പൊതു വിഭാഗം

ഒരു തോറ്റ എൻജിനീയർ…

ഒരു തോറ്റ എൻജിനീയർ…

അബുദാബിയിൽ നിന്നും ജനീവക്കുള്ള വിമാനത്തിൽ വച്ചാണ് ശബരിയെ (Shabari Nair) പരിചയപ്പെടുന്നത്. സാധാരണ ഗതിയിൽ ഞാൻ വിമാനത്തിൽ കയറിയാൽ അത് ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപേ ഉറക്കം തുടങ്ങും. ശബരിയുമായി വെറും ഒരു ‘ഹലോ’യിൽ തുടങ്ങിയ സംഭാഷണം ആറു മണിക്കൂർ നീണ്ടു, സൗഹൃദം ഇന്നും തുടരുന്നു.

ഞാൻ കാണുമ്പോൾ ശബരിക്ക് മുപ്പത് വയസ്സിനോടാടുത്തു പ്രായം വരും. അച്ഛനും അമ്മയും ഖത്തറിൽ ഉദ്യോഗസ്ഥർ ആയിരുന്നു. സ്വാഭാവികമായി ബാംഗ്ളൂരിൽ എൻജിനിയറിങ്ങിന് ചേർന്നു, സപ്ലിയുടെ മുകളിൽ സപ്ലി കയറി, തോറ്റു തുന്നം പാടി.
പക്ഷെ ശബരി ഒരു കാര്യം ചെയ്തു, തോറ്റ എഞ്ചിനീയറിങ്ങിന്റെ പുറകെ നടന്നു സമയം കളഞ്ഞില്ല. ‘അല്ലെങ്കിൽ ആർക്കു വേണം ഈ നശിച്ച എൻജിനീയറിങ്’ എന്നൊക്കെ പറഞ്ഞു ആസ്‌ട്രേലിയയിൽ ‘Journalism and International Studies’ പഠിക്കാൻ പോയി, എന്നിട്ടും കാര്യമായി രക്ഷപ്പെട്ടില്ല. വിട്ടൂ അവിടുന്ന് ജനീവക്ക്. അവിടെ ‘International Studies with Migration Focus’ ബിരുദാനന്തര ബിരുദം എടുത്തു. എന്നിട്ടും പണിയൊന്നും ആയില്ല. പ്രായം മുപ്പതായി, പഠിപ്പിച്ചു പഠിപ്പിച്ച് അച്ഛനും അമ്മയും തളർന്നു തുടങ്ങി. ആ സമയത്താണ് എന്നെ പരിചയപ്പെടുന്നത്.
പിന്നെ വച്ചടി വച്ചടി കയറ്റം ആയിരുന്നു (എന്നെ പരിചയപ്പെട്ടാൽ പിന്നെ അങ്ങനെയാണ്, നല്ല രാശി ഉള്ള കമ്പനി ആണ്). മൈഗ്രെഷൻ വലിയ പ്രശ്നമാകുന്ന കാലം, ജനീവ അതിനെപ്പറ്റിയുള്ള ചർച്ചകളുടെയും പ്രവർത്തനത്തിന്റെയും കേന്ദ്രം. ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജൻസിയിൽ ചെറിയൊരു ജോലി കിട്ടി, കുറച്ചു നാൾ ജോലി ചെയ്തു. അവിടുത്തെ തകർപ്പൻ പെർഫോമൻസ് കാരണം സ്വിസ്സ് ഗവൺമെന്റ് ‘അപ്പൊ തന്നെ പിടിച്ച്’ ഒരു ജോലിയും കൊടുത്തു. ഇപ്പോൾ ധാക്കയിൽ സ്വിസ്സ് ഗവർമെന്റിന്റെ ഏഷ്യ മേഖലക്ക് വേണ്ടിയുള്ള ഉപദേശകൻ ആണ്. ഈ രംഗത്ത് പേരുകേട്ട ആളും.

രണ്ടു കാര്യങ്ങളാണ് ശബരിയിൽ നിന്നും പഠിക്കാനുള്ളത്.

1. ഏതെങ്കിലും ഒരു കോഴ്സിന് പോയാൽ അതിൽ തോൽക്കുകയോ നമുക്ക് പറ്റില്ല എന്ന് വരികയോ ചെയ്‌താൽ പിന്നെ അതിൽ തന്നെ നിന്ന് സമയം കളയരുത്.

2. ആളുകളുമായി പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും സ്ഥലകാലങ്ങൾ നോക്കരുത്.

Leave a Comment