ചോദ്യം. ഇന്നിപ്പോൾ ഉൽഘാടനം നടന്ന സ്ഥലത്ത് ഒരാളേ മരിച്ചതായി റിപ്പോർട്ട് ഉള്ളൂ. അതുകൊണ്ട് നമ്മൾ പഠിക്കില്ല. ശബരിമലയിൽ എത്രയോ പതിറ്റാണ്ടായി ആളുകൾ തിരക്കിൽ മരിക്കുന്നു, രണ്ടായിരത്തി പതിനൊന്നിൽ മകരവിളക്കിന്റെ തിരക്കിൽ നൂറ്റി ആറു പേർ മരിച്ചു, എന്നിട്ടും ഓരോ മകരവിളക്കിനും എത്ര ആൾ വരുമെന്ന് അയ്യപ്പസ്വാമിക്ക് മാത്രമേ അറിയൂ. അവിടെ എണ്ണം നിയന്ത്രിക്കണമെന്ന് ഒരാൾക്കും ഇതുവരെ തോന്നിയിട്ടില്ല.
 
അതങ്ങനെ നിൽക്കട്ടെ. നമ്മുടെ നാട്ടിൽ മനുഷ്യ ജീവന് അത്രയും വിലയൊക്കെയേ ഉള്ളൂ. പക്ഷെ എൻറെ വായനക്കാരുടെ ജീവൻ വിലപ്പെട്ടതാണ്. തിരക്കിൽപ്പെട്ട് മരിക്കാതിരിക്കാൻ നിങ്ങൾക്ക് രണ്ടു ടിപ്പ് തരാം.
 
1. തിരക്കുള്ള സ്ഥലത്തേക്കോ, തിരക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്കോ പോകാതിരിക്കുക
 
2. ഒരു സ്ഥലത്ത് എത്തിയ ശേഷം, തിരക്ക് നിങ്ങൾക്ക് സുഖകരമല്ലാതെ തോന്നിയാൽ കാണാൻ വന്നിരിക്കുന്നത് ദൈവത്തെ ആണെങ്കിലും സിനിമാതാരത്തെ ആണെങ്കിലും നേതാവിനെ ആണെങ്കിലും ഉടൻ സ്ഥലം കാലിയാക്കുക. തിരക്കിൽ പെട്ട് നിങ്ങൾ ചത്തുപോയാൽ മുൻപറഞ്ഞവർക്കൊന്നും ഒരു നഷ്ടവും ഇല്ല.
 
ശ്രീ ജേക്കബ് പുന്നൂസിന് നന്ദി…..
 
മുരളി തുമ്മാരുകുടി

Leave a Comment