പൊതു വിഭാഗം

ഐൻസ്റ്റൈന്റെ തലച്ചോർ!

ഞാന് ഡോ. മനോജ് വെള്ളനാട് (Manoj Vellanad) എന്ന കഥാകൃത്തിനെ ഫേസ്ബുക്കില് എഴുതിയ ശാസ്ത്ര സംബന്ധിയായ കുറിപ്പുകള് കണ്ടാണ് അടുത്ത കാലത്ത് വായിച്ചു തുടങ്ങിയത്. കേരളത്തില് ശാസ്ത്ര വിഷയങ്ങള് എഴുതുന്നവര് പൊതുവെ കുറവാണ് എന്നത് പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായതിനാൽ ശാസ്ത്ര വിഷയങ്ങള് എഴുതുന്നവരെ കൂടുതല് അറിയേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.
 
ശാസ്ത്ര വളര്ച്ചയുടെ ഗുണഫലങ്ങള് ഏറെ അനുഭവിച്ചിട്ടുള്ള ഒരു പ്രദേശമാണ് കേരളം. വസൂരി മുതല് ഡിഫ്തീരിയ വരെയുള്ള – ആളുകളെ മൊത്തമായി കൊന്നൊടുക്കിയിരുന്ന രോഗങ്ങളില് നിന്നും നമ്മെ രക്ഷിച്ചത് ശാസ്ത്രമാണ്. പട്ടിണിയില് നിന്നും നമ്മെ കരകയറ്റിയ ധവള വിപ്ലവം ശാസ്ത്രത്തിന്റെ സംഭാവനയാണ്.
കേരളത്തിന്റെ സന്പദ് വ്യവസ്ഥ മാറ്റി മറിച്ച അറബ് രാജ്യങ്ങളിലെ എണ്ണയുടെ കണ്ടു പിടിത്തം ശാസ്ത്രവളർച്ച കൊണ്ട് മാത്രം സാധിച്ചതാണ്. ടെലിഫോണ്, മൊബൈല്, കുക്കിങ്ങ് ഗ്യാസ്, സമൂഹമാധ്യമം തുടങ്ങി മലയാളികള് പ്രതിദിനം ഉപയോഗിക്കുന്ന പലതും ശാസ്ത്രത്തിന്റെ വളര്ച്ച കൊണ്ട് മാത്രം സാധ്യമായവയാണ്.
 
എന്നാൽ ശാസ്ത്രങ്ങളുടെ നേട്ടങ്ങളുടെ മുകളില് കയറിയിരുന്ന്, അത് നല്കുന്ന ആരോഗ്യവും ആയുസ്സും ഉപയോഗിച്ച്, പല മലയാളികളും സംസാരിക്കുന്നത് ‘നന്മയുടെ മാത്രം ആയിരുന്ന’ ഭൂതകാലത്തെ പറ്റിയാണ്. ആധുനിക വൈദ്യത്തെയും വാക്സിനേഷനെയും ആധുനിക കൃഷി രീതികളെയും പറ്റി തികച്ചും അശാസ്ത്രീയമായ കാര്യങ്ങള് എഴുതി വിടാനും ആര്ത്തിയോടെ വായിക്കാനും മലയാളികളുടെ ഒരു വന്നിര തന്നെ ഉണ്ടെന്നത് ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. ശാസ്ത്രം എഴുതുന്നവരേക്കാള് പത്തിരട്ടി കപടശാസ്ത്രം എഴുതുന്നവരാണ് ചുറ്റും. ആധുനിക വൈദ്യത്തെക്കുറിച്ച് എഴുതുന്നതിന്റെ നൂറിരട്ടി വായനക്കാരാണ് പ്രാകൃത വൈദ്യത്തെ പറ്റിയുള്ള കുറിപ്പുകള്ക്കുള്ളത്.
ഈ പശ്ചാത്തലത്തിലാണ് ഡോ. മനോജിനെ പോലുള്ളവരുടെ എഴുത്തുകള് നാം അറിയേണ്ടതും പ്രചരിപ്പിക്കേണ്ടതും.
 
ഐന്സ്റ്റീന്റെ തലച്ചോറിനുള്ളിലെ ശാസ്ത്ര കൗതുകങ്ങള് മുതല് കുട്ടികളുടെ ഡയപ്പര് വരെയുണ്ടിതില്. പുരാണങ്ങളിലല്ലാ ഇന്ത്യന് ശാസ്ത്രത്തിന്റെ പൈതൃകം എന്ന് ഒരു ലേഖനത്തില് അദ്ദേഹം വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട്. പേടിച്ചാല് പനി വരുമോ, മഴ നനഞ്ഞാല് പനി വരുമോ തുടങ്ങിയ നാടന് സംശയങ്ങള്ക്ക് മുതല് പ്രണയത്തിന്റെ രസതന്ത്രം വരെയുള്ള വിഷയങ്ങള് ഈ പുസ്തകത്തില് കൈകാര്യം ചെയ്തിട്ടുണ്ട്. തനി നാടന് പ്രയോഗങ്ങളും സിനിമ ഡയലോഗുകളും ഉള്പ്പടെ ആര്ക്കും വായിച്ചു പോകാവുന്നതും ആളുകളെക്കൊണ്ട് വായിപ്പിക്കുന്നതുമായ ശൈലിയാണ് അദ്ദേഹത്തിന്റേത്. വൈവിധ്യമുള്ള വിഷയങ്ങളായതിനാല് നമുക്ക് എവിടെനിന്നും തുടങ്ങാം, എപ്പോള് വേണമെങ്കിലും നിറുത്തുകയും ചെയ്യാം. വായിച്ചു തുടങ്ങിയാല് നിറുത്താന് പറ്റാത്ത തരത്തിലുള്ള രസകരമായ രീതിയാണ് ഓരോ ലേഖനങ്ങള്ക്കും.
 
ഐൻസ്റ്റൈന്റെ തലച്ചോർ എന്ന പുസ്തകം മുതിര്ന്നവരും കുട്ടികളും ഒരുപോലെ വായിക്കേണ്ടതാണ്. ശാസ്ത്രത്തെപ്പറ്റി പറയുന്നത് കൂടാതെ എന്താണ് ശാസ്ത്രബോധം എന്നും അദ്ദേഹം വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തില് എഴുതിയിട്ടുണ്ട്. മലയാളിയുടെ ശാസ്ത്രബോധം വര്ദ്ധിപ്പിക്കാനുള്ള ഒരു ഉപാധിയായി മനോജിന്റെ പുസ്തകം മാറട്ടെ എന്നാശംസിക്കുന്നു.
 
Soochika books സൂചിക ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. താങ്ക് യു… Naamoos Peruvalloor
 
മുരളി തുമ്മാരുകുടി

Leave a Comment