പൊതു വിഭാഗം

എൻറെ തല തിരിച്ചു വാങ്ങിയ കഥ…

ഒരു ജോലിയിൽ പ്രവേശിക്കുന്പോൾ ശന്പളവും മറ്റ് അലവൻസുകളും കൂടാതെ ജോലിയുടെ പേര് എത്രമാത്രം പ്രസക്തമാണെന്ന് ഞാൻ മനസ്സിലാക്കിയത് ബോംബയിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് റിസർച്ചിൽ നിന്ന് അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നപ്പോളാണ്.
 
ഡെവലപ്പ്മെന്റൽ സ്റ്റഡീസിൽ മാസ്റ്റേഴ്സ് ചെയ്യാൻ വരുന്ന കുട്ടികളെ പഠിപ്പിക്കുകയാണ് ജോലി.
 
അന്നത്തെ യു ജി സി സ്കെയിലിൽ അസോസിയേറ്റ് പ്രൊഫസറുടെ ശന്പളം കിട്ടും.
 
മുംബെയിൽ ബോറിവ്‌ലി നാഷണൽ പാർക്കിനോട് ചേർന്നാണ് ഓഫീസും കാന്പസും.
 
പ്രത്യേകം മുറിയും പേർസണൽ കന്പ്യൂട്ടറും ഒക്കെയുണ്ട്
ആർക്കിടെക്ച്ചറിന് അവാർഡ് കിട്ടിയ മനോഹരമായ കെട്ടിടമാണ്.
കാന്പസിൽ തന്നെ മൂന്ന് ബെഡ് റൂമും കാർ പാർക്കും ഉൾപ്പെടെയുള്ള വീട് കിട്ടും, അതും ജോയിൻ ചെയ്യുന്ന അന്ന് തന്നെ.
 
രണ്ടാം ദിവസം ഇന്റർനാഷണൽ ഡയലിംഗ് ഉള്ള ഫോൺ കണക്ഷൻ കിട്ടും (അക്കാലത്ത് ഫോൺ കിട്ടാൻ അഞ്ചു വർഷമാണ് വെയ്റ്റിങ്).
ആദ്യത്തെ ആഴ്ചയിൽ തന്നെ എൽ പി ജി കണക്ഷൻ കിട്ടും (അക്കാലത്ത് എൽ പി ജി കണക്ഷൻ എൽ കെ ജിയിൽ നിന്ന് അപേക്ഷിച്ചാൽ മരണാന്തരം കിട്ടുന്ന ഒന്നാണ്).
 
പുറമെ നിന്നുള്ള പ്രോജക്ടുകളോ കൺസൾട്ടൻസിയോ എടുക്കാം, മൂന്നിലൊന്ന് സ്ഥാപനത്തിന് കൊടുത്താൽ മതി.
എപ്പോ ജോയിൻ ചെയ്‌തു എന്ന് ചോദിച്ചാൽ മതി.
 
പക്ഷെ ഒരു പക്ഷെ ഉണ്ട് !
 
ജോലിയുടെ പേര് “വിസിറ്റിംഗ് റിസർച്ച് അസ്സോസിയേറ്റ്” എന്നാണ്.
പഠിപ്പിക്കുന്ന ജോലിയാകുന്പോൾ ലെക്ച്ചറർ അല്ലെങ്കിൽ അസിസ്റ്റന്റ് പ്രൊഫസർ എന്നാണ് സാധാരണ ജോലിപ്പേര്.
 
താൽക്കാലികമായി ജോലിക്ക് ചേർന്നാൽ വിസിറ്റിംഗ് ഫാക്കൽറ്റി, വിസിറ്റിംഗ് ഫെലോ എന്നൊക്കെയും.
 
പക്ഷെ ഈ “വിസിറ്റിംഗ് റിസർച്ച് അസോസിയേറ്റ് !?” അതിന് മുൻപും അതിന് ശേഷവും ഇങ്ങനെ ഒരു ജോലിപ്പേര് ഞാൻ കേട്ടിട്ടില്ല, ഇത്രയും വിഷമിപ്പിച്ചതും!
 
എന്താണെങ്കിലും വേറെ ജോലിയൊന്നും അന്ന് കയ്യിലില്ലാത്തതിനാൽ ആ ജോലിക്ക് ചേർന്നു. പേരൊക്കെ അവിടെ ചെന്നിട്ട് മാറ്റിയെടുക്കാമെന്ന് കരുതി.
 
ഞാൻ ചെല്ലുന്ന സമയത്ത് ബാബുവും മനോജും ഉൾപ്പെടെ ഞങ്ങൾ അഞ്ചുപേരുണ്ട് ഈ പേരിന്റെ നാണക്കേട് ചുമക്കുന്നവർ.
 
ഞങ്ങൾ അത് അന്നത്തെ ഡയറക്ടറോട് പല പ്രാവശ്യം പറഞ്ഞു നോക്കി. പക്ഷെ “സ്ഥാപനത്തിനുള്ളിൽ നിങ്ങൾക്ക് പഠിപ്പിക്കുന്ന ജോലിയാണ്, നല്ല ശന്പളം ഉണ്ട്, മറ്റൊരു തരത്തിലും വിവേചനമില്ല, പിന്നെന്താണ് പ്രശ്നം?” എന്നതായിരുന്നു പുള്ളിയുടെ ലൈൻ. പഴയ സ്‌കൂൾ ആണ്, പുതിയ ജനറേഷന്റെ പ്രശ്നം പറഞ്ഞാൽ മനസ്സിലാവില്ല.
 
“സാർ ഞങ്ങൾ പുറത്തിറങ്ങി വിസിറ്റിങ് കാർഡ് ആരുടെയെങ്കിലും കയ്യിൽ കൊടുക്കുന്പോൾ അവർ ഞങ്ങളെ ഗൗനിക്കുന്നില്ല.”
 
“സാർ ഞങ്ങൾക്ക് ഈ ജോലിപ്പേര് കാരണം വേണ്ടത്ര നല്ല കല്യാണാലോചനകൾ വരുന്നില്ല.”
 
“ബാങ്ക് ഞങ്ങൾക്ക് ലോൺ തരുന്നത് പരിഗണിക്കുന്നു തന്നെയില്ല.”
എന്നൊക്കെ പല കാരണങ്ങളും പറഞ്ഞെങ്കിലും ഡയറക്ടർ അതൊന്നും കാര്യമായെടുത്തില്ല.
 
പക്ഷെ, പുള്ളി പറഞ്ഞത് പോലെ ജോലി അടിപൊളിയായിരുന്നു.
പ്രോജക്ടുകൾ ചെയ്ത് പണം ധാരാളമുണ്ടാക്കി.
 
പിൽക്കാലത്ത് പ്രധാനമന്ത്രിയായ മൻമോഹൻ സിംഗ് ഉൾപ്പടെയുള്ളവരെ നേരിട്ട് കാണാനും സംസാരിക്കാനും ഏറെ അവസരവുമുണ്ടായി.
പിൽക്കാലത്ത് റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ ആയ സുബിർ ഗോക്രനും, പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായ അഷിമ ഗോയലും, കേരളത്തിലെ പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ ആയ വി കെ രാമചന്ദ്രനും ഒക്കെ സഹപ്രവർത്തകരായി.
 
എന്നിട്ടും പേരിന്റെ വിഷമം മാറിയില്ല.
 
രണ്ടു വർഷം കഴിഞ്ഞ് ആ ജോലി വിട്ടതിന്റെ ഒന്നാമത്തെ കാരണം ആ പൊട്ട ജോലിപ്പേര് തന്നെ ആയിരുന്നു.
 
അതിനിടക്ക് ഞാനൊരു നല്ല കാര്യം ചെയ്തിരുന്നു. രണ്ടു വർഷം കൊണ്ട് ചുരുങ്ങിയത് രണ്ടുകോടി രൂപയുടെ പ്രോജക്ടുകൾ ഞാൻ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നു, അനവധി ആളുകളെ അതിൽ നിയമിക്കേണ്ടതായും വന്നു.
അവർക്കെല്ലാം ഞാൻ വളരെ ഫാൻസി ആയ ഡെസിഗ്നേഷൻ നൽകി.
പ്രോജക്റ്റ് ഡയറക്ടർ,
പ്രോജക്ട് എക്സിക്യൂട്ടീവ്,
പ്രോജക്ട് ഫെല്ലോ.
 
മുബൈയിലെ ആ ജോലി സത്യത്തിൽ സ്ഥിരവും പെൻഷൻ കിട്ടുന്നതുമായിരുന്നു. അന്ന് കൂടെ ജോയിൻ ചെയ്തവർ മിക്കവാറും അവിടെത്തന്നെയുണ്ട്, എല്ലാവരും പ്രൊഫസർമാരായി.
 
സ്ഥിരമായ “വിസിറ്റിംഗ്” ജോലിയിൽ നിന്നും ഞാൻ പോയത് ബ്രൂണൈയിൽ ഷെൽ പെട്രോളിയം കന്പനിയിൽ ഒരു വർഷത്തെ കോൺട്രാക്ട് ജോലിക്കാണ്.
 
കാരണം?
ജോലിയുടെ പേര് തന്നെ.
“ഹെഡ്, എൻവിറോണ്മെന്റൽ സ്റ്റഡീസ്”
കേട്ടാൽ എന്തൊരു ഗും ആണ് !
 
പക്ഷെ സത്യത്തിന്റെ മുഖം അല്പം കൂടി വിരൂപമായിരുന്നു.
 
ഓഫീസ് എന്നത് ഒരു പോർട്ടകാബിൻ ആണ് (നമ്മുടെ കണ്ടെയ്നറിൽ കസേരയിട്ടത് !), അതും ഒന്നിൽ നാലു പേർ!
 
ഞാൻ ഹെഡ് ആണെങ്കിലും താഴെ ആരുമില്ല, തലയും വാലും ഞാൻ തന്നെ.
 
പക്ഷെ ബ്രൂണൈ ഷെല്ലിന്റെ ഹെഡ് എന്നെഴുതിയ വിസിറ്റിങ് കാർഡ് ആർക്കെങ്കിലും കൊടുക്കുന്പോഴുള്ള സുഖം ഉണ്ടല്ലോ സാറേ, അതൊന്നും പറഞ്ഞറിയിക്കാൻ വയ്യ!
 
പിന്നെ സ്ഥാപനങ്ങളും ജോലികളും പലത് മാറിമാറി വന്നു. പിന്നീട് പലയിടങ്ങളിലും ഞാൻ തന്നെ ജോലിയുടെ പേര് ഉണ്ടാക്കുന്ന രീതി വന്നു.
 
സാധാരണ ഗതിയിൽ യു എന്നിൽ പ്രോജക്ട് കോർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ എന്നൊക്കെയാണ് ജോലിയുടെ പേര്. പ്രമോഷൻ കിട്ടിയാൽ സീനിയർ പ്രോജക്ട് കോ-ഓർഡിനേറ്റർ, സീനിയർ പ്രോഗ്രാം ഓഫീസർ എന്നൊക്കെ ആകും. അതിനൊന്നും ഒരു ഗമ ഇല്ല.
 
അങ്ങനെയാണ് ഞാൻ പുതിയ ജോലിക്ക് ചേർന്നപ്പോൾ “ചീഫ്, ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ” എന്ന പേര് കണ്ടുപിടിച്ചത്. അതിന് മുൻപ് അങ്ങനെ ഒരു ഡെസിഗ്നേഷൻ ഇല്ല. ലോകത്തെവിടെ ദുരന്തമുണ്ടായാലും ഓടി എത്തുക, അത് കൈകാര്യം ചെയ്യുന്നതിന് സർക്കാരുകളെ സഹായിക്കുക, ദുരന്തമില്ലാത്ത സമയത്ത് ദുരന്തസാധ്യതാ അവലോകനവും പരിശീലനവും നൽകുക ഇതൊക്കെയാണ് ദുരന്ത ലഘൂകരണവിഭാഗത്തിന്റെ ജോലി.
 
മൂന്നു വർഷം മുന്പാണെന്ന് തോന്നുന്നു, ഞങ്ങളുടെ ഓപ്പറേഷൻ മാനേജർ റിട്ടയറായ സമയത്ത് ബോസ്സ് എന്നോട് ചോദിച്ചു.
“മുരളിക്ക് ഓപ്പറേഷൻ മാനേജർ ജോലി കൂടി ചെയ്തുകൂടെ?”
 
ഓയിൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്തവർക്ക് ഓപ്പറേഷൻ മാനേജരുടെ വലുപ്പം അറിയാം. എച്ച് ആർ മാനേജർ തൊട്ട് എക്സ്പ്ലൊറേഷൻ മാനേജർ വരെ മാനേജർമാർ അനവധി ഉണ്ടെങ്കിലും ഓയിൽ കന്പനിയിലെ മുടിചൂടാ മന്നനാണ് ഓപ്പറേഷൻ മാനേജർ. അപ്പോൾ ഓയിൽ ഇൻഡസ്ട്രിയിൽ നിന്നും വന്ന എനിക്ക് ആ സ്ഥാനത്തോട് ഒരു ബഹുമാനം കൂടുതലുണ്ട്.
 
ഓപ്പറേഷൻ മാനേജർ എന്നാൽ ലോകത്തെ പല രാജ്യങ്ങളിലുള്ള ഞങ്ങളുടെ ഓഫീസുകൾ നടത്തിക്കൊണ്ടു പോകുന്ന പണിയാണ്. എല്ലായിടത്തും കൺട്രി പ്രോഗ്രാം മാനേജരുണ്ട്, പത്തോ മുപ്പതോ സ്റ്റാഫും. അവരുടെ മേൽനോട്ടമാണ് ജോലി. അഫ്ഘാനിസ്ഥാൻ മുതൽ ഹൈറ്റി വരെ ഓഫീസുകളുള്ളതിനാൽ ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും, സുഡാനിൽ ഓഫീസ് ഉള്ളതിനാൽ ഞായറാഴ്ച്ച ഉൾപ്പെടെ ആഴ്ചയിൽ ആറു ദിവസവുമുള്ള ജോലിയാണ്.
ദുരന്തം എന്നത് എപ്പോഴുമുള്ള കാര്യമല്ലാത്തതിനാൽ രണ്ടും കൂടി മാനേജ് ചെയ്യാൻ ബുദ്ധിമുട്ടില്ല, പോരാത്തതിന് ധാരാളം സപ്പോർട്ട് സ്റ്റാഫും ഉണ്ടല്ലോ. ഞാൻ കയറി അങ്ങ് സമ്മതിച്ചു.
 
പക്ഷെ പണി പാളി എന്ന് അന്ന് വൈകീട്ട് തന്നെ മനസ്സിലായി. ഈ വിവരം വീടിനു പുറത്ത് ആദ്യം പറഞ്ഞത് ഞങ്ങളുടെ സുഹൃത് സംഘമായ കിനാശ്ശേരിയിലാണ്. പക്ഷെ ആർക്കും ഒരു മീച്ചവും ഇല്ല.
“പഴയ പേരായിരുന്നു നല്ലത്” നസീന പറഞ്ഞു.
 
നാട്ടിൽ പോയപ്പോഴും സ്ഥിതി അത് തന്നെ. നാട്ടിൽ എല്ലാ സ്ഥാപനങ്ങൾക്കും ഓപ്പറേഷൻസ് മാനേജർ പദവിയുണ്ട്, പക്ഷെ അവിടെയൊന്നും ദുരന്ത തലവനില്ല, അപ്പോൾ തലവനാണ് കൂടുതൽ “ദം” ഉള്ളത്.
 
നാട്ടിൽ നിന്നും തിരിച്ചെത്തിയപ്പോൾ ഞാൻ ബോസിനോട് പറഞ്ഞു.
“ബോസ്സ്, ഐ ഹാവ് എ പ്രോബ്ലം വിത്ത് മൈ ടൈറ്റിൽ”
“എന്ത് പറ്റി രമണാ…”
“ഞാൻ എൻറെ നാട്ടിൽ അവാർഡ് കിട്ടിയ എഴുത്തുകാരനും, നാളെ തിരഞ്ഞെടുപ്പിന് നിൽക്കുമെന്ന് ആളുകൾക്ക് പ്രതീക്ഷയുമുള്ള ആളാണെന്ന് അറിയാമല്ലോ”
“നീ പറഞ്ഞു കേട്ടിട്ടുണ്ട്, നീ വല്യ തള്ളൽ വിദഗ്ദ്ധൻ ആയതിനാൽ സത്യമാണോ എന്നറിയില്ല.”
“എന്നാൽ ഞാൻ പറയുന്നു, എൻറെ നാട്ടുകാർക്ക് ഈ ഓപ്പറേഷൻ മാനേജർ” പദവി ഒട്ടും പിടിച്ചിട്ടില്ല.
“അതിനിപ്പോൾ ഞാൻ എന്ത് ചെയ്യണം?”
പഴയ ടൈറ്റിൽ ആർക്കും കൊടുക്കാത്ത സ്ഥിതിക്ക് ഞാൻ അതും കൂടി എടുത്തു വച്ചോട്ടെ?
“എല്ലാം നിന്റെ ഇഷ്ടം, പണി നടക്കണം, അത് മതി !”
അങ്ങനെ എനിക്കെന്റെ തല തിരിച്ചു കിട്ടി.
 
ഇതെന്റെ മാത്രം കഥയല്ല.
 
നല്ല ജോലിപ്പേര് ജോലി ചെയ്യുന്നവർക്ക് എന്തുമാത്രം ആത്മവിശ്വാസമാണ് നൽകുന്നതെന്ന് അല്ലെങ്കിൽ മോശപ്പെട്ട ജോലിപ്പേര് ആ ജോലിയിൽ ഉള്ളവർക്ക് എത്ര അപകർഷതാ ബോധം ഉണ്ടാക്കുന്നുവെന്ന് ചിലപ്പോൾ സ്ഥാപനങ്ങൾ തിരിച്ചറിയുന്നില്ല. സേവന വേതന വ്യവസ്ഥകൾ മാത്രമാണ് പ്രധാനമെന്ന് അവർ കരുതുന്നു.
ലോകത്തെ അനവധി സ്ഥാപനങ്ങളിൽ ജോലിയുടെ ഡെസിഗ്നേഷൻ കൊടുക്കുന്നതിൽ ചിലർ പിശുക്കും ചിലർ ധാരാളിത്തവും കാണിക്കും.
 
ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതൽ പിശുക്കുള്ളത്. അവിടുത്തെ പ്രവിശ്യകളിലെ ഏറ്റവും മുതിർന്ന പോലീസ് ഉദ്യോഗത്തിന്റെ പേരുകേട്ടാൽ നമ്മുടെ പോലീസുകാർ ബോധം കേട്ട് വീഴും. നമ്മുടെ ഡി ജി പി ക്ക് തുല്യമായ ജോലിയുടെ പേരാണ്, “ചീഫ് കോൺസ്റ്റബിൾ.”
യു കെ യിലെ ഏതെങ്കിലും പ്രവിശ്യയിലെ പോലീസ് ചീഫ് കേരളത്തിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ വന്ന് എസ് ഐ യെ പരിചയപ്പെടുന്ന രംഗം ആലോചിച്ചു നോക്കൂ. അയാളെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചിട്ടേ നമ്മൾ വിടൂ !
 
അമേരിക്കയിൽ പക്ഷെ കാര്യങ്ങൾ തിരിച്ചാണ്. പണ്ടൊക്കെ ഒരു സ്ഥാപനത്തിന് ഒരു പ്രസിഡണ്ടും അഞ്ചോ ആറോ വൈസ് പ്രസിഡന്റുമാരുമാണ് ഉണ്ടായിരുന്നത്. എന്നാൽ അമേരിക്കയിലെ ഗോൾഡ്മെൻ സാക്‌സ് എന്ന കന്പനിക്ക് പന്തീരായിരം വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്.!
 
നല്ല ജോലിപ്പേരുകൾ കൊടുക്കുന്നതിൽ നമ്മുടെ പുതിയ തലമുറ സ്ഥാപനങ്ങളും പുറകിലല്ല. ക്ലെർക്കുമാർക്ക് കസ്റ്റമർ കെയർ എക്സിക്കുട്ടീവ് ആയും സീനിയർ ബ്രാഞ്ച് മാനേജർക്ക് വൈസ് പ്രസിഡന്റ് എന്നും പേരുകൾ കൊടുക്കുന്നത് എത്രയോ നല്ലതാണ്. ശന്പളത്തിൽ ആയിരം കുറഞ്ഞാലും ജോലിപ്പേരിൽ ഒട്ടും കുറക്കരുത്. അതുകൊണ്ട് കന്പനിക്ക് ഒരു നഷ്ടവും ഇല്ലല്ലോ.
 
മുരളി തുമ്മാരുകുടി
 
(മുപ്പത്തി രണ്ടു വർഷത്തെ പ്രൊഫഷണൽ ജീവിതത്തിൽ ഉണ്ടായിട്ടുള്ള വിസിറ്റിംഗ് കാർഡുകൾ ഞാൻ എടുത്തുവെച്ചിട്ടുണ്ട്. റ്റെലെക്സ് നന്പർ ഉണ്ടായിരുന്ന കാലത്തു നിന്നും ക്യു ആർ കോഡുകൾ വരെ ആയി. ഇനി വിസിറ്റിങ്ങ് കാർഡുകൾക്ക് തന്നെ അധികം ആയുസ്സുണ്ടെന്ന് തോന്നുന്നില്ല).
No photo description available.

1 Comment

  • ഈ പേര് മാറ്റൽ പല കമ്പനികളും ചില ഡിപ്പാർട്മെന്റുകളുടെ അനാവശ്യ തലക്കനം കുറയ്ക്കാനും ഉപയോഗിക്കാറുണ്ട് എന്ന് തോന്നുന്നു. ഉദാഹരണത്തിന്, ക്രീയേറ്റീവ് ആർടിസ്റ്റ് എന്ന ഞങ്ങളുടെ ജോലിപ്പേര് കുറെ നാൾ മുൻപ് ബ്രോഡ്കാസറ്റ് ഓപ്പറേറ്റിംഗ് ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയർ എന്ന് ആക്കി മാറ്റി. അതിനു ശേഷം ആണ് ഞങ്ങളിൽ പലരും ഡ്രസ്സ്‌ കോഡ് വരെ മാറ്റി സമയത്ത് ഓഫീസിൽ വരാനും, പറ്റുന്ന സമയത്തു തരുന്ന ജോലി അനാവശ്യ തലക്കനം കാണിക്കാതെ തീർക്കാനും തുടങ്ങിയത്.

Leave a Comment