പൊതു വിഭാഗം

ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

നാട്ടിൽ ഇടക്കിടക്കൊക്കെ സിനിമകൾ ഇറങ്ങുന്പോൾ ‘ഹോളിവുഡ്’ നിലവാരത്തിൽ ഉള്ളത് എന്നൊക്കെ പറയാറുണ്ട്. ന്യൂ ജെൻ സിനിമകളുടെയും പ്രമോട്ടഡ് റിവ്യൂ വിന്റേയും വരവോടെ ഇത്തരം പ്രസ്താവനകളുടെ ഫ്രീക്വൻസിയും കൂടിയിട്ടുണ്ട്. കാണികൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും “ഹോളിവുഡിനെ വെല്ലുന്ന” സാങ്കേതിക മികവാണ് എന്നൊക്കെ പറയുകയും ചെയ്യും.
സത്യത്തിൽ ഇത്തരം താരതമ്യത്തിൽ വലിയ കാര്യമില്ല. ഹോളിവുഡിൽ നല്ല സിനിമകളും അതിലേറെ പൊട്ട സിനിമകളും ഉണ്ട്. മലയാളത്തിലും നല്ല സിനിമകളുണ്ട്, അതിലേറെ പൊട്ട സിനിമകളും. ഇറാനിൽ നിന്നും മറാത്തിയിൽ നിന്നുമെല്ലാം അതിശയകരമായ സിനിമകൾ വരാറുണ്ട്. അപ്പോൾ നല്ല സിനിമയെ അളക്കാൻ ഹോളിവുഡിലേക്ക് പോകേണ്ട കാര്യമൊന്നുമില്ല. മലയാളത്തിൽ നല്ല സിനിമ നിർമ്മിച്ചാൽ മാത്രം മതി.
ഇതൊക്കെ പറഞ്ഞാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഹോളിവുഡിൽ നിന്ന് തന്നെയാണ്. 1992 ൽ ഇറങ്ങിയ A Few Good Men എന്ന സിനിമ മുപ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും എൻറെ മനസ്സിൽ നിന്നും പോയിട്ടില്ല.
അതിൽ ഒരു സൈനികന്റെ മരണവുമായി ബന്ധപ്പെട്ട കോർട്ട് മാർഷ്യൽ രംഗങ്ങളാണ് അവസാന ഭാഗം. കുറ്റാരോപിതരുടെ വക്കീൽ സാക്ഷിയായി എത്തുന്ന കേണലിനോട് ചോദിക്കുന്നു.
“നിങ്ങളുടെ ഉത്തരവ് കീഴുദ്യോഗസ്ഥൻ അനുസരിക്കാതിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?”
അതിന് കേണൽ വളരെ ശാന്തസ്വരത്തിലാണ് ഉത്തരം പറയുന്നത്.
“Ignored the order?”
അമേരിക്കൻ സിനിമയിലെ ഏറ്റവും നല്ല അഭിനേതാക്കളിൽ ഒരാളായ ജാക്ക് നിക്കോൾസൺ കേണൽ ജെസ്സപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തീയേറ്ററിൽ ഇരുന്ന് സിനിമ കാണുന്പോൾ ആ ചെറിയ വാചകം ഉണ്ടാക്കിയ നടുക്കം എനിക്കിപ്പോഴും ഓർമ്മയുണ്ട്.
ഈ സിനിമ നിങ്ങൾ ഇനിയും കണ്ടിട്ടില്ലെങ്കിൽ ഇന്ന് തന്നെ കാണണം.
കണ്ടിട്ടുള്ളവർ ഈ സിനിമയെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം പറയൂ.
ഭക്ഷണം പോലെ തന്നെ ഓരോരുത്തർക്കും ഓരോ തരത്തിലുള്ള സിനിമയാണ് ഇഷ്ടപ്പെടുന്നത്. നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല സിനിമ ഏതു ഭാഷയിൽ ആണെങ്കിലും അതും പറയൂ.
മുരളി തുമ്മാരുകുടി

1 Comment

Leave a Comment